Friday 11 August 2023

മണിപ്പൂർ വിഷയത്തിൽ അമിത് ഷായ്ക്ക് പറയാനുള്ളത്.

 




നരേന്ദ്ര മോദി മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് 08/08/2023നു ഗൗരവ് ഗൊഗോയ് അവതരിപ്പിച്ച അവിശ്വാസപ്രമേയചർച്ചയിൽ പങ്കെടുത്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി സംസാരിച്ചതിൽ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശങ്ങളുടെ ഏകദേശ സ്വതന്ത്ര മലയാള വിവർത്തനം ചുവടെ ചേർക്കുന്നു. (സഭയിൽ അദ്ദേഹം സംസാരിച്ചതിൽ 1 മണിക്കൂർ 18 മിനിറ്റ് കഴിഞ്ഞുള്ള ഭാഗം)


ബഹുമാന്യരെ ഇനി ഞാൻ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാം. മണിപ്പൂരിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് സംഭവിച്ചത്, അതിനെ നേരിടാൻ എന്തൊക്കെ നടപടികൾ ആണ് സ്വീകരിച്ചത്, ഇപ്പോൾ അവിടെ സ്ഥിതി എന്താണ് ഇതെപ്പറ്റി എല്ലാം ഞാൻ വിശദമായി പറയാം. അവിടെ കൊലപാതക പരമ്പരകൾ ആണ് നടന്നത് എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് ഞാനും യോജിക്കുന്നു. ഈ കൊലപാതക പരമ്പരയോട് ആർക്കും യോജിക്കാൻ ആവില്ല. ഞങ്ങളും യോജിക്കുന്നില്ല. അവരേക്കാൾ (പ്രതിപക്ഷത്തേക്കാൾ) കൂടുതൽ ദുഃഖം ഞങ്ങൾക്കുണ്ട്. എന്നാൽ അങ്ങനെ സംഭവിച്ചു. സമൂഹം എന്ന നിലയിൽ ഇത്തരം സംഭവങ്ങൾ നമ്മളെ ലജ്ജിപ്പിക്കുന്നതാണ്. അത് ആർക്കും നിഷേധിക്കാൻ സാധിക്കില്ല. ഇത്തരം ലജ്ജാകരമായ സംഭവങ്ങൾ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നത് അതിലും ലജ്ജാകരമാണ്.(അധിർ രഞ്ജൻ ചൗധരിയും അമിതഷായും തമ്മിലുള്ള തർക്കം നടക്കുന്നു)

ബഹുമാന്യരെ ഈ സർക്കാർ മണിപ്പൂർ വിഷയം ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്ന തെറ്റിദ്ധാരണ ഈ രാജ്യം മുഴുവൻ പ്രചരിപ്പിക്കാനുള്ള ശ്രമം ആണ് നടക്കുന്നത്. ഇന്ന് ഈ സഭയെ സാക്ഷിയാക്കി ഈ രാജ്യത്തെ ജനങ്ങളോട് ഞാൻ പറയുന്നു സഭാസമ്മേളനം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഈ വിഷയത്തിൽ ചർച്ചയ്ക്ക് ഞാൻ തയ്യാറാണെന്ന് സ്പീക്കറെ രേഖാമൂലം അറിയിച്ചിരുന്നു. അതിന് അല്പം പോലും താമസം ഉണ്ടാവരുത്. സഭാസമ്മേളനം തുടങ്ങിയ ദിവസം മുതൽ തന്നെ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഞാൻ അറിയിച്ചിരുന്നു. എന്നാൽ അവർക്ക് ആവശ്യം ചർച്ച ആയിരുന്നില്ല മറിച്ച് പ്രതിഷേധം നടത്തുക എന്നതായിരുന്നു. എന്റെ മറുപടി നിങ്ങൾക്ക് തൃപ്തികരമല്ലെങ്കിൽ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെടാമായിരുന്നു. എന്നാൽ നിങ്ങൾ ചർച്ചചെയ്യാൻ പോലും അനുവദിച്ചില്ല. മണിപ്പൂർ പോലുള്ള പ്രധാനപ്പെട്ട ഒരു വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് ഒരു വിശദീകരണം നൽകാനുള്ള അവസരം നിഷേധിക്കുന്നത് ഏതുതരം ജനാധിപത്യവ്യവസ്ഥയാണ്. ബഹളംകൂട്ടി എന്നെ നിശബ്ദനാക്കാൻ സാധിക്കും എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾക്ക് എന്നെ നിശബ്ദനാക്കാൻ സാധിക്കില്ല. 130 കോടി ജനങ്ങൾ ആണ് ഞങ്ങളെ തിരഞ്ഞെടുത്ത് ഇവിടെ ഇരുത്തിയിരിക്കുന്നത്. ഞങ്ങൾ പറയുന്നത് നിങ്ങൾ കേൾക്കുക തന്നെ വേണം, ഞങ്ങളെ നിശബ്ദരാക്കാൻ നിങ്ങൾക്ക് സാധിക്കില്ല.

ബഹുമാന്യരെ അങ്ങയിലൂടെ ഈ സഭയിലൂടെ ഈ രാജ്യത്തെ 130 കോടി ജനങ്ങളോട് മണിപ്പൂരിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ചും അത് നിയന്ത്രിക്കാൻ ഈ സർക്കാർ കൈക്കൊണ്ട നടപടികളെ കുറിച്ചും വിശദമായി ഞാൻ പറയാം. മുൻകാലങ്ങളിൽ മണിപ്പൂരിൽ എന്താണ് നടന്നതെന്നും ഞാൻ വിശദമാക്കാം. അതുപറയുമ്പോൾ അവർ (പ്രതിപക്ഷം) പറയും നിങ്ങൾ പഴയകാര്യങ്ങൾ കേൾക്കാൻ ഞങ്ങനെ നിർബന്ധിക്കുന്നത് എന്തിന് എന്ന്. ഞാൻ പഴയകാര്യങ്ങളെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി അല്ല പറയുന്നത്. നിങ്ങളുടെ കാലഘട്ടത്തിൽ നടന്നതു തന്നെ ആണ് ഞങ്ങളുടെ സമയത്തും നടക്കുന്നതെന്ന ഒഴിവുകഴിവു പറയാനും അല്ല. അത് അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികം ആണ് എന്നു പറയാനുമല്ല. അത് ഞങ്ങളുടെ രീതി അല്ല. യുപിഎയുടെ രീതിയാണ്. ഇത്തരം സംഭവങ്ങൾ ഞങ്ങൾക്ക് ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ ആകില്ല.ഞാൻ പഴയ കാര്യങ്ങൾ പറയുന്നത് മണിപ്പൂരിലെ വർഗ്ഗീയലഹളകളുടെ ചരിത്രവും സ്വഭാവവും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. മണിപ്പൂരിൽ വംശീയകലാപങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായപ്പോൾ എന്തൊക്കെ ആണ് സംഭവിച്ചതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ പഴയ കാര്യങ്ങൾ പറയുന്നത്. അതിനാൽ എന്തുകൊണ്ടാണ് പഴയ കാര്യങ്ങൾ പറയുന്നതെന്നതിൽ നിങ്ങളുടെ മനസ്സിൽ മറ്റുള്ള സംശയങ്ങൾ ഒന്നും ഉണ്ടാകേണ്ട കാര്യമില്ല.

ബഹുമാന്യരെ കഴിഞ്ഞ ഏതാണ്ട് ആറര വർഷക്കാലമായി മണിപ്പൂരിൽ ഭാരതീയ ജനത പാർടിയുടെ സർക്കാർ ആണ് ഭരിക്കുന്നത്. മണിപ്പൂരിൽ ഭരതീയ ജനത പാർട്ടിയുടെ സർക്കാർ അധികാരത്തിൽ വന്നതു മുതൽ കഴിഞ്ഞ മെയ് മാസം മൂന്നാം തീയതി വരെ ഒരു ദിവസം പോലും കർഫ്യു പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഇത് ഞാൻ വളരെ അഭിമാനത്തോടെ പറയും. കഴിഞ്ഞ ആറു വർഷക്കാലത്തിനിടയ്ക്ക് ഒരു ദിവസം പോലും മണിപ്പൂരിൽ കർഫ്യു പ്രഖ്യാപിക്കപ്പെട്ടിട്ടില്ല, മണിപ്പൂരിൽ ഒരു ദിവസം പോലും ബന്ദ് നടന്നിട്ടില്ല, മണിപ്പൂരിൽ ഒരു ദിവസം പോലും വഴി തടയൽ ഉണ്ടായിട്ടില്ല, തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾ ഏതാണ്ട് ഇല്ലാതായി വരുകയും ആണ്. ഇത് കഴിഞ്ഞ ആറുവർഷക്കാലത്തെ ഭാരതീയ ജനത പാർട്ടി ഭരണത്തിന്റെ ചരിത്രം ആണ്.

