Friday 19 November 2021

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 19/11/2021

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് 19/11/2021-ൽ നടത്തിയ പ്രസംഗത്തിന്റെ ഏകദേശ മലയാളം പരിഭാഷ. 

രണ്ടര വർഷത്തെ ഇടവേലയ്ക്ക് ശേഷം ഇന്ന് വീണ്ടും കർത്താർപൂർ ഇടനാഴി തുറന്നിട്ടുണ്ട്. സുഹൃത്തുക്കളെ ഗുരു നാനാക്ക് പറഞ്ഞിട്ടുള്ളത് ലോക സേവനത്തിനുള്ള മാർഗ്ഗം സ്വായത്തമാക്കുന്നതിലൂടെ മാത്രമാണ് ജിവിതം സഫലമാക്കാൻ സാധിക്കുന്നത്. ഞങ്ങളുടെ സർക്കാർ ഇതേ സേവന മനോഭാവത്തോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നോട്ട് പോവുകയാണ്. എത്രയോ തലമുറകൾ നടപ്പിലാവണമെന്ന് സ്വപ്നം കണ്ടിരുന്ന വസ്തുതകൾ നടപ്പിലാക്കുന്നതിനുള്ള ആത്മാർത്ഥമായ പരിശ്രമം ആണ് ഭാരതം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

സുഹൃത്തുക്കളെ എന്റെ അൻപതുവർഷം നീണ്ടുനിന്ന സാമൂഹ്യജീവിതത്തിൽ ഞാൻ കർഷകരുടെ വിഷമതകളെ, അവർ നേരിടുന്ന വെല്ലുവിളികളെ വളരെ അടുത്ത് മനസ്സിലാക്കിയിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് 2014-ൽ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം രാജ്യം നൽകിയപ്പോൾ ഞങ്ങൾ കൃഷിയുടെ വികസനത്തിനും കർഷകരുടെ ഉന്നമനത്തിനും ഏറ്റവും ഉയർന്ന പരിഗണന നൽകി. 

സുഹൃത്തുക്കളെ രാജ്യത്തെ 80% വരെയുള്ള കർഷകർ ചെറുകിട കർഷകരാണെന്ന യാഥാർത്ഥ്യത്തെ കുറിച്ച് വളരെയധികം ആളുകൾ ഇന്നും അജ്ഞർ ആണ്. അവർക്ക് രണ്ട് ഹെക്ടറിലും താഴെ കൃഷി ഭൂമി മാത്രമാണ് ഉള്ളത്. ഈ ചെറുകിട കർഷകരുടെ എണ്ണം 10 കോടിയിലും അധികമാണെന്നത് നിങ്ങൾക്ക് സങ്കല്പിക്കാൻ സാധിക്കുന്നുണ്ടോ? അവരുടെ മുഴുവൻ ജീവിതവും ഈ ചെറിയ കൃഷി ഭൂമിയെ ആശ്രയിച്ചാണ്. ഇതു തന്നെ ആണ് അവരുടെ ജീവിതവും. ഈ ചെറിയ കൃഷിഭൂമിയെ ആശ്രയിച്ചാണ് അവർ അവരുടേയും കുടുംബത്തിന്റേയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ തലമുറകൾ പിന്നിടുമ്പോഴും കുടുംബത്തിൽ നടക്കുന്ന സ്വത്ത് ഭാഗംവെയ്ക്കൽ ഈ കൃഷിഭൂമിയുടെ അളവ് വീണ്ടും കുറയുന്നതിനു കാരണം ആകുന്നു. അതുകൊണ്ട് ചെറുകിട കർഷകർ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കുന്നതിനു സർക്കാർ വിത്ത്, ഇൻഷുറൻസ്, വിപണി, ലാഭം എന്നീ എല്ലാ മേഖലകളിലും കൃത്യമായ പ്രവർത്തനങ്ങൾ നടത്തി. കർഷകർക്ക് ഉല്പാദനക്ഷമത കൂടിയ വിത്തുകൾ ലഭ്യമാക്കിയതിനൊപ്പം സർക്കാർ വളം, മണ്ണു പരിശോധന, ചെറുകിട ജലശേഷന പദ്ധതികൾ എന്നിവയും ലഭ്യമാക്കി. സർക്കാർ 22 കോടി മണ്ണ് പരിശോധന കാർഡുകൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്.  ഈ ശാസ്ത്രീയ പരിശോധനകൾ കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. 

