Friday 25 September 2009

ഒടുവിൽ പിണറായിയും

രാഷ്‌ട്രീയനേതാക്കളുടെ അഭിനയപ്രതിഭ പലപ്പോഴും വെളിപ്പെടുക കോടതി മുറികളിൽ ആണ്. സന്തോഷത്തോടെ അല്ലെങ്കിൽ വളരെ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴും നിറഞ്ഞ ചിരി മുഖത്ത് വിരിയിച്ച് ഞാനിതെല്ലാം എത്ര കണ്ടതാണെന്നമട്ടിൽ കോടതി മുറിയിൽ കയറുന്നവർ വിധി അനുകൂലമല്ലെന്നറിയുമ്പോൾ മോഹാലസ്യപ്പെട്ടു വീഴുന്നതും അനുയായികൾ അവരെ എത്രയും പെട്ടന്ന് വൈദ്യസഹായത്തിനും തുടർന്നുള്ള വിശ്രമത്തിനുമായി ആശുപത്രിയിലേക്ക് മാറ്റുന്നതുമായ കാഴ്‌ച അത്ര പുതുമയുള്ളതൊന്നും അല്ല. എന്നാലും ഇന്ന് അത്തരം രംഗങ്ങൾ ഒന്നും പ്രതീക്ഷിച്ചതും ഇല്ല. കാരണം പ്രാരംഭ വാദം പോലും തുടങ്ങിയിട്ടില്ലല്ലൊ. കുറ്റം ചാർത്തപ്പെട്ട പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതും അവർ അതു നിഷേധിക്കുന്നതും ജാമ്യത്തിനപേക്ഷിച്ച് ജാമ്യം ലഭിക്കുമ്പോൾ കേസിന്റെ മറ്റു രേഖകളുമായി പോവുന്നതുമായ പതിവു ചിത്രം മാത്രമാണ് പ്രതീക്ഷിച്ചത്. മറ്റെല്ലാ പ്രതികളേയും പോലെ സഖാവ് പിണറായി വിജയനും അവിടെ എത്തി ജാമ്യം നേടും എന്നു തന്നെയായിരുന്നു എന്റേയും ധാരണ രണ്ടു ദിവസം മുൻപ് വരെ. എന്നാൽ രണ്ടു ദിവസം മുൻപേ പാർട്ടി പത്രം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ 25 വരെയുള്ള എല്ലാ പൊതു പരിപാടികളും റദ്ദാക്കിയതുമായ വാർത്ത പ്രസിദ്ധീകരിച്ചപ്പോഴേ തീരുമാനിച്ചു 24നു കോടതിയിൽ അദ്ദേഹം എത്തില്ല. ഇന്നലെ രാത്രിയോടെ സിൻഡിക്കേറ്റും അത് ഉറപ്പിച്ചു. ഇന്ന് കോടതിയിൽ അഞ്ചു പ്രതികൾ ഹാജരാവുകയും ജാമ്യം നേടി മടങ്ങുകയും ചെയ്തു. വെറും കൈയ്യോടെ വന്ന പലരും കൈനിറയെ രേഖകളും ആയിട്ടാണ് മടങ്ങിയത്. കേസ് വീണ്ടും ഡിസംബറിലേക്ക് മാറ്റിയതായും മാധ്യമങ്ങളിൽ നിന്ന് അറിയുന്നു. എന്തായാലും മൂന്നുമാസം ഈ രേഖകൾ വായിച്ചു പഠിക്കാൻ തന്നെ തികയില്ല എന്നാണ് എന്റെ ഒരു ഊഹം. ഒരു പക്ഷേ എന്റെ നിലവാരം വെച്ചു ചിന്തിച്ചതുകൊണ്ടാവാം. കോടതിയിൽ കയറാതെ താൻ തന്നെ സമർത്ഥൻ എന്ന് സഖാവ് പിണറായി വിജയൻ തെളിയിച്ചിരിക്കുന്നു. അഭിവാദ്യങ്ങൾ. ഒരിക്കലും അവസാനിക്കാത്ത ഈ കേസിൽ അദ്ദേഹം എന്തിനാണ് ഇത്രയും ഭയക്കുന്നത്. സുരേഷ് ഗോപിയുടെ വാചകം കടമെടുത്താൽ ഒരു മന്ത്രിയെപ്പോലും തുറങ്കിൽ അടച്ചിട്ടില്ല ഈ സമത്വസുന്ദര ഭാരതം. കാരണം അത്തരം കേസുകൾ പെട്ടന്ന് തീരാറില്ലെന്നതുതന്നെ.

പതിവുപോലെ നീണ്ടു പോവാൻ തന്നെയാവും ഈ കേസിന്റേയും യോഗം. നവീകരണങ്ങൾക്കായി വൃധാചെലവിട്ട കോടികളും ഉപഹാരമായി തരാമെന്നു പറഞ്ഞ കോടികളും പോയി. ഇനി അതിന്റെ പേരിൽ വീണ്ടും കുറേ കോടികൾ ഇങ്ങനേയും തുലച്ചതുകൊണ്ട് ആർക്കെന്ത് പ്രയോജനം. ഈ കേസിലും ആരേയും ശിക്ഷിക്കും എന്ന വിശ്വാസം എനിക്കില്ല. ഗ്രഫൈറ്റ്, ഇടമലയാർ, പൊമോയിൽ, അങ്ങനെ നമ്മുടെ കൊച്ചുകേരളത്തിൽ തന്നെ ഇതിനു മുൻ‌പേ തുടങ്ങിയ എത്ര കേസുകൾ കിടക്കുന്നു തീരാൻ. അങ്ങു കേന്ദ്രത്തിലാണെങ്കിൽ ബോഫോഴ്‌സ്, ഹവാല, ചന്ദ്രസ്വാമി, തുടങ്ങി കണക്കെടുത്താൽ തീരില്ല. പലതും അവസാനിക്കുന്നത് പ്രതികൾ മരിക്കുന്നതോടെയാണെന്ന് തോന്നുന്നു. ഒരുകാലം ഉണ്ടായിരുന്നു തീസ് ഹസാരി ബാഗ് മജിസ്‌ട്രേറ്റ് അജിത് ഭാ‍രിഹോക്ക് എന്ന് കേൾക്കുമ്പോൾ വളരെ ആകാംഷയോടെ ബാക്കി കേൾക്കാൻ കാത്തിരുന്ന കാലം. കാരണം ഇന്ത്യ കണ്ട ഏറ്റവും ഉദ്യേഗജനകമായ വി ഐ പി കേസ് അദ്ദേഹമാണ് വാദം കേട്ടിരുന്നത്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിനെതിരായ കേസ്. തീഹാർജയിലിലെ സുരക്ഷാസംവിധാനങ്ങൾ അന്തേവാസിയായി മുൻപ്രധാനമന്ത്രി വരുന്നതിനാൽ ശക്തമാക്കുന്നു എന്നു പോലും വാർത്തകൾ വന്നു. എന്നിട്ടെന്തായി ഒന്നും നടന്നില്ല. അതാണ് നമ്മുടെ രീതി.

അഴിമതി അവിടെ നിൽക്കട്ടെ. രാജ്യദ്രോഹകുറ്റത്തിനു വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ കോടതികൾ ശിക്ഷിച്ചവരുടെ കാര്യമോ? രാജീവ് ഗാന്ധി വധക്കേസിലും, പാർലമെന്റ് ആക്രമണകേസിലും കോടതി വധശിക്ഷ വിധിച്ച പ്രതികൾ പോലും ഇപ്പോഴും ശിക്ഷനടപ്പാക്കപ്പെടാതെ ജയിലുകളിൽ കഴിയുന്നു. രഷ്‌ട്രീയ ഇഛാശക്തി ഉള്ള ഭരകൂടങ്ങളാണ് ഇവിടെ വേണ്ടത്. സംസ്ഥാനത്തെ ഗുണ്ടാ രാഷ്‌ട്രീയ ബന്ധത്തെക്കുറിച്ച് വിലപിക്കുന്നവർ ഈ രാജ്യദ്രോഹികളുടെ കാര്യത്തിൽ കേന്ദ്രം കാണിക്കുന്ന മൗനം കാണുന്നില്ലെ. രാഷ്‌ട്രപതിയുടെ വിവേചനാധികാരം എന്നൊന്നും പറയരുത്. ഇക്കാര്യത്തിൽ ആഭ്യന്തമന്ത്രാലയത്തിന്റെ അഭിപ്രായം തേടി രാഷ്‌ട്രപതിമാർ നൽകിയ കത്തുകൾ ആ വിഭാഗത്തിൽ തന്നെ കാണും. സമയം കിട്ടിയാൽ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന സഹമന്ത്രിക്കുതന്നെ നോക്കാവുന്നതേയുള്ളു. ഒരിക്കലും നിലക്കാത്ത വിചാരണകളും നടപ്പിലാക്കപ്പെടത്ത ശിക്ഷാവിധികളും അതാണ് പ്രമാദവുന്ന ഇത്തരം സ്കൂപ്പുകളുടെ അന്ത്യം. ജനങ്ങളൂടെ നികുതിപ്പണം നഷ്ടപെടുന്നതിനപ്പുറം ഇതുകൊണ്ട് ഒരു പ്രയോജനവും കാണുന്നില്ല.

35 comments:

  1. മണീ,

    പോസ്റ്റിലെ പൊതുവായ വികാരത്തോടും വിഷയത്തോടും യോജിക്കുന്നു.അവസാ‍നിക്കാതെ പോകുന്ന കേസുകൾ നമ്മുടെ ജുഡീഷ്യറിയുടെ അപര്യാപ്തത തന്നെയാണ് വെളിപ്പെടുത്തുന്നത്.വൈകി വരുന്ന നീതി നീതി നിഷേധിക്കുന്നതിനു തന്നെ തുല്യമാണ്.

