Friday 19 November 2021

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 19/11/2021

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് 19/11/2021-ൽ നടത്തിയ പ്രസംഗത്തിന്റെ ഏകദേശ മലയാളം പരിഭാഷ. 

രണ്ടര വർഷത്തെ ഇടവേലയ്ക്ക് ശേഷം ഇന്ന് വീണ്ടും കർത്താർപൂർ ഇടനാഴി തുറന്നിട്ടുണ്ട്. സുഹൃത്തുക്കളെ ഗുരു നാനാക്ക് പറഞ്ഞിട്ടുള്ളത് ലോക സേവനത്തിനുള്ള മാർഗ്ഗം സ്വായത്തമാക്കുന്നതിലൂടെ മാത്രമാണ് ജിവിതം സഫലമാക്കാൻ സാധിക്കുന്നത്. ഞങ്ങളുടെ സർക്കാർ ഇതേ സേവന മനോഭാവത്തോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നോട്ട് പോവുകയാണ്. എത്രയോ തലമുറകൾ നടപ്പിലാവണമെന്ന് സ്വപ്നം കണ്ടിരുന്ന വസ്തുതകൾ നടപ്പിലാക്കുന്നതിനുള്ള ആത്മാർത്ഥമായ പരിശ്രമം ആണ് ഭാരതം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

സുഹൃത്തുക്കളെ എന്റെ അൻപതുവർഷം നീണ്ടുനിന്ന സാമൂഹ്യജീവിതത്തിൽ ഞാൻ കർഷകരുടെ വിഷമതകളെ, അവർ നേരിടുന്ന വെല്ലുവിളികളെ വളരെ അടുത്ത് മനസ്സിലാക്കിയിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് 2014-ൽ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം രാജ്യം നൽകിയപ്പോൾ ഞങ്ങൾ കൃഷിയുടെ വികസനത്തിനും കർഷകരുടെ ഉന്നമനത്തിനും ഏറ്റവും ഉയർന്ന പരിഗണന നൽകി. 

സുഹൃത്തുക്കളെ രാജ്യത്തെ 80% വരെയുള്ള കർഷകർ ചെറുകിട കർഷകരാണെന്ന യാഥാർത്ഥ്യത്തെ കുറിച്ച് വളരെയധികം ആളുകൾ ഇന്നും അജ്ഞർ ആണ്. അവർക്ക് രണ്ട് ഹെക്ടറിലും താഴെ കൃഷി ഭൂമി മാത്രമാണ് ഉള്ളത്. ഈ ചെറുകിട കർഷകരുടെ എണ്ണം 10 കോടിയിലും അധികമാണെന്നത് നിങ്ങൾക്ക് സങ്കല്പിക്കാൻ സാധിക്കുന്നുണ്ടോ? അവരുടെ മുഴുവൻ ജീവിതവും ഈ ചെറിയ കൃഷി ഭൂമിയെ ആശ്രയിച്ചാണ്. ഇതു തന്നെ ആണ് അവരുടെ ജീവിതവും. ഈ ചെറിയ കൃഷിഭൂമിയെ ആശ്രയിച്ചാണ് അവർ അവരുടേയും കുടുംബത്തിന്റേയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ തലമുറകൾ പിന്നിടുമ്പോഴും കുടുംബത്തിൽ നടക്കുന്ന സ്വത്ത് ഭാഗംവെയ്ക്കൽ ഈ കൃഷിഭൂമിയുടെ അളവ് വീണ്ടും കുറയുന്നതിനു കാരണം ആകുന്നു. അതുകൊണ്ട് ചെറുകിട കർഷകർ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കുന്നതിനു സർക്കാർ വിത്ത്, ഇൻഷുറൻസ്, വിപണി, ലാഭം എന്നീ എല്ലാ മേഖലകളിലും കൃത്യമായ പ്രവർത്തനങ്ങൾ നടത്തി. കർഷകർക്ക് ഉല്പാദനക്ഷമത കൂടിയ വിത്തുകൾ ലഭ്യമാക്കിയതിനൊപ്പം സർക്കാർ വളം, മണ്ണു പരിശോധന, ചെറുകിട ജലശേഷന പദ്ധതികൾ എന്നിവയും ലഭ്യമാക്കി. സർക്കാർ 22 കോടി മണ്ണ് പരിശോധന കാർഡുകൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്.  ഈ ശാസ്ത്രീയ പരിശോധനകൾ കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. 

സുഹൃത്തുക്കളെ ഞങ്ങൾ വിള ഇൻഷുറൻസ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കി. അതിന്റെ കീഴിൽ കൂടുതൽ കർഷകരെ കൊണ്ടുവന്നു. കൃഷിനാശം ഉണ്ടാകുന്ന അവസരത്തിൽ കർഷകർക്ക് പരമാവധി നഷ്ടപരിഹാരം എളുപ്പത്തിൽ ലഭിക്കുന്നതിനു വേണ്ടി പഴയ നിയമങ്ങൾ മാറ്റി. ഇതിലൂടെ കഴിഞ്ഞ നാലുവർഷക്കാലം കൊണ്ട് ഒരു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം രാജ്യത്തെ കർഷകർക്ക് ലഭ്യമായിട്ടുണ്ട്. ഞങ്ങൾ ചെറുകിട കർഷകർക്ക് മാത്രമല്ല കൃഷിയിടത്ത് പണിയെടുക്കുന്നവർക്കും കൂടി ഇൻഷുറൻസ്,  പെഷൻഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തി. ചെറുകിടകർഷകരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുന്നതിനു സഹായകരമായി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ നിക്ഷേപിച്ചു. നേരിട്ട് അവരുടെ അക്കൗണ്ടുകളിൽ.

സുഹൃത്തുക്കളെ കർഷകർക്ക് അവരുടെ പ്രയത്നത്തിനു അർഹമായ പ്രതിഫലം ലഭിക്കുന്നതിനും ഉത്പന്നങ്ങൾക്ക് അർഹമായ വില ലഭിക്കുന്നതിനും ആവശ്യമായ നിരവധി നടപടികൾ സ്വീകരിച്ചു. രാജ്യത്തെ ഗ്രാമീണ വിപണന സംവിധാനങ്ങൾ ശക്തമാക്കി.  മിനിമം തങ്ങുവില വിർദ്ധിപ്പിച്ചു. അതിനൊപ്പം തന്നെ കാർഷിക ഉത്പന്നങ്ങൾ കർഷകരിൽ നിന്നും വാങ്ങുന്നതിനുള്ള സർക്കാർ സംവിധാനങ്ങളുടെ എണ്ണത്തിലും റിക്കോർഡ് വർദ്ധനവ് ഉണ്ടാക്കി. ഞങ്ങളുടെ സർക്കാർ കാർഷിക വിഭവങ്ങളുടെ സംഭരണത്തിൽ കഴിഞ്ഞ പല ദശകങ്ങളിലേയും റിക്കോർഡുകളെ മറികടന്നിട്ടുണ്ട്. രാജ്യത്തെ ആയിരത്തിൽ അധികം വില്പന കേന്ദ്രങ്ങളെ ഇനാം (eNam - Electronic National Agricultural Market) സംവിധാനത്തിലൂടെ യോജിപ്പിച്ച് കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ രാജ്യത്ത് എവിടെയും വിൽക്കുന്നതിനുള്ള അവസരം ഉണ്ടാക്കി. അതിനൊപ്പം തന്നെ രാജ്യത്തെ കാർഷിക ചന്തകളുടെ ആധുനീകവൽക്കരണത്തിനായി കോടികളുടെ പദ്ധതികൾ നടപ്പിലാക്കി.

സുഹൃത്തുക്കളെ ഇന്ന് കേന്ദ്രസർക്കാരിന്റെ കൃഷി ബഡ്ജറ്റ് മുൻകാലങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി വർദ്ധിച്ചിട്ടുണ്ട്. ഓരോ വർഷവും അരലക്ഷം കോടി രൂപയിൽ അധികം കൃഷിയ്ക്കായി ചിലവാക്കുന്നുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ കാർഷിക ഭൗതിക സാഹചര്യ വികസന പദ്ധതികളുടെ ഭാഗമായി ഗ്രാമങ്ങളിൽ കൃഷിയിടത്തിനടുത്തായി കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്ന കേന്ദ്രങ്ങൾ, കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഇവയെല്ലാം വേഗത്തിൽ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുകയാണ്. ചെറുകിട കർഷകരുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി പതിനയിരം FPOS (Farmer Producer Organization Scheme) പ്രവർത്തന സജ്ജമാക്കുന്നതിനുള്ള പദ്ധതികളും നടപ്പിൽ വരുത്തുന്നുണ്ട്. ഇതിലും ഏകദേശം ഏഴായിരം കോടി രൂപ ചിലവാക്കുന്നുണ്ട്. ചെറുകിട ജലസേചനപദ്ധതികൾക്കുള്ള വിഹിതം രണ്ടിരട്ടി വർദ്ധിപ്പിച്ച് പതിനായിരം കോടി ആക്കി ഉയർത്തിയിട്ടുണ്ട്. കാർഷിക വായ്പകളും ഞങ്ങൾ ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. ഈ വർഷം അത് പതിനാറ് ലക്ഷം കോടി രൂപയാകും.മത്സ്യകൃഷി നടത്തുന്ന കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡിന്റെ നേട്ടം ലഭ്യമാകാൻ തുടങ്ങിയിട്ടുണ്ട്. അതായത് ഞങ്ങളുടെ സർക്കാർ കർഷകരുടെ ഉന്നമനത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇനിയും അത്തരം നടപടികൾ തുടർച്ചയായി സ്വീകരിക്കുക തന്നെ ചെയ്യും. കാർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അവരുടെ സാമൂഹ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും പൂർണ്ണമായും ആത്മാർത്ഥമായ നടപടികൾ ആണ് സ്വീകരിച്ചു വരുന്നത്.