2021-ൽ നമ്മുടെ അയൽരാജ്യമായ മ്യാൻമാറിൽ ഭരണമാറ്റം ഉണ്ടായി. മ്യാൻമാറിൽ പട്ടാളം ഭരണം ഏറ്റെടുത്തു. ജനധിപത്യസർക്കാരിനു അധികാരം നഷ്ടമായി. അവിടെയുള്ള കുക്കി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടന ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി പ്രക്ഷോഭം ആരംഭിച്ചു. കുക്കി ഡെമോക്രാറ്റിക് ഫ്രണ്ട് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനു നടത്തിയ പ്രക്ഷോഭത്തെ അവിടത്തെ പട്ടാള ഭരണകൂടം ശക്തമായി നേരിടുകയും അടിച്ചമർത്താൻ ആരംഭിക്കുകയും ചെയ്തു. നമ്മുടെയും മ്യാന്മാറിന്റേയും അതിർത്തികൾ വേലിക്കെട്ടുകൾ ഇല്ലാത്തതാണ്, തുറന്നതാണ്. അത് ഇപ്പോൾ മുതൽ അല്ല, സ്വാതന്ത്ര്യം കിട്ടിയ കാലം മുതലേ അങ്ങനെ ആണ്. പ്രക്ഷോഭം പട്ടാളഭരണകൂടം നേരിടാൻ ആരംഭിച്ചതോടെ മിസോറാമിലും മണിപ്പൂരിലും മ്യാന്മാറിൽ നിന്നുള്ള കുക്കി സഹോദരന്മാരുടെ വലിയ തോതിലുള്ള അഭയാർത്ഥി പ്രവാഹം ആരംഭിച്ചു. കുക്കി സഹോദരന്മാരുടെ വഴക്ക് മ്യാന്മാറിലെ പട്ടാള ഭരണകൂടത്തോടായിരുന്നു, അത് അടിച്ചമർത്താൻ തുടങ്ങിയതോടെ ആണ് അവർക്ക് ഇങ്ങോട്ട് വരേണ്ടി വന്നത്. ആയിരക്കണക്കിനു കുക്കി ആദിവാസി സഹോദരന്മാരാണ് ഇങ്ങോട്ട് പാലായനം ചെയ്തുവന്നത്. അങ്ങനെ എത്തിയവർ മണിപ്പൂരിലെ കാടുകളിൽ താമസം ആരംഭിച്ചു. ഇതോടെ മണിപ്പൂരിൽ സുരക്ഷിതാവസ്ഥയെ സംബന്ധിക്കുന്ന ആശങ്കകൾ മെയ്തി വിഭാഗത്തിൽ ഉണ്ടാവാൻ തുടങ്ങി. ഈ ആശങ്ക ഉയർന്ന അവസരത്തിൽ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇനി ഈ അതിർത്തി ഇങ്ങനെ തുറന്നിടാൻ സാധിക്കില്ലെന്ന തീരുമാനം എടുത്തു. 2022-ൽ തന്നെ ഫെൻസിങ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതുവരെ പത്തു കിലോമീറ്റർ ഫെസിങ് നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. 60 കിലോമീറ്റർ ഫെൻസിങിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. അറുന്നൂറ് കിലോമീറ്ററിൽ സർവ്വേ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. 2014 വരെ യാതൊരുവിധ ഫെൻസിങും നിങ്ങൾ ഉണ്ടാക്കിയിരുന്നില്ല. ദീർഘവീക്ഷണത്തോടെ 2022-ൽ തന്നെ മുള്ളുവേലികൾ സ്ഥാപിക്കുന്നതിനുള്ള നടപടി ഞങ്ങൾ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 10 കിലോമീറ്റർ ഫെൻസിങ് പൂർത്തിയാക്കിയിട്ടുണ്ട്. 60 കിലോമീറ്ററിൽ പണികൾ നടന്നു വരുന്നു. 600 കിലോമീറ്ററിന്റെ സർവ്വേ നടക്കുന്നു. ഇതിലൂടെ നുഴഞ്ഞുകയറ്റം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

പക്ഷെ മണിപ്പൂരിലെ ആശങ്ക വളരെ വർദ്ധിച്ചു വന്നു. മണിപ്പൂരിലെ ഡെമൊഗ്രഫി വളരെ നിർണ്ണായകമാണ്. താഴ്‌വരയിൽ മെയ്ത്തി വംശജരും പർവ്വതപ്രദേശങ്ങളിൽ നാഗ, കുക്കി വംശജരും ആണ് താമസിക്കുന്നത്. അതുകൊണ്ട് ജതീയമായ ജനസംഖ്യ അവിടെ വലിയ സമ്മർദ്ദം ഉണ്ടാക്കുന്ന ഘടകം ആണ്. അഭയാർത്ഥികൾ ആയി എത്തിയവർക്ക് ജനുവരി മുതൽ ഞങ്ങൾ തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അവരുടെ വിരലടയാളവും കണ്ണുകൾ സ്കാൻ ചെയ്ത് വിവരങ്ങളും ശേഖരിച്ചു. ഈ വിവരങ്ങൾ വോട്ടർ ലിസ്റ്റിന്റേയും ആധാർകാർഡിന്റേയും നെഗറ്റീവ് ലിസ്റ്റിൽ ചേർക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവിടെ കണ്ണുമൂടി നിശബ്ദകാഴ്ചക്കാരായി ഇരിക്കുക അല്ല ചെയ്യുന്നത്. 2022-ൽ ഫെൻസിങ് നിർമ്മാണം ആരംഭിച്ചു. 2023-ൽ അഭയാർത്ഥികളുടെ വിവരശേഖരണം ആരംഭിച്ചു. ആ വിവരങ്ങൾ വോട്ടർ ലിസ്റ്റിലേയും ആധാർ ലിസ്റ്റിലേയും നെഗറ്റീവ് ലിസ്റ്റിൽ ചേർത്തു. എന്നിട്ടും വലിയ തോതിൽ വന്നിരുന്ന അഭയാർത്ഥികളുടെ എണ്ണം മെയ്തി വംശജരിൽ സുരക്ഷിതത്വമില്ലായ്മയുടെ ആശങ്ക വർദ്ധിപ്പിച്ചു. അവിടെ ഉള്ളത് സ്വതന്ത്രമായ ഒരു സംവിധാനം ആണ്. നേപ്പാളിലേത് പോലെ അവിടേയും പാസ്പോർട്ട് ആവശ്യമില്ല. അതിർത്തിയിൽ നാല്പതു കിലോമീറ്റർ പരിധിയിൽ രണ്ട് രാജ്യങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നതിനു പാസ്പോർട്ട് ആവശ്യമില്ല എന്നത് ഭാരതവും ബർമ്മയും തമ്മിൽ 1968 മുതൽ ഉള്ള ധാരണ ആണ്. ഞങ്ങൾ കൊണ്ടുവന്നതല്ല. അതുകൊണ്ട് ആരേയും തടയാനും സാധിക്കില്ല. തുറന്നു കിടക്കുന്ന ആയിരക്കണക്കിനു കിലോമീറ്റർ അതിർത്തിയിൽ ഫെൻസിങും ഇല്ല. അതുകൊണ്ട് അവിടെ നിന്നും വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇവിടെ മെയ്ത്തികളുടെ ആശങ്കയും വർദ്ധിച്ചു.

ഇതിനിടയിൽ ഏപ്രിൽ മുപ്പതിനു മറ്റൊരു കിംവതന്തി പ്രചരിപ്പിക്കപ്പെട്ടു. അഭയാർത്ഥികൾ ആയി എത്തിയവരുടെ 58 സെറ്റിൽമെന്റുകൾ (അഭയാർത്ഥികൾ ആയി എത്തിയവർ വനങ്ങളിൽ തമ്പടിച്ച വനപ്രദേശങ്ങൾ) ഗ്രാമം ആയി പ്രഖ്യാപിച്ചു എന്നും അവർ ഇനി സ്ഥിരമായി അവിടെത്തന്നെ താമസിക്കും എന്നതായിരുന്നു അത്. ഈ തെറ്റായ വാർത്ത പ്രചരിപ്പിക്കപ്പെട്ടതോടെ താഴ്‌വരയിൽ വലിയ ആശങ്ക വളരാൻ തുടങ്ങി. ഇത് തെറ്റായ വാർത്ത ആണെന്ന് മൈക്ക് ഉപയോഗിച്ച് വിവിധ വാഹനങ്ങളിലൂടെ ഞങ്ങൾ പ്രചരണം നടത്തി. പക്ഷെ ഊഹാപോഹങ്ങൾ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടു,