    പിണറായി കുറ്റക്കാരൻ എന്ന രീതിയിലുള്ള പ്രചാരണം കേസ് കോടതിയിൽ എത്തും മുൻപേ തുടങ്ങിയിരിക്കുന്നു.ഈ കേസ് ഒരു പത്തു പതിനഞ്ച് വർഷമെങ്കിലും കോടതിയിൽ കിടക്കാനാണു സാധ്യത.വിചാരണ തുടങ്ങാൻ തന്നെ 4 വർഷം എടുത്തേക്കാം.അവസാനം പിണറായി കുറ്റക്കാരനല്ല എന്ന് കോടതി കണ്ടെത്തിയാൽ അദ്ദേഹത്തിനു നഷ്ടമാകുന്ന “വർഷ”ങ്ങൾ ആരു തിരികെ കൊടുക്കും.കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷിക്കാം..അല്ലെങ്കിലോ?

    ഇതൊരു പ്രധാന പ്രശ്നമാണ്.

    ആശംസകൾ!

    ReplyDelete
  2. വേണ്ട.....വേണ്ടാ...... നമ്മുടെ സഖാവിനെ തൊട്ടൊള്ള കളിയൊന്നും വേണ്ടാ.. സഖാവ് സുനിൽ കൃഷ്ണൻ ഇവിടെയുള്ളതു കൊണ്ടു ഞാൻ സാംസാരിക്കുന്നില്ല... :) .. :) .. :) (മൂന്നു സ്മൈലി...പണ്ടേ എനിക്കു ഈ പാർട്ടിക്കാരേ പെടിയാണു)
    കള്ളക്കെസും കൊടതിയും ഞങൾക്കു പുല്ലാണു.
    ഇങ്കുലാബ് സിന്ദാബാദ്.

    ReplyDelete
  3. സുനില്‍ പറഞ്ഞ അതേ ന്യായങ്ങള്‍ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പുകേസിലും ബാധകമാണ്. ശബരീനാഥിന് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ആരു തിരികെക്കൊടുക്കും? കുറ്റക്കാരന്‍ ആനെങ്കില്‍ ശിക്ഷിക്കാം, അല്ലെങ്കിലോ?

    പാവം ഓം പ്രകാശും ജയിലില്‍ കിടക്കുന്നു. കുറ്റപത്രം പോലും വന്നില്ല. നഷ്ടപ്പെടുന്നത് എത്ര വര്‍ഷങ്ങള്‍

    ReplyDelete
  4. സിമീ,

    ഇക്കാര്യം മദനിയുടെ കാര്യത്തിൽ നമ്മൾ കണ്ടു കഴിഞ്ഞതാണ്.അപ്പോൾ അതിനു കൂടുതൽ വിശദീകരണം വേണ്ട.

    ഞാനീക്കാര്യം ചൂണ്ടിക്കാട്ടിയത് വിധി വരുന്നതിലും കോടതി നടപടികളിലുമുണ്ടാകുന്ന വൻ കാലതാമസം എങ്ങനെ അതിലുൾപ്പെട്ടിരിക്കുന്ന ആൾക്കാരെ ബാധിക്കുന്നു എന്ന് പറയാനാണ്.അതുകൊണ്ടു തന്നെയാണു ഈ പോസ്റ്റിന്റെ ഉള്ളടക്കത്തോട് യോജിക്കുന്നു എന്ന് പറഞ്ഞത്!

    അതു പറയുമ്പോൾ “നാട്ടുകാരനെ” പ്പോലെ മഞ്ഞക്കണ്ണട വച്ച് രാവിലെയും ഉച്ചക്കും വൈകിട്ടും “പിണറായി പിണറായി” എന്നു ജപിച്ചു കൊണ്ടിരിക്കുന്ന ചിലർക്ക് സഹിക്കില്ല.

    ആ അസുഖത്തിനു മരുന്നില്ല

    ReplyDelete
  5. പിണറായി കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ...അദ്ദേഹത്തിന് നഷ്ടപ്പെടുന്ന വര്‍ഷങ്ങളെപ്പറ്റി ബേജാറാകുന്ന താങ്കള്‍ ഈ ഒറ്റ ഇടപാട് മൂലം രാജ്യത്തിന് നഷ്ടപ്പെട്ട കോടികളെക്കുറിച്ച് എന്ത് കൊണ്ട് ചിന്തിക്കുന്നില്ല? അദ്ദേഹം കുറ്റക്കാരനല്ലെങ്കില്‍ എന്ത് കൊണ്ട് അന്തസായി അന്വേഷണത്തെ നേരിടുന്നില്ല? എന്ത് കൊണ്ട് കോടതിയിലെത്തി ജാമ്യമെടുത്തില്ല.... ശരീര സുഖമില്ലപോലും..!!ഈ പുറംപൂച്ചുകളും കള്ളത്തരങ്ങളും കണ്ടു നില്കുന്ന പൊതുജനത്തിന് മനസ്സിലാവുന്നില്ല എന്നുള്ള വിചാരം തന്നെ രാഷ്ട്രീയക്കാര്‍ ആദ്യം മാറ്റണം. അങ്ങനെയുള്ളവരെ എന്തെങ്കിലും കാര്യസാധ്യതക്ക് വേണ്ടി പിന്തുണയ്ക്കുന്ന ആളുകള്‍ ഉള്ളിടത്തോളം കാലം ഇതു പോലുള്ള കേസുകള്‍ ഒരിക്കലും അവസാനിക്കാതെ തുടരും.

    ReplyDelete
  6. ഇപ്പോൾ പാവം സെബാസ്റ്റിയൻ പൊളും “നാട്ടുകാരനെ” പ്പോലെ മഞ്ഞക്കണ്ണട വച്ച് രാവിലെയും ഉച്ചക്കും വൈകിട്ടും “പിണറായി പിണറായി” എന്നു ജപിച്ചു കൊണ്ടിരിക്കാൻ തുടങിയിട്ടുണ്ട്.

    പ്രതികരിക്കൂ.....പ്രതികരിച്ചു സഹായിക്കൂ.... പാർട്ടിയുടെ ഉദകക്രിയ കാണുന്നതും ഒരു സുഖമല്ലേ സഖാവേ.....

    ReplyDelete
  7. ഗാട്ടുകാരന്‍25 September 2009 at 15:23

    ഇനി സെബാസ്റ്റിയന്‍ പോളിനു വെച്ചടി കേറ്റം. നാട്ടുകാരൊക്കെ ഏറ്റെടുത്ത് തുടങ്ങിയല്ലോ. ഇത് തന്നെയല്ലോ ദേശാഭിമാനിയും പറഞ്ഞത്.

    ReplyDelete
  8. രഘുനാഥനും നാട്ടുകാരനും മറ്റു സുഹൃത്തുക്കൾക്കും,

    പിണറായി അല്ലല്ലോ ഈ പോസ്റ്റിലെ വിഷയം.അവസാനിക്കാതെ നീളുന്ന കേസുകളെക്കുറിച്ചാണു മണി ഈ പോസ്റ്റ് ഇട്ടിരിക്കുന്നതെന്നാണു ഇതു വായിച്ചപ്പോൾ എനിക്കു മൻസ്സിലായത്.അതിനു സത്യത്തിൽ പിണറായിയുടെ കാര്യം പറയേണ്ടതു പോലുമില്ലായിരുന്നു.പക്ഷേ പെട്ടെന്നു കൈയടി കിട്ടാനും ആൾക്കാർ ശ്രദ്ധിക്കാനുമായി പിണറായിയുടെ പേരു തലക്കെട്ടിലും പോസ്റ്റിനുള്ളിലും തിരുകിക്കയറ്റി എന്നേയുള്ളൂ.ആ “ഏക പക്ഷീയത”ആണു ഈ പോസ്റ്റിന്റെ ഏറ്റവും വലിയ പരാജയവും.അല്ലേങ്കിൽ ഈ പോസ്റ്റ് ഉൾക്കൊള്ളൂന്ന വിഷയം ഒരു നല്ല ചർച്ചക്ക് വഴി തെളിക്കേണ്ടതായിരുന്നു.

    പിണറായി എന്ന് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കൊണ്ടാണു അതേ പേരു ഉപയോഗിച്ച് ഒരു കോടതി നടപടികളിലെ കാലതാമസം ഉണ്ടാക്കാവുന്ന ഒരു വിന ഞാൻ ചൂണ്ടിക്കാട്ടിയത്.അപ്പോളേക്കുമതാ പുൽക്കൂട്ടത്തിൽ മറഞ്ഞിരുന്ന ചില “പുലിക്കുട്ടി”കൾ ചാടിയിറങ്ങി.”എവിടെ പിണറായി അവനെ തട്ട്, കൂടെ സുനിലിനേയും തട്ട്..”

    എന്തിനാ കൂട്ടുകാരെ ഈ ആക്രോശങ്ങൾ? പോസ്റ്റിലെ വിഷയവുമായി വല്ലോം പറഞ്ഞ് ആ മണി കണ്ഠനു സമാധാനം നൽകൂ...പോസ്റ്റിലെ വിഷയത്തെക്കുറിച്ച് സംസാരിക്കാനറിയില്ലെങ്കിൽ ചുമ്മ ഉറഞ്ഞു തുള്ളിയിട്ട് കാര്യമില്ല.

    ReplyDelete
  9. കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് ഈ അടുത്ത കാലത്തും ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ തന്നെ തുറന്നു പറഞ്ഞതും രാജ്യമാകെ “അതി വേഗ ‘ കോടതികൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞതും ആരും മറന്നു കാണില്ല എന്ന് കരുതുന്നു.

