Thursday 7 July 2022

നൂപുർ ശർമ്മ; 15 മുൻ‌ന്യായാധിപർ ഒപ്പിട്ട തുറന്ന കത്ത്.

നൂപുർ ശർമ്മ

പ്രവാചക നിന്ദ നടത്തി എന്ന പേരിൽ തനിക്കെതിരെ രാജ്യത്തെ വിവിധ കോടതികളിൽ നിലവിലുള്ള കേസുകൾ എല്ലാം ഒരുമിച്ച് ഡൽഹിയിലേയ്ക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂപുർ ശർമ്മ നൽകിയ ഹർജിയിലെ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് ജെ ബി പർദിവാല എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഞടുക്കം രേഖപ്പെടുത്തിക്കൊണ്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ നിന്നും വിരമിച്ച 15 ന്യായാധിപന്മാർ ഒപ്പിട്ട തുറന്ന കത്തിന്റെ ഏകദേശ മലയാള പരിഭാഷ.

***************************************************************

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഭരണഘടനാപരമായ അതിന്റെ ചുമതലകൾ കൃത്യമായി നിർവ്വഹിക്കുമ്പോൾ മാത്രമാണ് ഏതൊരു രാജ്യത്തിന്റേയും ജനാധിപത്യം സുരക്ഷിതമായി ഇരിക്കുക എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സമീപകാലത്ത് ബഹുമാനപ്പെട്ട സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാർ നടത്തിയ അഭിപ്രായപ്രകടനങ്ങൾ എല്ലാ അതിരുകളും ലംഘിക്കുന്നതാകയാൽ ഇത്തരത്തിൽ ഒരു തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തുവാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു.


1. നൂപുർ ശർമ്മയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവർ ഉൾപ്പെടുന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച സമാനതകൾ ഇല്ലാത്തതും ദൗർഭാഗ്യകരവുമായ അഭിപ്രായങ്ങൾ രാജ്യത്തും രാജ്യത്തിനു വെളിയിലും ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ മാദ്ധ്യമങ്ങളും ഒരുപോലെ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ പ്രസ്താവനകൾ നീതിന്യായ രംഗത്ത് പുലർത്തേണ്ട ധാർമ്മികതകൾക്ക് ഒത്തുപോകുന്നതല്ല. ഒരു കോടതി ഉത്തരവിന്റെ ഭാഗമല്ലെങ്കിൽ കൂടിയും ഈ അഭിപ്രായങ്ങൾ നീതിന്യായവ്യവസ്ഥയിൽ പാലിക്കേണ്ട ഔചിത്യത്തിന്റേയും ന്യായബോധത്തിന്റേയും ഒരു തട്ടിലും വിശുദ്ധീകരിക്കപ്പെടാൻ പോന്നതല്ല. ഇത്തരത്തിൽ അതിരുകടന്ന ലംഘനങ്ങൾ നീതിന്യായ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്.

2. നൂപുർ ശമ്മ നീതിന്യായ വ്യസ്ഥയിൽ അവർക്ക് ആവശ്യമായ പരിഹാരം ഉണ്ടാക്കണമെന്നത് ഈ രാജ്യത്തെ പരമോന്നതകോടതിയോട് അപേക്ഷിച്ചത് ആ പരിഹാരം ലഭ്യമാക്കാൻ പരമോന്നത കോടതിയ്ക്ക് മാത്രമേ സാധിക്കൂ എന്നതിനാൽ ആണ്. ഹർജിയിൽ അപേക്ഷിച്ച കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തവയാണ് കോടതി നടത്തിയ പരാമർശങ്ങൾ എന്ന് മാത്രമല്ല നീതിനിർവ്വഹണത്തിന്റെ എല്ലാ മാനദണ്ഡങ്ങളും സമാനതകൾ ഇല്ലാത്തവിധം ലംഘിക്കുന്നവയുമാണ്. ആത്യന്തികമായി അവർക്ക് നീതി നിഷേധിച്ചതു മാത്രമല്ല, ഈ നടപടിക്രമങ്ങൾ ഭരണഘടനയുടെ ആമുഖത്തിനും, അന്തഃസത്തയ്ക്കും, മൂല്യങ്ങൾക്കും നേരെയുള്ള ആക്രോശവുമാണ്.

3. ഒരു വലിയ കുറ്റവാളിയായി നൂപുർ ശർമ്മയെ വിധിച്ചുകൊണ്ടുള്ള, രാജ്യത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഏക ഉത്തരവാദി നൂപുർ ശർമ്മയാണെന്ന, ഈ ഹർജിയുമായി ഒരു ബന്ധവുമില്ലാത്ത നിരീക്ഷണം, ഒട്ടുംതന്നെ യുക്തിസഹമല്ല.ഉദയ്പൂരിൽ പകൽ വെളിച്ചത്തിൽ ഏറ്റവും ക്രൂരമായവിധത്തിൽ തലയറുത്ത ആ കൊലയാളിയെ പോലും വ്യംഗ്യമായി കുറ്റവുമുക്തനാക്കുന്നതാണ് ആ പ്രസ്താവന. ഈ നിരീക്ഷണങ്ങൾ ഒരിക്കലും നീതീകരിക്കാനാകാത്ത ഒരു അജണ്ടയ്ക്ക് വേണ്ടി വാദിക്കുന്നു.

4. ഒരു പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്യപ്പെട്ടാൽ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടേണ്ടതാണെന്ന നിരീക്ഷണം നിയമവൃത്തങ്ങൾക്ക് അത്ഭുതവും ഞെട്ടലും ഉണ്ടാക്കുന്നതാണ്. രാജ്യത്തെ മറ്റുള്ള ഏജൻസികളെ കുറിച്ച് അവർക്ക് പറയാനുള്ളത് കേൾക്കാതെ നടത്തിയ നിരീക്ഷണങ്ങൾ ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും ആണ്.

5. നീതിന്യായ ചരിത്രത്തിൽ ദൗർഭാഗ്യകരമായ, സമാനതകൾ ഇല്ലാത്ത ഈ നിരീക്ഷണങ്ങൾ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നീതിന്യായസംവിധാനത്തിൽ ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലും സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ അടിയന്തിരമായ തിരുത്തൽ നടപടികൾ ഉണ്ടാകേണ്ടത് ആവശ്യമാണ്. 

6. നിലവിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉദയ്പൂരിൽ പകൽവെളിച്ചത്തിൽ നടന്ന ക്രൂരമായ നിഷ്ഠൂരമായ കൊലപാതകത്തിന്റെ തീവ്രതയെ നിസാരവൽക്കരിക്കുന്നതാണ് ഈ നിരീക്ഷണങ്ങൾ.

7. തങ്ങളുടെ പരിഗണനയിൽ ഇല്ലാത്ത വിഷയത്തിൽ പുറപ്പെടുവിക്കുന്ന വിധികല്പിക്കുന്ന സ്വഭാവത്തിൽ ഉള്ള നിരീക്ഷണങ്ങൾ ഭരണഘടനയുടെ ആത്മാവിനേയും അന്തസ്സിനേയും ഹനിക്കുന്നതാണ്. ഇത്തരം പ്രസ്താവനകളിലൂടെ ആവലാതിക്കാരിയെ പ്രതിരോധത്തിൽ ആക്കുന്നതും, വിചാരണകൂടാതെ അവരെ കുറ്റവാളി എന്ന് പ്രഖ്യാപിക്കുന്നതും, ഹർജിയിൽ അഭ്യർത്ഥിച്ചിരിക്കുന്ന നിയമപരമായ പരിഹാരത്തിനുള്ള അവസരം നിഷേധിക്കുന്നതും  ഒരിക്കലും ഒരു ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല.

8. നീതിന്യായപ്രക്രിയയിലെ ഈ ലംഘങ്ങൾ യുക്തിസഹമായ മനസ്സിനെ അന്ധാളിപ്പിക്കുന്നതുമാത്രമല്ല, അവരെ കുറിച്ചു നടത്തിയ പ്രസ്ഥാവനകൾ യുക്തിസഹമായ ചിന്തകളെ ഇല്ലാതാക്കുന്നത് കൂടിയാണ്.

9. നിയമവാഴ്ചയും ജനാധിപത്യവും നിലനിൽക്കുന്നതിനും തളിരിടുന്നതിനും ഈ പ്രസ്താവനകൾ പുനഃപരിശോധിക്കപ്പെടാൻ തക്കവണ്ണം ഗുരുതരമായതും നീതിക്കുവേണ്ടി നിലകൊള്ളുന്ന മനസ്സുകൾക്ക് ആശ്വാസമേകുന്ന വിധത്തിൽ തിരിച്ചുവിളിക്കപ്പെടേണ്ടതും ആണ്.