സുഹൃത്തുക്കളെ ഞങ്ങൾ വിള ഇൻഷുറൻസ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കി. അതിന്റെ കീഴിൽ കൂടുതൽ കർഷകരെ കൊണ്ടുവന്നു. കൃഷിനാശം ഉണ്ടാകുന്ന അവസരത്തിൽ കർഷകർക്ക് പരമാവധി നഷ്ടപരിഹാരം എളുപ്പത്തിൽ ലഭിക്കുന്നതിനു വേണ്ടി പഴയ നിയമങ്ങൾ മാറ്റി. ഇതിലൂടെ കഴിഞ്ഞ നാലുവർഷക്കാലം കൊണ്ട് ഒരു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം രാജ്യത്തെ കർഷകർക്ക് ലഭ്യമായിട്ടുണ്ട്. ഞങ്ങൾ ചെറുകിട കർഷകർക്ക് മാത്രമല്ല കൃഷിയിടത്ത് പണിയെടുക്കുന്നവർക്കും കൂടി ഇൻഷുറൻസ്,  പെഷൻഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തി. ചെറുകിടകർഷകരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുന്നതിനു സഹായകരമായി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ നിക്ഷേപിച്ചു. നേരിട്ട് അവരുടെ അക്കൗണ്ടുകളിൽ.

സുഹൃത്തുക്കളെ കർഷകർക്ക് അവരുടെ പ്രയത്നത്തിനു അർഹമായ പ്രതിഫലം ലഭിക്കുന്നതിനും ഉത്പന്നങ്ങൾക്ക് അർഹമായ വില ലഭിക്കുന്നതിനും ആവശ്യമായ നിരവധി നടപടികൾ സ്വീകരിച്ചു. രാജ്യത്തെ ഗ്രാമീണ വിപണന സംവിധാനങ്ങൾ ശക്തമാക്കി.  മിനിമം തങ്ങുവില വിർദ്ധിപ്പിച്ചു. അതിനൊപ്പം തന്നെ കാർഷിക ഉത്പന്നങ്ങൾ കർഷകരിൽ നിന്നും വാങ്ങുന്നതിനുള്ള സർക്കാർ സംവിധാനങ്ങളുടെ എണ്ണത്തിലും റിക്കോർഡ് വർദ്ധനവ് ഉണ്ടാക്കി. ഞങ്ങളുടെ സർക്കാർ കാർഷിക വിഭവങ്ങളുടെ സംഭരണത്തിൽ കഴിഞ്ഞ പല ദശകങ്ങളിലേയും റിക്കോർഡുകളെ മറികടന്നിട്ടുണ്ട്. രാജ്യത്തെ ആയിരത്തിൽ അധികം വില്പന കേന്ദ്രങ്ങളെ ഇനാം (eNam - Electronic National Agricultural Market) സംവിധാനത്തിലൂടെ യോജിപ്പിച്ച് കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ രാജ്യത്ത് എവിടെയും വിൽക്കുന്നതിനുള്ള അവസരം ഉണ്ടാക്കി. അതിനൊപ്പം തന്നെ രാജ്യത്തെ കാർഷിക ചന്തകളുടെ ആധുനീകവൽക്കരണത്തിനായി കോടികളുടെ പദ്ധതികൾ നടപ്പിലാക്കി.

