Friday 26 July 2013

എയിഡഡ് സ്ക്കൂൾ അദ്ധ്യാപകനിയമനം

സർക്കാർ എയിഡഡ് സ്ക്കൂൾ നിയമനങ്ങളിൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഹയർസെക്കണ്ടറി ഡയറക്‌ടർ ഇറക്കിയ സർക്കുലറും തുടർന്ന് പല ഓൺലൈൻ വേദികളിലും നടന്ന ചർച്ചകളും ആണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകർ നല്ലനിലവാരം ഉള്ളവർ തന്നെ ആവണം എന്നതിൽ തർക്കം ഇല്ല. അത്തരത്തിൽ നിലവാരം ഉള്ള വ്യക്തികളെ കണ്ടത്തുന്നതിന് സർക്കാർ പി എസ് സി വഴി പരീക്ഷനടത്തി ഒരു റാങ്ക് ലിസ്റ്റ് ഉണ്ടാക്കുകയും ആ റാങ്ക് ലിസ്റ്റിന് ഒരു സമയപരിധി നിശ്ചയിക്കുകയും വേണം. ആ സമയപരിധിയിൽ വിവിധ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലെ നിയമനം പൂർണ്ണമായും സർക്കാർ നിശ്ചയിച്ച റാങ്ക് ലിസ്റ്റിൽ നിന്നും സുതാര്യമായ രീതിയിൽ ആകണം. ഇത്രയും കാര്യത്തിൽ എനിക്ക് യാതൊരു വിയോജിപ്പും ഇല്ല.

എന്നാൽ വിയോജിപ്പ് ഇത്തരത്തിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകരിൽ നിന്നും സ്കൂൾ ഉടമസ്ഥർ യാതൊരു വിധ പണവും വാങ്ങരുതെന്ന കാര്യത്തോട് മാത്രമാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടം അതിന്റെ പരിപാലനം, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ കാര്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങരുതെന്നുണ്ട്. പിന്നെ എങ്ങനെയാണ് സ്കൂൾ നടത്തിപ്പിനുള്ള പണം കണ്ടെത്തേണ്ടത്. സാമൂഹ്യപരിഷ്കരണത്തിന് സ്വന്തം പോക്കറ്റിലെ പണം നൽകി ആരും മുന്നോട്ട് വരും എന്ന് കരുതാൻ ആവില്ല. അതിനാവശ്യമായ പണം സർക്കാർ ഗ്രാന്റ് ആയി നൽകുന്നുണ്ടെങ്കിൽ കുഴപ്പമില്ല. ഈ വിഷയത്തിൽ പലരും പ്രകടിപ്പിക്കുന്ന അഭിപ്രായം സർക്കാർ സ്ക്കൂൾകെട്ടിടത്തിന്റെ പരിപാലനത്തിന് ആവശ്യമായ ധനസഹായം (മെയിന്റെനൻസ് ഗ്രാന്റ്) നൽകുന്നുണ്ട് എന്നതാണ്. എന്നാൽ വാസ്തവം വളരെ നാമമാത്രമായ തുകയാണ് ഈ ഇനത്തിൽ സർക്കാർ നൽകുന്നത്. എന്റെ അറിവിൽ എൽ പി സ്ക്കൂളിൽ ഒരു വിദ്യാർത്ഥിയ്ക്ക് 3രൂപ 50പൈസ എന്ന നിരക്കിലും ഹൈസ്ക്കൂളിൽ 5 രൂപ എന്ന നിരക്കിലും ആണ് സർക്കാർ മെയിന്റെനൻസ് ഗ്രാന്റ് നൽകുന്നത്. ഈ തുക സ്ക്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം അറ്റകുറ്റപ്പണികൾ എന്നിവയിൽ സ്ക്കൂൾ ഉടമസ്ഥർക്ക് ഉണ്ടാകുന്ന ചിലവുകൾ പരിഹരിക്കുന്നതിന് ഒട്ടും പര്യാപ്തമല്ല. നാടിന്റെ ഉന്നമനത്തിനായി നല്ലൊരു തുക ചിലവാക്കുന്ന സ്കൂൾ ഉടമസ്ഥർക്കും ഇതിൽ നിന്നും തെറ്റില്ലാത്ത ഒരു വരുമാനം ഉണ്ടാകേണ്ടത് തികച്ചും ആവശ്യമാണ്. അതുകൊണ്ട് ഇപ്പോൾ നടക്കുന്ന ലേലം വിളിയല്ലാതെ മുൻകൂട്ടി നിശ്ചയിച്ച, പരസ്യപ്പെടുത്തിയ ഒരു തുക ഇങ്ങനെ നിയമിക്കപ്പെടുന്നവരിൽ നിന്നും വാങ്ങിക്കാൻ അനുവദിക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.