ഈ അസ്വസ്ഥതകൾ നിലനിൽക്കുന്ന അവസരത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന പണി ചെയ്തത് മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവാണ്. വർഷങ്ങളായി പരിഗണിക്കാതെ കിടന്ന ഒരു പെറ്റീഷൻ പെട്ടന്ന് പരിഗണനക്കെടുത്ത് ഭരതസർക്കാരിന്റേയോ, പട്ടികവർഗ്ഗ വകുപ്പിന്റേയോ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേയോ മണിപ്പൂർ സർക്കാരിന്റേയോ അഭിപ്രായം കേൾക്കാതെ ഏപ്രിൽ 29നു മുൻപ് മെയ്ത്തി വിഭാഗത്തെ പട്ടിക വർഗ്ഗമായി പ്രഖ്യാപിക്കണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ പർവ്വതമേഖലയിൽ വലിയ അസ്വസ്ഥത ഉടലെടുത്തു. മെയ്ത്തി വിഭാഗം പട്ടികവർഗ്ഗമായാൽ തങ്ങൾക്ക് ജോലി ലഭിക്കാനുള്ള സാധ്യതകുറയും എന്ന കുക്കി വിഭാഗങ്ങളുടെ ആശങ്ക സ്പർദ്ദ വളർത്താൻ കാരണമായി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ വന്ന ഈ ഉത്തരവോടെ പർവ്വതപ്രദേശങ്ങളിലും അസ്വസ്ഥത വർദ്ധിക്കാൻ തുടങ്ങി, അങ്ങനെ താഴ്‌വരയിലും പർവ്വതപ്രദേശത്തും ഒരു പോലെ അസ്വസ്ഥത വളർന്നു. അങ്ങനെ മെയ് മാസം 3 തീയതി ആദ്യത്തെ അക്രമം ആരംഭിച്ചു. അതോടെ പരസ്പരമുള്ള ആക്രമണങ്ങൾ വ്യാപിച്ചു. ആ അശാന്തിയുടെ അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു. ഈ പരിസ്ഥിതിയിൽ അയാൾ എന്തുകൊണ്ട് പോയില്ല ഇയാൾ എന്തുകൊണ്ട് പോയില്ല എന്ന താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇത് ഈ പ്രത്യേക സാഹചര്യത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപം ആണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി സൂചിപ്പിക്കാനുള്ളത് മ്യാൻമാറിൽ പട്ടാള ഭരണം വന്നതോടെ അവിടെ പ്രശ്നങ്ങൾ ഉണ്ട്. മ്യാൻമാറിൽ നിന്നും മണിപ്പൂരിലേയ്ക്കുള്ള മയക്കുമരുന്ന് കടത്തും അവിടെ അസ്വസ്ഥകൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയത് ഹൈക്കോടതി ഉത്തരവാണ്. അത് നടപ്പാക്കാനുള്ള അവസാന തീയതി ഏപ്രിൽ 29 ആയിരുന്നു. അതിനെതിരെ ഒരു പ്രകടനം നടന്നു. ആ പ്രകടത്തെ തുടർന്ന് രണ്ട് വിഭഗങ്ങൾ ഏറ്റുമുട്ടി. ആ ഏറ്റുമുട്ടൽ വളരെ പെട്ടന്ന് താഴ്‌വരയിലും പർവ്വതപ്രദേശത്തും വ്യാപിച്ച് രണ്ടുവിഭഗങ്ങൾ തമ്മിൽ പരസ്പരം ജീവനെടുക്കുന്ന കലാപമായി മാറി.

ബഹുമാന്യരെ ഇനിയുള്ള ചോദ്യം ഈ അക്രമങ്ങൾ തുടങ്ങിയ ശേഷം എന്തുചെയ്തു എന്നതാണ്. അത് ഞാൻ പിന്നീട് വിശദമായി പറയാം. ഞാൻ ഒന്നിൽ നിന്നും ഒളിച്ചോടുന്ന ആളല്ല. അത് എന്റെ സ്വഭാവം അല്ല. എല്ലാം വിശദാമായി തന്നെ പിന്നീട് പറയാം. എന്നാൽ അതിനു മുൻപ് മണിപ്പൂരിലെ വംശീയ കലാപങ്ങളുടെ ചരിത്രം മനസ്സിലാക്കേണ്ടതുണ്ട്. 1993-ൽ നരസിംഹ റാവു പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവായ രാജ്കുമാർ ദോരേന്ദ്ര സിംഗ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയും ആയിരുന്ന സമയത്ത് മണിപ്പൂരിൽ നാഗ - കുക്കി കലാപം ഉണ്ടായി. നാഗന്മാരും കുക്കികളും തമ്മിലുള്ള വർഗ്ഗീയ സംഘടനങ്ങളും അവിടെ ഉണ്ടാകാറുണ്ട്. ആ സമയത്ത് 750 ആളുകൾ കൊല്ലപ്പെട്ടു 200-ൽ ആധികം ആളുകൾക്ക് പരിക്കേറ്റു 45,000 ആളുകൾ അഭയാർത്ഥികൾ ആയി. ഒന്നരവർഷക്കാലം ആ സംഘർഷം നിർബാധം നീണ്ടുനിന്നു. ഇപ്പോൾ ഇവർ പ്രധാനമന്ത്രി മറുപടി പറയണം എന്ന് പറയുന്നുണ്ടല്ലൊ, 700 ആളുകൾ കൊല്ലപ്പെട്ട, 200 ആളുകൾക്ക് പരിക്കേറ്റ, 45,000 ആളുകൾ അഭയാർത്ഥികൾ ആക്കപ്പെട്ട ആ കലാപത്തെക്കുറിച്ച് മറുപടി പറഞ്ഞത് ആരാണെന്ന് നിങ്ങൾക്ക് അറിയാമോ? സഹമന്ത്രിയായിരുന്ന രാജേഷ് പൈലറ്റ്! അവരാണ് ഇപ്പോൾ എന്നെ സംസാരിക്കാൻ അനുവദിക്കാത്തത്. ഇത്രയും ഗുരുതരമായ സംഭവങ്ങൾ നടന്നിട്ടും അന്നത്തെ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ആരെങ്കിലും അവിടെ പോയിരുന്നോ? പട്ടികവർഗ്ഗ വകുപ്പ് മന്ത്രി പോയോ? ഇല്ല. സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി പോയിരുന്നോ? ഇല്ല. കേന്ദ്ര ആഭ്യന്തര മന്ത്രി പോയിരുന്നോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. ആഭ്യന്തരസഹമന്ത്രി പോയോ? അതും ഇല്ല. അവരാണ് പ്രധാനമന്ത്രി എന്തുകൊണ്ട് പോയില്ലെന്ന് ഇപ്പോൾ ഞങ്ങളോട് ചോദിക്കുന്നത്. അവിടെ നടന്ന വംശീയ അക്രമങ്ങളുടെ ചരിത്രം മുഴുവൻ വേണമെങ്കിൽ ഞാൻ പറയാം. എനിക്ക് ഒരു തിരക്കും ഇല്ല. വളരെ പ്രധാനപ്പെട്ട വിഷയം ആണ്. ഞാൻ മുഴുവൻ പറയാൻ തയ്യാറാണ്. അന്ന് പാർലമെന്റിൽ പ്രതിപക്ഷം ചോദ്യങ്ങൾ ചോദിച്ച് ചോദിച്ച് ക്ഷീണിതരായി. കേന്ദ്ര ആഭ്യന്തരമന്ത്രി ഉത്തരം പറയാൻ തയ്യാറായില്ല. ഒടുവിൽ ആഭ്യന്ത്ര സഹമന്ത്രിയാണ് ഉത്തരം പറഞ്ഞത്. ആ കൂട്ടർ ആണ് ഇന്ന് പ്രധാനമന്ത്രി തന്നെ മറുപടി പറയണം എന്നാവശ്യപ്പെട്ടുകൊണ്ട് പാർലമെന്റ് നടപടികൾ മുഴുവൻ സ്തംഭിപ്പിക്കുന്നത്.

1993-ൽ മറ്റൊരു സംഘർഷം ഉണ്ടായി മെയ്ത്തി - പംഗൽ വിഭാഗങ്ങൾക്കിടയിൽ. അതിൽ നൂറുപേർ കൊല്ലപ്പെട്ടു. അതും ഒരു വർഷം നീണ്ടു നിന്നു. അതിൽ രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞു. അപ്പോഴും ലോക്സഭയിൽ മറുപടി നൽകിയില്ല. അവരാണ് ഇപ്പോൾ പ്രധാനമന്ത്രി മറുപടി പറയണം എന്നാവശ്യപ്പെടുന്നത്. ആരെങ്കിലും കലാപസ്ഥലം സന്ദർശിച്ചോ. ആരും സന്ദർശിച്ചില്ല.