സുഹൃത്തുക്കളെ ഇന്ന് കേന്ദ്രസർക്കാരിന്റെ കൃഷി ബഡ്ജറ്റ് മുൻകാലങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി വർദ്ധിച്ചിട്ടുണ്ട്. ഓരോ വർഷവും അരലക്ഷം കോടി രൂപയിൽ അധികം കൃഷിയ്ക്കായി ചിലവാക്കുന്നുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ കാർഷിക ഭൗതിക സാഹചര്യ വികസന പദ്ധതികളുടെ ഭാഗമായി ഗ്രാമങ്ങളിൽ കൃഷിയിടത്തിനടുത്തായി കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്ന കേന്ദ്രങ്ങൾ, കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഇവയെല്ലാം വേഗത്തിൽ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുകയാണ്. ചെറുകിട കർഷകരുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി പതിനയിരം FPOS (Farmer Producer Organization Scheme) പ്രവർത്തന സജ്ജമാക്കുന്നതിനുള്ള പദ്ധതികളും നടപ്പിൽ വരുത്തുന്നുണ്ട്. ഇതിലും ഏകദേശം ഏഴായിരം കോടി രൂപ ചിലവാക്കുന്നുണ്ട്. ചെറുകിട ജലസേചനപദ്ധതികൾക്കുള്ള വിഹിതം രണ്ടിരട്ടി വർദ്ധിപ്പിച്ച് പതിനായിരം കോടി ആക്കി ഉയർത്തിയിട്ടുണ്ട്. കാർഷിക വായ്പകളും ഞങ്ങൾ ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. ഈ വർഷം അത് പതിനാറ് ലക്ഷം കോടി രൂപയാകും.മത്സ്യകൃഷി നടത്തുന്ന കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡിന്റെ നേട്ടം ലഭ്യമാകാൻ തുടങ്ങിയിട്ടുണ്ട്. അതായത് ഞങ്ങളുടെ സർക്കാർ കർഷകരുടെ ഉന്നമനത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇനിയും അത്തരം നടപടികൾ തുടർച്ചയായി സ്വീകരിക്കുക തന്നെ ചെയ്യും. കാർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അവരുടെ സാമൂഹ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും പൂർണ്ണമായും ആത്മാർത്ഥമായ നടപടികൾ ആണ് സ്വീകരിച്ചു വരുന്നത്.

സുഹൃത്തുക്കളെ, കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള് ഈ ബൃഹത്തായ പദ്ധതികളുടെ ഭാഗമായി ഈ രാജ്യത്ത് മൂന്നു കാർഷിക നിയമങ്ങൾ നടപ്പാക്കിയിരുന്നു. ഈ നിയമങ്ങളുടെ ഉദ്ദേശം രാജ്യത്തെ കർഷകർക്ക് പ്രത്യേകിച്ചും ചെറുകിട കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് നല്ല വില ലഭ്യമാക്കണം, അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനു കൂടുതൽ അവസരങ്ങൾ ലഭ്യമാക്കണം. വർഷങ്ങളായി ഈ ആവശ്യം രാജ്യത്തെ കർഷകരും, കൃഷി വിദഗ്ദ്ധരും, കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞരും, കർഷക സംഘടനകളും  തുടർച്ചയായി ഉന്നയിച്ചു വന്നതാണ്. മുൻപും പല സർക്കാരുകളും ഈ വിഷയത്തിൽ ആലോചനകൾ നടത്തിയിട്ടുണ്ട്. ഇത്തവണയും പാർലമെന്റിൽ ഈ വിഷയം അവതരിപ്പിച്ചു. ചർച്ചകൾ നടത്തി. വിശകലനങ്ങൾ നടത്തി. നിയമം കൊണ്ടുവന്നു. രാജ്യത്തിന്റെ എല്ലാ കോണിലും ഉള്ള കോടിക്കണക്കിനു കർഷകരും അനേകം കർഷക സംഘടനകളും ഈ നിയമത്തെ സ്വാഗതം ചെയ്തു, പിന്തുണ നൽകി. ഞാൻ ഇന്ന് അവരോടെല്ലാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവർക്കെല്ലാം ഞാൻ നന്ദി അറിയിക്കുന്നു. 