സുഹൃത്തുക്കളെ, കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള് ഈ ബൃഹത്തായ പദ്ധതികളുടെ ഭാഗമായി ഈ രാജ്യത്ത് മൂന്നു കാർഷിക നിയമങ്ങൾ നടപ്പാക്കിയിരുന്നു. ഈ നിയമങ്ങളുടെ ഉദ്ദേശം രാജ്യത്തെ കർഷകർക്ക് പ്രത്യേകിച്ചും ചെറുകിട കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് നല്ല വില ലഭ്യമാക്കണം, അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനു കൂടുതൽ അവസരങ്ങൾ ലഭ്യമാക്കണം. വർഷങ്ങളായി ഈ ആവശ്യം രാജ്യത്തെ കർഷകരും, കൃഷി വിദഗ്ദ്ധരും, കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞരും, കർഷക സംഘടനകളും  തുടർച്ചയായി ഉന്നയിച്ചു വന്നതാണ്. മുൻപും പല സർക്കാരുകളും ഈ വിഷയത്തിൽ ആലോചനകൾ നടത്തിയിട്ടുണ്ട്. ഇത്തവണയും പാർലമെന്റിൽ ഈ വിഷയം അവതരിപ്പിച്ചു. ചർച്ചകൾ നടത്തി. വിശകലനങ്ങൾ നടത്തി. നിയമം കൊണ്ടുവന്നു. രാജ്യത്തിന്റെ എല്ലാ കോണിലും ഉള്ള കോടിക്കണക്കിനു കർഷകരും അനേകം കർഷക സംഘടനകളും ഈ നിയമത്തെ സ്വാഗതം ചെയ്തു, പിന്തുണ നൽകി. ഞാൻ ഇന്ന് അവരോടെല്ലാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവർക്കെല്ലാം ഞാൻ നന്ദി അറിയിക്കുന്നു. 

സുഹൃത്തുക്കളെ ഞങ്ങളുടെ സർക്കാർ കർഷകരുടെ ഉന്നമനത്തിനായി, പ്രത്യേകിച്ചും ചെറുകിട കർഷകരുടെ ഉന്നമനത്തിനായി രാജ്യത്തെ കാർഷിക മേഖലയ്ക്ക് വേണ്ടി രാജ്യത്തിനു വേണ്ടി  ഗ്രാമങ്ങളിലെ ദരിദ്രരുടെ ഉജ്ജ്വലമായ ഭാവിയ്ക്ക് വേണ്ടി  പൂർണ്ണമായ സത്യസന്ധതയോടെ കർഷകരുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി നല്ല ഉദ്ദേശത്തോടെ ആണ് ഈ നിയമം കൊണ്ടുവന്നത്. എന്നാൽ ഇത്രയും പവിത്രമായ കാര്യം, പൂർണ്ണമായും കർഷകരുടെ ഉന്നമനത്തിനായുള്ള കാര്യം ഞങ്ങൾ പരമാവധി പരിശ്രമിച്ചിട്ടും കുറച്ച് കർഷകരെ മനസ്സിലാക്കിക്കാൻ സാധിച്ചില്ല. കർഷകരിലെ ഒരു വിഭാഗം മാത്രമാണ് ഇതിനെ എതിർത്തിരുന്നത്. എന്നാൽ അവരും ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടവർ തന്നെ ആയിരുന്നു. കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞന്മാരും, കാർഷിക വിദഗ്ദ്ധരും വികസനം ആഗ്രഹിക്കുന്ന കർഷകരും എല്ലാം അവരെ കാർഷിക നിയമ ഭേദഗതിയുടെ മഹത്വം മനസ്സിലാക്കിക്കുന്നതിനു കഠിനമായ പരിശ്രമം നടത്തി. ഞങ്ങൾ വിനയാന്വിതരായി തുറന്ന മനസ്സോടെ അവരെ മനസ്സിലാക്കിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. വ്യക്തിപരമായും സാമൂഹ്യമായും അനേകവഴികളിലൂടെ ഞങ്ങളുടെ ചർച്ചകൾ തുടർന്നുകൊണ്ടേയിരുന്നു. കർഷകരുടെ വാക്കുകൾ കേൾക്കുന്നതിനും അവരുടെ ആശങ്കകൾ പരിഗണിക്കുന്നതിനും കിട്ടിയ ഒരു അവസരവും ഞങ്ങൾ പാഴാക്കിയില്ല. നിയമത്തിലെ ചില വ്യവസ്ഥകളോട് അവർക്ക് ഉണ്ടായിരുന്ന എതിർപ്പ് പരിഗണിച്ച് ആ വ്യവസ്ഥകൾ തിരുത്തുന്നതിനും സർക്കാർ തയ്യാറായി. ഈ നിയമം നടപ്പിൽ വരുത്തുന്നത് രണ്ട് വർഷത്തേയ്ക്ക് നിറുത്തിവയ്ക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവും ഞങ്ങൾ നടത്തി. ഇതിനിടയിൽ ഈ വിഷയം ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മുന്നിലും എത്തി. ഈ കാര്യങ്ങൾ എല്ലാം ജനങ്ങൾക്ക് മുന്നിൽ ഉണ്ട്. അതുകൊണ്ട് ഇതേപ്പറ്റി ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല. ദീപത്തിന്റെ പ്രകാശം പോലെ സത്യമായ വസ്തുതകൾ കുറച്ച് കർഷക സഹോദരങ്ങളെ മനസ്സിലാക്കിക്കാൻ ഞങ്ങൾക്ക് സാധിക്കാതെ പോയത് ഞങ്ങളുടെ തന്നെ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചയുടെ ഫമായിട്ടാവണം എന്ന് പൂർണ്ണ മനസ്സോടെയും ആത്മാർത്ഥമായ ഹൃദയത്തോടെയും പറഞ്ഞുകൊണ്ട് ഞാൻ ഈ ദേശവാസികളോട് ക്ഷമ ചോദിക്കുന്നു.   ഇന്ന് ഗുരുനാനാക്ക് ദേവന്റെ പവിത്രമായ ഈ ജന്മദിനത്തിൽ ആരേയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് ഈ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചു എന്ന് നിങ്ങളെ അറിയിക്കാൻ ഈ രാജ്യത്തെ അറിയിക്കാൻ ആണ് ഞാൻ എത്തിയിരിക്കുന്നത്. ഈ മാസം അവസാനം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കും. 

സുഹൃത്തുക്കളെ സമരം ചെയ്യുന്ന മുഴുവൻ കർഷക സഹോദരങ്ങളോടും ഇന്ന് എനിക്ക് അപേക്ഷിക്കാനുള്ളത് ഇന്ന് ഗുരു നാനാക്കിന്റെ പവിത്രമായ ഈ ദിവസത്തിൽ നിങ്ങൾ വീടുകളിലേയ്ക്ക് മടങ്ങിപ്പോകണം, നിങ്ങളുടെ കൃഷിയിടങ്ങളിലേയ്ക്ക് മടങ്ങിപ്പോകണം, നിങ്ങളുടെ കുടുംബാംഗങ്ങളുടെ അടുത്തേയ്ക്ക് മടങ്ങിപ്പോകണം എന്നാണ്. വരൂ നമുക്ക് ഒരുമിച്ച് ഒരു പുതിയ തുടക്കം കുറിക്കാം. പുതിയ തീരുമാനങ്ങളോടെ മുന്നോട്ട് പോകാം. 