1998-1999-ൽ ഐ കെ ഗുജ്റാൾ പ്രധാനമന്ത്രി ആയിരുന്ന അവസരത്തിൽ കുക്കി - പംഗൽ കലാപം ഉണ്ടായി. 350 ആളുകൾ കൊല്ലപ്പെട്ടു. ഒരു വർഷം ആ സംഘർഷം നീണ്ടു നിന്നു. ഇതും വംശീയ കലാപം ആണ്. വംശീയ കലാപങ്ങളെ കുറിച്ച് മാത്രമാണ് ഞാൻ പറയുന്നത്. അത് പാർലമെന്റിൽ ചർച്ച ആയതുപോലും ഇല്ല. ഒരു പ്രസ്താവനയും ആരും നടത്തിയില്ല. കലാപത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾ എല്ലാം റദ്ദാക്കപ്പെട്ടു. അവരാണ് ഇപ്പോൾ പ്രധാനമന്ത്രി മറുപടി പറയണം എന്നാവശ്യപ്പെടുന്നത്. ഞാൻ ആദ്യത്തെ ദിവസം മുതൽ പറയുന്നതാണ് ഞാൻ മറുപടി പറയാൻ തയ്യാറാണ്. അത് എന്റെ കടമയാണ്. ഈ രാജ്യത്തോട്, ഈ സഭയോട്, ജനങ്ങളോട് മറുപടി പറയേണ്ടത് എന്റെ ചുമതല ആണ്. എന്നാൽ എന്നെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. ഇത് എന്തുതരം ജനാധിപത്യമാണ്. ഞങ്ങൾ മൗനം അവലംബിക്കുകയാണെന്നാണ് ആരോപിക്കുന്നത്. മൗനി ആയിരുന്നവർ തോറ്റുപോയി പ്രതിപക്ഷത്തിരിക്കുന്നുണ്ട്. ഞങ്ങൾ സംസാരിക്കുന്നവർ ആണ്, ഉത്തരം പറയുന്നവർ ആണ്. ഞങ്ങൾ മൗനികൾ ആയി ഇരിക്കാറില്ല. ഞങ്ങൾ മറുപടി പറയുന്നവർ ആണ്. ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല. ഞങ്ങളിൽ ആർക്കും ഈ കലാപത്തിൽ ഒരു പങ്കുമില്ല. (മുൻകാലങ്ങളിലെ കലാപങ്ങളിൽ പങ്കുള്ള) ആരുടെയും പേരുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ രേഖകളിൽ പല നേതാക്കളുടേയും പേരുണ്ട്. അതൊന്നും ഞാൻ പറയുന്നില്ല. (അധിർ രഞ്ജൻ ചൗധരിയോട്) കേൾക്കണമെന്നുണ്ടെങ്കിൽ ഞാൻ വായിക്കാം. എഴുന്നേറ്റ് നിന്ന് ആവശ്യപ്പെടൂ.

ബഹുമാന്യരെ പിന്നീട് 2004-ൽ മൻമോഹൻ സിങിന്റെ കാലത്ത് 1700 പേരോളം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 1700 ആളുകൾ. ഒറ്റത്തവണ. യൂണിഫോമിൽ, അവിടെ അങ്ങനെ ആണ് പറയുന്നത്. ഞാൻ അതിൽ വിശ്വസിക്കുന്ന ആളല്ല. ഞാൻ നിയമപരമായ നടപടികളിൽ വിശ്വസിക്കുന്ന ആളാണ്. അവിടെ പറയപ്പെടുന്നത് യൂണിഫോമിട്ട ആളുകൾ നടത്തിയ കൊലപാതകം ആണെന്നാണ്. സുപ്രീംകോടതി അത് പരിശോധിച്ചു. നിരവധി അന്വേഷണക്കമ്മീഷനുകളെ നിയമിച്ചു. എന്നാൽ ആ വിഷയത്തിൽ പാർലമെന്റിൽ ഒരു ചർച്ചയും നടന്നില്ല. ആരും ഒരു പ്രസ്താവനയും നടത്തിയില്ല. സഹമന്ത്രിയാകട്ടെ, ആഭ്യന്തരമന്ത്രിയാകട്ടെ ആരും. അന്ന് ചിദംബരം ആയിരുന്നു (ആഭ്യന്തരമന്ത്രി). ഇന്ന് രാജ്യസഭയിൽ ഇതെപ്പറ്റി ചേദിക്കുന്നു. എന്നെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. ഞാൻ ഈ രാജ്യത്തെ ജനങ്ങളോട് പറയുന്നത് ഇപ്പോഴത്തേത് പ്രത്യേക സാഹചര്യത്തിൽ ഉണ്ടായ വംശീയ കലാപം ആണ്. അതിനെ രാഷ്ട്രീയമായി നേട്ടത്തിനു ഉപയോഗിക്കുന്നത് ശരിയല്ല. ഈ വിഷയത്തിൽ രാജ്യത്തെ പ്രധാനമന്ത്രി രാത്രി നാലു മണിയ്ക്കും രാവിലെ ആറുമണിയ്ക്കും എന്നെ വിളിച്ച് ഈ വിഷയം സംസാരിച്ചിട്ടുണ്ട്. ഇവർ പറയുന്നത് മോദിജി ഇത് അറിയുന്നില്ല എന്നാണ്. 3 ദിവസം ഞങ്ങൽ തുടർച്ചയായി ജോലിചെയ്തു. 16 വീഡിയോ കോൺഫ്രസുകൾ നടത്തി. വായുസേനയുടെ വിമാനങ്ങൾ ഉപയോഗിച്ച് 36,000 സി ആർ പി എഫ് സേനാംഗങ്ങളെ അവിടെ എത്തിച്ചു. ചീഫ് സെക്രട്ടറിയെ മാറ്റി, ഡിജിപിയെ മാറ്റി. സുരക്ഷ ഉപദേഷ്ടാവിനെ നിയമിച്ചു. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും സുരക്ഷ ഉപദേഷ്ടാവിനേയും എല്ലാം ഭാരതസർക്കാർ ആണ് നിയമിച്ചത്. ഇതെല്ലാം നാലാം തീയതി വൈകുന്നേരത്തിനു മുൻപേ നടപ്പിലാക്കിയിരുന്നു. മൂന്നാം തീയതി ആണ് കലാപങ്ങൾ ആരംഭിച്ചത്. ഇവർ ചോദിക്കുന്നത് 356 എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നാണ്. 356 ഉപയോഗിക്കുന്നത് കലാപസമയത്ത് സംസ്ഥാനസർക്കാർ സഹകരിക്കാത്ത അവസരത്തിൽ ആണ്. ഇവിടെ സംസ്ഥാന സർക്കാർ പൂർണ്ണമായും കേന്ദ്രസർക്കാരുമായി സഹകരിച്ചു. ഞങ്ങൾ ഡിജിപിയെ മാറ്റി. അവർ ഭാരത സർക്കാർ നിയമിച്ച ഡിജിപിയെ അംഗീകരിച്ചു. ഞങ്ങൾ ചീഫ് സെക്രട്ടറിയെ മാറ്റി. അവർ ഭാരതസർക്കാർ നിയമിച്ച ചീഫ് സെക്രട്ടറിയെ അംഗീകരിച്ചു. (മുഖ്യമന്ത്രിയെ എന്തുകൊണ്ട് മാറ്റിയില്ലെന്ന ചോദ്യം പ്രതിപക്ഷത്തുനിന്നും വരുന്നു) അതാണ് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. ബുദ്ധിയില്ലെങ്കിൽ മനസ്സിലാവില്ല. മുഖ്യമന്ത്രിയെ മാറ്റുന്നത് സംസ്ഥാനസർക്കാർ (കേന്ദ്രസർക്കാരിനോട്) സഹകരിക്കാതെ വരുമ്പോൾ ആണ്. ഇവിടെ മുഖ്യമന്ത്രി പൂർണ്ണമായും സഹകരിക്കുന്നുണ്ട്.

ബഹുമാന്യരെ യുപിഎയുടെ ഭരണകാലത്ത് അവിടെ ബ്ലോക്കേഡ് ഉണ്ടാകുമായിരുന്നു. 130 ദിവസം വരെ യാത്ര നിരോധനം ഉണ്ടായ സമയം ഉണ്ടായിട്ടുണ്ട്. അതേത്തുടർന്ന് പെട്രോൾ വില 1200 രൂപവരെ വർദ്ധിച്ച സമയം ഉണ്ടായിട്ടുണ്ട്. ഞങ്ങൾ 28 ദിവസം കൊണ്ട് സ്ഥിതിഗതിൽ നിയന്ത്രിച്ച് റയിൽവേ മുഖാന്തരം പരമാവധി സാധനങ്ങൾ അവിടെ എത്തിച്ചിട്ടുണ്ട്. ഈ സങ്കീർണ്ണമായ സാഹചര്യത്തിലും അവശ്യസാധനങ്ങൾ അവിടെ എത്തിച്ചിട്ടുണ്ട്. കുക്കി വിഭാഗങ്ങളുടെ സ്ഥലത്ത് മെയ്ത്തി ഡ്രൈവർമാരെ പ്രവേശിപ്പിക്കില്ല. അതുപോലെ മെയ്തി ഏരിയയിൽ കുക്കി ഡ്രൈവർമാരേയും. ആസാമിൽ നിന്നും ട്രക്കുകളും ഡ്രൈവർമാരേയും വരുത്തിയും സൈന്യത്തെ ഉപയോഗിച്ചും ആണ് ഇത് സാധ്യമാക്കിയത്.