സുഹൃത്തുക്കളെ ഞങ്ങളുടെ സർക്കാർ കർഷകരുടെ ഉന്നമനത്തിനായി, പ്രത്യേകിച്ചും ചെറുകിട കർഷകരുടെ ഉന്നമനത്തിനായി രാജ്യത്തെ കാർഷിക മേഖലയ്ക്ക് വേണ്ടി രാജ്യത്തിനു വേണ്ടി  ഗ്രാമങ്ങളിലെ ദരിദ്രരുടെ ഉജ്ജ്വലമായ ഭാവിയ്ക്ക് വേണ്ടി  പൂർണ്ണമായ സത്യസന്ധതയോടെ കർഷകരുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി നല്ല ഉദ്ദേശത്തോടെ ആണ് ഈ നിയമം കൊണ്ടുവന്നത്. എന്നാൽ ഇത്രയും പവിത്രമായ കാര്യം, പൂർണ്ണമായും കർഷകരുടെ ഉന്നമനത്തിനായുള്ള കാര്യം ഞങ്ങൾ പരമാവധി പരിശ്രമിച്ചിട്ടും കുറച്ച് കർഷകരെ മനസ്സിലാക്കിക്കാൻ സാധിച്ചില്ല. കർഷകരിലെ ഒരു വിഭാഗം മാത്രമാണ് ഇതിനെ എതിർത്തിരുന്നത്. എന്നാൽ അവരും ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടവർ തന്നെ ആയിരുന്നു. കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞന്മാരും, കാർഷിക വിദഗ്ദ്ധരും വികസനം ആഗ്രഹിക്കുന്ന കർഷകരും എല്ലാം അവരെ കാർഷിക നിയമ ഭേദഗതിയുടെ മഹത്വം മനസ്സിലാക്കിക്കുന്നതിനു കഠിനമായ പരിശ്രമം നടത്തി. ഞങ്ങൾ വിനയാന്വിതരായി തുറന്ന മനസ്സോടെ അവരെ മനസ്സിലാക്കിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. വ്യക്തിപരമായും സാമൂഹ്യമായും അനേകവഴികളിലൂടെ ഞങ്ങളുടെ ചർച്ചകൾ തുടർന്നുകൊണ്ടേയിരുന്നു. കർഷകരുടെ വാക്കുകൾ കേൾക്കുന്നതിനും അവരുടെ ആശങ്കകൾ പരിഗണിക്കുന്നതിനും കിട്ടിയ ഒരു അവസരവും ഞങ്ങൾ പാഴാക്കിയില്ല. നിയമത്തിലെ ചില വ്യവസ്ഥകളോട് അവർക്ക് ഉണ്ടായിരുന്ന എതിർപ്പ് പരിഗണിച്ച് ആ വ്യവസ്ഥകൾ തിരുത്തുന്നതിനും സർക്കാർ തയ്യാറായി. ഈ നിയമം നടപ്പിൽ വരുത്തുന്നത് രണ്ട് വർഷത്തേയ്ക്ക് നിറുത്തിവയ്ക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവും ഞങ്ങൾ നടത്തി. ഇതിനിടയിൽ ഈ വിഷയം ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മുന്നിലും എത്തി. ഈ കാര്യങ്ങൾ എല്ലാം ജനങ്ങൾക്ക് മുന്നിൽ ഉണ്ട്. അതുകൊണ്ട് ഇതേപ്പറ്റി ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല. ദീപത്തിന്റെ പ്രകാശം പോലെ സത്യമായ വസ്തുതകൾ കുറച്ച് കർഷക സഹോദരങ്ങളെ മനസ്സിലാക്കിക്കാൻ ഞങ്ങൾക്ക് സാധിക്കാതെ പോയത് ഞങ്ങളുടെ തന്നെ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചയുടെ ഫമായിട്ടാവണം എന്ന് പൂർണ്ണ മനസ്സോടെയും ആത്മാർത്ഥമായ ഹൃദയത്തോടെയും പറഞ്ഞുകൊണ്ട് ഞാൻ ഈ ദേശവാസികളോട് ക്ഷമ ചോദിക്കുന്നു.   ഇന്ന് ഗുരുനാനാക്ക് ദേവന്റെ പവിത്രമായ ഈ ജന്മദിനത്തിൽ ആരേയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് ഈ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചു എന്ന് നിങ്ങളെ അറിയിക്കാൻ ഈ രാജ്യത്തെ അറിയിക്കാൻ ആണ് ഞാൻ എത്തിയിരിക്കുന്നത്. ഈ മാസം അവസാനം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കും. 

