Wednesday 15 April 2020

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 14-04-2020

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദേശവ്യാപകമായി ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ 03/05/2020 വരെ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധനചെയ്ത സംസാരിച്ചതിനു മലയാള പരിഭാഷ തയ്യാറാക്കാനുള്ള ശ്രമം

കൊറോണ എന്ന ലോകവ്യാപകമായ മഹാമാരിയ്ക്കെതിരായ ഭാരതത്തിന്റെ യുദ്ധം ശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ മുഴുവൻ ആളുകളുടെയും അർപ്പണം, നിങ്ങളുടെ ത്യാഗം എന്നിവയുടെ ഫലമായി കൊറോണ മൂലം ഉണ്ടാകുന്ന നഷ്ടങ്ങളെ ഒരു വലിയ പരിധിവരെ തടയുന്നതിൽ ഭാരതം നിലവിൽ വിജയിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരും കഷ്ടതകൾ സഹിച്ചുകൊണ്ട് ഈ രാജ്യത്തെ രക്ഷിച്ചിരിക്കുകയാണ്. നമ്മുടെ ഈ ഭാരത ദേശത്തെ രക്ഷിച്ചിരിക്കുകയാണ്. നിങ്ങൾക്ക് എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നത് ഞാൻ മനസ്സിലാക്കുന്നു. കുറെ ആളുകൾക്ക് ഭക്ഷണം കിട്ടുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്, കുറെ ആളുകൾക്ക് യാത്രചെയ്യാൻ സാധിക്കാത്തതുമൂലം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. കുറെ ആളുകൾ വീട്ടിൽ നിന്നും സ്വന്തക്കാരിൽ നിന്നും അകലെ ആണ്. എന്നാൽ നിങ്ങൾ രാജ്യത്തിനു വേണ്ടി അച്ചടക്കമുള്ള ഒരു പട്ടാളക്കാരനെ പോലെ നിങ്ങളുടെ കർത്തവ്യം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. ഞാൻ നിങ്ങൾ എല്ലാവരേയും ആദരപൂർവ്വം നമസ്കരിക്കുന്നു. നമ്മുടെ ഭരണഘടനയിൽ പറയുന്ന We the people of India എന്നതിന്റെ ശക്തി ഇതു തന്നെ ആണ്. ബാബാസഹിബ് ഭീം റാവ് അംബേദ്കർജി ജയന്തിയുടെ ഈ അവസരത്തിൽ നമ്മൾ ഭാരതത്തിലെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള നമ്മുടെ ഒറ്റക്കെട്ടായ ശക്തിയുടെ ഈ പ്രകടനം, ഈ നിശ്ചയം ബാബാസാഹിബ് അംബേദകർജിയ്ക്കുള്ള ഏറ്റവും നല്ല ശ്രദ്ധാഞ്ജലി ആണ്. ബാബാസാഹിബിന്റെ ജീവിതം ഓരോ വെല്ലുവിളികളേയും ദൃഡനിശ്ചയത്തിന്റെയും പരിശ്രമത്തിന്റേയും ബലത്തിൽ മറികടക്കുന്നതിനു നമുക്ക് എപ്പോഴും പ്രചോദനം നൽകുന്നതാണ്. എല്ലാ ഭാരതീയക്കും വേണ്ടി ഞാൻ ബാബാസാഹിബിനെ നമസ്കരിക്കുന്നു.

സുഹൃത്തുക്കളെ 

ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധങ്ങളായ ആഘോഷങ്ങളുടെയും സമയമാണ്. ഭാരതം എപ്പോഴും ഉത്സവങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ്. ഉത്സവങ്ങൾ കൊണ്ട് സജീവമായിരിക്കുന്നതാണ്. ഉത്സവങ്ങൾ കൊണ്ട് ആഹ്ലദത്തിമർപ്പിലാണ്ടിരിക്കുന്നതാണ്. ബൈസാഖി, കോഹില ബൈസാഖ്, പുത്താണ്ട്, ബൊഹാഗ് വിഷു, വിഷു, അങ്ങനെ പല സംസ്ഥനങ്ങളിലും പുതുവർഷത്തിന്റെ ആരംഭമാണ്. ലോക്ക്ഡൗണിന്റെ ഈ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട്, നിയമങ്ങൾ പാലിച്ചുകൊണ്ട് വളരെ സമചിത്തതയോടെ ഈ ഉത്സവങ്ങൾ ആളുകൾ വളരെ ലളിതമായി ആഘോഷിക്കുന്നു എന്നത് വളരെയധികം പ്രചോദനം നൽകുന്നതാണ്, അഭിനന്ദനാർഹമാണ്. പുതുവർഷത്തിന്റെ ഈ വേളയിൽ ഞാൻ താങ്കളുടെയും താങ്കളുടെ കുടുംബത്തിന്റെയും ആയുരാരോഗ്യങ്ങൾക്കായി ശുഭാശംസകൾ നേരുന്നു. 