സുഹൃത്തുക്കളെ ഇന്നു തന്നെ സർക്കാർ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന തീരുമാനവും എടുത്തിട്ടുണ്ട്. രാജ്യത്തെ കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് crop pattern ശാസ്ത്രീയ അടിസ്ഥാനത്തിൽ മാറ്റം വരുത്തുന്നതിനും, മിനിമം താങ്ങു വില (MSP) കൂടുതൽ ഗുണപ്രദവും പ്രയോജനപ്രദവും ആക്കുന്നതിനും ഉൾപ്പടെയുള്ള എല്ലാ വിഷയങ്ങളിലും ഭാവിയിലെ ആവശ്യതകൾ മുന്നിൽക്കണ്ട് തീരുമാനങ്ങൾ എടുക്കുന്നതിനു   ഒരു കമ്മറ്റി രൂപീകരിക്കും. ഈ കമ്മറ്റിയിൽ കേന്ദ്രസർക്കാർ-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ, കർഷകർ, കാർഷിക ശാസ്ത്രജ്ഞർ, കാർഷിക സാമ്പത്തിക വിദഗ്ദ്ധർ, എന്നിവർ ഉണ്ടാകും. സുഹൃത്തുക്കളെ ഞങ്ങളുടെ സർക്കാർ കർഷകരുടെ ഉന്നമനത്തിനായാണ് പ്രവർത്തിച്ചിട്ടുള്ളത്, ഇനി മുന്നോട്ടും പ്രവർത്തിക്കാൻ പോകുന്നത്. ഞാൻ ഗുരു ഗോവിന്ത് സിങ്ങിന്റെ വാക്യങ്ങളോടെ എന്റെ വാക്കുകൾ ചുരുക്കുന്നു. “ഹേ ദേവി എനിക്ക് ശുഭകാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും ഒരിക്കലും പിന്നോട്ട് പോകേണ്ട അവസ്ഥ ഉണ്ടാകില്ലെന്ന വരം തന്നാലും” ചെയ്തതെല്ലാം കർഷകരുടെ ഉന്നമനത്തിനു വേണ്ടിയാണ്.  ചെയ്യുന്നതെല്ലാം നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ്. നിങ്ങൾ എല്ലാവരുടെയും അനുഗ്രഹത്താൽ ഞാൻ മുൻപും എന്റെ പ്രയത്നങ്ങളിൽ ഒരു കുറവും വരുത്തിയിട്ടില്ല. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്, രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഇനിയും കൂടുതൽ ശക്തമായി പ്രയത്നിക്കും എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങൾക്ക് വളരെയധികം നന്ദി. നമസ്കാരം. പ്രധാനമന്ത്രിയുടെ അഭിസംബോധന ഇവിടെ കാണാം.


Thursday 16 September 2021

നിലമറക്കുന്ന പോലീസ്


27/08/2021നു ഐ എസ് ആർ ഒയിലേയ്ക്ക് വന്ന വലിയ യന്ത്രഭാഗം കാണുന്നതിനു മകളേയും കൂട്ടി വന്ന ജയചന്ദ്രൻ എന്ന മനുഷ്യനേയും അദ്ദേഹത്തിന്റെ എട്ടുവയസ്സുള്ള മകളേയും പൊതുജനമദ്ധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് അവരെ അപമാനിച്ച രജിത എന്ന ഈ പോലീസ് ഓഫീസർക്കെതിരെ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ആഗസ്ത് 31നു പ്രഖ്യാപിച്ച അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലെന്ന് റിപ്പോർട്ട്. ഇന്ന് സെപ്തംബർ 15. ആഗസ്ത് 31നു സംസ്ഥാന പോലീസ് മോധാവി പറഞ്ഞത് ഈ വിഷയം ദക്ഷിണമേഖല ഐജി അർഷിത അട്ടല്ലൂരി നടത്തും എന്നായിരുന്നു. അതിനു പുറമെ ഈ വിഷയത്തിൽ സംസ്ഥാന ബാലവകാശകമ്മീഷൻ, പട്ടികജാതി പട്ടിക വകുപ്പ് കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ ഇവരൊക്കെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയോ പോലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. രണ്ട് ആഴ്ച പിന്നിട്ടിട്ടും പ്രത്യേകിച്ച് നടപടികൾ ഒന്നും ആയില്ല എന്ന് മാത്രം. രജിതയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചു എന്നും അത് മകൾക്ക് കൈമാറി എന്നുമായിരുന്നു രജിതയുടെ ആരോപണം. ഒടുവിൽ ആ മൊബൈൽ പിങ്ക്പെട്രോൾ വാഹനത്തിൽ ഉണ്ടായിരുന്ന രജിതയുടെ ബാഗിൽ നിന്നു തന്നെ കണ്ടെത്തി. എന്നിട്ടും താൻ ചെയ്ത തെറ്റിനു ജയചന്ദ്രനോടും മകളോടും മാപ്പ് പറയാതെ അവരെ വീണ്ടും അധിക്ഷേപിക്കുകയാണ് രജിത എന്ന സിവിൽ പോലീസ് ഓഫീസർ ചെയ്തത്. ഈ ദൃശ്യങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്ന ആളുകൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും രജിത എന്ന ഈ പോലീസ് ഓഫീസർക്ക് കിട്ടിയത് സ്ഥലം മാറ്റം എന്ന ശിക്ഷ ആണ്. സ്ഥലം മാറ്റം എന്നത് ഒരു ശിക്ഷയേ അല്ലെന്ന് സർക്കാർ തന്നെ പലപ്പോഴും പറയുന്നതാണ്. ഈ വിഷയം ഇന്ന് ഏഷ്യാനെറ്റ് വീണ്ടും ചർച്ചയ്ക്കെടുത്തു. തന്നെയും മകളെയും അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയെ മാതൃകാപരമായി ശിക്ഷിക്കുന്നതു വരെ നിയമനടപടികളുമായി മുന്നോട്ട് പോകും എന്നാണ് ജയചന്ദ്രൻ പറയുന്നത്. സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരം ഇരിക്കാനാണ് അദ്ദേഹത്തിന്റേയും ഭാര്യയുടേയും തീരുമാനം എന്നും പറയുന്നു. ഈ സാധുമനുഷ്യനു ആവശ്യമായ നിയമസഹായം നൽകാനും ആരെങ്കിലും ഒക്കെ മുന്നോട്ട് വരും എന്ന് കരുതുന്നു. വിഷയം ഹൈക്കോടതിയിൽ എത്തിക്കുകയും സംസ്ഥാനപോലീസ് മേധാവി നേരിട്ടെത്തി വിശദീകരണം നൽകേണ്ട സാഹചര്യം ഒരുക്കുകയും കുറ്റവാളിയായ രജിത എന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുകയും വേണം.

ഈ വിഷയം ഇന്ന് വീണ്ടും ചർച്ച ചെയ്ത ഏഷ്യാനെറ്റിനും വിനു വി ജോണിനും
അഭിനന്ദനങ്ങൾ
ഇന്നലത്തെ പി എസ് സി തട്ടിപ്പ് സംബന്ധിക്കുന്ന ചർച്ചയും അഭിനന്ദനാർഹം തന്നെ. ഇന്നത്തെ ചർച്ചയുടെ വീഡിയോ ചുവടെ ചേർക്കുന്നു.



Thursday 19 August 2021

മനുഷ്യത്വം ഇല്ലാത്ത പോലീസുകാർ.

നെടുങ്കണ്ടത്ത് രാജ്കുമാർ എന്ന ഒരു മനുഷ്യനെ കാക്കിയിട്ട ചില ഗുണ്ടകൾ ക്രൂരമായി പീഡിപ്പിച്ചു കൊന്നത് എങ്ങനെ എന്ന് അനിൽ ഇമ്മാനുവൽ പറയുന്നു. ആ മരണത്തിൽ പോലീസിനു മാത്രമല്ല ജയിൽ ഉദ്യോഗസ്ഥർക്കും ചില ഡോക്ടർമാർക്കും എന്തിനു രാജ്കുമാറിനെ ജയിലിലേയ്ക്ക് അയച്ച മജിസ്ട്രേട്ടിനും ഉത്തരവാദിത്വം ഉണ്ട്. ഈ ക്രൂരകൃത്യത്തിനു ആനുപാതികമായ ശിക്ഷ നൽകാൻ നിയമത്തിനാവില്ല. ഉദയകുമാർ എന്നൊരു മനുഷ്യനെ തിരുവനന്തപുരം ഫോർട്ട് പോലീസ് ഉരുട്ടിക്കൊന്നതും അതിന്റെ നിയമനടപടികളും ഒക്കെ നമ്മൾ കണ്ടതാണ് . ഈ ഭൂമി വിട്ടുപോകുന്നതിനു മുൻപ് ഈ നിഷ്ഠൂരരായ പോലീസുകാരും ഇവർക്ക് പിന്തുണയും ഒത്താശയും നൽകുന്നവരും ഒക്കെ ഈ ചെയ്തുകൂട്ടുന്ന ക്രൂരതകൾക്ക് അനുഭവിക്കും എന്നത് മാത്രമാണ് ഏകപ്രതീക്ഷ. ഇത്തരം നിഷ്ഠൂരരായ പോലീസുകാരെ സമൂഹം ഒറ്റപ്പെടുത്തണം. ഒരു വിധത്തിലും അവർക്ക് ഒരു പിന്തുണയും സഹാനുഭൂതിയും ഈ സമൂഹത്തിൽ നിന്നും ഉണ്ടാകരുത്.

