Thursday, 23 March 2017

പ്രതീക്ഷയ്ക്കൊത്തുയരാത്ത ന്യായാസനങ്ങൾ

സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന കൊടിയ പീഡനങ്ങളും അതെ തുടർന്ന് ആത്മഹത്യചെയ്യുകയോ പഠനം തന്നെ നിറുത്തുകയോ ചെയ്യുന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള വാർത്തകളും ആണ് കുറച്ചു നാളുകളായി നമ്മൾ എല്ലാവരും ചർച്ചചെയ്യുന്നത്. അതിൽ തന്നെ ഏറെ ഞെട്ടിപ്പിച്ച ഒന്നാണ് പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ കൊലപാതകം. ഇതിനെത്തുടർന്ന് ഉണ്ടായ പല വെളിപ്പെടുത്തലുകളിൽ ഇതേ നെഹ്രു കോളേജിന്റെ തന്നെ മാനേജ്മെന്റിനു കീഴിൽ വരുന്ന ലക്കിടിയിലെ കോളേജിൽ പഠിക്കുന്ന ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർത്ഥിയെ പാമ്പാടിയിലെ കോളേജിലെ 'ഇടിമുറിയിൽ' കൊണ്ടുവന്ന് കൃഷ്ണദാസും സംഘവും മർദ്ദിച്ചതുമായ ബന്ധപ്പെട്ട കേസ് ഇപ്പോൾ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ഈ കേസിൽ കൃഷ്ണദാസ് ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനും റിമാന്റ് ചെയ്യാനും ഈ കേസിന്റെ അന്വേഷണം പുതുതായി ഏറ്റെടുത്ത പോലീസ് സംഘത്തിനു സാധിച്ചിട്ടുണ്ട്. കേസ് ആദ്യം ആന്വേഷിച്ച പഴയന്നൂർ പോലീസിനുണ്ടായ വീഴ്ചകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പുതിയ സംഘം

തുടർന്നുണ്ടായ പല സംഭവവികാസങ്ങളിൽ ഇപ്പോൾ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് പാമ്പാടി കോളേജിൽ കൊല്ലപ്പെട്ട ജിഷ്ണു പ്രണൊയ്‌യുടെ അമ്മ മഹിജയ്ക്കെതിരെ പരാതിയുമായി പോകാനുള്ള ബാർ കൗൺസിലിന്റെ തീരുമാനം. ഇത് അംഗീകരിക്കാൻ സാധിക്കുന്നില്ല. തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മറ്റുപ്രതികൾക്കെല്ലാം വിചാരണക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ കേരള ഹൈക്കോടതിയിൽ പ്രസ്തുത ജാമ്യഹർജി പരിഗണിച്ച ബഞ്ച് കൃഷ്ണദാസ് എന്ന പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അതും തെറ്റായ വിവരങ്ങൾ കോടതിയിൽ ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്ന വസ്തുത വെളിയിൽ വന്നിട്ടും ആ വസ്തുത പ്രസ്തുത ബഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും തെറ്റായ വിവരങ്ങൾ പറഞ്ഞ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിൽ പ്രസ്തുത ബഞ്ച് നടപടി എടുത്തതും ഇല്ല. ഈ കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡി ജി പി മഞ്ചേരി ശ്രീധരൻ നായരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയും ഏറെ വിമർശിക്കപ്പെട്ടിരുന്നു.

ലക്കിടി കോളേജിലെ വിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്തലിയെ ഇതേ കൃഷ്ണദാസും കൂട്ടരും തട്ടീക്കൊണ്ടു പോവുകയും അന്യായമായി തടങ്കലിൽ വെയ്ക്കുകയും മർദ്ദിക്കുകയും, ദുരുപയോഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ രേഖകൾ ഒപ്പിട്ടുവാങ്ങുകയും ചെയ്ത കേസിൽ കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച ഇതേ ബഞ്ച് കൃഷ്ണദാസ് അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വസ്തുത പ്രോസിക്യൂഷൻ അറിയിച്ചിട്ടും ആ മുൻകൂർ ജാമ്യാപേക്ഷയിലെ നടപടികളുമായി മുന്നോട്ട് പോയത് തീർത്തും അസാധാരണവും തെറ്റായതുമായ നടപടിയാണെന്ന് വിവിധ നിയമവിദഗ്ദ്ധന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൃഷ്ണദാസ് അറസ്റ്റിലും റിമാന്റിലും ആയി രണ്ടു ദിവസം പിന്നിടുന്നു. വിചാരണക്കോടതി കൃഷ്ണദാസ് ഉൾപ്പടെ പല പ്രതികളുടേയും ജാമ്യ ഹർജി തള്ളുകയും ചെയ്യുന്നു. അപ്പോളും കേരള ഹൈക്കോടതിയിലെ ബഞ്ച് കൃഷ്ണദാസിനു വേണ്ടി സമർപ്പിക്കപ്പെട്ട മുൻക്കുർ ജാമ്യാപേക്ഷയിലെ വാദവുമായി മുന്നോട്ട് പോവുകയാണ്. കൃഷ്ണദാസിന്റെ അറസ്റ്റോടെ മുൻകൂർജാമ്യം എന്ന ആവശ്യം അപ്രസക്തമായ സാഹചര്യത്തിൽ കേരള ഹൈക്കോടതിയിലെ ഈ ബഞ്ചിന്റെ നടപടി പല നിയമജ്ഞരേയും ആശയക്കുഴപ്പത്തിൽ ആക്കുന്നുണ്ട്.