സുഹൃത്തുക്കളെ,

ഇന്ന് ലോകം മുഴുവനും കൊറോണ എന്ന മഹാമാരി എപ്രകാരം പടന്നുപിടിച്ചിരിക്കുന്നു എന്നത് നമ്മൾക്കെല്ലാവർക്കും നല്ലപോലെ പരിചയം ഉള്ള കാര്യമാണ്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷച്ച് കൊറോണയുടെ വ്യാപനം തടയുന്നതിൽ നമ്മൾ എടുത്തിട്ടുള്ള നടപടികൾക്ക് നിങ്ങൾ ഭാഗഭാക്കുകളും സാക്ഷികളും ആണ്. നമ്മുടെ രാജ്യത്ത് കോറോണയുടെ ഒരു കേസ് പോലും ഇല്ലാതിരുന്ന അവസരത്തിൽ കൊറോണ ബാധിതമായ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിൽ നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. കൊറോണ രോഗികളുടെ എണ്ണം നൂറിൽ എത്തുന്നതിനും മുൻപ് തന്നെ വിദേശത്തു നിന്നും എത്തുന്നവർ 14 ദിവസം ഏകാന്തവാസം നടത്തണം എന്നത് ഭാരതം നിർബന്ധമാക്കിയിരുന്നു. മാളുകൾ, തീയറ്ററുകൾ, ജിമ്മുകൾ, ക്ലബ്ബുകൾ ഇങ്ങനെ അനേകം സ്ഥലങ്ങളും അടപ്പിച്ചിരുന്നു. സുഹൃത്തുക്കളെ നമ്മൂടെ നാട്ടിൽ കേവലം 550 കൊറോണ രോഗികൾ ആയ അവസരത്തിൽ തന്നെ 21 ദിവസത്തെ ദേശവ്യാപകമായ ലോക്ക്ഡൗൺ എന്ന വളരെ വലിയൊരു ചുവടുവയ്പ് നമ്മൾ പ്രഖ്യാപിച്ചു. ഭാരതം പ്രശ്നം ഗുരുതരമാകാൻ കാത്തു നിന്നില്ല. ഒരോ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ട അവസരത്തിൽ തന്നെ അതിനെ തടയുന്നതിനു വേഗത്തിൽ ഉള്ള നടപടികൾ സ്വീകരിച്ചു. ഈ വിഷമസന്ധിയിൽ മറ്റേതെന്കിലും രാജ്യവുമായി താരമ്യം ചെയ്യുന്നത് ഉചിതമല്ല. എന്നാലും ചില യാഥാർത്ഥ്യങ്ങൾ നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ ആവില്ല.ലോകത്തിലെ പല വികസിത രാജ്യങ്ങളീലേയും കൊറോണയുമായ ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുമ്പോൾ, അവയുമായി താരതമ്യം ചെയ്താൽ ഭാരതം ഇന്ന് വളരെ നിയന്ത്രണവിധേയമായ അവസ്ഥയിൽ ആണ്. ഒന്നൊന്നര മാസം മുൻപ് പല രാജ്യങ്ങളിലും കൊറോണ പകരുന്ന നില ഭാരതത്തിലേതിനു തുല്ല്യമായിരുന്നു. ഇന്ന് ആ രാജ്യങ്ങളിൽ കൊറോണ കേസുകൾ 25 മുതൽ 30 വരെ മടങ്ങ് കൂടിയിട്ടുണ്ട്. സങ്കടകരമായകാര്യം ആ രാജ്യങ്ങളിൽ ആയിരക്കണക്കിനാളുകൾ മരണപ്പെട്ടിട്ടുണ്ട്. ഭാരതം സമഗ്രമായ ഒരു സമീപനം സ്വീകരിച്ചില്ലായിരുന്നു എങ്കിൽ സംയോജിതമായ ഒരു സമീപനം സ്വീകരിച്ചില്ലായിരുന്നു എങ്കിൽ ഉചിതമായ സമയത്ത് വേഗത്തിൽ തീരുമാനങ്ങൾ എടുത്തില്ലായിരുന്നു എങ്കിൽ ഇന്ന് ഭാരതത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്നത് ആലോചിക്കാൻ തന്നെ ഭയമാകുന്നു. എന്നാൽ കഴിഞ്ഞകാലത്തെ അനുഭവങ്ങളിൽ നിന്നും നമ്മൾ തിരഞ്ഞെടുത്ത മാർഗ്ഗം ഇന്നത്തെ പരിസ്ഥിതിയിൽ ശരിയാണെന്നു തന്നെ ആണ് കാണിക്കുന്നത്. സോഷ്യൽ ഡിസ്റ്റൻസിങ്, ലോക്ക്ഡൗൺ എന്നിവമൂലം വലിയ നേട്ടമാണ് നമുക്ക് ഉണ്ടായിട്ടുള്ളത്. കേവലം സാമ്പത്തികമായ വീക്ഷണകോണിൽ നോക്കിയാൽ ഇത് തീർച്ചയായും വളരെ വലിയ നഷ്ടം ആണ്. വളരെ വലിയ വിലയാണ് നൽകേണ്ടിവന്നിട്ടുള്ളത്. എന്നാൽ ഭാരതീയരുടെ ജീവനുമായി തട്ടിച്ചുനോക്കിയാൽ ഇതിനു യാതൊരു താരതമ്യവും സാധ്യമല്ല. പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഭാരതം തിരഞ്ഞെടുത്ത വഴിയെപ്പറ്റി ഇന്ന് ലോകം മുഴുവൻ ചർച്ചചെയ്യുന്നു എന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. രാജ്യത്തെ സംസ്ഥാനസർക്കാരുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഇതിൽ വളരെ ഉത്തരവാദിത്വത്തോടെ പ്രയത്നിച്ചിട്ടുണ്ട്. എല്ലാവരും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിനു 24 മണിക്കൂറും പരിശ്രമിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. 
എന്നാൽ സുഹൃത്തുക്കളെ ഈ പ്രയത്നങ്ങൾ എല്ലാം നടത്തിയിട്ടും കൊറോണ പടർന്നു പിടിക്കുന്നു എന്നത് ലോകം മുഴുവനുമുള്ള ആരോഗ്യവിദഗ്ദ്ധരേയും സർക്കാരുകളേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൊറോണയ്ക്കെതിരായ യുദ്ധം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം, എങ്ങനെ വിജയിക്കണം, നമുക്കുണ്ടാകുന്ന നഷ്ടങ്ങൾ എങ്ങനെ പരമാവധി കുറയ്ക്കണം, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എങ്ങനെ കുറയ്ക്കണം ഈ കാര്യങ്ങൾ സംബന്ധിച്ച് ഭാരതത്തിലും സംസ്ഥാന സർക്കാരുകളുമായി തുടർച്ചയായ ചർച്ചകൾ നടക്കുന്നുണ്ട്. ഈ ചർച്ചകളിൽ എല്ലാവരുടെയും ഭാഗത്തുനിന്നും ഉയർന്നവന്ന നിർദ്ദേശം, എല്ലാ സംസ്ഥാനസർക്കാരുകളിൽ നിന്നും വന്ന നിർദ്ദേശം, പല പൗരന്മാരുടെ ഭാഗത്തുനിന്നും ഉയർന്നവന്ന നിർദ്ദേശം ലോക്ക്ഡൗൺ നീട്ടണം എന്നതായിരുന്നു. പല സംസ്ഥാനങ്ങളും ഇപ്പോൾ തന്നെ ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ നിർദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് ഭാരതത്തിൽ ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടാനുള്ള തീരുമാനം ആണ് ഇപ്പോൾ എടുത്തിട്ടുള്ളത്. അതായത് മെയ് 3 വരെ നമ്മൾ എല്ലാവരും, എല്ലാ പൗരന്മാരും ലോക്ക്ഡൗണിൽ തന്നെ തുടരണം. കഴിഞ്ഞ സമയത്ത് നമ്മൾ ഇതുവരെ പാലിച്ചു വന്നതുപോലെ തന്നെ സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതുണ്ട്. കൊറോണ പുതിതായി ഏതെങ്കിലും ഒരു സ്ഥലത്ത് വ്യാപിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നത് എല്ലാ പൗരന്മാരോടുമുള്ള എന്റെ അപേക്ഷയാണ്. ഏതെങ്കിലും പ്രദേശത്ത് ഒരു രോഗിപോലും പുതുതായി ഉണ്ടാവുന്നു എങ്കിൽ അത് നമ്മളെ സംബന്ധിച്ച് വളരെ ആശങ്കയുളവാക്കുന്നതാണ്. എവിടെയെങ്കിലും കൊറോണ മൂലം ഒരു വ്യക്തി മരിക്കുകയാണെങ്കിൽ നമ്മുടെ ജാഗ്രത വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങൾ (Hot Spots) കണ്ടെത്തി അടയാളപ്പെടുത്തി പഴയതിലും വളരെ കൂടുതൽ ജാഗ്രതപുലർത്തേണ്ടതായിട്ടുണ്ട്. ഏതെങ്കിലും സ്ഥലങ്ങളിൽ രോഗവ്യാപനം കൂടുതലായി ഉണ്ടാകും എന്നൊരു ആശങ്ക ഉണ്ടെങ്കിൽ ആ സ്ഥലങ്ങളിലും കടുത്ത നിരീക്ഷണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരും. പുതിയ സ്ഥലങ്ങളിൽ രോഗവ്യാപനം ഉണ്ടാകുന്നത് നമ്മുടെ പരിശ്രമങ്ങൾക്കുള്ള വെല്ലുവിളിയാണ്. പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കലാണ്. അതുകൊണ്ട് കൊറോണയ്ക്കെതിരായ യുദ്ധത്തിൽ അടുത്ത ഒരാഴ്ചക്കാലം നിയന്ത്രണങ്ങൾ കൂടുതൽ കടുത്തതാക്കും. ഏപ്രിൽ 20 വരെ ഓരോ സ്റ്റേഷനുകളും, ജില്ലകളും, സംസ്ഥാനങ്ങളും കർശനമായ നിരീക്ഷണത്തിൽ ആയിരിക്കും. ഓരോ സ്ഥലത്തും ലോക്ക്ഡൗൺ എത്രമാത്രം പാലിക്കപ്പെടുന്നുണ്ട്, ഓരോ സ്ഥലവും കൊറോണയിൽ നിന്നും സ്വയം എത്രമാത്രം മുക്തമായിട്ടുണ്ട് എന്നതെല്ലാം തുടർച്ചയായി നിരീക്ഷണവിധേയമാക്കും. ഈ അഗ്നിപരീക്ഷയിൽ വിജയിക്കുന്ന സ്ഥലങ്ങൾ, രോഗവ്യാപനം വർദ്ധിക്കുന്നത് തടയുന്ന സ്ഥലങ്ങൾ, രോഗവ്യാപനം ഉണ്ടായേക്കാം എന്ന ആശങ്കയിൽ നിന്നും മുക്തമാകുന്ന സ്ഥലങ്ങൾ ഇവിടെയെല്ലാം ഏപ്രിൽ 20 മുതൽ അത്യാവശ്യമുള്ള കാര്യങ്ങളിൽ ചില ഇളവുകൾ, അനുവാദങ്ങൾ നൽകുന്നതായിരിക്കും. എന്നാൽ ഒരു കാര്യം പ്രത്യേകം ഓർമ്മവയ്ക്കണം ഈ ഇളവുകൾ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും. പുറത്തിറങ്ങുന്നതിനുള്ള വ്യവസ്ഥകൾ വളരെ കടുത്തതായിരിക്കും. ലോക്ക്ഡൗണിന്റെ നിയമങ്ങൾ ലംഘിക്കപ്പെടുകയോ കൊറോണയുടെ വ്യാപനം ആ മേഖലയിൽ വർദ്ധിക്കുകയോ ചെയ്താൽ എല്ലാ ഇളവുകളും ഉടൻ തന്നെ പിൻവലിക്കപ്പെടുന്നതായിരിക്കും. അതുകൊണ്ട് ആരും അലസതകാണിക്കരുത് മറ്റാരേയും അലസരാവാൻ അനുവദിക്കുകയും അരുത്. 