ബഹുമാന്യരെ ഞാൻ ഇനി കൊല്ലപ്പെട്ടവരുടെ കണക്കുകൾ പറയാം. ഇതുവരെ 156 ആളുകൾ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒന്നും ഒളിക്കാനില്ല. സാമൂഹ്യമാദ്ധ്യമങ്ങൾ ഇത്ര സജീവമായ ഈ കാലത്ത് ഒന്നും ഒളിപ്പിക്കാൻ സാധിക്കുകയില്ല. എന്തെങ്കിലും ഒളിപ്പിക്കുക എന്നത് ഞങ്ങളുടെ രീതിയും അല്ല. മെയ് മാസത്തിൽ 107 ആളുകൾ കൊലചെയ്യപ്പെട്ടു. ജൂൺ മാസത്തിൽ 30 ആളുകൾ കൊലചെയ്യപ്പെട്ടു. ജൂലൈ മാസത്തിൽ 15 ആളുകൾ കൊലചെയ്യപ്പെട്ടു. ആഗസ്ത് മാസത്തിൽ ഇതുവരെ നാലുപേർ കൊലചെയ്യപ്പെട്ടു. മെയ് മാസത്തിൽ കൊലചെയ്യപ്പെട്ട 107 ആളുകളിൽ 68 പേർ ആദ്യത്തെ മൂന്നു ദിവസങ്ങളിൽ അയാതത് 3, 4, 5 തീയതികളിൽ ആണ് കൊലചെയ്യപ്പെട്ടത്. ഞാൻ ഇത്രയും വിശദമായി ഇത് പറഞ്ഞത് മരണസംഖ്യ ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇനിയും ആരും എരിതീയിൽ എണ്ണയൊഴിച്ച് ഇത് കൂട്ടരുത്. എങ്ങനെ ആണ് എണ്ണയൊഴിക്കുന്നതെന്ന് ഞാൻ വിശദമാക്കാം. ശ്രീ രാഹുൽ ഗാന്ധി ഇവിടെ നിന്നും അവിടം സന്ദർശിക്കാൻ പോയി. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. ആകാംഷയുണ്ട്, മണിപ്പൂരിനെ കുറിച്ചുള്ള ആശങ്കയുണ്ട് നല്ലകാര്യം. എയർപോർട്ടിൽ ഇറങ്ങിപ്പോൾ അദ്ദേഹം ചുരാചാന്ദ്പൂരിൽ പോകണം എന്ന ആവശ്യം ഉന്നയിച്ചു. പ്ലാൻ അനുസരിച്ച് പിറ്റേദിവസം ആണ് അവിടെ പോകേണ്ടിയിരുന്നത്. എന്നാലും കുഴപ്പമില്ല, ഞങ്ങൾ അത് അംഗീകരിച്ചു. ഹെലികോപ്റ്റർ ഏർപ്പാടാക്കി. എന്നാൽ അദ്ദേഹം റോഡ് മാർഗ്ഗം പോകണം എന്ന് വാശിപിടിച്ചു. പോലീസ് അത് തടഞ്ഞു. പിന്നെ മൂന്നു മണിക്കൂർ ഈ നാടകം ഈ രാജ്യം മുഴുവൻ ലൈവായി കാണിച്ചു. പിറ്റേദിവസം ഹെലികോപ്റ്ററിൽ യാത്രയാവുകയും ചെയ്തു. ആദ്യത്തെ ദിവസം തന്നെ ഹെലികോപ്റ്ററിൽ പോകുന്നതിന് എന്തായിരുന്നു തടസ്സം. ഞങ്ങൾ സുരക്ഷാസംവിധാനങ്ങൾ എല്ലാം തയ്യാറാക്കിയിരുന്നു. എന്നാൽ ഇത്തരം നാടകം നടത്തുന്നതിനു വേണ്ടി അവിടെ പോകുന്നതിനെ ആണ് രാഷ്ട്രീയം എന്ന് വിളിക്കുന്നത്. നിങ്ങൾ അവിടെ പോകുമ്പോൾ സംവിധാനങ്ങളോട് സഹകരിക്കൂ. ചുരാചാന്ദ്പൂരിൽ പോകുന്നതിനെ ആരും തടയുന്നില്ല. ഞങ്ങൾ ഹെലികോപ്റ്ററും സജ്ജമാക്കിയിരുന്നു. താങ്കൾ പോകാൻ തയ്യാറായില്ല, റോഡ് മാർഗ്ഗമേ പോകൂ എന്ന് ശഠിച്ചു.ശരി റോഡ് മാർഗ്ഗം പോകണം അത് ജങ്ങളെ കാണിക്കണം എന്നാണ് ആഗ്രഹമെങ്കിൽ രണ്ടാമത്തെ ദിവസം ഹെലികോപ്റ്ററിൽ പോയത് എന്തിനാണ്? രണ്ടാമത്തെ ദിവസവും ഹെലികോപ്റ്ററിൽ പോകുമായിരുന്നില്ലല്ലൊ. അതിനർത്ഥം ആദ്യത്തെ ദിവസം സത്യാഗ്രഹം നടത്തണമായിരുന്നു. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ ഈ വിഷമഘട്ടങ്ങളിൽ കളിക്കാതിരിക്കൂ. ഇതുകൊണ്ട് എന്ത് നേട്ടമാണ് നിങ്ങൾക്ക്? അവിടത്തെ ആയാലും ഇവിടത്തെ ആയാലും സർക്കാരുകളെ ഇങ്ങനെ വിഷമിപ്പിച്ചാൽ അത് ജനം തിരിച്ചറിയില്ലെന്നാണോ നിങ്ങൾ കരുതുന്നത്? ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട് എല്ലാം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ പറയുന്നത്.

ഞങ്ങൾ ഏകദേശം 14898 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ അക്രമസംഭവങ്ങളിലും എഫ് ഐ ആർ ഇട്ടിട്ടുണ്ട്. ഏതാണ്ട് 11006 എഫ് ഐ ആർ രജ്ജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി അവസാനം വന്ന ആ ലജ്ജാകരമായ വീഡിയോ അതിനെപ്പറ്റിയും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വീഡിയോ മെയ് 4നു ചിത്രീകരിച്ചതായാണ് മനസ്സിലാക്കുന്നത്. ലോകത്തിന്റെ ഏത് സ്ഥലത്തും ഏത് സംഭവത്തിലും ഒരു സ്ത്രീയെ യുവതിയായ ഒരു സ്ത്രീയെ ഇത്തരത്തിൽ അപമാനിക്കുന്നത് സമൂഹത്തിന്റെമേലുള്ള വലിയ കളങ്കമാണ്. അതിനെ ആർക്കും പിന്തുണയ്ക്കാൻ സാധിക്കില്ല. ഈ സഭയ്ക്കോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്കോ ഈ ഭാഗത്തുള്ളവർക്കോ പ്രതിപക്ഷത്തുള്ളവർക്കോ ആർക്കും പിന്തുണയ്ക്കാൻ സാധിക്കില്ല. ഇതുസംബന്ധിക്കുന്ന ഒരു സംശയം എന്റെ മനസ്സിൽ ഉണ്ടാക്കിയത് മീഡീയക്കാർ ആണ്. അവരാണ് എന്നോട് ചോദിച്ചത് അമിത് ഭായ് മെയ് 4നു ചിത്രീകരിച്ച ഈ വീഡിയോ സഭാ സമ്മേളനം തുടങ്ങുന്നതിനു ഒരു ദിവസം മുൻപ് എങ്ങനെ ആണ് വെളിയിൽ വന്നത് എന്ന്. ആരുടെയെങ്കിലും കൈവശം ഈ വീഡിയോ ഉണ്ടായിരുന്നു എങ്കിൽ അവർ അത് പോലീസിനു കൈമാറുകയല്ലെ വേണ്ടിയിരുന്നത്? അത് ഇങ്ങനെ പരസ്യപ്പെടുത്തണമായിരുന്നോ? ആ സ്ത്രീകളുടെ ആത്മാഭിമാനത്തെ കുറിച്ചെങ്കിലും ആലോചിക്കണ്ടേ? (ഈ വിവരം ഇന്റെലിജൻസ് വിഭാഗത്തിനു കിട്ടിയിരുന്നില്ലെ എന്ന ചോദ്യം പ്രതിപക്ഷത്തുനിന്നും വരുന്നു) ഇന്റെലിജെൻസ് വിഭാഗത്തിനു കിട്ടിയില്ല, നിങ്ങൾ (കിട്ടിയവർ) അത് പോലീസിനു കൈമാറണമായിരുന്നോ വേണ്ടയോ? ഞാൻ അത് പുറത്തുവന്ന സമയത്തെ കുറിച്ചുള്ള ചർച്ചയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പ്രതിപക്ഷത്തിനു മേൽ ആരോപണം ഉന്നയിക്കുന്നില്ല, വീഡിയോ കൈവശം ഉണ്ടായിരുന്നവർ ആരാണെങ്കിലും അത് അപ്പോൾ തന്നെ ഡിജിപിയ്ക്ക് കൈമാറിയിരുന്നു എങ്കിൽ അഞ്ചാം തീയതി തന്നെ കുറ്റവാളികൾ പിടിക്കപ്പെടുമായിരുന്നു. ഏത് ദിവസം ആണോ വീഡിയോ പുറത്ത് വന്നത് ആ ദിവസം തന്നെ ഫേസ് ഐഡന്റിഫിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സർക്കാരിന്റെ കൈവശമുള്ള വ്യക്തികളുടെ ഡാറ്റയുമായി ഒത്തുനോക്കി ഒൻപത് കുറ്റവാളികളെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനു സാധിച്ചിട്ടുണ്ട്. അവർ ഇപ്പോൾ ജയിലിൽ ഉണ്ട്.