10. ഉന്നത നീതിപീഠത്തിലെ ന്യായാധിപന്മാർ നടത്തിയ അനാവശ്യവും, ന്യായരഹിതവും, പരിഗണനാവിഷയത്തിലല്ലാത്തത്തുമായ വാക്കാൻ നടത്തിയ പ്രസ്താവന എന്നതിലുപരി ഈ വിഷയത്തിനു മറ്റൊരു വശം കൂടിയുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഒരു ടിവി ചർച്ചയിൽ താൻ നടത്തിയ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ (ഡൽഹിയിലേയ്ക്ക്) മാറ്റണം എന്നാവശ്യവുമായാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. ഒരേ കുറ്റാരോപണത്തിന്മേൽ വിവിധ സ്ഥലങ്ങളിൽ എടുത്ത കേസുകൾ ആണ് എല്ലാം. ഭരണഘടനയുടെ ഇരുപതാം അനുഛേദം ഒരേ കുറ്റത്തിനു ഒരാളെ ഒന്നിലധികം തവണ വിചാരണ ചെയ്യുന്നതും ശിക്ഷിക്കുന്നതും വിലക്കുന്നുണ്ട്. ഇരുപതാം അനുഛേദം ഭരണഘടനയുടെ പാർട്ട് മൂന്നിൽ വരുന്ന ഭരണഘടന ഉറപ്പു നൽകുന്ന മൗലീകാവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. ഒരേ കുറ്റത്തിൽ രണ്ട് എഫ് ഐ ആർ ഉണ്ടാവാൻ പാടില്ല എന്നും അതുകൊണ്ടു തന്നെ ഒരേ കുറ്റത്തിന് രണ്ടാമത്തെ എഫ് ഐ ആർ അടിസ്ഥാനമാക്കി ഒരു അന്വേഷണം കൂടി പാടില്ല എന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി അർണബ് ഗോസ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ (2020), ടി ടി ആന്റണി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ കേസുകളിൽ ഉൾപ്പടെ അനേകം കേസുകളിൽ വ്യക്തമായി വിധികല്പിച്ചിട്ടുള്ളതാണ്. അത്തരത്തിൽ അന്വേഷണം നടക്കുന്നത് ഭരണഘടനയുടെ 20(2) അനുഛേദം ഉറപ്പുനൽകുന്ന മൗലീകാവകാശത്തിന്റെ ലംഘനം ആണ്. 

11. ആവലാതികാരിയുടെ മൗലീകാവകാശം സംരക്ഷിക്കുന്നതിനു പകരം ആ ഹർജി പരിഗണിക്കാതെ അത് പിൻവലിക്കാൻ ആവലാതിക്കാരിയെ സമ്മർദ്ദിലാക്കുകയും ഇത്തരത്തിൽ പല സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചു പരിഗണിക്കാനോ ഏതെങ്കിലും ഒരു സ്ഥലത്തേയ്ക്ക് മാറ്റാനോ ഉത്തരവിടാനുള്ള അധികാരം ഹൈക്കോടതികൾക്ക് ഇല്ലെന്ന പൂർണ്ണബോധ്യത്തോടെ തന്നെ സുപ്രീംകോടതി ആവലാതിക്കാരിയോട് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് നൂപുർ ശർമ്മയുടെ ഹർജി ഇങ്ങനെ കൈകാര്യം ചെയ്തതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഉള്ള ഒരു സമീപനം ഒരു വിധത്തിലും പ്രശംസ അർഹിക്കുന്നില്ല എന്ന് മാത്രമല്ല അത് പരമോന്നത നീതിപീഠത്തിന്റെ പവിത്രതയേയും ആദരവിനേയും കളങ്കപ്പെടുത്തുന്നതും കൂടിയാണ്. 


കോർഡിനേറ്റർമാർ


ജസ്റ്റിസ് പി എൻ രവീന്ദ്രൻ, കേരള ഹൈക്കോടതിയിലെ മുൻന്യായാധിപൻ

സി വി ആനന്ദബോസ് ഐ എ എസ്, കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി


ഈ കത്തിൽ ഒപ്പുവച്ചവർ


ജസ്റ്റിസ് ക്ഷിടിജ് വ്യാസ്, മുംബൈ ഹൈക്കൊടതിയിലെ മുൻചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എസ് എം സോണി, ഗുജറാത്ത് ഹൈക്കോടതിയിലെ മുൻന്യായാധിപനും, ലോകായുക്തയും