    അങ്ങനെ വല്ലോം ചർച്ച ചെയ്യൂ ...ചുമ്മാ ‘പിണറായി പിണറായി” എന്ന് ജപിച്ചു കൊണ്ടിരിക്കാതെ...

    വിചാരണത്തടവുകാരനായി 9 വർഷം മദനി ജയിലിൽ കിടന്നതിനെപ്പറ്റി പറയാത്തെ?

    ReplyDelete
  10. "രാഷ്‌ട്രീയനേതാക്കളുടെ അഭിനയപ്രതിഭ പലപ്പോഴും വെളിപ്പെടുക കോടതി മുറികളിൽ ആണ്"

    ഇദ്ധേഹത്തിന് അത്ര ആത്മ വിശ്വാസം കാണില്ല അതായിരിക്കും അണിയറയില്‍ നിന്നു തന്നെ അരങ്ങു നിയന്ത്രിക്കാന്‍ തീരുമാനിച്ചത്, പക്ഷേ എത്ര കാലമെന്നാണ് ചോദ്യം ക്ലൈമാക്സിലെങ്കിലും വരാതിരിക്കില്ലല്ലോ നമുക്കു കാത്തിരിക്കാം.

    ReplyDelete
  11. ഇവന്മാരൊന്നും ഒരു കാലത്തും നന്നാവില്ല മണികണ്ഠാ.പിന്നെ നാം കുറേ വിലപിക്കുക,അവര്‍ കുറേ ആലപിക്കട്ടെ..

    ReplyDelete
  12. രാഷ്ട്രീയ വൈരാഗ്യം പ്രകടിപ്പിക്കാന്‍ ഒരു തലക്കെട്ട് എത്രത്തോളം ഭംഗിയായി ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ ഗവേഷണം നടത്താന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഈ പോസ്റ്റ് ഒരു ‘റഫറന്‍സ്’ ആയി ഉപയോഗിക്കാവുന്നതാണെന്ന് ഇതിനാല്‍ ശുപാര്‍ശ ചെയ്തുകൊള്ളുന്നു. ഒന്നു രണ്ടു കൊല്ലം മുന്‍പ് സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ ‘മനോരമ’ ഈ വിദ്യ പ്രയോഗിച്ചത് അവരുടെ മറ്റു പതിവു തന്ത്രങ്ങളുടെ കൂട്ടത്തില്‍ അധികമാരും ശ്രദ്ധിച്ചുകാണില്ല. ഈയിടെ മറ്റൊരു ‘മ’പത്രവും സമാനമായ തന്ത്രം പ്രയോഗിച്ചത് - ബംഗാളിലെ ഒരു ഉപതെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് - കണ്ടു. ഈ പത്രമഹാരഥന്മാരുടെ ശിഷ്യനല്ല, ഗുരു സ്ഥാനം തന്നെ അലങ്കരിക്കാന്‍ യോഗ്യനാണ് മണീ താങ്കള്‍ എന്നു പറഞ്ഞാല്‍ മുഷിയരുത്. ‘കോടതി നടപടികളിലെ കാലതാമസം’ എന്ന വളരെ ഗൌരവമുള്ള ഒരു വിഷയം ഉന്നയിക്കുന്ന പോസ്റ്റില്‍ പകുതിയോളം ഭാഗം പിണറായി വിജയന്റെ കാര്യം പറയാന്‍ നീക്കി വെച്ചതിന് മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് തോന്നുന്നില്ല.

    (അതിനിടെ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. പിണറായി വിജയന്‍ രോഗബാധിതനായത് രണ്ടു ദിവസം മുന്‍പല്ല!)

    ReplyDelete
  13. Justice delayed is justice denied.

    ReplyDelete
  14. "രഷ്‌ട്രീയ ഇഛാശക്തി ഉള്ള ഭരകൂടങ്ങളാണ് ഇവിടെ വേണ്ടത്. "

    >> പാപം ചെയ്യാത്ത ആരുണ്ട്‌ മണിക്കുട്ടാ ഇവിടെ കല്ലെറിയാന്‍

    ReplyDelete
  15. മദനി തന്നെ തനിക്കു പറ്റിയ തെറ്റുകള്‍ ഏറ്റുപറഞ്ഞതും, മദനിക്കെതിരെ തെളിവുകള്‍ “ഇല്ലാതെ വന്നതും“ അതിനു ലഭിച്ച പ്രതിഭലവുമൊക്കെ നമ്മല്‍ കണ്ടതല്ലേ സുനിലേ...

    പിന്നെ സുനിലിനേപ്പോലുള്ള മൂടുതാങികള്‍ ഉള്ളടത്തോളം കാലം പിറയിമാര്‍ക്കെന്റു പേടിക്കാന്‍...

    ReplyDelete
  16. ഇവിടെ എത്തിയവർക്കും അഭിപ്രാ‍യങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും എന്റെ നന്ദി.

    സുനിൽ കൃഷ്ണൻ: ആദ്യകമന്റിനും,പോസ്റ്റിലെ പൊതുവികാരത്തോടുള്ള യോജിപ്പിനും നന്ദി. ഇടമലയാർ, പാമോയിൽ, ഗ്രാഫൈറ്റ് കേസുകളുടെ ചരിത്രം വെച്ചുനോക്കിയാൽ സുനിലേട്ടൻ പറഞ്ഞതുപോലെ പതിനഞ്ചിൽ നിൽക്കുമോ എന്നത് സംശയമാണ്. കാരണം മേല്പറഞ്ഞ കേസുകളിൽ പ്രതിസ്ഥാനത്ത് നിന്നിരുന്ന എല്ലാവരും നമ്മുടെ നാട്ടിൽ തന്നെ ഉള്ളവരാണ്. ഈ കേസിൽ അങ്ങനെയല്ലല്ലൊ. അങ്ങ് കാനഡയിൽ നിന്നും രണ്ടു പ്രതികൾ ഇല്ലെ. അവരുടെ കാര്യം എന്ന് തീരുമാനം ആവുമെന്ന് പറയാൻ കഴിയില്ലല്ലൊ. സഖാവ് പിണറായി വിജയൻ കുറ്റക്കാരനാണൊ അല്ലയോ എന്ന വിഷയത്തിൽ ബൂലോകം ഒരു പാടു ചർച്ചകൾ നടത്തിയതാണ്. പക്ഷേ അതൊന്നും എങ്ങും എത്തിയില്ല എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഒരു കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട് ഈ കരാറിന്റെ അടിസ്ഥാനത്തിൽ എസ് എൻ സി ലാവ്‌ലിൻ കമ്പനി വഴി സംസ്ഥാനത്തെ വിവിധ ജലവൈദ്യുതപദ്ധതികളിൽ നടത്തിയ നവീകരണപ്രവർത്തനങ്ങൾ സംസ്ഥാന വിദ്യുച്ഛക്തി വകുപ്പിനും സംസ്ഥാനത്തിന്റെ പൊതു ഖജനാവിനും കോടികളുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കരാറിൽ ഉണ്ടായിരുന്ന ചില പഴുതുകൾ നൽ‌കാമെന്നേറ്റ പല ആനുകൂല്യങ്ങളും (മലബാർ കാൻസർ സെന്ററിനുള്ള സാമ്പത്തിക സഹായം ഉൾപ്പടെ) സംസ്ഥാനത്തിന് ലഭ്യമാക്കാതെ തന്നെ കരാർ തുക പൂർണ്ണമായും കൈപ്പറ്റുന്നതിന് എസ് എൻ സി ലാവ്‌ലിൻ കമ്പനിയെ സഹായിച്ചു. ഇത്തരം വീഴ്ചകൾ കരാറിൽ വരുത്തി സംസ്ഥാനഖജനാവിന് കോടികൾ നഷ്ടം വരുത്തിയവർ തീർച്ചയായും ശിക്ഷ അർഹിക്കുന്നു എന്നതാണ് എന്റെ അഭിപ്രായം. അത് ശ്രീ കടവൂർ ശിവദാസനായാലും, സഖാവ് പിണറായി വിജയനായാലും, ശ്രീ ജി കാർത്തികേയനായാലും, സഖാവ് എസ് ശർമ്മയായലും, ശ്രീ കെ മുരളീധരനായാലും ഉദ്യോഗസ്ഥമേധാവികൾ ആയാലും ശരിതന്നെ.

    കേസ് നടത്തിപ്പിൽ ഉണ്ടാകുന്ന കാലതാമസം സഖാവ് പിണറായി വിജയനെ എങ്ങനെ ബാധിക്കും എന്നതിൽ സുനിലേട്ടൻ വ്യാകുലപ്പെടുന്നത് മനസിലാക്കുന്നു. ഇത്തരം അവസ്ഥ സംസ്ഥാനത്തെ എത്രയോ നേതാക്കൾ അനുഭവിച്ചിരിക്കുന്നു അല്ലെങ്കിൽ അനുഭവിക്കുന്നു. ഗ്രാഫൈറ്റ് കേസിൽ ശ്രീ ബാലകൃഷ്ണപിള്ള എത്ര വർഷമായി അലയുന്നു. സുപ്രീംകോടതി വരെ ഈ ഇടപാട് സംസ്ഥാനസർക്കാരിനു സാമ്പത്തിക നഷ്‌ടം ഉണ്ടാക്കിയിട്ടില്ല എന്നല്ലെ പറഞ്ഞത്. (ഗ്രഫൈറ്റ് കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ സഹായിച്ചു എന്നതാണ് ആരോപണം. ലാവ്‌ലിൻ കേസിൽ സംസ്ഥാ‍ന ഖജനാവിന് നേരിട്ട് നഷ്ടം സംഭവിച്ചു എന്നതും പ്രത്യേകം ഓർക്കണ്ടേ)ശ്രീ ടി പി അബ്‌ദുൾ നാസർ മദനിയുടെ കാര്യം വ്യത്യസ്തമാണ്. കോടതിയെ മാനിക്കാതെ കോടതി വാറണ്ടുകൾ കൈപ്പറ്റാതെ ‘മുങ്ങി‘ നടന്ന അവസ്ഥയിൽ ഗത്യന്തരമില്ലതെ ആണ് നായനാർ സർക്കാർ അറസ്റ്റ് ചെയ്ത് കൈമാറിയത്. അങ്ങനെ ഒരു പ്രതിയെ കോടതി എന്ത് ധൈര്യത്തിൽ ജാമ്യത്തിൽ വിടും. അതിലേക്ക് ഞാൻ കൂടുതൽ കടക്കുന്നില്ല.