ബഹുമാന്യരെ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എടുത്ത നടപടികളെ കുറിച്ചും സഭയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മൂന്നു രാത്രിയും മൂന്നു പകലും അവിടെ ഉണ്ടായിരുന്നു. എന്റെ സഹപ്രവർത്തകൻ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് 23 ദിവസം തുടർച്ചയായി അവിടെ ഉണ്ടായിരുന്നു. മണിപ്പൂരിൽ വംശീയ കലാപങ്ങൾ ഉണ്ടായപ്പോൾ ആദ്യമായി ഏതെങ്കിലും ഒരു കേന്ദ്ര ആഭ്യന്തര മന്ത്രി അവിടെ പോയിട്ടുണ്ടെങ്കിൽ അത് ഞാൻ മാത്രമാണ്. ഇതുവരെ ആരും പോയിട്ടില്ല. ആഭ്യന്തര സഹമന്ത്രി 23 ദിവസം അവിടെ നിന്നു. ഞാൻ മൂന്നു ദിവസം അവിടെ നിന്നു. ഈ സംഭവങ്ങൾ എല്ലാം അന്വേഷിക്കുന്നതിനു ഹൈക്കോടതിയിൽ നിന്നും വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. അതിൽ ഒരു ഐ പി എസ് ഒരു ഐ എ എസ് ഓഫീസർമാർ വീതമുണ്ട്. ഗവർണ്ണറുടെ അദ്ധ്യക്ഷതയിൽ അവിടെ ഒരു സമാധാന സമിതിയും രൂപീകരിച്ചിട്ടുണ്ട്. മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മിൽ സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ 36000 സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇന്നും അവർക്കിടയിലുള്ള വിരോധത്തിനു കുറവു വന്നിട്ടില്ലെങ്കിലും ഈ സുരക്ഷാ സേനാംഗങ്ങളുടെ സാന്നിധ്യം മരണനിരക്കും അക്രമങ്ങളും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. അവിടെയുള്ള വിവിധ സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ അവിടെ ബി എസ് എഫ്, സി ആർ പി എഫ്, അസം റൈഫിൾ, സൈന്യം, മണിപ്പൂർ പോലീസ് എന്നിങ്ങനെ അഞ്ച് സുരക്ഷാ സേനകൾ പ്രവർത്തിക്കുന്നുണ്ട് . ഈ അഞ്ച് ഏജൻസികളുടേയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുള്ള ഏകീകൃത കമാന്റ് വ്യവസ്ഥയുടെ ചെയർമാൻ പദവി കേന്ദ്രസർക്കാർ നിയോഗിച്ച സുരക്ഷാ ഉപദേഷേടാവിനാണ് നൽകിയിരിക്കുന്നത്. ഈ കലാപങ്ങൾക്ക് ഗൂഢാലോചന നടത്തിയതിനു ആറുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകൾ സി ബി ഐയ്ക്ക് ആദ്യം തന്നെ കൈമാറിയിരുന്നു. സുപ്രീംകോടതിയും പതിനൊന്ന് കേസുകൾ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതെല്ലാം അന്വേഷിക്കുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് (SIT) ഇന്ന് രൂപം നൽകിയിട്ടുണ്ട്. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും ഉള്ള നടപടികൾ മുന്നോട്ട് പോകുന്നുണ്ട്. കൊല്ലപ്പെട്ട എല്ലാവരുടേയും ആശ്രിതർക്ക് പത്ത് ലക്ഷം രൂപ വീതം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. 30,000 മെട്രിക് ടൺ അരി അടിയന്തിരമായി അവിടെ എത്തിച്ചിട്ടുണ്ട്. അത് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്ത് മെഡിക്കൽ ടീമിന്റെ കുറവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനു കേന്ദ്രസർക്കാർ വിവിധ സ്ഥലങ്ങളിലായി 8 മെഡിക്കൽ ടീമുകളെ സജ്ജരാക്കിയിട്ടുണ്ട്. കോടതിയിൽ കേസുകളിൽ എല്ലാവർക്കും പറയാനുള്ളത് കേൾക്കുന്നതിനായി, എക്സ്പാർട്ടി വിധികൾ വരാതിരിക്കുന്നതിനായി കലാപബാധിതമായ നാലു ജില്ലകളിലും ജില്ലകൾക്ടർമാരുടെ ഓഫീസുകളിൽ വീഡിയോ കോൺഫ്രൻസ് സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. ആർക്കും ഹൈക്കോടതി വരെ പോകേണ്ട ആവശ്യം വരുന്നില്ല. കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. താഴ്‌വരയിൽ 98% സ്ക്കൂളുകളും തുറന്നിട്ടുണ്ട്. 80% അറ്റൻഡൻസ് ഉണ്ട്. 2% സ്ക്കൂളുകളിൽ ക്യാമ്പുകൾ നടക്കുന്നുണ്ട്. അത് മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷയുടെ അവലോകനം എല്ലാ ആഴ്ചയും ഞാൻ ഇവിടെ നിന്നും വീഡിയോ കോൺഫറൻസ് സംവിധാനം വഴി ഏകീകൃത സുരക്ഷാ കമാന്റുമായി നടത്തുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി രണ്ടു ദിവസം കൂടുമ്പോളും ഡിജിപി എല്ലാ ദിവസവും പ്രസ്തുത അവലോകനം നടത്തുന്നുണ്ട്. ഇത്രയും കടുത്ത നിരീക്ഷണത്തോടെ അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ മുൻകാലങ്ങളിൽ ഇത്തരം വംശീയകലാപങ്ങൾ ഉണ്ടായപ്പോൾ അത് ശമിപ്പിക്കാൻ ചില സമയത്ത് ഒന്നര വർഷവും ചിലപ്പോൾ 9 മാസവും എടുത്തിട്ടുണ്ട്. എത്രയും വേഗത്തിൽ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് ഞാൻ വാക്കു നൽകുന്നു.

അതിർത്തി സുരക്ഷിതമാക്കുന്നതിനു ഫെൻസിങ് സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇനിയും ഫെൻസിങ് സ്ഥാപിക്കേണ്ട സ്ഥലത്തെ സർവ്വെ നടപടികൾ വളരെ വേഗത്തിൽ മുന്നേറുന്നുണ്ട്. ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. മണിപ്പൂരിലെ രണ്ട് സമുദായങ്ങളോടും ഈ സഭയെ സാക്ഷിയാക്കി ഞാൻ അഭ്യർത്ഥിക്കുകയാണ്, അക്രമം ഒന്നിനും പരിഹാരം അല്ല. അതുകൊണ്ട് ചർച്ചകൾ നടത്തണം. മെയ്തി സമുദായത്തോടും കുക്കി സമുദായത്തോടും ഞാൻ തന്നെ ചർച്ചകൾ നടത്തുന്നുണ്ട്. ചർച്ചകളിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ഭാരത സർക്കാരിന്റെ ശ്രമങ്ങൾക്കൊപ്പം സഹകരിക്കണം എന്നുള്ളതാണ് എന്റെ അവരോടുള്ള അഭ്യർത്ഥന. ഊഹാപോഹങ്ങൾ ആണ് ഇപ്പോൾ അവിശാസത്തിന്റെ അന്തരീക്ഷം അവിടെ ഉണ്ടാകാനുള്ള കാരണം. അവിടത്തെ ഡെമോഗ്രാഫി മാറ്റുന്ന ഒരു പ്രവർത്തിയും ഭാരത സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. നുഴഞ്ഞുകയറ്റവും ഞങ്ങൾ തടയും. അതിനായി നയതന്ത്രതലത്തിൽ മ്യാന്മാർ സർക്കാരുമായി ഞങ്ങൾ ചർച്ചകൾ നടത്തിവരുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഞങ്ങളാൽ സാധ്യമായ എല്ലാ പരിശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്നും സ്വീകരിച്ചുവരുന്നുണ്ട്. മണിപ്പൂർ വിഷയത്തിൽ ഇത്രമാത്രമാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. പലരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പലരുടേയും ആത്മാഭിമാനം നഷ്ടപ്പെട്ടിട്ടുണ്ട്. പലർക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.ഒരു വ്യക്തി എത്ര ദൂരെ ആയിരുന്നാലും ഭരതത്തിന്റെ ഭാഗമാണ്. അവരോട് ഈ സഭയ്ക്കും നമുക്കോരോരുത്തർക്കും സഹാനുഭൂതി തോന്നേണ്ടതാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എന്റെ അപേക്ഷയിൽ ഈ സഭയിൽ രണ്ടു പക്ഷത്തുള്ളവരും ഒന്നിച്ചു നിൽക്കും എന്ന് ഞാൻ കരുതുന്നു. എല്ലാവരുടേയും കാര്യം എനിക്ക് പറയാൻ ആവില്ല. എന്നാൽ എൻ ഡി എയിൽ ഉള്ള എല്ലാവരും എന്നെ പിന്തുണയ്ക്കും എന്ന് ഞാൻ കരുതുന്നു. (1 മണിക്കൂർ 49 മിനിറ്റ്. മണിപ്പൂർ വിഷയത്തിലെ പരാമർശങ്ങൾ ആഭ്യന്തരമന്ത്രി അവസാനിപ്പിച്ച് രാഷ്ട്രീയമായ മറ്റ് ആരോപണങ്ങൾക്ക് മറുപടി പറയാൻ ആരംഭിക്കുന്നു)

ലോക്സഭയിൽ അമിത്ഷാ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം. https://www.youtube.com/live/Qs83oxVQisY

Thursday 7 July 2022

നൂപുർ ശർമ്മ; 15 മുൻ‌ന്യായാധിപർ ഒപ്പിട്ട തുറന്ന കത്ത്.

