Tuesday, 24 January 2012

വിളപ്പിൽശാലയും ഹൈക്കോടതി വിധിയും | Vilappilsala & High Court Order

വിളപ്പിൽശാലയിലെ “മാലിന്യസംസ്കരണപ്ലാന്റ്” പൂട്ടിക്കൊണ്ട് വിളപ്പിൽശാല ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച പൂട്ട് തല്ലൊപ്പൊളിച്ചും ഈ “പ്ലാന്റ്“ തുറന്നു പ്രവർത്തിപ്പിക്കണമെന്നും ഈ പ്ലാന്റിന്റെ പ്രവർത്തനത്തിന് പോലീസ് സംരക്ഷണം നൽകണമെന്നുമുള്ള ഇന്നത്തെ ഹൈക്കോടതി വിധിയാണ് ഈ പ്രതിക്ഷേധക്കുറിപ്പിന് ആധാരം. ഒരു ഗ്രാമത്തെ മുഴുവൻ മാലിന്യത്തിൽ മുക്കുന്ന നഗരസഭയുടെ നടപടിയ്ക്ക് കുടപിടിയ്ക്കുന്ന ഈ ഹൈക്കോടതി വിധി തികച്ചും അപലപനീയം തന്നെ. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി വിളപ്പിൽ ശാലയിൽ “പ്രവർത്തിക്കുന്ന” ഈ മാലിന്യസംസ്കരണ “പ്ലാന്റ്” നിമിത്തം ആ പ്രദേശവും അവിടത്തെ ജല ശ്രോതസ്സുകളും ശുദ്ധവായുവും പോലും മലിനീകരിക്കപ്പെട്ടെന്ന് കോടതി നിയോഗിച്ച അഭിഭാഷകകമ്മീഷൻ രേഖാമൂലമുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടും അതിനെ മാനിക്കതെ വീണ്ടും നഗരത്തിന്റെ മാലിന്യം അവിടെ തള്ളാൻ ഉത്തരവിട്ട ന്യായാധിപന്മാർ ചില്ലുമേടയിൽ ഇരിക്കുന്നവർ തന്നെ. ഒരു ഗ്രാമത്തിലെ ജലശ്രോതസ്സുകളും പ്രാണവായും മലീമസമാക്കിയവരെ ശിക്ഷിക്കേണ്ടതിനു പകരം ആ ഗ്രാമത്തെ വീണ്ടും മാലിന്യക്കൂമ്പാരമാക്കാൻ ശ്രമിക്കുന്നവർ ആർക്കാണ് ന്യായം ചെയ്യുന്നത്? 34 ദിവസം കെട്ടിക്കിടന്ന മാലിന്യം തിരുവനന്തപുരം നഗരത്തിലെ ജനത്യ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിൽ പന്ത്രണ്ട് വർഷങ്ങളായി ഇതേ നഗരത്തിന്റെ മുഴുവൻ മാലിന്യവും ചുമക്കുന്ന വിളപ്പിൽശാല നിവാസികൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എത്രയാണ്? ഇതൊന്നും പരിഗണിക്കാതെ തിരുവനന്തപുരം നഗരവാസികളുടെ മാത്രം ഭാഗം പരിഗണിച്ചുകൊണ്ടുള്ള ഈ വിധി അന്യായമാണെന്ന് പറയാതെ തരമില്ല. ഭരണഘടന ഉറപ്പു നൽകുന്ന അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന വിളപ്പിൽശാല നിവാസികൾ അഭിനന്ദനം അർഹിക്കുന്നു.

മതിയായ മലിനീകരണനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാതെയാണ് വിളപ്പിൽശാലയിൽ തിരുവന്തപുരം നഗരസഭയുടെ ഈ സ്ഥപനം പ്രവർത്തിക്കുന്നതെന്ന് പല മാദ്ധ്യമങ്ങളും കാണിക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. അവിടത്തെ മാലിന്യപ്രശ്നത്തെ കുറിച്ച് പഠിക്കാൻ ഹൈക്കോടതി തന്നെ ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനും മാലിന്യപ്രശ്നത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഹൈക്കോടതിക്ക് നൽകിയതെന്നും മാദ്ധ്യമങ്ങളിൽ നിന്നും അറിയാൻ കഴിയുന്നു. കാര്യങ്ങൾ ഇങ്ങനെ വ്യക്തമായിരിക്കെ ഹൈക്കോടതിയുടെ ഇന്നത്തെ വിധി ഏകപക്ഷീയമായിപ്പോയി. കഴിഞ്ഞ ഒരു വർഷമായി വിളപ്പിൽശാലനിവാസികൾ ഈ ദുരിതത്തിനെതിരെ നിരാഹാരസമരത്തിലാണ്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്യുന്ന ഈ ജനതയ്ക്ക് ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ.

7 comments:

  1. ശുംഭന്മാരാണെന്ന് ചിലര്‍ ജനങ്ങളെകൊണ്ട് വിളിപ്പിച്ചേ അടങ്ങൂ. പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  2. ഫിയൊനിക്സ് ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ശുഭന്മാർ എന്ന് ഇതിനു മുൻപ് വിളിച്ചവർ ഈ വിധിയെ പിന്താങ്ങുന്നു എന്നതും സങ്കടകരമാണ്.