    സുനിലേട്ടൻ സൂചിപ്പിച്ചതു തന്നെയാണ് എന്റെ പോസ്റ്റിന്റെ കാതൽ. “അനന്തമായി നീളുന്ന കോടതി വ്യവഹാരങ്ങൾ“ എന്തുകൊണ്ട് ഇത്തരം കേസുകൾ നീളുന്നു. ഈ സംഭവം എടുത്താൽ ഇന്നലെ സഖാവ്‌ പിണറായി വിജയൻ ഹാജരായിരുന്നെങ്കിൽ മൂന്നു മാസം കഴിഞ്ഞ് ഒരു പക്ഷേ വിചാരണ തുടങ്ങാൻ കഴിയുമായിരുന്നില്ലെ. ഡിസംബറിൽ വീണ്ടും കേസ് വിളിക്കുമ്പോൾ (അതിനിടയിൽ സുപ്രീംകോടതിയിൽ നിന്നും ഈ കേസിന്റെ മുന്നോട്ടുള്ള നടപടികളെ ബാധിക്കുന്ന വിധത്തിൽ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ) സഖാവ് പിണറായി വിജയൻ ഹാജറാകും എന്ന് സങ്കല്‍പ്പിക്കുക. അദ്ദേഹം ജാമ്യത്തിനപേക്ഷിക്കും കുറ്റപത്രം വാങ്ങിക്കും പഠിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടും. വീണ്ടും കേസ് നീട്ടിവെയ്ക്കും. ഹാജറായില്ലെങ്കിലോ അപ്പോഴും വീണ്ടും കേസ് നീട്ടിവെയ്ക്കും. പൂർണ്ണ ആരോഗ്യമുള്ള നേതാക്കൾ കോടതിനടപടികളോട് സഹകരിക്കാത്തതിനാൽ എത്ര കേസുകളാണ് ഇങ്ങനെ നീണ്ട് പോവുന്നത്. കോടതികൾക്ക് മുൻപിൽ പോലും സമരം നയിക്കുന്ന ഇക്കൂട്ടർ കോടതിയിൽ കേസ് വിളിക്കുമ്പോൾ പോലീസിന്റെ ഭാഷയിൽ കണ്ടെത്താൻ സാധിക്കാത്ത പ്രതികൾ ആണ്. എല്ലാ രാഷ്ട്രീയകക്ഷികളും ഇത്തരത്തിൽ ഉള്ള നടപടികളിലൂടെ കോടതിയെ അവഹേളിക്കുകയല്ലെ ചെയ്യുന്നത്? അതുകൊണ്ട് കാലതാമസത്തിന് ഉത്തരവാദികൾ കോടതികൾ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കേസുകളോട് സഹകരിക്കുന്നതിൽ പ്രതികൾ കാണിക്കുന്ന അലംഭാവവും കാലതാമസത്തിന് കാരണമാണ്.

    ReplyDelete
  17. ഇത്രയും എഴുതിയതിന്റെ കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ രാഷ്‌ട്രീയം ജീവിത മാർഗ്ഗമായി തിരഞ്ഞെടുത്തിട്ടില്ലാത്തവരാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ബലിയാടാവുക. ചില ഉപരോധസമരങ്ങൾ ധർണ്ണകൾ എന്നിവയിലെല്ലാം പങ്കെടുക്കുന്ന എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം സന്തം ജാമ്യത്തിൽ വിട്ടയക്കാറുണ്ട്. ഇതിൽ പലരും ഒരു രാഷ്‌ട്രീയ പാർട്ടിയുടേയും സജീവ പ്രവർത്തകർ ആവില്ല. ഇത്തരം കേസുകൾ പിന്നീട് കോടതിയിൽ എത്തുക വർഷങ്ങൾക്ക് ശേഷമാവും. അപ്പോൾ ഈ പ്രതികൾ എല്ലാം ഹാജരാവണം. പക്ഷേ നേതാക്കൾ അപ്പോഴും ഇതു പോലെ മുങ്ങും. പിന്നെ കേസ് അവധിക്ക് വെക്കലായി. വിദ്യാർത്ഥിസമരങ്ങളുടെ ഭാഗമായി പ്രിൻ‌സിപ്പലിനേയും മറ്റും ഖരവോ ചെയ്തതിന്റെ പേരിൽ വർഷങ്ങൾക്ക് ശേഷവും കോടതി വ്യവഹാരത്തില്‍പ്പെട്ട് നടക്കുന്ന ചില വ്യക്തികളെ എനിക്കറിയാം. അങ്ങനെ വർഷങ്ങൾ കോടതി കയറിയിറങ്ങി നടക്കാൻ വിധിക്കപ്പെട്ടവരെപ്പറ്റിയും ഈ ആകുലത ആവശ്യമല്ലെ.

    ReplyDelete
  18. നാട്ടുകാരൻ: എനിക്കും എല്ലാവരേയും പേടിയാണ്. :) നന്ദി.

    സിമി: നേരത്തെ എഴുതിയ മറുപടി ശ്രദ്ധിക്കുമല്ലൊ. നന്ദി

    രഘുനാഥൻ: താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു. തെറ്റ് ചെയ്തവർ ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. കേസുകൾ അനന്തമായി നീണ്ടുപോവരുത്. നന്ദി.

    കാവാലൻ: ഒരാൾ ഹാജരാകാതെ മുങ്ങി നടക്കുമ്പോൾ മറ്റുള്ളവർക്കും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണ് നഷ്‌ടമാവുന്നത്. കേസ് തീരുന്നതിൽ കൂടുതൻ കാലം എടുക്കുകയും ചെയ്യും. നന്ദി.

    അരീക്കോടൻ സർ ഇത്രയും അങ്ങനെ നിരാശനാകേണ്ട കാര്യമുണ്ടോ? ജനാധിപത്യമല്ലെ. എന്നെങ്കിലും ഈ കേസുകളിൽ ശിക്ഷ ഉണ്ടാവും എന്ന് വിശ്വസിക്കാം. നന്ദി.

    വിജി പിണറായി തലക്കെട്ടുകൾ എപ്പോഴും ആകർഷകങ്ങൾ തന്നെ ആവണം, എങ്കിലേ ബ്ലോഗ് പോലുള്ള ഒരു മാധ്യമത്തിൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ സാധിക്കൂ. സഖാവ് പിണറായി വിജയൻ എന്നവ്യക്തിയോട് എനിക്ക് എന്ത് രാഷ്‌ട്രീയ വൈരാഗ്യം. കേരളം പോലുള്ള ഒരു സംസ്ഥനം ഭരിക്കുന്ന പാർട്ടിയുടെ സമുന്നതനായ നേതാവെവിടെ നിസ്സാരനായ ഞാൻ എവിടെ. ഇത്തരം സംഭവങ്ങൾ കാണുമ്പോൽ ഒരു പൗരൻ എന്ന നിലയിൽ എന്റെ മനസ്സിലുള്ള ആശയങ്ങൾ മാത്രമാണ് എഴുതിയത്. സമകാലീക സംഭവം എന്ന നിലയിൽ, ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സംഭവം എന്ന നിലയിൽ സഖാവ് പിണറായി വിജയൻ ഉൾപ്പെടുന്ന ലാവ്‌ലിൻ കേസിലൂടെ ‘കോടതി നടപടികളിലെ കാലതാമസം’ എന്ന വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചു എന്നു മാത്രം. അതിന് ഇത്രയും ബഹുമതികൾ ആവശ്യമായിരുന്നോ?

    deertfox: yes I agree with you. thanks

    കണ്ണനുണ്ണി: അങ്ങനെ നോക്കിയാൽ ആരേയും ശിക്ഷിക്കാൻ സാധിക്കാതെ വരില്ലെ കണ്ണാ. അതും സ്വീകര്യമായ ഒന്നല്ലല്ലൊ. കുറ്റം ചെയ്യുന്നവർ നിലവിലുള്ള വ്യവസ്ഥിതി അനുസരിച്ച് ശിക്ഷിക്കപ്പെടുകതന്നെ വേണം.

    ഇവിടെ എത്തിയതിന് എല്ലാവർക്കും ഒരിക്കൽകൂടി നന്ദി

    ReplyDelete
  19. Why people like simmi,mani etc are worrying.Ours is a democratic country,let Antorny also come and explain his stand in the court.

    Friends (mani, simi..)the case has gone out of our hands?? Has anybody expected Karthikeyan shuttling between Chennai and Kozhicode in a span of 4 days to face CBI(ha,ha ha), that too by the direction of COURT ?

    So let Antony also come, because himself and karthikeyan were architectos of Lavalin agreement.