നൂപുർ ശർമ്മ

പ്രവാചക നിന്ദ നടത്തി എന്ന പേരിൽ തനിക്കെതിരെ രാജ്യത്തെ വിവിധ കോടതികളിൽ നിലവിലുള്ള കേസുകൾ എല്ലാം ഒരുമിച്ച് ഡൽഹിയിലേയ്ക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂപുർ ശർമ്മ നൽകിയ ഹർജിയിലെ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് ജെ ബി പർദിവാല എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഞടുക്കം രേഖപ്പെടുത്തിക്കൊണ്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ നിന്നും വിരമിച്ച 15 ന്യായാധിപന്മാർ ഒപ്പിട്ട തുറന്ന കത്തിന്റെ ഏകദേശ മലയാള പരിഭാഷ.

***************************************************************

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഭരണഘടനാപരമായ അതിന്റെ ചുമതലകൾ കൃത്യമായി നിർവ്വഹിക്കുമ്പോൾ മാത്രമാണ് ഏതൊരു രാജ്യത്തിന്റേയും ജനാധിപത്യം സുരക്ഷിതമായി ഇരിക്കുക എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സമീപകാലത്ത് ബഹുമാനപ്പെട്ട സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാർ നടത്തിയ അഭിപ്രായപ്രകടനങ്ങൾ എല്ലാ അതിരുകളും ലംഘിക്കുന്നതാകയാൽ ഇത്തരത്തിൽ ഒരു തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തുവാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു.


1. നൂപുർ ശർമ്മയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവർ ഉൾപ്പെടുന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച സമാനതകൾ ഇല്ലാത്തതും ദൗർഭാഗ്യകരവുമായ അഭിപ്രായങ്ങൾ രാജ്യത്തും രാജ്യത്തിനു വെളിയിലും ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ മാദ്ധ്യമങ്ങളും ഒരുപോലെ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ പ്രസ്താവനകൾ നീതിന്യായ രംഗത്ത് പുലർത്തേണ്ട ധാർമ്മികതകൾക്ക് ഒത്തുപോകുന്നതല്ല. ഒരു കോടതി ഉത്തരവിന്റെ ഭാഗമല്ലെങ്കിൽ കൂടിയും ഈ അഭിപ്രായങ്ങൾ നീതിന്യായവ്യവസ്ഥയിൽ പാലിക്കേണ്ട ഔചിത്യത്തിന്റേയും ന്യായബോധത്തിന്റേയും ഒരു തട്ടിലും വിശുദ്ധീകരിക്കപ്പെടാൻ പോന്നതല്ല. ഇത്തരത്തിൽ അതിരുകടന്ന ലംഘനങ്ങൾ നീതിന്യായ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്.

2. നൂപുർ ശമ്മ നീതിന്യായ വ്യസ്ഥയിൽ അവർക്ക് ആവശ്യമായ പരിഹാരം ഉണ്ടാക്കണമെന്നത് ഈ രാജ്യത്തെ പരമോന്നതകോടതിയോട് അപേക്ഷിച്ചത് ആ പരിഹാരം ലഭ്യമാക്കാൻ പരമോന്നത കോടതിയ്ക്ക് മാത്രമേ സാധിക്കൂ എന്നതിനാൽ ആണ്. ഹർജിയിൽ അപേക്ഷിച്ച കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തവയാണ് കോടതി നടത്തിയ പരാമർശങ്ങൾ എന്ന് മാത്രമല്ല നീതിനിർവ്വഹണത്തിന്റെ എല്ലാ മാനദണ്ഡങ്ങളും സമാനതകൾ ഇല്ലാത്തവിധം ലംഘിക്കുന്നവയുമാണ്. ആത്യന്തികമായി അവർക്ക് നീതി നിഷേധിച്ചതു മാത്രമല്ല, ഈ നടപടിക്രമങ്ങൾ ഭരണഘടനയുടെ ആമുഖത്തിനും, അന്തഃസത്തയ്ക്കും, മൂല്യങ്ങൾക്കും നേരെയുള്ള ആക്രോശവുമാണ്.

3. ഒരു വലിയ കുറ്റവാളിയായി നൂപുർ ശർമ്മയെ വിധിച്ചുകൊണ്ടുള്ള, രാജ്യത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഏക ഉത്തരവാദി നൂപുർ ശർമ്മയാണെന്ന, ഈ ഹർജിയുമായി ഒരു ബന്ധവുമില്ലാത്ത നിരീക്ഷണം, ഒട്ടുംതന്നെ യുക്തിസഹമല്ല.ഉദയ്പൂരിൽ പകൽ വെളിച്ചത്തിൽ ഏറ്റവും ക്രൂരമായവിധത്തിൽ തലയറുത്ത ആ കൊലയാളിയെ പോലും വ്യംഗ്യമായി കുറ്റവുമുക്തനാക്കുന്നതാണ് ആ പ്രസ്താവന. ഈ നിരീക്ഷണങ്ങൾ ഒരിക്കലും നീതീകരിക്കാനാകാത്ത ഒരു അജണ്ടയ്ക്ക് വേണ്ടി വാദിക്കുന്നു.

4. ഒരു പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്യപ്പെട്ടാൽ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടേണ്ടതാണെന്ന നിരീക്ഷണം നിയമവൃത്തങ്ങൾക്ക് അത്ഭുതവും ഞെട്ടലും ഉണ്ടാക്കുന്നതാണ്. രാജ്യത്തെ മറ്റുള്ള ഏജൻസികളെ കുറിച്ച് അവർക്ക് പറയാനുള്ളത് കേൾക്കാതെ നടത്തിയ നിരീക്ഷണങ്ങൾ ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും ആണ്.

5. നീതിന്യായ ചരിത്രത്തിൽ ദൗർഭാഗ്യകരമായ, സമാനതകൾ ഇല്ലാത്ത ഈ നിരീക്ഷണങ്ങൾ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നീതിന്യായസംവിധാനത്തിൽ ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലും സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ അടിയന്തിരമായ തിരുത്തൽ നടപടികൾ ഉണ്ടാകേണ്ടത് ആവശ്യമാണ്. 

6. നിലവിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉദയ്പൂരിൽ പകൽവെളിച്ചത്തിൽ നടന്ന ക്രൂരമായ നിഷ്ഠൂരമായ കൊലപാതകത്തിന്റെ തീവ്രതയെ നിസാരവൽക്കരിക്കുന്നതാണ് ഈ നിരീക്ഷണങ്ങൾ.

7. തങ്ങളുടെ പരിഗണനയിൽ ഇല്ലാത്ത വിഷയത്തിൽ പുറപ്പെടുവിക്കുന്ന വിധികല്പിക്കുന്ന സ്വഭാവത്തിൽ ഉള്ള നിരീക്ഷണങ്ങൾ ഭരണഘടനയുടെ ആത്മാവിനേയും അന്തസ്സിനേയും ഹനിക്കുന്നതാണ്. ഇത്തരം പ്രസ്താവനകളിലൂടെ ആവലാതിക്കാരിയെ പ്രതിരോധത്തിൽ ആക്കുന്നതും, വിചാരണകൂടാതെ അവരെ കുറ്റവാളി എന്ന് പ്രഖ്യാപിക്കുന്നതും, ഹർജിയിൽ അഭ്യർത്ഥിച്ചിരിക്കുന്ന നിയമപരമായ പരിഹാരത്തിനുള്ള അവസരം നിഷേധിക്കുന്നതും  ഒരിക്കലും ഒരു ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല.

8. നീതിന്യായപ്രക്രിയയിലെ ഈ ലംഘങ്ങൾ യുക്തിസഹമായ മനസ്സിനെ അന്ധാളിപ്പിക്കുന്നതുമാത്രമല്ല, അവരെ കുറിച്ചു നടത്തിയ പ്രസ്ഥാവനകൾ യുക്തിസഹമായ ചിന്തകളെ ഇല്ലാതാക്കുന്നത് കൂടിയാണ്.

9. നിയമവാഴ്ചയും ജനാധിപത്യവും നിലനിൽക്കുന്നതിനും തളിരിടുന്നതിനും ഈ പ്രസ്താവനകൾ പുനഃപരിശോധിക്കപ്പെടാൻ തക്കവണ്ണം ഗുരുതരമായതും നീതിക്കുവേണ്ടി നിലകൊള്ളുന്ന മനസ്സുകൾക്ക് ആശ്വാസമേകുന്ന വിധത്തിൽ തിരിച്ചുവിളിക്കപ്പെടേണ്ടതും ആണ്.