സുഹൃത്തുക്കളെ സമരം ചെയ്യുന്ന മുഴുവൻ കർഷക സഹോദരങ്ങളോടും ഇന്ന് എനിക്ക് അപേക്ഷിക്കാനുള്ളത് ഇന്ന് ഗുരു നാനാക്കിന്റെ പവിത്രമായ ഈ ദിവസത്തിൽ നിങ്ങൾ വീടുകളിലേയ്ക്ക് മടങ്ങിപ്പോകണം, നിങ്ങളുടെ കൃഷിയിടങ്ങളിലേയ്ക്ക് മടങ്ങിപ്പോകണം, നിങ്ങളുടെ കുടുംബാംഗങ്ങളുടെ അടുത്തേയ്ക്ക് മടങ്ങിപ്പോകണം എന്നാണ്. വരൂ നമുക്ക് ഒരുമിച്ച് ഒരു പുതിയ തുടക്കം കുറിക്കാം. പുതിയ തീരുമാനങ്ങളോടെ മുന്നോട്ട് പോകാം. 

സുഹൃത്തുക്കളെ ഇന്നു തന്നെ സർക്കാർ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന തീരുമാനവും എടുത്തിട്ടുണ്ട്. രാജ്യത്തെ കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് crop pattern ശാസ്ത്രീയ അടിസ്ഥാനത്തിൽ മാറ്റം വരുത്തുന്നതിനും, മിനിമം താങ്ങു വില (MSP) കൂടുതൽ ഗുണപ്രദവും പ്രയോജനപ്രദവും ആക്കുന്നതിനും ഉൾപ്പടെയുള്ള എല്ലാ വിഷയങ്ങളിലും ഭാവിയിലെ ആവശ്യതകൾ മുന്നിൽക്കണ്ട് തീരുമാനങ്ങൾ എടുക്കുന്നതിനു   ഒരു കമ്മറ്റി രൂപീകരിക്കും. ഈ കമ്മറ്റിയിൽ കേന്ദ്രസർക്കാർ-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ, കർഷകർ, കാർഷിക ശാസ്ത്രജ്ഞർ, കാർഷിക സാമ്പത്തിക വിദഗ്ദ്ധർ, എന്നിവർ ഉണ്ടാകും. സുഹൃത്തുക്കളെ ഞങ്ങളുടെ സർക്കാർ കർഷകരുടെ ഉന്നമനത്തിനായാണ് പ്രവർത്തിച്ചിട്ടുള്ളത്, ഇനി മുന്നോട്ടും പ്രവർത്തിക്കാൻ പോകുന്നത്. ഞാൻ ഗുരു ഗോവിന്ത് സിങ്ങിന്റെ വാക്യങ്ങളോടെ എന്റെ വാക്കുകൾ ചുരുക്കുന്നു. “ഹേ ദേവി എനിക്ക് ശുഭകാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും ഒരിക്കലും പിന്നോട്ട് പോകേണ്ട അവസ്ഥ ഉണ്ടാകില്ലെന്ന വരം തന്നാലും” ചെയ്തതെല്ലാം കർഷകരുടെ ഉന്നമനത്തിനു വേണ്ടിയാണ്.  ചെയ്യുന്നതെല്ലാം നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ്. നിങ്ങൾ എല്ലാവരുടെയും അനുഗ്രഹത്താൽ ഞാൻ മുൻപും എന്റെ പ്രയത്നങ്ങളിൽ ഒരു കുറവും വരുത്തിയിട്ടില്ല. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്, രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഇനിയും കൂടുതൽ ശക്തമായി പ്രയത്നിക്കും എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങൾക്ക് വളരെയധികം നന്ദി. നമസ്കാരം. പ്രധാനമന്ത്രിയുടെ അഭിസംബോധന ഇവിടെ കാണാം.