ഈ സാഹചര്യത്തിൽ ആണ് ഈ ജാമ്യഹർജി പരിഗണിക്കുന്ന ജഡ്ജി കൃഷ്ണദാസിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള ലക്കിടി കോളേജിലെ ഒരു പരിപാടിയിൽ സംബന്ധിക്കുകയും ഇവിടെ പ്രതിസ്ഥാനത്ത് ആരോപണവിധേയരായി നിൽക്കുന്ന വ്യക്തികൾക്കൊപ്പം വേദി പങ്കെടുന്ന ചിത്രങ്ങൾ സൗത്ത് ലൈവ് പുറത്തുവിടുന്നതും ഈ വാദം കേൾക്കുന്ന ജഡ്ജിയ്ക്ക് നെഹ്രുഗ്രൂപ്പിലെ തന്നെ പലരുമായും അടുത്ത ബന്ധം ഉണ്ടെന്ന വാർത്തകൾ വരുന്നത്. ഷഹീർ ഷൗക്കത്തലിയും ആ പരിപാടിയിൽ സംബന്ധിച്ച ആളായതിനാൽ അന്ന് ഇതേ ജഡ്ജി അവിടെ നടത്തിയ പ്രസംഗത്തിലും മറ്റും കോളേജിലെ പ്രിൻസിപ്പൾ (സെബാസ്റ്റ്യൻ) ഉൾപ്പടെ പലരും തന്റെ സുഹൃത്തുക്കളാണെന്നും അതുകൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞതായി ചാനൽ ചർച്ചയിൽ (മാതൃഭൂമി 21/03/2017) വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ മഹിജയ്ക്കുണ്ടായ സംശയം ന്യായമാണെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ തന്നെ അവർ അത്തരം ഒരു പരാതി ചീഫ് ജസ്റ്റിസിനു നൽകിയതിൽ തെറ്റായൊന്നും കാണാൻ സാധിക്കുന്നില്ല. ഇത്തരം ഒരു ആരോപണം ഉണ്ടായ സാഹചര്യത്തിൽ ഈ കേസിൽ തുടർ വാദം കേൾക്കുന്നതിൽ നിന്നും പ്രസ്തുത ബഞ്ച് സ്വമേധയാ പിന്മാറുന്നതാണ് ഉചിതം എന്നാണ് ഞാൻ കരുതുന്നത്.

