Thursday 16 September 2021

നിലമറക്കുന്ന പോലീസ്


27/08/2021നു ഐ എസ് ആർ ഒയിലേയ്ക്ക് വന്ന വലിയ യന്ത്രഭാഗം കാണുന്നതിനു മകളേയും കൂട്ടി വന്ന ജയചന്ദ്രൻ എന്ന മനുഷ്യനേയും അദ്ദേഹത്തിന്റെ എട്ടുവയസ്സുള്ള മകളേയും പൊതുജനമദ്ധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് അവരെ അപമാനിച്ച രജിത എന്ന ഈ പോലീസ് ഓഫീസർക്കെതിരെ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ആഗസ്ത് 31നു പ്രഖ്യാപിച്ച അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലെന്ന് റിപ്പോർട്ട്. ഇന്ന് സെപ്തംബർ 15. ആഗസ്ത് 31നു സംസ്ഥാന പോലീസ് മോധാവി പറഞ്ഞത് ഈ വിഷയം ദക്ഷിണമേഖല ഐജി അർഷിത അട്ടല്ലൂരി നടത്തും എന്നായിരുന്നു. അതിനു പുറമെ ഈ വിഷയത്തിൽ സംസ്ഥാന ബാലവകാശകമ്മീഷൻ, പട്ടികജാതി പട്ടിക വകുപ്പ് കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ ഇവരൊക്കെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയോ പോലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. രണ്ട് ആഴ്ച പിന്നിട്ടിട്ടും പ്രത്യേകിച്ച് നടപടികൾ ഒന്നും ആയില്ല എന്ന് മാത്രം. രജിതയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചു എന്നും അത് മകൾക്ക് കൈമാറി എന്നുമായിരുന്നു രജിതയുടെ ആരോപണം. ഒടുവിൽ ആ മൊബൈൽ പിങ്ക്പെട്രോൾ വാഹനത്തിൽ ഉണ്ടായിരുന്ന രജിതയുടെ ബാഗിൽ നിന്നു തന്നെ കണ്ടെത്തി. എന്നിട്ടും താൻ ചെയ്ത തെറ്റിനു ജയചന്ദ്രനോടും മകളോടും മാപ്പ് പറയാതെ അവരെ വീണ്ടും അധിക്ഷേപിക്കുകയാണ് രജിത എന്ന സിവിൽ പോലീസ് ഓഫീസർ ചെയ്തത്. ഈ ദൃശ്യങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്ന ആളുകൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും രജിത എന്ന ഈ പോലീസ് ഓഫീസർക്ക് കിട്ടിയത് സ്ഥലം മാറ്റം എന്ന ശിക്ഷ ആണ്. സ്ഥലം മാറ്റം എന്നത് ഒരു ശിക്ഷയേ അല്ലെന്ന് സർക്കാർ തന്നെ പലപ്പോഴും പറയുന്നതാണ്. ഈ വിഷയം ഇന്ന് ഏഷ്യാനെറ്റ് വീണ്ടും ചർച്ചയ്ക്കെടുത്തു. തന്നെയും മകളെയും അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയെ മാതൃകാപരമായി ശിക്ഷിക്കുന്നതു വരെ നിയമനടപടികളുമായി മുന്നോട്ട് പോകും എന്നാണ് ജയചന്ദ്രൻ പറയുന്നത്. സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരം ഇരിക്കാനാണ് അദ്ദേഹത്തിന്റേയും ഭാര്യയുടേയും തീരുമാനം എന്നും പറയുന്നു. ഈ സാധുമനുഷ്യനു ആവശ്യമായ നിയമസഹായം നൽകാനും ആരെങ്കിലും ഒക്കെ മുന്നോട്ട് വരും എന്ന് കരുതുന്നു. വിഷയം ഹൈക്കോടതിയിൽ എത്തിക്കുകയും സംസ്ഥാനപോലീസ് മേധാവി നേരിട്ടെത്തി വിശദീകരണം നൽകേണ്ട സാഹചര്യം ഒരുക്കുകയും കുറ്റവാളിയായ രജിത എന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുകയും വേണം.

ഈ വിഷയം ഇന്ന് വീണ്ടും ചർച്ച ചെയ്ത ഏഷ്യാനെറ്റിനും വിനു വി ജോണിനും
അഭിനന്ദനങ്ങൾ
ഇന്നലത്തെ പി എസ് സി തട്ടിപ്പ് സംബന്ധിക്കുന്ന ചർച്ചയും അഭിനന്ദനാർഹം തന്നെ. ഇന്നത്തെ ചർച്ചയുടെ വീഡിയോ ചുവടെ ചേർക്കുന്നു.