    Be calm, Antony will come too, dont worry, it may be irritating, disgusting for you but truth shall prevail

    how long with the help of right wing media,you can sustain, my dear ?

    ReplyDelete
  20. എല്ലാ കാര്യങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ അറിയുന്ന ഒരാളെങ്കിലും ബൂലോകത്തുണ്ടല്ലോ...സമാധാനമായി.

    "മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു കാളയെല്ലാം...."എന്നാണല്ലോ?? പ്രണാമം..(അല്ല പ്രമാണം..)

    ReplyDelete
  21. Reasearch എന്നതിനു ഗവേഷണം എന്ന് പറഞ്ഞു വരുന്ന നാടാണ് തന്റെയും എന്റെയും ഭാരതം(അതായത് ഗോവിനെ അന്വേഷിക്കുന്നത്).
    അതുകൊണ്ട് ഗോവു ഗമിക്കുന്നതിനെ ചൊല്ലി വേവലാതിപ്പെടണ്ട.

    ReplyDelete
  22. ‘തലക്കെട്ടുകള്‍ എപ്പോഴും ആകര്‍ഷകങ്ങള്‍ തന്നെ ആവണം, എങ്കിലേ ബ്ലോഗ് പോലുള്ള ഒരു മാധ്യമത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കൂ.’

    തീര്‍ച്ചയായും അതെ. അതിന് രാഷ്ട്രീയം തന്നെ പറയണമല്ലോ അല്ലേ? ഇപ്പോള്‍ ഏറ്റവും ‘മാര്‍ക്കറ്റ് വാല്യു’ ഉള്ള സംഗതിയാണല്ലോ സി പി എമ്മിനെതിരെ അഥവാ അത്തിന്റെ നേതാക്കള്‍ക്കെതിരെ എന്തെങ്കിലും പറയുക എന്നത്? അപ്പോള്‍ ആളുകളെ ആകര്‍ഷിക്കാന്‍ അതു തന്നെ വിദ്യ! തെറ്റു പറയാനാവില്ല.

    ഒരു സംശയം... അതേ ലാവലിന്‍ കേസില്‍ തന്നെ മുന്‍ മന്ത്രി കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കാന്‍ ഇനിയും നാലു മാസം കൂടി വേണമെന്നാണ് സി ബി ഐ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാല്‍, ഒന്നുകില്‍ കാര്‍ത്തികേയന്റെ പങ്കിനെക്കുറിച്ച് ഇതുവരെ ഒരു അന്വേഷണവും നടത്തിയിരുന്നില്ല, അല്ലെങ്കില്‍ പത്തോളം പ്രതികളും പ്രതികളല്ലാത്ത ഒട്ടേറെ പേരും അടക്കമുള്ളവരുടെ പങ്ക് അഥവാ പങ്കില്ലായ്മ രണ്ടു രണ്ടര കൊല്ലം കൊണ്ട് അന്വേഷിച്ചു തീര്‍ത്തവര്‍ക്ക് ആറു മാസത്തോളം അന്വേഷിക്കാന്‍ തക്ക പങ്ക് അദ്ദേഹത്തിനുണ്ട് എന്ന്. രാഷ്ട്രീയ മാനങ്ങള്‍ എന്തോ ആകട്ടെ, ഇത്രയും വര്‍ഷം നീണ്ട അന്വേഷണ നടപടികള്‍ ഇനിയും നീട്ടാനും കോടതി നടപടികള്‍ കൂടുതല്‍ വൈകിക്കാനും സി ബി ഐയുടെ നടപടി ഇടയാക്കും എന്നതില്‍ സംശയത്തിനു വകയില്ലല്ലോ? ഇരുപത്തിനാലാം തീയതി വിജയന്‍ ഹാജരാകാതിരുന്നത് കേസ് വൈകിക്കാന്‍ ഇടയാക്കുമെന്നു വാദിക്കുന്നവര്‍, അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസ് അന്വേഷിക്കാന്‍ ഇനിയും നാലു മാസം വേണമെന്നു പറയുന്ന അന്വേഷക സംഘത്തിന്റെ നടപടി കേസ് വൈകിക്കാന്‍ ഇടയാക്കുമെന്ന് ആശങ്കപ്പെടാത്തതിനു പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല എന്ന് സൂചിപ്പിച്ചെന്നേയുള്ളൂ.

    ReplyDelete
  23. വിഷയവുമായി കാര്യമായ ബന്ധമില്ലാത്ത എന്തെങ്കിലും പരാമര്‍ശത്തില്‍ കുടുങ്ങി വഴി തെറ്റുന്ന ബ്ലോഗ് ചര്‍ച്ചകള്‍ പലതും കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ പെടാതെ രാഷ്ട്രീയവ്യതിയാനങ്ങള്‍ മാറ്റി വെച്ച് ‘കോടതി നടപടികളിലെ കാലതാമസം’ എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനാണെങ്കില്‍ ഞാന്‍ കൂടെയുണ്ട്. :)

    ReplyDelete
  24. അനോണീ, ആന്റണിയും വരട്ടെ. കാര്‍ത്തികേയന്‍ കുറ്റം ചെയ്തെങ്കില്‍ അയാളെ ശിക്ഷിക്കട്ടെ.. ആന്റണി കുറ്റക്കാരനാണെങ്കില്‍ ആന്റണിയെയും ശിക്ഷിക്കട്ടെ. ഇനി (അഥവാ, അബദ്ധവശാല്‍, അങ്ങനെ വരാന്‍ വഴിയില്ല, എന്നാലും) പിണറായി വിജയന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെയും ശിക്ഷിക്കട്ടെ.

    വിജീ, അതു തന്നെ. കോടതിവിധിയിലെ കാലതാമസം. മനുഷ്യര്‍ക്ക് അസുഖം വരുന്നത് ഇന്നസമയത്തേ ആകാവൂ എന്നില്ലല്ലോ. ഉവ്വോ. കോര്‍ട്ട് ഹിയറിങ്ങ് സെപ്റ്റംബര്‍ 24-നു. പിണറായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത് സെപ്റ്റംബര്‍ 23-നു. അദ്ദേഹത്തിന്റെ നെഞ്ചുവേദന വേഗം സുഖമാ‍വട്ടെ.

    ReplyDelete
  25. ആന്റണിയോ കാർത്തികേയനോ ഉമ്മൻ‌ചാണ്ടിയോ ആരുവേണമെങ്കിലും വരട്ടെ. എനിക്ക് ഒരു അസഹിഷ്ണുതയും ഇല്ല. അതുകൊണ്ട് ഈ കേസിൽ സത്യങ്ങൾ കൂടുതൽ പുറത്തുവരുമെങ്കിൽ അതുതന്നെയാണ് വേണ്ടതും.
    പക്ഷേ കോടതിയിൽ ഹാജരാവുന്നകാര്യം ആലോചിക്കുമ്പോഴേ ഈ നേതാക്കൾക്കെല്ലാം നെഞ്ചുവേദന വരുന്നതെന്താണാവോ? ഇത്രലോലമാണോ ആ ഹൃദയങ്ങൾ :)

    വിജി പിണറായി: എക്കാലത്തും ഭരണകഷിയുടെ രാഷ്‌ട്രീയ ഉൾപ്പോരുകൾ മാധ്യമങ്ങളിൽ വലിയ വാർത്തകൾ ആയിട്ടുണ്ട്. യു ഡി എഫ് ഭരിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ചെറിയ സംഭവങ്ങൾ പോലും എല്ലാ മധ്യമങ്ങളും ആഘോഷിച്ചിരുന്നു. ഇപ്പോൾ എൽ ഡി എഫ് ഭരിക്കുന്നു. മുൻ‌പൊരിക്കലും ഉണ്ടാ‍യിട്ടില്ലാത്ത വിധത്തിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടിയിലെ മുതിർന്ന നേതാക്കളും പാർട്ടി അനുഭാവികളും പാർട്ടി ഫോറങ്ങൾക്ക് വെളിയിൽ ചർച്ച ചെയ്യാൻ തയ്യാറവുന്നു. അത്തരം സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് മനഃസിലാകുന്നില്ല.

    ഈ കേസ് സി ബി ഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതിയിലെ പ്രഗൽഭരാ‍യ അഭിഭാഷകർ വരെ കേരള ഹൈക്കോടതിയിൽ എത്തി വാദിച്ചു. വിജിലൻസ് അന്വേഷിച്ച് അവസാ‍നിപ്പിച്ചകേസിൽ ഇപ്പോൾ ഇത്രയെങ്കിലും വിവരങ്ങൾ പുറത്തുവന്നില്ലെ. ഇനിയും അന്വേഷിക്കട്ടെ കൂടുതൽ കുറ്റക്കാരുണ്ടെങ്കിൽ കണ്ടെത്തട്ടെ. പക്ഷേ അവിടം കൊണ്ട് തീരരുത്, കുറ്റവാളികളായി കണ്ടെത്തുന്നവർ ആരായാലും അവരെ കൈയ്യാമം വെച്ച് കോടതിയിൽ എത്തിക്കണം മാതൃകാപരമായി ശിക്ഷിക്കണം. അതു കാലതാമസം ഇല്ലാതെ നടക്കണം. അല്ലാതെ ജനങ്ങളൂടെ നികുതിപ്പണം മുടിപ്പിക്കുന്നതിനുള്ള ഒരു പ്രഹസനം ആവരുത് ഈ അന്വേഷണം. തെറ്റുകാരനല്ലെന്ന് ഉത്തമ ബോധ്യമുള്ളവർ കോടതിയിൽ കേസിനെ നേരിടണം. അങ്ങനെ തങ്ങളുടെ നിരപരാധിത്വം തെളിയിക്കണം. അല്ലാതെ കോടതികയറാതെ തടിയൂരാനുള്ള കുറുക്കുവഴികളും മുടന്തൻ ന്യായങ്ങളും ഉന്നയിക്കകയല്ല വേണ്ടത്. അത് സഖാവ് പിണറായി വിജയൻ ആയാലും, ശ്രീ ജി കാർത്തികേയൻ ആയാലും.