Sunday, 19 February 2017

ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോദനങ്ങൾ

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും അവയ്ക്കെതിരെ പൊത്സമൂഹത്തിൽ നിന്നും വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഉയർന്നുവരുന്ന പ്രതിഷേധശബ്ദങ്ങളും ആണല്ലൊ കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത്. പാമ്പാടി നെഹ്രു കോളേജിൽ മാനേജ്മെന്റിന്റെ പീഡനങ്ങൾ മൂലം ആത്മഹത്യ ചെയ്ത (മാനേജ്മെന്റ് കൊലപ്പെടുത്തിയ) ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ ദുരനുഭവം ഉയർത്തിവിട്ട പ്രതിഷേധത്തിന്റെ അലകൾ നെഹ്രു കോളേജിലെ മാത്രം അല്ല, മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രതിഷേധങ്ങൾക്ക് ശക്തിപകർന്നു. പല കൊടികെട്ടിയ മാനേജ്മെന്റുകളും വിദ്യാർത്ഥിസമൂഹത്തിന്റേയും പൊതുസമൂഹത്തിന്റേയും ശക്തമായ പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുമടക്കി. അതിൽ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതും തിരുവനന്തപുരം പേരൂർക്കട ലോ അക്കാദമി ലോകോളേജിൽ നടന്ന സമരം ആണ്. ശക്തമായ സമരത്തിനു മുൻപിൽ നാരായണൻ നായർക്കും സംഘത്തിനും ഉണ്ടായിരുന്ന രാഷ്ട്രീയ പിൻബലം അവരെ രക്ഷിക്കാൻ ഉതകിയില്ല എന്നത് വളരെ സന്തോഷം നൽകുന്നു. ഗുരുതരമായ ആരോപണങ്ങൾ നേരിട്ട മറ്റൊരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ മറ്റക്കര ടോംസ് കോളേജിന് അംഗീകാരം തന്നെ നഷ്ടപ്പെട്ടു. ജിഷ്ണു പ്രണോയ് വിഷയത്തിൽ ഇപ്പോഴും ആശങ്കപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. പ്രോസിക്യൂഷന്റേയും പോലീസിന്റേയും ഫോറൻസിക് വിഭാഗത്തിന്റേയും ഭാഗത്തുനിന്നും ഉണ്ടായ പല വീഴ്ചകളും ഇപ്പോൾ സംശയം ഉണർത്തുന്നു. ഒടുവിൽ വന്ന വാർത്തകൾ അനുസരിച്ച് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് നെഹ്രു ഗ്രൂപ്പിന്റെ ചെയർമാൻ കൃഷ്ണദാസിനു മുൻകൂർ ജാമ്യം ലഭിക്കുന്നതിനു കാരണമായതെന്ന് പറയപ്പെടുന്നു. 

സ്വകാര്യ / സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടക്കുന്ന ഈ പീഡനങ്ങൾ ചർച്ചചെയ്യപ്പെടുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒന്നാണ് ഈ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിനു ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ. വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കപ്പെട്ടിട്ടില്ലാത്തതാണ് ഈ പീഡനങ്ങൾക്ക് കാരണമാകുന്നതെന്ന് പറയുമ്പോൾ പേരൂർക്കട് ലോ അക്കാദമി ലോ കേളേജിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കപ്പെട്ടിട്ടുണ്ട് എന്ന ഏവരും സമ്മതിക്കുന്നു. എന്നിട്ടും വിദ്യാർത്ഥികൾ തുടർച്ചയായി മാനേജ്മെന്റിന്റെ പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരുന്നു എന്നതാണ് വാസ്തവം. വിദ്യാർത്ഥി രാഷ്ട്രീയം അതിന്റെ പാരമ്യത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള ചില സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥി പീഡനം സംബന്ധിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ മറ്റ് സ്വകാര്യ / സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സംഭവങ്ങൾക്ക് കിട്ടിയ മാദ്ധ്യമശ്രദ്ധ ഈ വിഷയത്തിൽ കിട്ടാതെ പോയി. അങ്ങനെയുള്ള ചില സംഭവങ്ങൾ കൂടി പരാമർശിക്കാം എന്ന് കരുതുന്നു.