ജസ്റ്റിസ് കെ ശ്രീധർ റാവു, ഗുവഹാട്ടി ഹൈക്കോടതിയിലെ മുൻആക്റ്റിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് കാമേഷ്വർ നാഥ്, ലഖ്നൗ ഹൈക്കോടതിയിലെ മുൻ ന്യായാധിപനും, ലോകായുക്തയും

ജസിറ്റിസ് ആർ എസ് റാഥോഡ്, രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് പ്രശാന്ത് അഗർവാൾ, രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻ ന്യായാധിപൻ

ജസ്റ്റിസ് എം എസ് പരീഖ്, ഗുജറാത്ത് ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് പി എൻ രവീന്ദ്രൻ, കേരള ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് എസ് എൻ ധിൻഗ്ര, ഡൽഹി ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് ഡോക്ട ബി ശിവ ശങ്കര, തലങ്കാന ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് ആർ കെ സക്സേന, മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് എം സി ഗാർഗ്, ഡൽഹി ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് ആർ കെ മാർതിയ, ഝാർഖണ്ഡ് ഹൈക്കോടതിയിലെ മുൻന്യായാധിപൻ.

ജസ്റ്റിസ് എസ് എൻ ശ്രീവാസ്തവ, അലഹബാദ് ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് സുനിൽ ഹാലി, ജമ്മു & കാശ്മീർ ഹൈക്കോടതിയിലെ മുൻന്യായാധിപൻ.

അവലംബം

1. https://www.verdictum.in/top-stories/shocked-at-observation-that-fir-should-lead-to-arrest-15-retired-judges-issue-open-statement-on-scs-remarks-against-nupur-sharma-1377365

2. https://drive.google.com/file/d/1FhxXxTjMwVq6u0Yzd_ngV5Sg0thlx5By/view?usp=sharing

Monday 4 July 2022

നൂപുർ ശർമ്മയും സുപ്രീംകോടതി പരാമർശവും

 


നൂപുർ ശർമ്മ മാപ്പുപറയണം എന്ന സുപ്രീംകോടതി ജഡ്ജിമാരായ Surya Kant, J B Pardiwala എന്നിവരുടെ ബഞ്ച് നടത്തിയ പരാമർശത്തോട് ശക്തമായി വിയോജിക്കുന്നു. ഹൈന്ദവരുടെ ആരാധനാരീതികളെ ഹൈന്ദവരുടെ ആരാധനാമൂർത്തികളെ ആരെങ്കിലും അപമാനിച്ചാൽ ഹൈന്ദവർ പൊതുവിൽ അതിനോട് അതിവൈകാരികമായി പ്രതികരിക്കുകയോ രാജ്യത്ത് കലാപം ഉണ്ടാക്കുകയോ ചെയ്യാറില്ല. എന്നാൽ ഇസ്ലാം മതത്തിന്റെ പ്രവാചകന്റെ ജീവിതചര്യയെക്കുറിച്ച് വാസ്തവമായ കാര്യങ്ങൾ പറഞ്ഞാൽ അത് പ്രവാചകനെ അപമാനിക്കൽ ആയി. അതിന്റെ പേരിൽ രാജ്യത്ത് മാത്രമല്ല ലോകത്താകെ അക്രമം നടക്കുകയായി. അതുകൊണ്ട് ആരും പ്രവാചകനെക്കുറിച്ച് വാസ്തവമായ കാര്യങ്ങൾ പറയരുതെന്നാണോ കോടതി പറയുന്നത്? അക്രമം അഴിച്ചുവിടുന്നവർക്കേ നീതി ലഭിക്കൂ എന്നാണെങ്കിൽ ഹൈന്ദവരുടെ ആരാധനാ സമ്പ്രദായങ്ങളെ ആരാധനാമൂർത്തികളെ ആരെങ്കിലും അധിക്ഷേപിച്ചാൽ ഇനി നീതികിട്ടാൻ ഹൈന്ദവവിശ്വാസികളും അക്രമത്തിന്റെ പാത സ്വീകരിക്കേണ്ടിവരുമോ? ഒരു പ്രസ്താവനയിൽ എതിർപ്പുള്ളവർ അക്രമം അഴിച്ചുവിടുന്നതിനെ ന്യായീകരിക്കുകയാണോ കോടതി ചെയ്യുന്നത്? അങ്ങനെ എതിർപ്പുള്ളവർ അതിനെതിരെ നിയമനടപടി സ്വീകരിക്കാതെ അക്രമവും കലാപവും അഴിച്ചുവിടുന്നതിനെ വിമർശിച്ചുകൊണ്ട് കോടതി എന്തെങ്കിലും പറഞ്ഞതായി ഒരു മാദ്ധ്യമവാർത്തയിലും കാണുന്നില്ല. കോടതിയുടെ പരാമർശം തികച്ചും ഏകപക്ഷീയവും പ്രതിഷേധാർഹവും ആണ്. 