    ReplyDelete
  3. ദുരന്ത മുഖത് നിന്ന് നമുക്ക് രക്ത സാക്ഷികള്‍ ഉണ്ടാവെണ്ടിയിരുക്കുന്നു.
    ദുരന്ത മുഖത്ത് നിന്ന് നമുക്ക് ഷെയര്‍ ചെയ്തു "ലൈക്കുകള്‍ " സമ്പാദിക്കാന്‍ ശാരീരിക വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ പിറക്കേണ്ടിയിരിക്കുന്നു..
    അണ്ണ ഹസാരയുടെ കുപ്പായമിട്ട് വീമ്പു പറഞ്ഞിരുന്ന രാജ്യസ്നേഹികള്‍ എന്തെ ഒരു ഗ്രാമത്തിലെ ജനതയുടെ സ്വത്തിനും ജീവനും സംരക്ഷണം ആവശ്യപ്പെട്ടുള്ള സമരത്തെ കാണാതെ പോകുന്നത് ?
    ഇറോം ഷര്‍മിളയുടെ മുഖം മൂടി അണിഞ്ഞ നമ്മള്‍ക്കെന്തേ ചീഞ്ഞു നാറുന്ന ഒരു നാടിന്റെ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയാതെ പോകുന്നത് ?

    ReplyDelete
  4. അഷ്‌റഫ് സൽ‌വ ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി. ഒരു രക്തസാക്ഷിപോലും ഇല്ലാതെ ഈ പ്രശ്നം പരിഹരിക്കപ്പെടണം എന്ന ആഗ്രഹമാണ് എനിക്കുള്ളത്. കാര്യങ്ങൾ തികച്ചും സ്ഫോടനാത്മകമായ ഇന്നും അധികം അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ലെന്നത് ആശ്വാസകരം തന്നെ.

    തിരുവനന്തപുരം കോർപ്പറേഷന്റെ അധികാരധാർഷ്ട്യവും, ഹൈക്കോടതിയുടെ ജനവിരുദ്ധവിധിയും, പോലീസിന്റെ ലാത്തിചർജ്ജും, കണ്ണീർവാതകങ്ങളും, ഗ്രനേഡും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിച്ച വിളപ്പിൽശാല നിവാസികൾക്ക് എന്റെ അഭിനന്ദനങ്ങൾ.

    ReplyDelete
  5. കേന്ദ്രസേനയെ വിളിക്കാനാണല്ലോ പുതിയ ഉത്തരവ് ! നഗര വാസിയുടെ മാലിന്യം മറ്റു സംവിധാനങ്ങള്‍ ശരിയായിവരുന്നത്‌ വരെ നഗരത്തില്‍ തന്നെ സംസ്കരിക്കപ്പെടുകയോ സംസ്കരിക്കപ്പെടാതെകിടക്കുകയോ ചെയ്യണം എന്നല്ലേ ആരും കരുതൂ ... അത് പാവം ഗ്രാമീണന്റെ തലയില്‍ കെട്ടിവെക്കാന്‍, അതും ഒരു പാടു കാലം ഇത് ചുമന്നു വശം കെട്ടവന്റെ തലയില്‍ തന്നെ കെട്ടിവെക്കണം എന്ന ഉത്തരവ് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശുംഭത്തം തന്നെ . ഇന്ത്യ വരും കാലം അഭിമുഖീകരിക്കാന്‍ പോകുന്ന ഒരു വലിയ പ്രശ്നം ഇതായിരിക്കും. നാട്ടിപുറവും നഗരവും തമ്മിലുള്ള സംഘര്‍ഷം.

    ReplyDelete
  6. പരിസര മലിനീകരണം തടയാന്‍ ,ബോധവല്‍ക്കരണം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സെമിനാര്‍ ക്ലാസ്സുകളും,വിദ്യാലയങ്ങളില്‍ കരിക്കുലത്തില്‍ ഉള്‍പെടുത്തുക,സന്നദ്ധ സംഘടനകള്‍ മുഖാന്തിരം പഠന ശിബിരങ്ങള്‍ നടത്തുക,എന്നിങ്ങനെ നിരവധി മാര്‍ഗങ്ങള്‍ പണ്ട് മുതലേ നിലവില്‍ ഉണ്ടെന്നിരിക്കെ ഏറ്റവും ഉചിതമാകുക...റിസൈക്ലിംഗ് ബിന്നുകള്‍ ആയിരിക്കും എന്ന് തോന്നുന്നു.നല്ല പോസ്റ്റ്‌.....,ഇവിടത്തെ പല പോസ്റ്റും
    പലപ്പോഴും നിശബ്ദം വായിച്ചു പോകാറുണ്ടെങ്കിലും ഈ സാമൂഹ്യ പ്രതിബദ്ധത കണ്ടില്ലെന്നു നടിക്കാന്‍ കഴിയുന്നില്ല.ഈ ആര്ജ്ജവങ്ങള്‍ക്ക് ആശംസ.

    ReplyDelete
  7. വെള്ളരി പ്രാവ് ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    ReplyDelete

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.