പ്രിയപ്പെട്ട നാട്ടുകാരെ,

നാളെ ഇതുസംബന്ധിക്കുന്ന വിശദമായ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുന്നതാണ്. ഏപ്രിൽ 20 മുതൽ പരിമിതമായ സ്ഥലങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള വ്യവസ്ഥകൾ നമ്മുടെ പാവപ്പെട്ട സഹോദരീ സഹോദരന്മാരുടെ ജീവനോപാധികളെ മുൻനിറുത്തി എടുത്തിട്ടുള്ളതാണ്. ദിവസവേതനത്തിനു ജോലിചെയ്യുന്നവർ, അന്നന്ന് തൊഴിൽ എടുത്ത് അതുകൊണ്ട് കുടുംബം പോറ്റുന്നവർ അവർ എന്റെ വലിയൊരു വിഭാഗം കുടുംബാംഗങ്ങൾ ആണ്. എന്റെ ഏറ്റവും ഉയർന്ന പരിഗണനകളിൽ ഒന്ന് ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള പ്രയാസങ്ങൾ ലഘൂകരിക്കുക എന്നതാണ്. അവർക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള എല്ലാ നടപടികളും “പ്രധാൻ മന്ത്രി ഗരീബ് കല്ല്യാൺ യോജന” വഴി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയ അവസരത്തിലും അവരുടെ കാര്യം പ്രത്യേകം പരിഗണിച്ചിട്ടുണ്ട്. റാബി വിളകളുടെ വിളവെടുപ്പ് കാലമാണ് ഇപ്പോൾ. കർഷകരുടെ ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും ചേർന്ന് സ്വീകരിച്ചുവരുന്നു. 

സുഹൃത്തുക്കളേ,

രാജ്യത്ത് അവശ്യ വസ്തുക്കൾ മുതൽ മരുന്നുകൾ വരെ എല്ലാം ആവശ്യത്തിനു സംഭരിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വിതരണത്തിലുള്ള തടസ്സങ്ങൾ എല്ലാം നീക്കിയിട്ടുണ്ട്. ആരോഗ്യരംഗത്തെ സംവിധാനങ്ങൾ ഒരുക്കുന്നതിലും നമ്മൾ അതിവേഗം മുന്നേറുകയാണ്. ജനുവരിയിൽ കൊറോണ സ്ഥിരീകരിക്കുന്നതിനും ഒരു ലബോറട്ടറി മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 220 പ്രവർത്തനക്ഷമമായ ലബോറട്ടറികൾ ആയി ഉയർത്താൻ സാധിച്ചു. ഓരോ പതിനായിരം കൊറോണ രോഗികൾക്കും 1500 മുതൽ 1600 വരെ ആശുപതിക്കിടക്കകൾ ആവശ്യമാണെന്നാണ് ലോകത്തിലെ കൊറോണ ബാധിതപ്രദേശങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. നിലവിൽ കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി ഒരു ലക്ഷത്തിൽ അധികം കിടക്കകൾ നമ്മൾ സജ്ജമാക്കിയിട്ടുണ്ട്. അതുമാത്രമല്ല 600 അധികം ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കായി മാത്രം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങൾ വളരെ വേഗത്തിൽ വർദ്ധിപ്പിച്ച് വരുകയാണ്. 

സുഹൃത്തുക്കളെ,

ഇന്ന് ഭാരതത്തിൽ പരിമിതമായ സൗകര്യങ്ങൾ ആണുള്ളത്. എന്നാൽ ഭാരതത്തിലെ യുവശാസ്ത്രജ്ഞന്മാരോട് എനിക്ക് അപേക്ഷിക്കാനുള്ളത് ലോകനന്മയ്ക്കായി മനുഷ്യനന്മക്കായി എന്റെ രാജ്യത്തെ യുവാക്കൾ മുന്നോട്ട് വന്ന് കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ നിർമ്മിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കണം എന്നാണ്. 