    ReplyDelete
  26. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളിലോ പുറത്തോ ചര്‍ച്ച ചെയ്യുന്നതിനെപ്പറ്റിയോ അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ചോ ഇവിടെ ആരും പറഞ്ഞില്ലല്ലോ മണീ...! ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി വിജയന്‍ നിശ്ചിത ദിവസം കോടതിയില്‍ ഹാജരാകാതിരുന്നത് കോടതി നടപടികള്‍ വൈകിക്കാനും കോടതി കയറാതെ തടിയൂരാനുമുള്ള വഴി തേടലും ഒക്കെ ആണെന്ന് വ്യാഖ്യാനിക്കുകയും അതേ സമയം അതിനേക്കാളേറെ വൈകിക്കാന്‍ ഇടയാക്കാവുന്ന സി ബി ഐയുടെ നടപടി കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതിനെപ്പറ്റിയേ ഞാന്‍ പറഞ്ഞുള്ളൂ. (വിജയന്‍ കോടതിയില്‍ എത്താതിരുന്നത് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കൊണ്ടാണെന്ന് ഇതു വരെ ആരും പറഞ്ഞുകേട്ടിട്ടില്ല! അപ്പോള്‍ പിന്നെ താങ്കള്‍ ഇവിടെ അക്കാര്യം കൊണ്ടുവരുന്നത് എന്ത് ഉദ്ദേശ്യത്തിലാണ്?)

    ‘കോടതിയില്‍ ഹാജരാവുന്നകാര്യം ആലോചിക്കുമ്പോഴേ ഈ നേതാക്കള്‍ക്കെല്ലാം നെഞ്ചുവേദന വരുന്നതെന്താണാവോ?’ ഈ പറഞ്ഞത് വിജയനെ ഉദ്ദേശിച്ചാണെങ്കില്‍ മുകളില്‍ സിമി ചൂണ്ടിക്കാട്ടിയ ലിങ്കും താങ്കളുടെ പോസ്റ്റിലെ തന്നെ ഒരു വാചകവും (‘...രണ്ടു ദിവസം മുന്‍പേ പാര്‍ട്ടി പത്രം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാല്‍ 25 വരെയുള്ള എല്ലാ പൊതു പരിപാടികളും റദ്ദാക്കിയതുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച...’) കൂടി വായിച്ചു നോക്കുന്നത് നന്നായിരിക്കും. വിജയനു നെഞ്ചു വേദന ഉണ്ടായത് 23-നാണ്. എന്നാല്‍ അതിനു മുന്‍പേ തന്നെ അദ്ദേഹത്തിന്റെ അനാരോഗ്യത്തെക്കുറിച്ചും പൊതു പരിപാടികള്‍ റദ്ദാക്കിയതായും കോടതിയില്‍ ഹാജരാകാനിടയില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു എന്നിരിക്കെ 23-നുണ്ടായ നെഞ്ചുവേദന കോടതിയില്‍ ഹാജരാകുന്നതോര്‍ത്താണെന്ന വ്യാഖ്യാനം ആരെ വിശ്വസിപ്പിക്കാനാണ്? അതിനും മൂന്നാഴ്ചയോളം മുന്‍പു തന്നെ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായില്ലെന്നും വാര്‍ത്തകള്‍ വന്നതും കണ്ടിരുന്നില്ലായിരിക്കും. (പി ബി യോഗത്തിന് പോകേടേണ്ടിയിരുന്നതിന്റെ തലേന്ന് അസുഖബാധിതനായത് പി ബിയില്‍ പങ്കെടുക്കാതെ തടിയൂരാനാണെന്നു കൂടി പറയുമോ ആവോ?)

    ഏതായാലും താങ്കളുടെ യഥാര്‍ഥ ‘ലക്ഷ്യം’ സാധിച്ച ലക്ഷണമുണ്ട്. കോടതി നടപടികളിലെ കാലതാമസം എന്ന വിഷയത്തില്‍ നിന്ന് തീര്‍ത്തും വ്യതിചലിച്ച് വിജയനെതിരായ ആക്രമണം മാത്രമായി മാറിക്കഴിഞ്ഞു ഇവിടത്തെ ചര്‍ച്ച.

    ReplyDelete
  27. സിമിയും മണികണ്ഠനും എന്തിനാ ഇത്ര വേവലാതി.വിജയന്‍ ഇന്ത്യന്‍ പൌരനാണല്ലോ.അദ്ദേഹം ചൈനീസ്‌ നിയമക്രമമോ,പാക്കിസ്താന്‍ നിയമ സംഹിതയോ ഈ വിചാരണ യില്‍ ഫോളോ ചെയ്യണം എന്ന് പറഞ്ഞോ ? ഇല്ലല്ലോ.'ഇന്ത്യന്‍ കോടതി' അദ്ദേഹത്തിന് 24 നു ഹാജരാവുന്നതില്‍ നിന്ന് വിടുതികൊടുത്തു ,അത് അംഗീകരിക്കയും ചെയ്തു.കോടതിക്കും മോളിലാണോ സിമികള്‍ ?
    കാര്‍ത്തികേയനെ കുറിച്ചു അന്വേഷിക്കാന്‍ ഇനിയും നാലുമാസം വേണം എന്നും സി.ബീ,ഐ കോടതിയില്‍ ബോധിപ്പിച്ചു (ഹ, ഹ ഹ, ന്നു വച്ചാ അന്വേഷണം കൃത്യമായി ഇതുവരെ നടത്തിയില്ലെന്ന്.ഇതെന്തൊരു സീ.ബി.ഐ.? )ഈ കാര്യവും വിജയന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇനി ആന്റണിയെയും ചോദ്യം ചെയ്യണമെന്നു കോടതി പറഞ്ഞാല്‍ ചോദ്യം ചെയ്യേണ്ടി വരും(കാര്‍ത്തികേയനും അങ്ങനെയാണല്ലോ ഇവിടെ വരെ എത്തിയത്, കോടതി പറഞ്ഞത് കൊണ്ട് മാത്രം)

    അപ്പൊ, വെപ്രാളപ്പെടല്ലേ, ശാന്തമായി ഇനി കളി കണ്ടിരിക്കൂ,ഗാലറിയില്‍ ഇരിക്കൂ, ആവേശം കൊണ്ട് ഗ്രൌണ്ടില്‍ ഓടിക്കയറി തനിക്കു ഇഷ്ടമുള്ള കക്ഷിരാഷ്ട്രീയ കളിക്കാര്‍ക്കിടയില്‍ കൂടി ഗോളടിക്കാന്‍ ശ്രമിക്കാതിരിക്കൂ.

    ReplyDelete
  28. സിമിയും മണികണ്ഠനും എന്തിനാ ഇത്ര വേവലാതി.വിജയന്‍ ഇന്ത്യന്‍ പൌരനാണല്ലോ.അദ്ദേഹം ചൈനീസ്‌ നിയമക്രമമോ,പാക്കിസ്താന്‍ നിയമ സ ഹിതയോ ഈ വിചാരണയില്‍ ഫോളോ ചെയ്യണം എന്ന് പറഞ്ഞോ ? ഇല്ലല്ലോ. കോടതി അദ്ദേഹത്തിന് 24 നു ഹാജരാവുന്നതില്‍ നിന്ന് വിടുതി കൊടുത്തു അത് അംഗീകരിക്കയും ചെയ്തു. കോടതിക്കും മോളിലാണോ സിമികള്‍ ?
    കാര്‍ത്തികേയനെ കുറിച്ചു അന്വേഷിക്കാന്‍ ഇനിയും നാലുമാസം വേണം എന്നും സി.ബീ,ഐ കോടതിയില്‍ ബോധിപ്പിച്ചു (ഹ, ഹ ഹ, ന്നു വച്ചാ അന്വേഷണം കൃത്യമായി ഇതുവരെ നടത്തിയില്ലെന്ന്. ഇതെന്തൊരു സീ.ബി.ഐ.? )ഈ കാര്യവും വിജയന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇനി ആന്റണിയെയും ചോദ്യം ചെയ്യണമെന്നു കോടതി പറഞ്ഞാല്‍ ചോദ്യം ചെയ്യേണ്ടി വരും(കാര്‍ത്തികേയനും അങ്ങനെയാണല്ലോ ഇവിടെവരെ എത്തിയത്,കോടതി പറഞ്ഞത് കൊണ്ട് മാത്രം)

    അപ്പൊ,വെപ്രാള പ്പെടല്ലേ, ശാന്തമായി ഇനി കളി കണ്ടിരിക്കൂ,ഗാലറി യില്‍ ഇരിക്കൂ,ആവേശം കൊണ്ട് ഗ്രൌണ്ടില്‍ ഓടിക്കയറി തനിക്കു ഇഷ്ടമുള്ള കക്ഷി രാഷ്ട്രീയ കളിക്കാര്‍ക്കിടയില്‍ കൂടി ഗോളടിക്കാന്‍ ശ്രമിക്കാതിരിക്കൂ.