#IStandWithNurpurSarmma



Thursday 3 February 2022

മീഡിയവൺ ചാനലും ഹൈക്കോടതി നടപടിയും

(ചിത്രത്തിനു കടപ്പാട് Bar&Bench)

മീഡിയവൺ ചാനലിന്റെ കാലാവധി സമാപിച്ച ലൈസൻസ് പുതുക്കി നൽകാത്തതിനെതിരെ കേരളഹൈക്കോടതിയിൽ  ചാനൽ നൽകിയ കേസിൽ ഇന്ന് ഹൈക്കോടതി ചാനലിനു ഫെബ്രുവരി 7 വരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. രാജ്യരക്ഷാപരമായ കാരണങ്ങളാൽ ചാനലിന്റെ പ്രവർത്തനം തുടരുന്നത് അനുവദിക്കാൻ ആകില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. എന്നാൽ ചാനൽ പ്രവർത്തനം നിലക്കുന്നതുകൊണ്ട് കമ്പനിയ്ക്കുണ്ടാകുന്ന നഷ്ടം ആയിരുന്നു ചാനലിന്റെ പ്രധാന വിഷയം. ഈ കേസിൽ രാജ്യസുരക്ഷയ്ക്കാണ് കൂടുതൽ പ്രാമുഖ്യം ലഭിക്കേണ്ടത്. അതുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിക്കുന്നതു വരെ ചാനലിന്റെ പ്രവർത്തനം നിറുത്തിവയ്ക്കുകയാണ് കോടതിചെയ്യേണ്ടിയിരുന്നതെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ട് ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയില്ല എന്നത് മുദ്രവച്ച രേഖയായി കോടതി മുൻപാകെ സമർപ്പിച്ചിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കുന്നത്. സമാനമായ മറ്റൊരു കേസിൽ മുംബൈ ഹൈക്കോടതി ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട രേഖ സ്വീകരിച്ച് രണ്ട് കേബിൾ നെറ്റ് വർക്കുകളുടെ ലൈസൻസ് പുതുക്കി നൽകാതിരുന്നത് ശരിവച്ച് ഉത്തരവായിട്ടുള്ളതാണ്. ആ വിധി പിന്നീട് സുപ്രീംകോടതിയും (Digi Cable Network (India) Pvt. Ltd.  ….Appellant(s) VERSUS Union of India & Ors. .Respondent(s) WITH CIVIL APPEAL NO.121 OF 2019 (Arising out of S.L.P.(C) No. 33411 of 2015) SCOD 18 Networking Pvt. Ltd.        ….Appellant(s) VERSUS Ministry of Information & Broadcasting & Ors.)    അംഗീകരിച്ചിട്ടുണ്ട്. ഇന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ സമർപ്പിച്ച രേഖ കോടതി പരിശോധിച്ചതായി അറിവില്ല. ആ രേഖ പരിശോധിച്ച് അത് സ്വീകാര്യമല്ലെന്നു പറഞ്ഞതായും അറിവില്ല. ഈ വിഷയത്തിൽ വീണ്ടും വിശദമായ സത്യവാങ്മൂലവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ബന്ധപ്പെട്ട ഫയലുകളും ആവശ്യപ്പെടുകയുമാണ് കോടതി ചെയ്തത്! വീണ്ടും കേസ് തിങ്കളാഴ്ച (07/02/2022) പരിഗണിക്കും. പക്ഷെ അതുവരെ ചാനലിനു തുടർന്നും പ്രവർത്തിക്കാനുള്ള അനുമതി കോടതി നൽകുകയും ചെയ്തു! കോടതിയുടെ ഈ തീരുമാനം തികച്ചും അത്ഭുതപ്പെടുത്തുന്നതും ആശങ്കാജനകവും ആണ്.