കോട്ടയം നാട്ടകം ഗവണ്മെന്റ് പോളിടെക്നിക്കിലെ റാഗിങ്ങ്
കോട്ടയം ജില്ലയിൽ നാട്ടകത്തുള്ള ഗവണമെന്റ് പോളിടെക്നിക്ക് കോളേജിലെ ദളിത് വിദ്യാർത്ഥിയായ അവിനാശിനെ ക്രൂരമായ പീഡനങ്ങൾക്ക് അതേ കോളേജിലെ തന്നെ ഒരു വിഭാഗം വിദ്യാർത്ഥികൾ വിധേയനാക്കിയത് ഇക്കഴിഞ്ഞ ഡിസംബർ മാസം രണ്ടാതീയതിയാണ്. ഈ റാഗിങ്ങ് സംബന്ധിച്ച് ഡിസംബർ പന്ത്രണ്ടിനു വാർത്ത നൽകിയ മാതൃഭൂമിയിൽ ഇപ്രകാരം പറയുന്നു. "രാത്രി ഹോസ്റ്റലിലെത്തിയ ഒമ്പതോളം വിദ്യാര്‍ത്ഥികള്‍ അവിനാഷ് അടക്കമുള്ളവരെ നഗ്‌നരാക്കി ആറ് മണിക്കൂറോളം വ്യായാമ മുറകള്‍ ചെയ്യിച്ചു. ഇതിനുശേഷം വിഷം കലര്‍ന്ന മദ്യം അവരുടെ വായിലൊഴിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശനായി വീട്ടിലെത്തിയപ്പോഴാണ് റാഗിങ്ങിനിരയായ കാര്യം അവിനാഷ് പറയുന്നത്. ഇതോടെ അവിനാഷിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. വിഷം കലര്‍ന്ന മദ്യം ഉള്ളില്‍ചെന്നതാണ് വൃക്ക തകരാറിലാകാന്‍ കാരണമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു." ഇതേ തുടർന്ന് നാട്ടകം പോളിയിൽ തന്നെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പീഡനങ്ങൾ സംബന്ധിക്കുന്ന പല വാർത്തകളും വെളിയിൽ വന്നു. പ്രത്യേകിച്ചു ദളിത് വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ മംഗളത്തിന്റെ ഈ വാർത്തയിൽ പറയുന്നുണ്ട്. അവിനാശിനേയും ഷൈജുവിനേയും റാഗിങ്ങിനു വിധേയരാക്കിയ മുഴുവൻ പ്രതികളും പോലീസിനു കീഴടങ്ങുകയും അവരെ ഡിസംബർ 31 വരെ റിമാന്റ് ചെയ്തതായും വാർത്തകൾ ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശി മനു, എറണാകുളം സ്വദേശികളായ ശരണ്‍, ജെറിന്‍, വണ്ടിപ്പെരിയാര്‍ സ്വദേശി ജയപ്രകാശ്,ചാലക്കുടി സ്വദേശി ജെയ്‌സന്‍ കോട്ടയം സ്വദേശി അഭിലാഷ്, മേലുകാവ് സ്വദേശി ശരത് ,കൊല്ലം സ്വദേശി നിധിന്‍, പ്രവീൺ എന്നീ ഒൻപതു പേരാണ് ഈ കേസിൽ പ്രതിസ്ഥനത്തുള്ളത്. വിദ്യർത്ഥി രാഷ്ട്രീയം ശക്തമായ നാട്ടകം പോളിയിൽ ഡിസംബർ 2നു നടന്ന ഈ ക്രൂരമായ ഈ പീഡനം വെളിയിൽ വരുന്നത് പത്തു ദിവസം കഴിഞ്ഞാണ്. ഈ കേസിൽ ഉണ്ടായ തുടർ നടപടികൾ ഇപ്പോൾ അറിയില്ല. അവിനാശ് നാട്ടകത്തെ പഠനം മതിയാക്കി മറ്റൊരു പോളിടെക്നിക്കിലേക്ക് മാറ്റം നേടാൻ ശ്രമിക്കുന്നു എന്ന് വാർത്തകൾ.


എം ജി സർവ്വകലാശാലയിലെ വിദ്യാർത്ഥി പീഡനം
ജിഷ്ണു പ്രണൊയിയുടെ മരണം ചർച്ചചെയ്യപ്പെടുന്ന അവസരത്തിൽ തന്നെയാണ് കോട്ടയത്ത് എം ജി സർവകലാശാല ക്യാമ്പസ്സിൽ എം ഫിൽ വിദ്യാർത്ഥിയായ വിവേക് കുമാരനു നേരെ  അക്രമം ഉണ്ടാവുന്നത്. വിവേക് കുമാരനു നേരെ ഉണ്ടായ അക്രമത്തെക്കുറിച്ചുള്ള മംഗളം വാർത്തയിൽ ഇങ്ങനെ പറയുന്നു "സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പഠനത്തിന്റെ ഭാഗമായി ആരംഭിച്ച അംബേദ്‌കര്‍ സ്‌റ്റുഡന്‍സ്‌ മൂവ്‌മെന്റ്‌ എന്ന സംഘടനയില്‍ വിവേക്‌ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഹോസ്‌റ്റലിലെ തന്റെ മുറിയിലേയ്‌ക്ക്‌ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. കമ്പിവടി അടക്കമുള്ള മാരകായുധങ്ങളുമായാണു സംഘം ഹോസ്‌റ്റലിലെ മുറിയില്‍ എത്തിയതെന്നും എസ്‌.എഫ്‌.ഐയ്‌ക്കെതിരെ നീ പ്രവര്‍ത്തിക്കുമോടാ എന്ന്‌ ആക്രോശിച്ചുകൊണ്ടു സംഘം തന്റെ തലയ്‌ക്കു നേരെ കമ്പിവടി വീശുകയായിരുന്നുവെന്നുമാണു മൊഴി. മുറി പൂര്‍ണമായും തല്ലിത്തകര്‍ക്കുകയും വിവേകിനെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്‌തു.  ജാതീയത കലര്‍ന്ന അസഭ്യവാക്കുകള്‍ വിളിച്ച്‌ അപമാനിക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയില്‍ പറയുന്നു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നു ബോധരഹിതനായ വിവേകിനെ സമീപത്തെ മുറിയിലെ വിദ്യാര്‍ഥികളാണു മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കഴുത്തിനു സാരമായി പരുക്കേറ്റ വിവേകിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചതവേറ്റിട്ടുണ്ട്‌. സംഭവത്തില്‍ പരാതി ലഭിച്ചതായും കേസെടുത്തതായും ഗാന്ധിനഗര്‍ എസ്‌.ഐ. എം.ജെ. അരുണ്‍ കേസ്‌ എടുത്തു" എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെയുള്ളവർ ആണ് ഈ കേസിൽ പ്രതിസ്ഥാനത്ത് ഉള്ളത്.

കളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക് വിദ്യാർത്ഥി പീഡനം
വിദ്യാർത്ഥി രാഷ്ട്രീയം ഏറ്റവും ശക്തമായ കളമശ്ശേരി ഗവണ്മെന്റ് പോളിറ്റെക്നിക്കിൽ വിദ്യാർത്ഥി ഹോസ്റ്റൽ ആയ പെരിയാറിൽ നടക്കുന്ന പീഡനങ്ങളെ സബന്ധിക്കുന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. പെരിയാറിലെ പാകൃതമായ റാഗിങ്ങിനെ കുറിച്ച് മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നത് ഇങ്ങനെ. "ആണ്‍കുട്ടികളുടെ ഹോസ്റ്റലായ പെരിയാറില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മനുഷ്യാവകാശ കമീഷനും റേഞ്ച് ഐ.ജിക്കും പരാതി സമര്‍പ്പിച്ചത്. ഭക്ഷണശാലയില്‍ അടിവസ്ത്രം ധരിപ്പിക്കാതിരിക്കുക, കുളിമുറിയുടെ വാതില്‍ തുറന്നുവെച്ച് കുളിപ്പിക്കുക, നിര്‍ബന്ധിത നഗ്നതപ്രദര്‍ശനം തുടങ്ങിയ പ്രാകൃതചട്ടങ്ങള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചേല്‍പിച്ചിരുന്നെന്നും ആരെങ്കിലും എതിര്‍ത്താല്‍ കൂടുതല്‍ പ്രാകൃതപീഡനങ്ങള്‍ക്ക് വിധേയരാക്കിയിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാല്‍ നഗ്നരാക്കി ഭക്ഷണഹാളിനുചുറ്റും ഓടിക്കുമായിരുന്നു. ശൗചാലയം അടച്ചിട്ട് കുളിക്കുന്നവരെ കണ്ടത്തെി പൂട്ടിയിടുന്നതും തോര്‍ത്ത് മാത്രം ധരിച്ച് ഭക്ഷണശാല കഴുകണമെന്ന നിബന്ധനയും ഭയന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷംപേരും താമസം മതിയാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു" റാഗിങ്ങിനു ഇരയായ വിദ്യാർത്ഥികൾ എറണാകുളം റേഞ്ച് ഐ ജിയ്ക്കും മനുഷ്യാവകാശകമ്മീഷനും പരാതി നൽകുകയായിരുന്നു. തുടർന്ന് പോളിടെക്നിക്ക് ആന്റി റാഗിങ്ങ് സെൽ നടത്തിയ അന്വേഷണത്തിൽ 11 വിദ്യാർത്ഥികളെ സസ്പ്എന്റ് ചെയ്തിട്ടുണ്ട്. കളമശ്ശേരിയിൽ നടന്ന റാഗിങ്ങ് സംബന്ധിച്ച് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പോളിടെക്നിക് എസ് എഫ് ഐ നേതൃത്വത്തിന്റെ ഈ വിഷയത്തിലെ നിലപാടും അപഹാസ്യമായി തോന്നി. "കോളേജിൽ നടന്ന സംഭവം പോലീസല്ല കോളേജ് അധകൃതരാണ് അന്വേഷിക്കേണ്ടതെന്ന് എസ് എഫ് ഐ നേതൃത്വം ആവശ്യപ്പെട്ടു. കോളേജ് അധികൃതർ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എൻ എഫ് ഐ നേതൃത്വം ആവശ്യപ്പെട്ടു" എന്നതാണ് എസ് എഫ് ഐ നിലപാടായി ആ വാർത്തയിൽ പ്രസിദ്ധീകരിച്ചത്. റാഗിങ്ങ് ഒരു ക്രിമിനൽ കുറ്റമാണ്. അതിനുള്ള അന്വേഷണം നടത്തേണ്ടത് പോലീസും ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടത് കോടതിയും ആണ്. റാഗിങ് തടയുന്നതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ 2009 മെയ് 8-ലെ സുപ്രധാനമായ ഒരു വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതിനു വീഴ്ചവരുത്തുന്ന സ്ഥാപന മേലധികാരികളും ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ കുറ്റക്കാരാണ്. 