10. ഉന്നത നീതിപീഠത്തിലെ ന്യായാധിപന്മാർ നടത്തിയ അനാവശ്യവും, ന്യായരഹിതവും, പരിഗണനാവിഷയത്തിലല്ലാത്തത്തുമായ വാക്കാൻ നടത്തിയ പ്രസ്താവന എന്നതിലുപരി ഈ വിഷയത്തിനു മറ്റൊരു വശം കൂടിയുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഒരു ടിവി ചർച്ചയിൽ താൻ നടത്തിയ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ (ഡൽഹിയിലേയ്ക്ക്) മാറ്റണം എന്നാവശ്യവുമായാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. ഒരേ കുറ്റാരോപണത്തിന്മേൽ വിവിധ സ്ഥലങ്ങളിൽ എടുത്ത കേസുകൾ ആണ് എല്ലാം. ഭരണഘടനയുടെ ഇരുപതാം അനുഛേദം ഒരേ കുറ്റത്തിനു ഒരാളെ ഒന്നിലധികം തവണ വിചാരണ ചെയ്യുന്നതും ശിക്ഷിക്കുന്നതും വിലക്കുന്നുണ്ട്. ഇരുപതാം അനുഛേദം ഭരണഘടനയുടെ പാർട്ട് മൂന്നിൽ വരുന്ന ഭരണഘടന ഉറപ്പു നൽകുന്ന മൗലീകാവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. ഒരേ കുറ്റത്തിൽ രണ്ട് എഫ് ഐ ആർ ഉണ്ടാവാൻ പാടില്ല എന്നും അതുകൊണ്ടു തന്നെ ഒരേ കുറ്റത്തിന് രണ്ടാമത്തെ എഫ് ഐ ആർ അടിസ്ഥാനമാക്കി ഒരു അന്വേഷണം കൂടി പാടില്ല എന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി അർണബ് ഗോസ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ (2020), ടി ടി ആന്റണി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ കേസുകളിൽ ഉൾപ്പടെ അനേകം കേസുകളിൽ വ്യക്തമായി വിധികല്പിച്ചിട്ടുള്ളതാണ്. അത്തരത്തിൽ അന്വേഷണം നടക്കുന്നത് ഭരണഘടനയുടെ 20(2) അനുഛേദം ഉറപ്പുനൽകുന്ന മൗലീകാവകാശത്തിന്റെ ലംഘനം ആണ്. 

11. ആവലാതികാരിയുടെ മൗലീകാവകാശം സംരക്ഷിക്കുന്നതിനു പകരം ആ ഹർജി പരിഗണിക്കാതെ അത് പിൻവലിക്കാൻ ആവലാതിക്കാരിയെ സമ്മർദ്ദിലാക്കുകയും ഇത്തരത്തിൽ പല സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചു പരിഗണിക്കാനോ ഏതെങ്കിലും ഒരു സ്ഥലത്തേയ്ക്ക് മാറ്റാനോ ഉത്തരവിടാനുള്ള അധികാരം ഹൈക്കോടതികൾക്ക് ഇല്ലെന്ന പൂർണ്ണബോധ്യത്തോടെ തന്നെ സുപ്രീംകോടതി ആവലാതിക്കാരിയോട് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് നൂപുർ ശർമ്മയുടെ ഹർജി ഇങ്ങനെ കൈകാര്യം ചെയ്തതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഉള്ള ഒരു സമീപനം ഒരു വിധത്തിലും പ്രശംസ അർഹിക്കുന്നില്ല എന്ന് മാത്രമല്ല അത് പരമോന്നത നീതിപീഠത്തിന്റെ പവിത്രതയേയും ആദരവിനേയും കളങ്കപ്പെടുത്തുന്നതും കൂടിയാണ്. 


കോർഡിനേറ്റർമാർ


ജസ്റ്റിസ് പി എൻ രവീന്ദ്രൻ, കേരള ഹൈക്കോടതിയിലെ മുൻന്യായാധിപൻ

സി വി ആനന്ദബോസ് ഐ എ എസ്, കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി


ഈ കത്തിൽ ഒപ്പുവച്ചവർ


ജസ്റ്റിസ് ക്ഷിടിജ് വ്യാസ്, മുംബൈ ഹൈക്കൊടതിയിലെ മുൻചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എസ് എം സോണി, ഗുജറാത്ത് ഹൈക്കോടതിയിലെ മുൻന്യായാധിപനും, ലോകായുക്തയും

ജസ്റ്റിസ് കെ ശ്രീധർ റാവു, ഗുവഹാട്ടി ഹൈക്കോടതിയിലെ മുൻആക്റ്റിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് കാമേഷ്വർ നാഥ്, ലഖ്നൗ ഹൈക്കോടതിയിലെ മുൻ ന്യായാധിപനും, ലോകായുക്തയും

ജസിറ്റിസ് ആർ എസ് റാഥോഡ്, രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് പ്രശാന്ത് അഗർവാൾ, രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻ ന്യായാധിപൻ

ജസ്റ്റിസ് എം എസ് പരീഖ്, ഗുജറാത്ത് ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് പി എൻ രവീന്ദ്രൻ, കേരള ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് എസ് എൻ ധിൻഗ്ര, ഡൽഹി ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് ഡോക്ട ബി ശിവ ശങ്കര, തലങ്കാന ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് ആർ കെ സക്സേന, മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് എം സി ഗാർഗ്, ഡൽഹി ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് ആർ കെ മാർതിയ, ഝാർഖണ്ഡ് ഹൈക്കോടതിയിലെ മുൻന്യായാധിപൻ.

ജസ്റ്റിസ് എസ് എൻ ശ്രീവാസ്തവ, അലഹബാദ് ഹൈക്കോടതിയിലെ മുൻന്യായാധിപൻ

ജസ്റ്റിസ് സുനിൽ ഹാലി, ജമ്മു & കാശ്മീർ ഹൈക്കോടതിയിലെ മുൻന്യായാധിപൻ.

അവലംബം

1. https://www.verdictum.in/top-stories/shocked-at-observation-that-fir-should-lead-to-arrest-15-retired-judges-issue-open-statement-on-scs-remarks-against-nupur-sharma-1377365

2. https://drive.google.com/file/d/1FhxXxTjMwVq6u0Yzd_ngV5Sg0thlx5By/view?usp=sharing

Monday 4 July 2022

നൂപുർ ശർമ്മയും സുപ്രീംകോടതി പരാമർശവും

 


നൂപുർ ശർമ്മ മാപ്പുപറയണം എന്ന സുപ്രീംകോടതി ജഡ്ജിമാരായ Surya Kant, J B Pardiwala എന്നിവരുടെ ബഞ്ച് നടത്തിയ പരാമർശത്തോട് ശക്തമായി വിയോജിക്കുന്നു. ഹൈന്ദവരുടെ ആരാധനാരീതികളെ ഹൈന്ദവരുടെ ആരാധനാമൂർത്തികളെ ആരെങ്കിലും അപമാനിച്ചാൽ ഹൈന്ദവർ പൊതുവിൽ അതിനോട് അതിവൈകാരികമായി പ്രതികരിക്കുകയോ രാജ്യത്ത് കലാപം ഉണ്ടാക്കുകയോ ചെയ്യാറില്ല. എന്നാൽ ഇസ്ലാം മതത്തിന്റെ പ്രവാചകന്റെ ജീവിതചര്യയെക്കുറിച്ച് വാസ്തവമായ കാര്യങ്ങൾ പറഞ്ഞാൽ അത് പ്രവാചകനെ അപമാനിക്കൽ ആയി. അതിന്റെ പേരിൽ രാജ്യത്ത് മാത്രമല്ല ലോകത്താകെ അക്രമം നടക്കുകയായി. അതുകൊണ്ട് ആരും പ്രവാചകനെക്കുറിച്ച് വാസ്തവമായ കാര്യങ്ങൾ പറയരുതെന്നാണോ കോടതി പറയുന്നത്? അക്രമം അഴിച്ചുവിടുന്നവർക്കേ നീതി ലഭിക്കൂ എന്നാണെങ്കിൽ ഹൈന്ദവരുടെ ആരാധനാ സമ്പ്രദായങ്ങളെ ആരാധനാമൂർത്തികളെ ആരെങ്കിലും അധിക്ഷേപിച്ചാൽ ഇനി നീതികിട്ടാൻ ഹൈന്ദവവിശ്വാസികളും അക്രമത്തിന്റെ പാത സ്വീകരിക്കേണ്ടിവരുമോ? ഒരു പ്രസ്താവനയിൽ എതിർപ്പുള്ളവർ അക്രമം അഴിച്ചുവിടുന്നതിനെ ന്യായീകരിക്കുകയാണോ കോടതി ചെയ്യുന്നത്? അങ്ങനെ എതിർപ്പുള്ളവർ അതിനെതിരെ നിയമനടപടി സ്വീകരിക്കാതെ അക്രമവും കലാപവും അഴിച്ചുവിടുന്നതിനെ വിമർശിച്ചുകൊണ്ട് കോടതി എന്തെങ്കിലും പറഞ്ഞതായി ഒരു മാദ്ധ്യമവാർത്തയിലും കാണുന്നില്ല. കോടതിയുടെ പരാമർശം തികച്ചും ഏകപക്ഷീയവും പ്രതിഷേധാർഹവും ആണ്. 

#IStandWithNurpurSarmma