ജസ്റ്റിസ് നാരായണക്കുറുപ്പിനെ കുറിച്ച് പല അഭിപ്രായവ്യത്യാസങ്ങളും പലരേയും പോലെ എനിക്കും ഉണ്ട്. പക്ഷെ നെടുങ്കണ്ടം കൊലപാതകത്തിൽ സത്യം പുറത്തുവന്നത് മുൻപ് പോലീസ് കമ്പ്ലെയിന്റ്സ് അതോറിറ്റി ചെയർമാൻ കൂടി ആയിരുന്ന ജസ്റ്റിസ് നാരായണ കുറുപ്പ് ഈ സംഭവം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ആയതുകൊണ്ട് മാത്രമാണ്. അതിനു ജസ്റ്റിസ് നാരായണ കുറുപ്പ് പ്രത്യേകം നന്ദിയും അഭിനന്ദനവും അർഹിക്കുന്നു. വരാപ്പുഴയിൽ ശ്രീജിത്തിനെ ഒരു പറ്റം പോലീസുകാർ ചവിട്ടിക്കൊന്നത് പുറത്തുവന്നത് മനുഷ്യാവകാശ കമ്മീഷൻ അംഗമായ മോഹൻദാസിന്റെ ഇടപെടൽ കൊണ്ടാണ്. അതൊക്കെ കൊണ്ടാവും പോലീസിനു ദോഷം ചെയ്യാത്ത ചിലരെയൊക്കെ ഇപ്പോൾ പോലീസ് കമ്പ്ലെയിന്റ് അതോറിറ്റിയിലും മറ്റുമൊക്കെ കുടിയിരുത്തിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് പോലീസ് അതിക്രമങ്ങൾ പാരമ്യത്തിൽ നിൽക്കുന്ന അവസരത്തിൽ ഏതെങ്കിലും വിഷയത്തിൽ ആ അതോറിറ്റി ഇടപെട്ടതായുള്ള എന്തെങ്കിലും വാർത്തകൾ ആരെങ്കിലും കേട്ടിട്ടുണ്ടോ?

(വീഡിയോയ്ക്ക് കടപ്പാട് മനോരം ന്യൂസ്) വാർത്തയുടെ ലിങ്ക്
https://www.manoramanews.com/news/spotlight/2021/08/18/nedumkandam-custody-death-hidden-story-of-cruelty.html?



Sunday 7 February 2021

സഖാക്കളെ ശബരിമല വിഷയത്തിൽ മാപ്പില്ല.

സഖാവേ,

ശബരിമല ആണല്ലൊ വിഷയം. ഇന്നും വൈരുദ്ധ്യാത്മക ഭൗതികവാദം എന്നൊക്കെ എന്തക്കയോ പറയുന്നത് കേട്ടു. ഇനി കോടതി വിധി വന്നാൽ അതിൽ എല്ലാവരുമായും ചർച്ച ചെയ്യും എന്നും പറയുന്നത് കേട്ടു. അതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല സഖാവേ. ഈ വിന വരുത്തിവച്ചതിൽ നിങ്ങൾക്ക് ഒരു വലിയ പങ്കുണ്ട്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് തന്ത്രി കുടുംബത്തെ പറഞ്ഞു പറ്റിച്ചു ഈ കേസിൽ കക്ഷിയാക്കാതെ മാറ്റി നിറുത്തി. പന്തളം രാജകുടുംബം ഈ കേസിൽ കക്ഷിചേരാൻ ചെന്നപ്പോൾ കേരളത്തിലെ താന്ത്രിക വിധികളെ കുറിച്ച് വലിയ ഗ്രാഹ്യമില്ലാത്ത സുപ്രീംകോടതിയിലെ മൂന്നംഗ ബഞ്ച് "ഇവിടെ ഹനുമാന്റെ അച്ഛനാണെന്നു വരെ ഹരിജികൾ വരുന്നുണ്ടെന്നും അതൊന്നും പ്രോത്സഹിപ്പിക്കാനാകില്ലെന്നും  പറഞ്ഞപ്പോൾ അത് കേട്ട് കൈകൊട്ടിച്ചിരിച്ചവർക്കൊപ്പം നിങ്ങളുടെ വക്കീലും ഉണ്ടായിരുന്നു. അന്ന് ബഞ്ചിനെ തിരുത്താനോ പന്തളം രാജകുടുംബത്തിനു വിശ്വാസപ്രകാരം അയ്യപ്പസ്വാമി പിതൃസ്ഥാനമാണുള്ളതെന്നും അവർക്ക് പറയാനുള്ളത് കേൾക്കണം എന്നും പറയാൻ നിങ്ങളോ നിങ്ങളുടെ വക്കീലോ തയ്യാറായില്ല. പിന്നെ ഉമ്മൻ ചാണ്ടി സർക്കാർ വന്നപ്പോൾ നിങ്ങൾ കൊടുത്ത സത്യവാങ്മൂലം പിൻവലിച്ച് ഈ കേസ് ആചാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതിനാൽ കേസിൽ ഇടപെടാൻ സർക്കാർ സർക്കാർ ആഗ്രഹിക്കുന്നില്ല എന്ന നിലപാടെടുത്തു . ഉമ്മൻ ചാണ്ടി സർക്കാർ മാറി ഈ കേസ് പഴയ മൂന്നംഗ ബഞ്ചിൽ നിന്നും ഭരണഘടനാ ബഞ്ചിലേയ്ക്ക് മാറി തുടർച്ചയായി വാദം കേൾക്കുന്ന അവസരം ഉണ്ടായപ്പോൾ വീണ്ടും നിങ്ങൾ കേസിൽ ഇടപെട്ടു. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ് മൂലം പിൻവലിച്ച് അച്യുതാനന്ദൻ സർക്കാർ നൽകിയ സത്യവാങ്ങ്മൂലത്തിൽ (പുതിയ സത്യവാങ്മൂലം സമർപ്പിക്കണം എന്ന നിങ്ങളുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല എന്നാണ് ഓർമ്മ) ഉറച്ചു നിൽക്കുന്നു എന്നൊക്കെ പറഞ്ഞ നിങ്ങൾ വാദം തുടങ്ങിയപ്പോൾ ഒരു പടികൂടി കടന്ന് ഇത് മൗലീകാവകാശം സംബന്ധിക്കുന്ന വിഷയം ആണെന്നും അതിനാൽ തന്നെ യുവതീപ്രവേശനം അനുവദിക്കണം എന്നും നിലപാടെടുത്തു. സത്യവാങ്ങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ല പിന്നീട് വാദങ്ങളിൽ ഉണ്ടായിരൂന്നത്. പിണറായി സർക്കാർ ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ എടുത്ത നിലപാടുകൾ ചന്ദ്രചൂഡിന്റെ വിധിന്യായത്തിൽ അക്കമിട്ടു പറയുന്നുണ്ട്. ഇന്ദു മൽഹോത്രയുടെ വിധിയിൽ അച്യുതാനന്ദൻ സർക്കാരിന്റെ സത്യവാങ്ങ്മൂലത്തിൽ പറയുന്ന സമവായം ഉണ്ടാക്കണം എന്ന ആവശ്യം നിങ്ങളുടെ പിണറായി സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ഒരിക്കൽ പോലും സുപ്രീംകോടതിയിൽ വാദിച്ചിട്ടില്ല. മറിച്ച് ശബരിമലയിൽ നിലവിൽ പിന്തുടർന്നുവരുന്ന ആചാരങ്ങൾ   മൗലീകാവകാശങ്ങളൂടെ ലംഘനം ആണെന്നും അതിനാൽ തന്നെ യുവതീപ്രവേശനം അനുവദിക്കണം എന്ന് ശക്തമായി വാദിക്കുകയാണ് നിങ്ങൾ ചെയ്തത്. അതിനെല്ലാം പുറമെ സ്വതന്ത്രമായി നിലപാടെടുക്കേണ്ട, ആചാരങ്ങൾ പാലിക്കപ്പെടുന്നതുനുവേണ്ടി വാദിക്കേണ്ട തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും ആചാരങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും വിലക്കി. അയ്യപ്പസ്വാമിയുടെ പണം ഉപയോഗിച്ച് അയ്യപ്പഹിതത്തിനു വിരുദ്ധമായ വാദങ്ങൾക്ക് നിങ്ങൾ വക്കീല്ഫീസ് നൽകി. അങ്ങനെ ശബരിമലയിൽ ദേവഹിതത്തിനു വിരുദ്ധമായ നിലവിലെ ആചരങ്ങൾക്ക് എതിരായ ഒരു വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടായതിൽ നിങ്ങൾക്കും വളരെ വലിയ ഒരു പങ്കുണ്ട്. അതിൽ നിങ്ങൾക്ക് ഒരുകാലത്തും മാപ്പ് നൽകാനാവില്ല.