കഴിഞ്ഞ മൂന്നു മാസക്കാലത്ത് സ്വാശ്രയ / സ്വകാര്യ സ്ഥാപനങ്ങളിൽ അല്ലാതെ നടന്ന് ചില വിദ്യാർത്ഥി പീഡനങ്ങൾ സംബന്ധിക്കുന്ന വാർത്തകൾ ആണ് മുകളിൽ പറഞ്ഞത്. മഞ്ചേരി മെഡിക്കൽ കോളേജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതും ഡിസംബർ മാസത്തിൽ ആണ്. സദാരലംഘനം ആരോപിച്ച് തൃശൂർ സ്വദേശിയായ യുവാവിനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ആക്രമിച്ചതും കഴിഞ്ഞ ആഴ്ചകളിൽ ആണ്. ഈ വിഷയത്തിൽ ഏഷ്യാനെറ്റ് ചർച്ചയിൽ പങ്കെടുത്ത് എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് നടത്തിയ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾ വിളിച്ചു വരുത്തുകയും ചെയ്തു. സ്വാശ്രയ / സ്വകാര്യ സ്ഥാപനങ്ങളിൽ നടക്കുന്ന മാനേജ്മെന്റ് പീഡനങ്ങൾ പോലെ തന്നെ എതിർക്കപ്പെടേണ്ടതും സമൂഹത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകേണ്ടതുമായ വിഷയം തന്നെയാണ് വിദ്യാർത്ഥി സംഘടനകൾക്ക് ശക്തമായ വേരോട്ടം ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികളിൽ നിന്നും ഏൽക്കുന്ന പീഡനങ്ങളും. ആ വിദ്യാർത്ഥികളുടെ രോദനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകരുത്.


Sunday, 25 December 2016

പതിയിരിക്കുന്ന അപകടം

ഈ പറയുന്നത് വൈപ്പിൻകരയെ കുറിച്ചാണ്. കൃത്യമായി പറഞ്ഞാൽ വൈപ്പിനിലെ രണ്ട് ഗ്രാമങ്ങളെ കുറിച്ച്. കുഴുപ്പിള്ളിയും എടവനക്കാടും. ഈ രണ്ട് ഗ്രാമങ്ങളിലും ഉള്ളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, കാൽനടക്കാരായ മുതിർന്നവർക്ക് നേരിടേണ്ടുന്ന ഒരു അപകടസാദ്ധ്യതയെ കുറിച്ചാണ്. അതുകൊണ്ട് എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള കുഴുപ്പിള്ളിക്കാരും എടവനക്കാട്ടുകാരുമായ സുഹൃത്തുക്കൾ അല്പം സമയം എടുത്തിട്ടായാലും ഇതൊന്ന് വായിക്കണം എന്ന അപേക്ഷയുണ്ട്. പങ്കെവെയ്ക്കപ്പെടുന്ന ആശങ്ക ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മാത്രം ഇത് ഷെയർ ചെയ്യുക

വൈപ്പിൻകരക്കാർ അല്ലാത്തവർക്കായി ഒരല്പം ചരിത്രം. എറണാകുളം ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് അറബിക്കടലിനും കൊച്ചിക്കായലിനും ഇടയിലായി 26 കിലോമീറ്റർ നീളത്തിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. വൈപ്പിനിലെ പ്രധാനസഞ്ചാരപാത ഇങ്ങ് തെക്കേയറ്റത്ത് ഫോർട്ട് വൈപ്പിൻ മുതൽ അങ്ങ് വടക്കേഅറ്റത്ത് മുനമ്പം വരെ നീണ്ടുകിടക്കുന്ന വൈപ്പിൻ - മുനമ്പം റോഡ് ആണ്. ഇന്ന് അത് വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയാണ്. ഗൂഗിൾ മാപ്പിൽ നോക്കുന്ന ഏതൊരാൾക്കും വൈപ്പിൻ കരയിലെ ഈ ധമനിയെ മുറിച്ചുകൊണ്ട് വൈപ്പിൻ ദ്വീപിനെ വീണ്ടും ചെറിയ ചെറിയ ഖണ്ഡങ്ങളാക്കുന്ന നിരവധി ചെറുതോടുകൾ കാണാം. പ്രധാനമായും 14 തോടുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയെ മുറിക്കുന്നുണ്ട്


വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാതയെ മുറിച്ച് കടന്നുപോകുന്ന തോടുകൾ
മുൻപ് ഇത് അധികം വാഹനങ്ങൾ ഇല്ലാത്ത ഒരു പാതയായീരുന്നു വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത. എന്നാൽ മാല്യങ്കരപാലം വന്നതോടെ കൊടുങ്ങല്ലൂർ തൃശൂർ ഭാഗങ്ങളിൽ നിന്നുള്ളതുൾപ്പടെ വടക്കൻ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾക്ക് എറണാകുളത്തേയ്ക്ക് എത്താൽ എളുപ്പമുള്ള മാർഗ്ഗമായി വൈപ്പിൻ - പള്ളിപ്പുറം പാതമാറി. അങ്ങനെ ലോകത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്നായ വൈപ്പിനിലെ ഈ വീതികുറഞ്ഞ പാതയിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അവസ്ഥയായി. ഒരു ചെറിയ സമയത്തെ ബ്ലോക്ക് പോലും വാഹനങ്ങളുടെ വലിയ നിരതന്നെ സൃഷ്ടിക്കുന്ന അവസ്ഥ. റോഡിനു അല്പം വീതി കൂടിയെങ്കിലും ഗതാഗതക്കുരുക്കിനു പലപ്പോഴും കുറവില്ലാതെ വന്നു. ഇതിൽ ഏറ്റവും ദുർഘടമായിരുന്നത് മുകളിൽ പറഞ്ഞ തോടുകൾക്ക് കുറുകെയുള്ള വീതികുറഞ്ഞ പാലങ്ങൾ ആയിരുന്നു. വൈപ്പിനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ പാലങ്ങളുടെ വീതികൂട്ടുക എന്നതല്ലാതെ മറ്റു പോംവഴി ഇല്ലാതായപ്പോൾ അതിനായുള്ള പല സമരങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായി. ഒടുവിൽ തീരെ വീതികുറഞ്ഞ ഒൻപത് പാലങ്ങൾ വീതികൂട്ടി പുനർ നിർമ്മിക്കാൻ തീരുമാനമായി. നിലവിലുള്ള പാലത്തിനോട് ചേർന്ന് ആദ്യം ഒരു പാലം നിർമ്മിക്കുക പിന്നെ നിലവിലെ പാലം പൊളിച്ചുമാറ്റുകയും പുതിയപാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും ചെയ്യുക. എന്നിട്ട് പഴയപാലം ഇരുന്ന സ്ഥലത്ത് പുതിയപാലത്തോട് ചേർന്ന് പാലം നിർമ്മിക്കുക. അതാണ് നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി. ഈ പദ്ധതി അനുസരിച്ചു തന്നെ ഏഴുപാലങ്ങളും പുനർനിർമ്മിച്ചു. റോഡിനേക്കാൾ ഇരട്ടി വീതി പാലങ്ങൾക്ക് ഉണ്ടായി. 

കുഴുപ്പിള്ളിയിൽ പഴയപാലം പൊളിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നു. പുതിയ പലത്തിലൂടെകടന്നുപോകുന്ന വാഹനങ്ങളും കാണാം
പല പ്രശ്നങ്ങൾമൂലം രണ്ട് പാലങ്ങൾ എടവനക്കാട് പഞ്ചായത്തിലെ പഴങ്ങാട് പാലവും കുഴുപ്പിള്ളി പഞ്ചായത്തിലെ കുഴുപ്പിള്ളി പാലവും. സ്ഥലം ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരവും പാലത്തിന്റെ സമീപത്തുള്ള വഴി അടഞ്ഞുപോകുന്നതു സംബന്ധിച്ച തർക്കവും ആണ് ഈ രണ്ട് പാലങ്ങളുടെ പുനർനിർമ്മാണം വൈകുന്നതിന്റെ കാരണങ്ങൾ. ഇപ്പോൾ ഈ രണ്ട് പാലങ്ങളൂടെയും പുനർ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സമാന്തരമായ പലാങ്ങൾ പണിപൂർത്തിയാക്കി. കുഴുപ്പിള്ളി പാലത്തിൽ പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും പഴയപാലം പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. 