    ReplyDelete
  29. വിജി പിണറായി:
    ഇപ്പോള്‍ ഏറ്റവും ‘മാര്‍ക്കറ്റ് വാല്യു’ ഉള്ള സംഗതിയാണല്ലോ സി പി എമ്മിനെതിരെ അഥവാ അത്തിന്റെ നേതാക്കള്‍ക്കെതിരെ എന്തെങ്കിലും പറയുക എന്നത്? അപ്പോള്‍ ആളുകളെ ആകര്‍ഷിക്കാന്‍ അതു തന്നെ വിദ്യ! തെറ്റു പറയാനാവില്ല.

    താങ്കളുടെ മേൽ കമന്റിനുള്ള മറുപടിയായാണ് ഞാൻ മാധ്യമങ്ങൾ ഭരണകക്ഷിയുടെ ഉൾപാർട്ടി വിഷയങ്ങൾ എക്കാലത്തും സജീവമായി ചർച്ചചെയ്തിരുന്നു എന്ന് പറഞ്ഞത്. അത് ഒരു പുതിയ കാര്യം അല്ല. സഖാവ് പിണറായി വിജൻ കോടതിയിൽ ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഹാജറാകാതിരുന്നത് മനഃപൂർവ്വമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനു കാരണം ഈ കേസിൽ സി ബി ഐ അന്വേഷണം ഇല്ലാതാക്കാൻ ആദ്യം മുതലേ പാർട്ടി ശ്രമിച്ചിരുന്നു. പ്രോസിക്യൂഷൻ അനുമതി നൽകിയ ഗവർണ്ണറുടെ നടപടിയെപ്പോലും സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത് ഈ അന്വേഷണം വേണ്ട എന്ന് തീരുമാനത്തിലാണ്. സഖവ് പിണറായി വിജയൻ കോടതിയിൽ എത്താതിരുന്നത് ഉൾപാർട്ടി പ്രശ്‌നങ്ങൾ മൂലമാണെന്നും ഞാൻ പറഞ്ഞിട്ടില്ല.

    കഴിഞ്ഞ കുറേ ദശകങ്ങളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാന നേതാക്കൾക്കെതിരായ അഴിമതിയുടെ വാർത്തകൾ ആണുള്ളത്. അതിൽ ചിലത് ഞാൻ പറഞ്ഞു. ശ്രീ നരസിംഹറാവുവിനെതിരായ ഹവാല, കോഴ ആരോപണങ്ങൾ അദ്ദേഹത്തെ ജയിൽ വാസത്തിന്റെ വക്കോളം എത്തിച്ചത്. വർഷങ്ങളായി നടക്കുന്ന ഗ്രാഫൈറ്റ്, ഇടമലയാർ, പാമോയിൽ കേസുകൾ എന്നിങ്ങനെ ഒരിക്കലും അവസാനിക്കാത്ത ഒരു നേതാവും ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒട്ടനവധി കേസുകൾ. ആ കണ്ണിയിൽ ഒടുവിൽത്തെ വ്യക്തിയാണ് സഖാവ് പിണറായി വിജൻ എന്നും മറ്റുകേസുകൾക്കുണ്ടായ അതേ ദുര്യോഗം തന്നെയാവും ലാവ്‌ലിൻ കേസിനും ഉണ്ടാവുക എന്നുമാണ് ഈ പോസ്റ്റിലൂടെ ഞാൻ പറയാൻ ശ്രമിച്ചത്. അതിൽ ലാവ്‌ലിൻ കേസിന്റെ കാര്യം ഏറ്റവും ആദ്യം പറഞ്ഞതും ആ കേസിന്റെ പശ്ചാത്തലത്തിൽ ഈ വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചതും, ഇന്നു കേരളത്തിന്റെ പൊതുസമൂഹം ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന ഒരു വിഷയം അതായതുകൊണ്ടാണ്. രാജ്യദ്രോഹികളെപ്പോലും നേരാംവണ്ണം ശിക്ഷിക്കാൻ സാധിക്കാത്ത വിവിധ സർക്കാരുകൾ (ഏതു പാർട്ടിയായാലും) ഉള്ളപ്പോൾ ഏതെങ്കിലും കേസിൽ ഏതെങ്കിലും നേതാവ് ശിക്ഷിക്കപ്പെട്ടാൽ അവർ ശിക്ഷ അനുഭവിക്കാതെ തന്നെ സ്വതന്ത്രരായേക്കും എന്ന എന്റെ ആശങ്കയും ഞാൻ രേഖപ്പെടുത്തി. എന്നാൽ താങ്കൾ ഉൾപ്പടെ പലരും പിണറാ‍യിക്കെതിരായ ആരോപണങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനഃസിലായില്ല. ഒരു പക്ഷേ എന്റെ എഴുത്തിന്റെ കുഴപ്പമാവാം...............

    ReplyDelete
  30. മണീ,

    മണിയും വഴിമാറി ഓടുന്നു.”കോടതിയിലെ കാലതാമസങ്ങ”ളെക്കുറിച്ച് പോസ്റ്റിട്ടു എന്ന് ഭാവിക്കുന്ന മണി, കമന്റിനു ഇട്ട മറുപടി വായിച്ചാൽ ഉദ്ദേശ്യം അതൊന്നുമല്ല. പിണറായിക്കിട്ട് ഒന്നു കൊട്ടുക എന്നൊരു ലക്ഷ്യമേ ഉള്ളൂ എന്ന് മനസ്സിലായി.”ഇങ്ങനെ പൂർണ്ണ ആരോഗ്യമുള്ള ആളുകൾ കോടതിയിൽ ഹാജരാകാതിരിക്കുന്നത്” എന്ന പരാമർസം പിണറായിയെ ഉദ്ദേശിച്ചാണെങ്കിൽ അതു വസ്തുതാ പരമായി തെറ്റാണ്.കോടതിയിൽ മാത്രമല്ല, എത്രയോ ദിവസം മുൻ‌പ് നടന്ന പോളിറ്റ് ബ്യൂറൊ യോഗത്തിലും അനാരോഗ്യം കാരണം അദ്ദേഹം പങ്കെടുത്തിരുന്നില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

    ഇനി അതിന്റെ പേരിൽ കോടതി നടപടി വൈകുന്നു എങ്കിൽ അതിനു ഉത്തരവാദി വിജയൻ അല്ല, മറിച്ച നമ്മൌടെ ജുഡീഷ്യറിയുടെ തകരാറാണ്.അതിനെക്കുറിച്ചാവട്ടെ മണി ഒന്നും പറയുന്നുമില്ല.

    ഡിസംബറിൽ വീണ്ടും കേസ് വിളിക്കുമ്പോൾ (അതിനിടയിൽ സുപ്രീംകോടതിയിൽ നിന്നും ഈ കേസിന്റെ മുന്നോട്ടുള്ള നടപടികളെ ബാധിക്കുന്ന വിധത്തിൽ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ) സഖാവ് പിണറായി വിജയൻ ഹാജറാകും എന്ന് സങ്കല്‍പ്പിക്കുക. അദ്ദേഹം ജാമ്യത്തിനപേക്ഷിക്കും കുറ്റപത്രം വാങ്ങിക്കും പഠിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടും. വീണ്ടും കേസ് നീട്ടിവെയ്ക്കും. ഹാജറായില്ലെങ്കിലോ അപ്പോഴും വീണ്ടും കേസ് നീട്ടിവെയ്ക്കും

    ഇതൊന്നും പിണറായി പുതിയതായി കണ്ടു പിടിക്കുന്നതല്ല.നമ്മുടെ നീതിന്യായ വ്യവസ്ഥ ഇങ്ങനെ തന്നെയാണു പ്രവർത്തിക്കുന്നത്.അതിനു മണി കുറ്റപ്പെടുത്തുന്നത് വിജയനെയാണ്.അതു ശരിയാണോ?നീതിന്യായ വ്യവസ്ഥയിലെ പഴുതുകൾ അവർ ഉപയോഗിക്കുന്നതിൽ എന്തു തെറ്റ്?

    ചുരുക്കിപ്പറഞ്ഞാൽ വിജി മുകളിൽ പറഞ്ഞതു പോലെ “കോടതി നടപടികളീലെ കാലതാമസം” അല്ല മണിയുടെ വിഷയം എന്ന് തോന്നിപ്പോകുന്നു.

    ReplyDelete
  31. 'പിണറായി വിജയന്‍ കോടതിയില്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഹാജറാകാതിരുന്നത് മനഃപൂര്‍വ്വമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’

    അങ്ങനെ വിശ്വസിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. മൂന്നാഴ്ച മുന്‍പ് സമാനമായ ആരോഗ്യ കാരണങ്ങളാല്‍ പി ബി യോഗത്തില്‍ പങ്കെടുക്കാതിരുന്നതും മന:പൂര്‍വമാണെന്നു വാദിക്കാനും അവകാശമുണ്ട്...!

    ‘ഈ കേസില്‍ സി ബി ഐ അന്വേഷണം ഇല്ലാതാക്കാന്‍ ആദ്യം മുതലേ പാർട്ടി ശ്രമിച്ചിരുന്നു.'

    സി ബി ഐ അന്വേഷണം ‘ഇല്ലാതാക്കാന്‍’ ‘ആദ്യം മുതല്‍’ ശ്രമിച്ചത് സി ബി ഐ തന്നെയായിരുന്നില്ലേ? യു ഡി എഫ് സ്ര്ക്കാര്‍ സി ബി ഐ അന്വേഷണം ശുപാര്‍ശ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം ഏറ്റെടുത്തില്ല എന്നു മാത്രമല്ല, സി ബി ഐ അന്വേഷിക്കേണ്ട കാര്യമില്ല എന്ന നിലപാടാണ് അവര്‍ തന്നെ സ്വീകരിച്ചതും. (അതിനേക്കാള്‍ മുന്‍പേ സി ബി ഐ അന്വേഷണം ‘ഇല്ലാതാക്കാന്‍’ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് യു ഡി എഫ് സര്‍ക്കാരായിരുന്നു എന്നത് വേറെ കാര്യം!)