ശബരിമലയിൽ ചർച്ചകൾ നടത്തേണ്ടത് കോടതി വിധി വന്നതിനു ശേഷം അത് നടപ്പിൽ വരുത്താനുള്ള സമവായ ചർച്ചകൾ അല്ല. കോടതിയിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നതിൽ ആയിരുന്നു ചർച്ചകൾ നടത്തേണ്ടിയിരുന്നത്. അത് നിങ്ങൾ നടത്തിയില്ല. സർക്കാർ നിലപാടും ദേവസ്വം ബോർഡ് നിലപാടും കോടതിയിൽ അറിയിക്കുന്നതിനു മുൻപ് ഈ നാട്ടിലെ വിശ്വാസസമൂഹത്തോട് ചർച്ച ചെയ്യണമായിരുന്നു. അതുണ്ടായില്ല. പകരം ബഹുഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന്റെ നിലപാടിനു വിരുദ്ധമായ നിലപാടാണ് നിങ്ങൾ സ്വീകരിച്ചത്. അതിനാൽ തന്നെ കോടതി വിധി വന്ന് കഴിഞ്ഞതിനു ശേഷം അതിൽ ചർച്ചകൾ നടത്തും എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല. 2018 സെപ്തംബർ 28 നു വിധി വന്ന സമയത്ത് നിങ്ങൾ എടുത്ത നിലപാടും സമവായത്തിന്റേതായിരുന്നില്ല. സാവകാശ ഹർജി സർക്കാർ സമർപ്പിച്ചില്ല (സർക്കാരിനു നടപ്പാക്കാൻ പ്രത്യേക നിർദ്ദേശം ഉള്ള ഒന്നും തന്നെ ഉത്തരവിൽ ഇല്ലായിരുന്നു എന്നത് വിസ്മരിക്കുന്നില്ല) എന്നു മാത്രമല്ല ദേവസ്വം ബോർഡിനെ പോലും അത്തരം ഒരു ഹർജി നൽകുന്നതിൽ നിന്നും നിങ്ങൾ വിലക്കി. നിങ്ങളിൽ നിക്ഷിപ്തമല്ലായിരുന്നിട്ടുകൂടി ആക്റ്റിവിസ്റ്റുകളെ സന്നിധാനത്ത് എത്തിക്കാനുള്ള ത്വരയാണ് നിന്നൾക്ക് ഉണ്ടായത്. രണ്ട് ആക്റ്റിവിസ്റ്റുകളെ രാത്രിയുടെ മറവിൽ ഒളിച്ചു കടത്തി വിശ്വാസിസമൂഹത്തെ വെല്ലുവിളിക്കുകയാണ് നിങ്ങൾ ചെയ്തത്. സന്നിധാനത്ത് യുവതി കയറാത്ത ഒരു സാഹചര്യത്തിലും അത്തരത്തിൽ ഒരാൾ അവിടെ കയറിയല്ലൊ എന്താ ഹർത്താൽ നടത്തുന്നില്ലെ എന്ന് വിശ്വാസിസമൂഹത്തെ പരിഹസിച്ചവരാണ് നിങ്ങൾ. സുപ്രീംകോടതി വിധി ഈ നാട്ടിലെ വിശ്വാസികളുടെ ഹൃദയത്തിൽ ഏല്പിച്ച മുറിവിൽ സ്നേഹലേപനം നടത്തി അവരെ ആശ്വസിപ്പിക്കാനല്ല, മറിച്ച് അവരുടെ മുറിവിൽ ഉപ്പും ഉളകും തേച്ച് അവരുടെ വേദന വർദ്ധിപ്പിച്ച് അത് കണ്ട് സന്തോഷനൃത്തം ചവിട്ടുകയായിരുന്നു സഖാവേ നിങ്ങൾ ചെയ്തത്. ആ സാഡിസത്തിനു നിങ്ങളോടും നിങ്ങളുടെ പ്രസ്ഥാനത്തിനോടും ഒരിക്കലും മാപ്പ് നൽകില്ല. 


റിവ്യു ഹർജിയും തിരുത്തൽ ഹർജിയും ഒക്കെ ചേംബറിൽ വച്ചു തന്നെ തള്ളിക്കളയും എന്ന് പറഞ്ഞ് നിങ്ങൾ ആളുകളെ പറ്റിച്ചു. എന്നാൽ എന്താണ് സംഭവിച്ചത്. ആ ഹർജികളിൽ ചേംബറിൽ വച്ച് വാദം കേൾക്കുകയല്ല തുറന്ന കോടതിയിൽ വച്ച വാദം കേട്ടു. ആചാരങ്ങൾ സംബന്ധിക്കുന്ന വിഷയങ്ങളിൽ എത്രമാത്രം ഇടപെടാനുള്ള അധികാരം സുപ്രീംകോടതിയ്ക്ക് ഉണ്ടെന്ന കാര്യത്തിൽ സുപ്രീംകോടതിയ്ക്ക് തന്നെ സംശയം ഉണ്ടെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു, അതുകൊണ്ട് ആ വിധി ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നതിനു മുൻപ് അതിനുള്ള അധികാരം സംബന്ധിച്ച് വ്യക്തതവരുത്തേണ്ടത് ആവശ്യമാണെന്ന് കോടതിയ്ക്ക് തന്നെ ബോധ്യം വന്നു. ആ വിഷയങ്ങളിൽ വ്യക്തത വരാൻ കോടതിയുടെ അധികാരപരിധി നിർണ്ണയിക്കാൻ ഒരു ഒൻപതംഗ ഭരണഘടനാ ബഞ്ചിനു വിഷയം കൈമാറി. ശബരിമലയിൽ ദർശനം നടത്താൻ പോലീസ് സംരക്ഷണം നൽകണെമെന്ന് ആവശ്യപ്പെട്ട ഇന്ദിരജയ് സിങ്ങ് മുഖാന്തരം സുപ്രീംകോടതിയെ സമീപിച്ച ബിന്ദു അമ്മിണിയോടും കനക ദുർഗ്ഗയോടും കോടതി പറഞ്ഞത് അങ്ങനെ ഒരു ഉത്തരവ് നൽകാൻ ആവില്ലെന്നാണ്. നിലവിൽ ഉള്ള പോലീസ് സംരക്ഷണം തുടരാൻ മാത്രമായിരുന്നു വിധി.   അതിനെല്ലാം പുറമെ വിശ്വാസികൾ  അയ്യപ്പജ്യോതി തെളിയിച്ച് തങ്ങളുടെ വിശ്വാസസമൂഹത്തിന്റെ കരുത്ത് തെളിയിച്ചപ്പോൾ അതിനെ വെല്ലുവിളിക്കാൻ സർക്കരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നിങ്ങൾ ജാതിമതിൽ പണിതു, വിശ്വാസികളെ വെല്ലുവിളിക്കാൻ അവരെ പറഞ്ഞു പറ്റിക്കാൻ നവോത്ഥാന സമിതി ഉണ്ടാക്കി. നിങ്ങൾക്കൊപ്പം ജാതിമതിൽ പണിയാൻ വന്നവരും നവോത്ഥാന സമിതി ഉണ്ടാക്കിയവരും ഒക്കെ നിങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കി ഇന്ന് നിങ്ങളെ വിട്ടു പോയിരിക്കുന്നു. നിങ്ങളുടെ കാലിന്റെ അടിയിൽ നിന്നും ഒരു പാട് മണ്ണൊലിച്ച് പോയിരിക്കുന്നു. നിങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാക്കാനുള്ള ശക്തി നിങ്ങൾ പുച്ഛിച്ച നിങ്ങൾ പരിഹസിച്ച വിശ്വാസി സമൂഹത്തിനുണ്ടെന്ന തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കുന്നു. അതിന്റെ ഒക്കെ പരിണിതിയാണ് നിങ്ങൾ ഇപ്പോൾ നടത്തുന്ന ഉരുണ്ടുകളികൾ. നിങ്ങൾ ഇനി എന്തൊക്കെ പൂഴിക്കടകൻ എടുത്താലും നിങ്ങൾക്ക് മാപ്പില്ല. നിങ്ങളോട് തരിമ്പും കനിവില്ല. നിങ്ങൾ ചെയ്തുകൂട്ടിയതിനെല്ലാം നിങ്ങളെക്കൊണ്ട് എണ്ണിയെണ്ണി കണക്ക് പറയിക്കുക തന്നെ ചെയൂം. നിങ്ങൾ അനുഭവിക്കും. ഇനിയുമിനിയും അനുഭവിക്കും. തീർച്ച.