ഇനിയാണ് പ്രധാനപ്രശ്നം. കുഴുപ്പിള്ളിയിൽ ഒന്നാംഘട്ടം പണിപൂർത്തിയായി ഗതാഗതം അതിലൂടെ തിരിച്ചുവിട്ടു. പഴയപാലം പൊളിച്ചുതുടങ്ങി. പുതിയതായി പണിതപാലത്തിനു വീതി വളരെ കുറവാണ്. രണ്ടാഘട്ടം പൂർത്തിയാകുമ്പോഴെ പാലത്തിനു പൂർണ്ണമായ വീതി ഉണ്ടാകൂ. ഇപ്പോൾ ഒരു ബസ്സ് പാലത്തിൽ കറിയാൽ പിന്നെ ഒരാൾക്ക് നടക്കാനുള്ള സ്ഥലം ഉണ്ടാകില്ല. അതാണ് അവസ്ഥ. പാലത്തിനു ഏതാനും മീറ്ററുകൾ അകലെ ഒരു ഹയർ സെക്കന്ററി സ്ക്കൂളും ഒരു യു പി സ്ക്കൂളും ഉണ്ട്. സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്ക്കൂൾ, സെന്റ് ഗ്രിഗറീസ് യു പി സ്ക്കൂൾ. കുഴുപ്പിള്ളി പഞ്ചായത്തിലെ തന്നെ ഏക ഹയർ സെക്കന്ററി സ്ക്കൂൾ. നിരവധികുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. അധികവും ഈ ഗ്രാമത്തിലെ തന്നെ സാധാരണക്കാരായവരുടെ മക്കൾ. നടന്നും സൈക്കിളിലും സ്ക്കൂളിൽ എത്തുന്നവർ. ഞാനും ഇതേ സെന്റ് ഗ്രിഗറീസിലെ പൂർവ വിദ്യാർത്ഥിയാണ്. സ്കൂൾ വിട്ടാൽ വടക്കുഭാഗത്തു നിന്നും വരുന്ന കുട്ടികൾ കൂട്ടമായി ഈ പാലം കടന്ന് വേണം അപ്പുറം എത്താൻ. ഇപ്പോഴും അവർ പൊളിച്ചു തുടങ്ങിയ പഴയപാലത്തിലൂടെ നടന്നാണ് അപ്പുറം എത്തുന്നത്. ഈ പാലം പൂർണ്ണമായും പൊളിച്ചു കഴിഞ്ഞാൽ ഈ കുട്ടികളുടെ മാത്രമല്ല പ്രായമായവരുടേയും യാത്ര വളരെ അപകടം പിടിച്ചതാവും. പുതിയ പാലത്തിൽ എന്തായാലും കാൽനടക്കാർക്ക് പോകാൻ സാധിക്കില്ല. 


പുതിയ പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ
ഈ വിഷയത്തിൽ ഏക പരിഹാരമാർഗ്ഗം പണിനടക്കുന്ന പാലത്തിനു പടിഞ്ഞാറുവശത്തായി ഒരു നടപ്പാത ഉണ്ടാക്കുക എന്നതാണ്. ഈ പ്രശ്നം പാലം പണിയുന്ന ഘട്ടത്തിൽ മുൻകൂട്ടിക്കാണാൻ ബന്ധപ്പെട്ടവർക്ക സാധിക്കാതെ പോയി. പഴയപാലം പൊളിച്ചു മാറ്റുന്നതിനു മുൻപ് ഈ വിഷയത്തിനു പരിഹാരം ഉണ്ടാക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അധികാരികൾ ഉണർന്നു പ്രവർത്തിക്കും എന്ന് കരുതുന്നു. എടവനക്കാട്ടും ഇപ്പോൾ പഴപാലത്തിലൂടെ ആണ് ഗതാഗതം നടക്കുന്നത്. ഒന്നാംഘട്ടം പാലം പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ടം തുടങ്ങുന്നതിനു മുൻപേ അവിടേയും നടപ്പാത ആവശ്യമായി വരും. നിലവിലെ പാലം പൊളിക്കുന്നതിനു മുൻപ് അവിടേയും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകണം. വൈപ്പിനിൽ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്ക്കൂൾ ആണ് ആ പാലത്തിനു മുൻപുള്ളത്. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹിദായത്തുൾ ഇസ്ലാം ഹയർ സെക്കന്ററി സ്ക്കൂൾ. അപകടങ്ങൾ ഉണ്ടായിട്ട് വിലപിക്കുന്നതിൽ അർത്ഥമില്ല. അത് ഉണ്ടാകാതെ നോക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ പ്രായമായവർക്കും വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കും കാൽനടക്കാർക്കും സുരക്ഷിതമായി യാത്രചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഒരു നടപ്പാത ഈ രണ്ട് സ്ഥലങ്ങളിലും ഉണ്ടാകണം എന്ന് പറയുന്നത്. വൈപ്പിൻ എം എൽ എ കൂടിയായ എസ് ശർമ്മ എംഎൽഎ മുൻകൈ എടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി G Sudhakaran അവർകളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് നടപ്പാത നിർമ്മാണത്തിനാവശ്യമായ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കും എന്ന് കരുതുന്നു.