    ‘താങ്കള്‍ ഉള്‍പ്പടെ പലരും പിണറാ‍യിക്കെതിരായ ആരോപണങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനഃസിലായില്ല.’

    മനസ്സിലാക്കാത്തത് ‘ഞാന്‍ ഉള്‍പ്പെടെ പലരുടെയും’ കുഴപ്പമല്ല! പോസ്റ്റില്‍ പകുതിയോളം ഭാഗം വിജയന്റെ കാര്യം മാത്രം പറയുകയും വിജയന്റെ അസാന്നിധ്യത്തെ വിമര്‍ശിച്ചതോടൊപ്പം കേസിനെ അതിനേക്കാളേറെ നീട്ടാനിടയാക്കുന്ന സി ബി ഐയുടെ നടപടി കണ്ടില്ലെന്നു നടിക്കുകയും അതിനു ശേഷം അതിന് ഒരു ‘മറ’യെന്നോണം മറ്റു പല കേസുകളിലെയും കാലതാമസത്തെപ്പറ്റി ഓടിച്ച്‘പറഞ്ഞെന്നു വരുത്തുക’യും ചെയ്തതിന്റെ കുഴപ്പമാണ്.

    ReplyDelete
  32. "സഖാവ് പിണറായി വിജൻ കോടതിയിൽ ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഹാജറാകാതിരുന്നത് മനഃപൂർവ്വമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനു കാരണം ഈ കേസിൽ"

    കോടതി അങ്ങനെ വിസ്വസിച്ചില്ലല്ലോ.ആന്റണിയും കാര്‍ത്തികെയനുമാണ് ഇതില്‍ നൂറു ശതമാനം കല്പ്രിറ്റ്‌ , കുറ്റവാളികള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് എനിക്ക് ഒരു 'പ്രസ്താവന'നടത്താം.കോടതി വിശ്വസിക്കണമെന്നില്ല.അതുകൊണ്ട് എന്റെയോ താങ്കളുടെ യോ 'വിശ്വാസം' അസ്ഥാനത്താണ്.

    "സി ബി ഐ അന്വേഷണം ഇല്ലാതാക്കാൻ ആദ്യം മുതലേ പാർട്ടി ശ്രമിച്ചിരുന്നു"
    ഇല്ലല്ലോ,ആദ്യം ഈ കേസില്‍ ഒരു കാര്യവുമില്ല എന്ന് പറഞ്ഞത് സീ.ബി.ഐ ആണ്.അവരാണ് അങ്ങനെ ആദ്യം അഭിപ്രായപ്പെട്ടത്.ചാണ്ടിയുടെ വിജിലന്‍സും അത് തന്നെ പറഞ്ഞു.അത് പാര്‍ട്ടി അന്ഗീകരിച്ച്ചു.ആ ലൈന്‍ തന്നെ അന്നും ഇന്നും എന്നും എന്ന് ഞാന്‍ കരുതുന്നു.

    "രാജ്യദ്രോഹികളെപ്പോലും നേരാംവണ്ണം ശിക്ഷിക്കാൻ സാധിക്കാത്ത വിവിധ സർക്കാരുകൾ (ഏതു പാർട്ടിയായാലും) ഉള്ളപ്പോൾ ഏതെങ്കിലും കേസിൽ ഏതെങ്കിലും നേതാവ് ശിക്ഷിക്കപ്പെട്ടാൽ അവർ ശിക്ഷ അനുഭവിക്കാതെ തന്നെ സ്വതന്ത്രരായേക്കും എന്ന എന്റെ ആശങ്കയും ഞാൻ രേഖപ്പെടുത്തി."

    എങ്കില്‍ അതിനു കേന്ദ്ര സര്‍ക്കാരും, agencyകളുമാണ് കുറ്റക്കാര്‍.പിണറായി അല്ല.ഉദാഹരണം.ആസിയാന്‍ കരാര്‍, അതില്‍ എത്ര കോടി മറിഞ്ഞു എന്ന് നമുക്ക് ഊഹിക്കാം. ഇസ്രയേല്‍ ആയുധ ഇടപാട്, നമ്മുടെ സ്വന്തം ആണ്ടനിയുറെതുതന്നെ. 1000കോടി മറിഞ്ഞു എന്നാണ് കേള്‍ക്കുന്നത്.പറഞ്ഞു വരുന്നത്,മറ്റു ചില വിദേശ രാജ്യങ്ങളില്‍ ഉള്ള പോലെ വിദേശ രാജ്യങ്ങളുമായി,(സ്വദേശീയമായി പോലും) കരാറില്‍ ഏര്‍പ്പെടാന്‍ ജനത്തില്‍‍ നിന്ന് നേരിട്ട് വോട്ടെടുപ്പ് നടത്താം, അല്ലെങ്കില്‍ പാര്‍ലമെന്റില്‍ അംഗീകാരം വാങ്ങണം എന്ന് വ്യവസ്ഥവെക്കാം അല്ലെങ്കില്‍ ഏതു കരാറും ഒരു judicial‍ കമ്മിറ്റിയുടെ clearans നു വിടാം..അങ്ങനെ അങ്ങനെ..((കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ടതാണ് ഇതൊക്കെ)
    അല്ലാതെ ഈ പരിദേവനമൊക്കെ ഒന്നുകില്‍ വ്യക്തമായ വ്യക്തി രാഷ്ട്രീയം, അല്ലെങ്കില്‍ ഒരുതരം കാമം കരഞ്ഞു തീര്‍ക്കല്‍..

    ReplyDelete
  33. പലപ്പോഴും ഇത്തരം കേസുകളിൽ (ലാവ്‌ലിൻ കേസിൽ മാത്രമല്ല) കോടതികൾ സ്വീകരിക്കുന്ന ഉദാരമായ നിലപാടുകൾ കേസ് നീണ്ടുപോകുന്നതിന് കാരണമാകുന്നു എന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്.

    ലാവ്‌ലിൻ കേസ് സംസ്ഥാനത്തിന്റെ ഖജനാവിന് നഷ്ടം വരുത്തിയിട്ടുണ്ടെന്ന വിശ്വാസമാണ് എനിക്കുള്ളത്. അത് തെളിയിക്കപ്പെടേണ്ടത് കോടതിയിലാണ്. അതിന് ഇതുമായി ബന്ധപ്പെട്ട എല്ലാകക്ഷികളും സഹകരിച്ചെങ്കിൽ മാത്രമേ സാധ്യമാവൂ.

    ഈ കേസിൽ സി ബി ഐ അന്വേഷണം വേണ്ട എന്നാണ് ഹൈക്കോടതിയിൽ സർക്കാർ വാദിച്ചത്. അതിനായി സർക്കാർ സുപ്രീംകോടതിയിൽ നിന്നുപോലും പ്രഗൽഭരായ അഭിഭാഷകരെ കൊണ്ടുവന്നു എന്നതും യാഥാർഥ്യമാണ്.

    ഉള്ള നിയമങ്ങൾ തന്നെ പഴുതുകൾ അടക്കുകയും കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്താൽ ഇത്തരം അഴിമതികൾ വലിയൊരളവുവരെ കുറക്കാൻ സാധിക്കും. പുതിയ നിയമനിർമ്മാണങ്ങളൊ സംവിധാനങ്ങളോ ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ല.

    സഖാവ് പിണറായി വിജയൻ പൂർണ്ണ‌ആരോഗ്യം എത്രയും പെട്ടന്ന് വീണ്ടെടുക്കട്ടേയെന്നും, ഇതുവരെ കുറ്റപത്രം സമർപ്പിച്ചവരുടേയും, ഇനിയും സമർപ്പിക്കപ്പെടാനുള്ളവരുടേയും വിചാരണകൾ കോടതിയിൽ നടക്കട്ടെയെന്നും കുറ്റക്കാരെന്നു തെളിയുന്നവർ മാതൃകാപരമായിത്തന്നെ ശിക്ഷിക്കപെടട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു. അനന്തമായി നീണ്ടു പോയ മറ്റുകേസുകളുടെ ദുര്യോഗം ഈ കേസിനുണ്ടാ‍കാതിരിക്കട്ടെ. കാരണം സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കേസാണല്ലൊ ഇത്.

    ReplyDelete
  34. മണികണ്ഠനു കാര്യങ്ങളുടെ രണ്ട് വശവും കാണാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു. സര്‍ക്കാര്‍ എന്ന വാക്ക് പ്രയോഗിക്കുമ്പോള്‍ ഏത് സര്‍ക്കാര്‍ എന്ന് വ്യക്തമായി പറയാനുള്ള സന്മനസ്സ് ഉണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. രണ്ടോ മൂന്നോ ആഴ്ച മുന്‍പ് തന്നെ ഒരാള്‍ അസുഖബാധിതനാണെങ്കിലും അത് മുന്‍പേ തന്നെ പത്രത്തില്‍ വന്നത് മറച്ച് വെച്ച് രണ്ട് ദിവസം മുന്‍പ് വലിയ ആശുപത്രിയില്‍ കിടന്നതിന്റെ ലിങ്കിടുന്ന സൂഖക്കേട് മേലില്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. ‘സംസ്ഥാനം കണ്ട വലിയ അഴിമതിക്കേസ്‘ എന്നു പറഞ്ഞ് കോടതി വിധിക്കുന്നതിനു മുന്‍പേ വിധിയെഴുതുന്ന സ്വഭാവം ആരും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  35. എല്ലാ പ്രാർത്ഥനകൾക്കും നന്ദി.

    ReplyDelete

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.