Friday 8 January 2021

പാർടി ഗ്രാമങ്ങളിൽ പൂത്തുലയുന്ന ജനാധിപത്യം

2020 ഡിസംബർ മാസത്തിൽ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ കാസർകോഡ് ജില്ലയിലെ ബേക്കൽ കോട്ടയ്ക്ക് അടുത്തുള്ള ആലക്കോട് ചേർക്കപാറ കിഴക്കേഭാഗം ജി എൽ പി സ്ക്കൂളിലെ പോളിങ്ങ് ബൂത്തിൽ പോളിങ്ങ് ഓഫീസർ ആയി ജോലിചെയ്ത കേരള കാർഷീക സർവ്വകലാശാലയിൽ പ്രഫസർ ആയ ശ്രീ കെ  എം ശ്രീകുമാർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ അനുഭവം ആണ് ഈ പോസ്റ്റ്. കേരള കാർഷിക സർവ്വകലാശാല ഇടതു അദ്ധ്യാപക സംഘടനയായ TOKAU-വിന്റെ യൂണിറ്റ് പ്രസിഡന്റ് കൂടിയായണ് ശ്രീ കെ എം ശ്രീകുമാർ. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ലിങ്ക് ഒടുവിൽ ചേർക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലേയ്ക്ക്...
***********************************************************************

വടക്കേമലബാറിലെ പാർട്ടി ഗ്രാമത്തിൽ ഒരു പോളിങ് അനുഭവം

(ഡോ. കെ. എം. ശ്രീകുമാർ, പ്രൊഫസർ, കേരള കാർഷിക സർവ്വകലാശാല )

(പാർട്ടി ഗ്രാമം എന്നുദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു പാർട്ടിക്കും മാത്രം മൃഗീയ ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളെയാണ്. അത് മാർക്സിസ്റ്റ് പാർട്ടിയുടെതോ  മുസ്ലിംലീഗിന്റേതോ ബിജെപിയുടെതോ കോൺഗ്രെസ്സിന്റെതോ ആകാം)

ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എനിക്കു ഡ്യൂട്ടി കിട്ടിയത് കാസർകോട് ജില്ലയിലെ ബേക്കൽ കോട്ടക്ക് അടുത്തുള്ള ആലക്കോട് ഗ്രാമത്തിലായിരുന്നു. ജി എൽ പി സ്കൂൾ ചെർക്കപാറ കിഴക്കേഭാഗം ആയിരുന്നു പോളിംഗ് സ്റ്റേഷൻ. ഞങ്ങൾ ഞായറാഴ്ച ഉച്ച ആകുമ്പോഴേക്കും പോളിംഗ് സ്റ്റേഷനിൽ എത്തി. നല്ല വൃത്തിയുള്ള സ്കൂൾ. ടോയ്‌ലറ്റുകളും വൃത്തിയുണ്ട്. എൻറെ ടീമിൽ നാലു വനിതകളാണ് ആണ്. ഞങ്ങൾ ജോലി തുടങ്ങി. വൈകുന്നേരം പോളിംഗ് ഏജന്റു മാർ വന്നു. അവർ കാര്യങ്ങൾ വിശദീകരിച്ചു. " ഇവിടെ സിപിഎമ്മിന് മാത്രമേ ഏജന്റുമാർ ഉള്ളൂ. കഴിഞ്ഞ തവണ തൊണ്ണൂറ്റി നാല് ശതമാനം പോളിംഗ് നടന്ന പ്രദേശമാണ് ആണ്. ഇത്തവണയും അത്രയും ഉയർന്ന പോളിങ് ഞങ്ങൾ പ്രതീക്ഷിക്കുന്നു". ഞാൻ അപകടം മണത്തു. കുറഞ്ഞത് പത്തു ശതമാനമെങ്കിലും കള്ളവോട്ട് ആകണം. ഞാൻ ഭവ്യതയോടെ പറഞ്ഞു "തിരിച്ചറിയൽ കാർഡ് വച്ച് വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങളുടേതാണ് , ഞങ്ങൾ അത് ഭംഗിയായി ചെയ്യും" "അത് നമ്മൾക്ക് കാണാം" എന്ന് പോളിങ് ഏജൻറ്  മറുപടി പറഞ്ഞു. കാണാമെന്ന് ഞാനും.

ഡിസംബർ 14 ന്റെ പ്രഭാതം പൊട്ടിവിരിഞ്ഞു. രാവിലെ വാർഡ് സ്ഥാനാർത്ഥി വിജയേട്ടന്റെ വക കട്ടൻചായ. ആറുമണി ആയപ്പോഴേക്കും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശപ്രകാരം വീഡിയോ റെക്കോർഡിങ് നടത്താൻ വീഡിയോഗ്രാഫർ എത്തിച്ചേർന്നു ( ആ വീഡിയോയുടെ പിൻബലത്തിലാണ് ആണ് ഈ ലേഖനം) . കൃത്യം ഏഴുമണിക്ക് പോളിങ് തുടങ്ങി. ആദ്യത്തെ വോട്ടറുടെ തിരിച്ചറിയൽ കാർഡ് വാങ്ങി ഞാൻ പരിശോധിച്ചു. മുഖത്തേക്കുനോക്കി ഫോട്ടോവിലും നോക്കി. കുഴപ്പമില്ല. ഇതു കണ്ടു കൊണ്ട് മാർക്സിസ്റ്റ് പാർട്ടിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി  വന്നു, സ്വയം പരിചയപ്പെടുത്തി, മുൻപ് എന്നെ ഒരു കാര്യത്തിനു വിളിച്ചത് ഓർമിപ്പിച്ചു, എന്നിട്ട് വളരെ മര്യാദയോടു കൂടി "പുറത്തുവച്ച് ഐഡൻറിറ്റി കാർഡ് പരിശോധിക്കേണ്ടത് ഇല്ലല്ലോ" എന്നു പറഞ്ഞു. ശരി, ഞാൻ വോട്ടർ മുറിയുടെ അകത്തേക്ക് കടന്ന ശേഷം രേഖ പരിശോധിക്കാൻ തുടങ്ങി. അപ്പോഴേക്കും അദ്ദേഹം  വന്ന് എന്നെ ശക്തമായി താക്കീത് ചെയ്തു. "നിങ്ങൾ രേഖ പരിശോധിക്കേണ്ടതില്ല അത് ഒന്നാം പോളിങ് ഓഫീസർ ചെയ്തുകൊള്ളും" എന്നു പറഞ്ഞു. പോളിംഗ് ഏജൻറ്മാരും ബഹളം വച്ചു കൊണ്ട് എഴുന്നേറ്റു വന്നു. ഇത് പലതവണ ആവർത്തിച്ചു. അപ്പോഴാണ് ബഹുമാനപ്പെട്ട സ്ഥലം  എം.എൽ.എ. വോട്ട് ചെയ്യാൻ വന്നത്. അദ്ദേഹം പ്രശ്നത്തിൽ ഇടപെട്ടു. എന്നോട് "നിങ്ങൾ പ്രിസൈഡിങ് ഓഫീസറുടെ കസേരയിൽ ഇരുന്നാൽ മതി, ഒന്നാം പോളിങ് ഓഫീസർ രേഖ പരിശോധിക്കും" എന്നു പറഞ്ഞു. "ഓഫീസർക്കാണ് ആകെ ഉത്തരവാദിത്വം, ഞാൻ എവിടെയിരിക്കണമെന്ന് എനിക്കറിയാം" എന്ന് ഞാൻ പ്രതിവചിച്ചു. പിന്നീടദ്ദേഹം ജില്ലാകലക്ടറെ ഫോൺ ചെയ്തശേഷം പോകുമ്പോൾ എന്നോട് "മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടും" എന്ന് ഭീഷണിപ്പെടുത്തി. ഞാൻ പോലീസിനോട് "പോലീസേ എംഎൽഎ പറഞ്ഞതു കേട്ടല്ലോ" എന്നു പറഞ്ഞു. കലക്ടർ എന്നെ ഫോണിൽ വിളിച്ചപ്പോൾ ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. രേഖ പരിശോധന ഒന്നാം പോളിങ് ഓഫീസർ ചെയ്യേണ്ടതാണ്, അത് അങ്ങനെ തന്നെ ആവട്ടെ എന്ന് കലക്ടർ നിർദേശിച്ചു. പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ പിലാത്തറയിൽ ഒരാൾ രണ്ടുതവണ വോട്ട് ചെയ്യുന്നത് കണ്ടെത്തിയപ്പോൾ സ്വന്തം ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് കാണിച്ചുകൊണ്ട് കൊണ്ട് കമ്മീഷൻ പിടികൂടിയത് പ്രിസൈഡിങ് ഓഫീസറെ ആയിരുന്നു എന്നത് ഓർമിച്ചുകൊണ്ട് ഞാൻ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്തു ചെന്നിരുന്ന് രേഖകൾ വീണ്ടും പരിശോധിക്കുവാൻ തുടങ്ങി. പുറമേ ധൈര്യം കാണിച്ചിരുന്നു എങ്കിലും ഞാൻ പതറിയിരുന്നു. കാലു വെട്ടാൻ നേതാവ് ആഹ്വാനം ചെയ്താൽ നടപ്പാക്കാൻ ഒരുപാട് അനുയായികൾ ഉണ്ടല്ലോ. കേവലം രണ്ടു പൊലീസുകാർക്ക് എന്ത് ചെയ്യുവാൻ കഴിയും? അല്പമകലെ ചെറുപ്പക്കാർ കൂടി നിൽപ്പുണ്ട്. കുറച്ചുപേർ ജനലിൽ കൂടി നോക്കുന്നുണ്ട്.