രണ്ട് നെറ്റ്‌വർക്ക് പ്രൊവൈഡർമാരുടെ ലൈസൻസ് റദ്ദാക്കിയത് സംബന്ധിച്ച് മുകളിൽ പറഞ്ഞ കേസിലെ സുപ്രീംകോടതി വിധിയിൽ സുപ്രീംകോടതി പ്രധാനമായും രണ്ട് കാര്യങ്ങൾ പറയുന്നു. ExArmymen’s Protection Services Private Limited vs. Union of India And Others (2014) 5 SCC 409 എന്ന കേസിലെ സുപ്രീംകോടതി വിധിയുടെ 16 & 17 ഖണ്ഡികകൾ ആണ് സുപ്രീംകോടതി പരാമർശിക്കുന്നത്. അതിൽ 16ആം ഖണ്ഡിക പറയുന്നത് എന്താണ് രാഷ്ട്രസുരക്ഷയ്ക്ക് ഹിതകരമായതെന്ന് തീരുമാനിക്കേണ്ടത് കോടതികൾ അല്ല. അത് സ്റ്റേറ്റിന്റെ ചുമതലയാണ്. അതിൽ കോടതികൾ ഇടപെടുന്നത് ശരിയല്ല എന്നാണ്. പതിനാറാമത്തെ ഖണ്ഡിക പറയുന്നത് ഇങ്ങനെ

“16. What is in the interest of national security is not a question of law. It is a matter of policy. It is not for the court to decide whether something is in the interest of the State or not. It should be left to the executive. To quote Lord Hoffman in Secy. of State for Home Deptt. v. Rehman: (AC p.192C) “… [in the matter] of national security is not a question of law. It is a matter of judgment and policy. Under the Constitution of the United Kingdom and most other countries, decisions as to whether something is or is not in the interests of national security are not a matter for judicial decision. They are entrusted to the executive.”

പതിനേഴാമത്തെ ഖണ്ഡികയിൽ പറയുന്നത് രാജ്യസുരക്ഷയുടെ പേരിൽ അനുമതി നിഷേധിക്കപ്പെട്ടത് സംബന്ധിക്കുന്ന തർക്കങ്ങളിൽ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനത്തിൽ സ്റ്റേറ്റ് എത്തി എന്നത് കോടതികൾക്ക് പരിശോധിക്കാമെങ്കിലും  ആ വിവരങ്ങൾ പരാതിക്കാരനെ അറിയിക്കാൻ കോടതികൾക്കും ആകില്ല എന്നാണ്.

17. Thus, in a situation of national security, a party cannot insist for the strict observance of the principles of natural justice. In such cases, it is the duty of the court to read into and provide for statutory exclusion, if not expressly provided in the rules governing the field. Depending on the facts of the particular case, it will however be open to the court to satisfy itself whether there were justifiable facts, and in that regard, the court is entitled to call for the files and see whether it is a case where the interest of national security is involved. Once the State is of the stand that the issue involves national security, the court shall not disclose the reasons to the affected party.”

എന്റെ അഭിപ്രായത്തിൽ കേരള ഹൈക്കോടതിയും ഇന്ന് ചെയ്യേണ്ടിയിരുന്നത് രാജ്യസുരക്ഷയ്ക്ക് ഹിതകരമായത് എന്ത് അഹിതമായത് എന്ത് എന്ന് തീരുമാനിക്കാനുള്ള സ്റ്റേറ്റിന്റെ അവകാശം സംരക്ഷിക്കുക എന്നതായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കും എന്ന കാരണത്താൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സർട്ടിഫിക്കറ്റ് നിഷേധിച്ച മീഡിയവൺ ചാനലിനു തുടർന്നും പ്രവർത്താനുനുമതി നൽകരുതായിരുന്നു. ഹൈക്കോടതിയ്ക്ക് ഈ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം കൈക്കൊണ്ട നടപടികൾ പരിശോധിക്കാൻ അവകാശം ഉണ്ട്. അങ്ങനെ പരിശോധിക്കാൻ ആവശ്യമായ സമയം വരെ ചാനലിന്റെ പ്രവർത്തനം നിറുത്തിവെയ്ക്കുന്നതുകൊണ്ട് ആ ചാനലിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനു ഹൈക്കോടതി കൂടുതൽ പ്രാമുഖ്യ നൽകി എന്ന് സംശയിക്കുന്നു. രാജ്യസുരക്ഷയ്ക്കു തന്നെ ആണ് ചാനലിന്റെ സാമ്പത്തിക നഷ്ടത്തേക്കാൾ കൂടുതൽ പ്രാമുഖ്യം നൽകേണ്ടത്. ഈ കേസിൽ ഒരു തീരുമാനം ആകുന്നതുവരെ ചാനലിന്റെ പ്രവർത്തനം നിറുത്തിവെയ്ക്കണം എന്ന തീരുമാനം വരും ദിവസങ്ങളിൽ ഹൈക്കോടതിയിൽ നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

അവലംബം.