നമ്മൾ ജാഗ്രതയോടെ ഇരിക്കുകയും നിയമങ്ങൾ പാലിക്കുകയും ചെയ്താൽ കൊറോണ പോലുള്ള മഹാമാരികളെ തീർച്ചയായും പരാജയപ്പെടുത്താം. ഈ ഉറപ്പോടെ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നതിനു മുൻപ് ഏഴ് കാര്യങ്ങളിൽ ഞാൻ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയാണ്. 

ഒന്നാമത്തെ കാര്യം നിങ്ങളുടെ വീട്ടിലുള്ള പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവരിൽ ദീർഘകാലമായി എന്തെങ്കിലും അസുഖങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ അവർക്ക് നമ്മൾ അതീവശ്രദ്ധ നൽകേണ്ടതുണ്ട്. കൊറോണ ബാധിക്കാതെ അവരെ പ്രത്യേകം സംരക്ഷിക്കേണ്ടതുണ്ട്.

രണ്ടാമത്തെ കാര്യം ലോക്ക്ഡൗൺ സോഷ്യൽ ഡിസ്റ്റൻസിങ്ങ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണം. വീട്ടിലുണ്ടാക്കിയ മാസ്കുകൾ എങ്കിലും നിർബന്ധമായും ഉപയോഗിക്കണം.

മൂന്നാമത്തെ കാര്യം പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനു ആയുഷ് മന്ത്രാലയം മുന്നോട്ട് വച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണം. ചൂടുവെള്ളം കുടിക്കണം മുതലായവ.

നാലാമത്തെ കാര്യം കൊറോണ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളെ സഹായിക്കാൻ ആരോഗ്യ സേതു മൊബൈൽ ആപ് തീർച്ചയായും ഡൗൺ‌ലോഡ് ചെയ്യണം. അത് ഡൗൺലോഡ് ചെയ്യാൻ മറ്റുള്ളവരേയും പ്രേരിപ്പിക്കണം

അഞ്ചാമത്തെ കാര്യം ദരിദ്രകുടുംബങ്ങളെ കഴിയുന്ന അത്രയും സഹായിക്കണം. അവർക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങൾ നൽകണം. 

ആറാമത്തെ കാര്യം. നിങ്ങൾ നിങ്ങളുടെ തൊഴിലാളികളോട് കരുണയോടെ പെരുമാറണം. ആരേയും ജോലിയിൽ നിന്നും പുറത്താക്കരുത്. 

ഏഴാമത്തെ കാര്യം രാജ്യത്ത് കൊറോണയ്ക്കെതിരെ യുദ്ധം ചെയ്യുന്നതിൽ മുൻപന്തിയിലുള്ള ഡോക്ടർമാർ, നെഴ്സുമാർ, ശുചീകരണത്തൊഴിലാളികൾ, പോലീസുകാർ അങനെയുള്ള എല്ലാവരേയും നമ്മൾ ആദരിക്കണം അവരോട് ആദരവോടെ പെരുമാറണം. 

സുഹൃത്തുക്കളെ ഈ ഏഴ് കാര്യങ്ങളിൽ നിങ്ങളുടെ പിന്തുണ ഞാൻ ആവശ്യപ്പെടുന്നു, ഈ സപ്തപദ്ധതി വിജയം കൈവരിക്കാനുള്ള വഴിയാണ്. വിജയം വരിക്കുന്നതിനു നമ്മൾ ചെയ്യേണ്ട നിഷ്ഠാപൂർവ്വമായ കർമ്മമാണ്. അല്പം പോലും വ്യതിചലിക്കാതെ മെയ് 3 വരെ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കണം. എവിടെ ആണോ അവിടെ തുടരണം, സുരക്ഷിതരായിരിക്കണം “വയം രാഷ്ട്രേ ജാഗ്രയാം” നമുക്ക് രാജ്യത്തെ സചേതനവും ജാഗ്രതയുള്ളതും ആക്കി നിലനിറുത്താം. ഈ പ്രതീക്ഷയോടെ ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു. താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. വളരെയധികം നന്ദി .

പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു


ഈ പ്രസംഗത്തിന്റെ മലയാള പരിഭാഷ ഇവിടെ കേൾക്കാം