ഏതായാലും ഞാൻ കാർഡുകൾ പരിശോധിക്കുന്നതായി ഭാവിച്ചു. ഒരു കാർഡിലെ ഫോട്ടോയും ആളും തമ്മിൽ വലിയ വ്യത്യാസം കണ്ടതിനാൽ താങ്കൾ യഥാർത്ഥ വോട്ടർ തന്നെയാണോ എന്ന് സംശയം ഉണ്ട് എന്നു പറഞ്ഞു. ഉടൻ പോളിങ് ഏജൻറ്മാർ ബഹളംവച്ചു. ഞങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം , നിങ്ങൾ യുഡിഎഫിനെ ഏജൻറ് ആണ് എന്ന് അവർ കയർത്തു. അല്പനേരത്തിനുശേഷം ഒരു ചെറുപ്പക്കാരനും വനിതയും കയറി വന്നു. അവർ സിപിഎമ്മിൻറെ സ്ഥാനാർത്ഥികൾ ആണെന്നു പറഞ്ഞു. പക്ഷേ "എനിക്കു നിങ്ങളെ പരിചയമില്ല, നിങ്ങളുടെ കയ്യിൽ സ്ഥാനാർഥിയാണ് എന്നു കാണിക്കുന്ന രേഖ ഉണ്ടെങ്കിൽ കാണിക്കൂ" എന്ന് ഞാൻ അഭ്യർത്ഥിച്ചപ്പോൾ അവർ ബഹളംവച്ചു. ചെറുപ്പക്കാരൻ എന്നെ ഭീകരമായി ഭീഷണിപ്പെടുത്തി. "സിപിഎം എന്താണെന്നു നിനക്കറിയില്ല നീ ജീവനോടെ പോകില്ല, നിന്നെ ഞങ്ങൾ വെച്ചേക്കില്ല, വലിയ ഡിജിപി ആയിരുന്ന ജേക്കബ് തോമസിന്റെ ഗതി എന്തായി എന്ന് അറിയില്ലേ" എന്നൊക്കെ പറഞ്ഞു. എൻറെ സർവ്വ നാഡികളും തളർന്നു. അയാളുടെ ഭീഷണി അത്രയ്ക്ക് യാഥാർത്ഥ്യമായിരുന്നു. അതോടെ ഞാൻ തിരിച്ചറിയൽ കാർഡ് പരിശോധന ഇടയ്ക്ക് മാത്രം ആക്കി. പുറമേ ഒന്നും നടന്നില്ലെന്ന് ഭാവിച്ചു എങ്കിലും കേവലം ഒരു പാവ മാത്രമായി ഞാൻ. പോളിംഗ് അനുസ്യൂതമായി തുടർന്നു.

ഉച്ചയ്ക്കുശേഷം മുൻപ് വോട്ട് ചെയ്തു എന്നു സംശയം തോന്നിയ ചിലരെ വീണ്ടും ക്യൂവിൽ കണ്ടപ്പോൾ ധൈര്യം സംഭരിച്ച് അവരുടെ കാർഡ് പരിശോധിച്ചു. യഥാർത്ഥ വോട്ടർ അല്ല എന്ന് കണ്ടു വോട്ട് ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞു. പോളിംഗ് ഏജൻറ്മാർ എന്നോട് കയർത്തു. ഒരു തിരിച്ചറിയൽ കാർഡും ഇല്ലാത്ത ഒരു വോട്ടർ വന്നപ്പോൾ ഞാൻ തടഞ്ഞു. അപ്പോൾ പോളിംഗ് ഏജൻറ്   "അയാൾ ഈ ബൂത്തിൽ വോട്ട് ചെയ്തിരിക്കും ഞാനാണ് പറയുന്നത് " എന്ന് വെല്ലുവിളിച്ചു. കുറച്ചുകഴിഞ്ഞ് അയാൾ ഏതോ ഒരു കാർഡുമായി വന്നപ്പോൾ അപ്പോൾ ഞാൻ തടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ മറ്റൊരു കാർഡുമായി വന്നു. ഏജൻറ് മാർ ബഹളം വച്ചപ്പോൾ എനിക്ക് വോട്ട് ചെയ്യാൻ സമ്മതിക്കേണ്ടിവന്നു. ഇതൊക്കെ പലതവണ ആവർത്തിച്ചു. ഒടുവിൽ എല്ലാം പൂട്ടിക്കെട്ടി കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിൽ കൊടുത്തു കഴിഞ്ഞപ്പോൾ ജില്ലാ കളക്ടർ ഡോക്ടർ സജിത് ബാബു നിൽക്കുന്നതു കണ്ടു. അപ്പോൾ ഒന്നാം പോളിങ് ഓഫീസർ " സാറേ ഇനി വീട്ടിൽ പോയി വായിൽ വിരൽ ഇട്ടു എല്ലാം ചർദ്ദിച്ചു കളയണം എന്നിട്ടു ഒന്നു കളിക്കണം എന്നാലേ വൃത്തിയാകൂ, അത്രയ്ക്ക് തെറിയഭിഷേകം കിട്ടി" എന്നു കളക്ടറോട്‌ പറഞ്ഞു. രാത്രിയിൽ അന്നത്തെ സംഭവങ്ങൾ മനസ്സിൽ ഇതിൽ റീപ്ലേ ചെയ്തു. നീ നട്ടെല്ലില്ലാത്തവൻ ആയിപ്പോയി, കള്ളവോട്ടു തടയാൻ നിനക്കു സാധിച്ചില്ലല്ലോ എന്ന് എൻറെ മനസ്സ് പറഞ്ഞു. ആത്മനിന്ദയും പരാജയ ബോധവും കൊണ്ട് ഉറക്കം വന്നതേയില്ല. പിറ്റേന്നുതന്നെ സംസ്ഥാന ഇലക്ഷൻ കമ്മീഷനു പരാതി അയച്ചു.

ഇത് എൻറെ ആദ്യത്തെ ഇലക്ഷന് അനുഭവമല്ല.1989 മുതൽ ഞാൻ ഇലക്ഷന് ഡ്യൂട്ടി ചെയ്തിട്ടുണ്ട്. ആദ്യത്തെ ദുരനുഭവം 2015 ൽ ആണ്. പിലിക്കോട് ഹൈസ്കൂളിൽ. അവിടെ തിരിച്ചറിയൽ കാർഡ് കർക്കശമായി പരിശോധിച്ചതിന്റെ പേരിൽ എന്നെ അച്ഛനും അമ്മയ്ക്കും ചേർത്തു തെറി വിളിച്ചിട്ടുണ്ട്. സമാനമായ അനുഭവങ്ങൾ എൻറെ സുഹൃത്തുക്കൾക്ക് ഉണ്ടായിട്ടുണ്ട്. ഒരു പാർട്ടിക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നടക്കുന്ന ഈ തെമ്മാടിത്തരം എത്രയോ കാലമായി തുടരുന്നു. ഒരു ഉദ്യോഗസ്ഥനും പ്രതികരിക്കാറില്ല. കാരണം ശിഷ്ടകാലം ഇവിടെ തന്നെ ജീവിക്കേണ്ടത് ആണല്ലോ. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാൻ ശ്രമിക്കുന്നത് ഈ അക്രമവും ഭീഷണിയും ഭയന്നാണ്. പക്ഷേ തെക്കൻ ജില്ലകളിൽ തെരഞ്ഞെടുപ്പ് എത്രയോ സമാധാന പൂർണമാണ് എന്ന് എൻറെ കൃഷിവകുപ്പിലും കാർഷിക സർവ്വകലാശാലയിലും ഉള്ള സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്.വോട്ടറുടെ ഐഡൻറിറ്റി സംബന്ധിച്ച് ചില തർക്കങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാം ശാന്തം. പക്ഷേ വടക്കേമലബാറിലെ തങ്ങളുടെ ആജ്ഞാനുവർത്തികൾ അല്ലാത്ത ഉദ്യോഗസ്ഥർക്ക് തെറിവിളി, ഭീഷണി, മറ്റു പാർട്ടിയുടെഏജന്റിനെ ഇരിക്കാൻ അനുവദിക്കാതിരിക്കൽ, തങ്ങൾക്കു വോട്ടുചെയ്യില്ലെന്നു സംശയമുള്ള ബന്ധുജനങ്ങളെ അന്ധനോ അവശനോ ആക്കി സഹായിയെകൊണ്ടു വോട്ട് ചെയ്യിക്കൽ, യഥാർത്ഥ വോട്ടറല്ലെന്നു തർക്കിച്ചാൽ മർദ്ദനം, നായ്ക്കുരണ പൊടിയും മുളകുപൊടിയും ദേഹത്ത് പാറ്റൽ, വീടിന് കല്ലേറ്, കുടിവെള്ളത്തിന്റെ മോട്ടോർ കിണറ്റിൽ ഇടൽ, ഏക ജീവനോപാധിയായ ഓട്ടോറിക്ഷ കത്തിക്കൽ തുടങ്ങിയ എത്രയെത്ര കലാപരിപാടികൾ !!!!!ഓരോ ബൂത്തിലും 8- 10 ചെറുപ്പക്കാരെ ഒരുക്കി വച്ചിട്ടുണ്ടാകും. മൂന്നു മണിക്ക് ശേഷം വൈകുന്നേരംവരെ അവരുടെ പ്രകടനമാണ്. തിരിച്ചറിയൽ കാർഡ് വച്ചും അല്ലാതെയും വീണ്ടും വീണ്ടും വന്നു വോട്ട് ചെയ്യും. ഉദ്യോഗസ്ഥർ വെറും നോക്കുകുത്തികളായി നിൽക്കും.

നന്മയുടെ നിറകുടങ്ങൾ എന്ന് പൊതുവേ കരുതപ്പെടുന്ന പാർട്ടി ഗ്രാമങ്ങൾ ജനാധിപത്യത്തിൻറെ മരണ സാങ്കേതങ്ങൾ ആണ്. മരിച്ചവരും പ്രവാസികളും നിരനിരയായി വന്ന് വോട്ട് ചെയ്യുന്ന സ്ഥലങ്ങൾ. പാർട്ടി ഗ്രാമത്തിൽ ഒരു വിമതൻ ഉണ്ടെങ്കിൽ ആ കുടുംബത്തിൻറെ കാര്യം കട്ടപ്പൊക.  ഒരു ഇലക്ഷനിലും തൻറെ വിലയേറിയ വോട്ട് രേഖപ്പെടുത്താം എന്ന് അവൻ വ്യാമോഹിക്കയെ വേണ്ടാ. സാമൂഹികമായ ഒറ്റപ്പെടുത്തൽ വേറെ.

തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോൾ ഇത്തരത്തിലുള്ള ബൂത്ത് പിടിച്ചടക്കൽ നിയന്ത്രിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇത് അവസാനിപ്പിക്കാൻ കഴിയുന്നതു സിപിഎമ്മിന് മാത്രമാണ്. സിപിഎമ്മിന് മാത്രം. കേരള രാഷ്ട്രീയത്തിൽ വർഗീയ പാർട്ടികളുമായി കൂട്ടുകൂടില്ല എന്ന ധീരമായ നിലപാട് എടുത്തത് അവരാണല്ലോ.

1981വരെ കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ അതിഭീകരം ആയിരുന്നു റാഗിംഗ്. എത്രയോ കുട്ടികൾ ആത്മഹത്യ ചെയ്തു, എത്രയോപേർ പഠിപ്പ് അവസാനിപ്പിച്ചു, മാതാപിതാക്കൾ തീ തിന്നു, സർക്കാരും പോലീസും കിണഞ്ഞു ശ്രമിച്ചിട്ടും റാഗിങ് തുടർന്നു. റാഗിങ്ങിന് ഇരയായ കുട്ടികൾ അവരുടെ മനസ്സിലെ പക കെടാതെ സൂക്ഷിച്ചു. അടുത്തവർഷം ജൂനിയേഴ്സ് വന്നപ്പോൾ അവർ കിട്ടിയത് ഒന്നൊഴിയാതെ തിരിച്ചു കൊടുത്തു. 1981ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ബാലകൃഷ്ണൻ റാഗിങ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ചു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആ കുട്ടി. സാഹചര്യം വിലയിരുത്തിയ എസ്എഫ്ഐ എന്ന എന്ന വിദ്യാർത്ഥി സംഘടന ഒരു പ്രഖ്യാപനം നടത്തി. " ഞങ്ങൾ റാഗ് ചെയ്യില്ല, ആരെയും ചെയ്യാൻ അനുവദിക്കുകയുമില്ല " അതോടെ ചിത്രം മാറി. ഞാൻ 1983 ജനുവരിയിൽ വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജിൽ ചേർന്ന സമയത്ത് സീനിയേഴ്സ് കുറച്ചു കളി തമാശയായി റാഗ് ചെയ്തപ്പോൾ എസ് എഫ് ഐ യിലെ വിദ്യാർത്ഥികൾ രാത്രി മുഴുവൻ കാവൽനിന്നു. റാഗിംഗ് പരിധി കടന്നപ്പോൾ അവർ തടഞ്ഞു. കോളേജ് അധികാരികളെ വിവരം അറിയിച്ചു. ഫലം ! ആ വർഷത്തോടെ റാഗിങ് നിന്നു. തലമുറകൾ കൈമാറാൻ പകയും വിദ്വേഷവും ഉണ്ടായില്ല.

കള്ളവോട്ട് ചെയ്യുന്നവരുടെ ന്യായം ഇതാണ് " മറ്റു പാർട്ടിക്കാരുടെ ഭൂരിപക്ഷ പ്രദേശങ്ങളിൽ അവർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുണ്ട്, അത് നിർവീര്യമാക്കണമെങ്കിൽ ഞങ്ങളും ഞങ്ങൾക്ക് ശക്തിയുള്ള പ്രദേശങ്ങളിൽ കള്ളവോട്ട് ചെയ്തേ തീരൂ". സിപിഎമ്മിന്റെ ആൾക്കാരുടെ വാദവും ഇതുതന്നെ ആണ്. അതിൽനിന്നും സിപിഎമ്മിന്റെ അജണ്ട നിശ്ചയിക്കുന്നതു മറ്റു പാർട്ടികളാണ് എന്ന് വ്യക്തമാകുന്നു. അത് മാറ്റുക. അജണ്ട സ്വയം നിശ്ചയിക്കുക. ജനാധിപത്യത്തിൽ ഒരാൾക്ക് ഒരു വോട്ട് മാത്രമേയുള്ളൂ. 'ഞങ്ങൾ ഒരൊറ്റ കള്ളവോട്ട് പോലും ചെയ്യില്ല, ചെയ്യാൻ അനുവദിക്കുകയുമില്ല' എന്നൊരു തീരുമാനം എടുത്തു നടപ്പാക്കുക. ഇതൊരു വലിയ വിപ്ലവം തന്നെ വടക്കേ മലബാറിൽ സൃഷ്ട്ടിക്കും. മറ്റെല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അത് നിർബന്ധമായും പിന്തുടരേണ്ടി വരും. സുതാര്യമായ, അപരനെ ബഹുമാനിക്കുന്ന പുതിയൊരു സമൂഹസൃഷ്ടിയുടെ തുടക്കം ആവും അത്. പകയും വിദ്വേഷവും ഏറ്റവും കുറഞ്ഞ സമൂഹം ആയിരിക്കും ഏറ്റവും പുരോഗമിക്കുന്ന സമൂഹം. ആഹ്‌ളാദ സൂചിക ഏറ്റവും കൂടുതലുള്ള സമൂഹം. അത് ചെയ്യാൻ സിപിഎമ്മിന് കഴിയുമോ എന്നതാണ് മില്യൺ ഡോളർ ചോദ്യം?

പണം വെട്ടിക്കൽ മാത്രമാണോ അഴിമതി ? ജനഹിതത്തെ അട്ടിമറിക്കലും അഴിമതി അല്ലേ ? ഒരു വോട്ടറുടെ വോട്ട് ചെയ്യാനുള്ള അവകാശം കവർന്നെടുക്കൽ അഴിമതി അല്ലേ? തങ്ങളുടെ ഒരു അനുയായി ഒന്നിലധികം തവണ വോട്ട് ചെയ്യുന്നത് ക്രമക്കേട് അല്ലേ ? അതിനെ പ്രോത്സാഹിപ്പിക്കുന്നത് അഴിമതി അല്ലേ ? അങ്ങനെ നേടുന്ന വിജയങ്ങൾ യഥാർത്ഥത്തിൽ പരാജയങ്ങൾ അല്ലേ? പിലാത്തറയിൽ സംഭവിച്ചതുപോലെ കള്ളവോട്ട് പിടിക്കപ്പെട്ടു നാറണമോ അതോ മാറണമോ എന്ന് ചിന്തിക്കാൻ സമയമായി. മാറാൻ മടിക്കുന്നവർ ഒന്നോർക്കുക. ലോകം കൂടുതൽ സുതാര്യം ആവുകയാണ്, ജനങ്ങളുടെ മൂല്യബോധം കൂടുതൽ ശക്തിപ്പെടുകയാണ്. സാങ്കേതികവിദ്യകൾ നിമിഷംപ്രതി മെച്ചപ്പെടുകയാണ്. ‌ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് നട്ടെല്ലുള്ള ഉദ്യോഗസ്ഥർ കള്ളവോട്ട് തടയുന്ന കാലം വരും. മഹാകവി കുമാരനാശാൻറെ ആഹ്വാനം ചട്ടങ്ങൾക്കു മാത്രമല്ല പാർട്ടികളും ബാധകമാണ്.

( ലേഖകൻ കാർഷിക സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയായ TOKAU വിന്റെ പീലിക്കോട് യൂണിറ്റ് പ്രസിഡൻറ് ആണ് )
***********************************************************************

ശ്രീ കെ എം ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക്:

https://www.facebook.com/permalink.php?story_fbid=3546524705464346&id=100003205535218