കേരളത്തിലെ പല വ്യവസായ സ്ഥാപനങ്ങളിലും തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച് ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. വ്യവസായസ്ഥാപനങ്ങളിൽ തൊഴിലാളികളെ നിയമിക്കുന്നതിൽ മിക്കതൊഴിലാളി സംഘടനകളും വീതംവെയ്പാണ് നടത്തുന്നത്. തൊഴിലാളികളെ നിയമിക്കുന്നതിൽ ലക്ഷങ്ങൾ ഇവർ വാങ്ങുന്നുണ്ട്. എന്താണ് ഇങ്ങനെ പണം വാങ്ങുന്നതിനുള്ള അടിസ്ഥാനം? എന്തിന് ചുമട്ടുതൊഴിലാളി കാർഡ് കിട്ടുന്നതിനു പോലും പതിനായിരങ്ങളാണ് ചുമട്ടുതൊഴിലാളി സംഘടനകൾ വാങ്ങുന്നത്. ഇങ്ങനെ പണം വാങ്ങുന്ന സംഘടനകൾ തന്നെ സ്ക്കൂൾ നിയമനത്തിൽ പണം വാങ്ങുന്ന  മാനേജ് മെന്റുകളെ വിമർശിക്കുന്നു. മാനേജ്മെന്റ് പണം മുടക്കിയ സ്ഥാപനത്തിന്റെ നടത്തിപ്പിന്റെ പേരിലാണ് പണം വാങ്ങുന്നത് എന്ന് പറയാം. തൊഴിലാളി സംഘടനകൾ എന്തടിസ്ഥാനത്തിലാണ് പണം വാങ്ങുന്നത്?

6 comments:

  1. അദ്ധ്യാപക നിയമന സമയത്ത്, സ്വകാര്യ സ്കൂള്‍ അധികൃതര്‍ വന്‍തുകകള്‍ വങ്ങുന്നതായാണ് അറിവ്. ഇത് കൊടുക്കാന്‍ കഴിയാത്തതു മൂലം, ജോലിക്ക് പ്രവേശിക്കാന്‍ കഴിയാതെ പോകുന്ന ഒരുപാട് അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ നാട്ടിലുണ്ട്. ഈ സമ്പ്രദായം തീര്‍ച്ചയായും നിര്‍ത്തലാക്കപ്പെടെണ്ടതു തന്നെയാണ്. അതേസമയം ഉടമസ്ഥരുടെ ഭാഗത്തുള്ള ന്യായങ്ങള്‍ക്ക് ഗഹനമായ ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തി പോംവഴി കണ്ടെതാവുന്നതെയുള്ളൂ. ചെറുതായാലും, വലുതായാലും, പണം പിരിവിനോട് യോജിപ്പില്ല !!
    ലേഖനം നന്നായി. ആശംസകള്‍.

    സസ്നേഹം,.

    ReplyDelete
    Replies
    1. ധ്വനി പ്രോത്സാഹനത്തിനു നന്ദി.

      നിയമനസമയത്ത് ഭീമമായ തുക തന്നെയാണ് മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നത്.പലപ്പോഴും കഴിവും യോഗ്യതയും പലർക്കും ഈ ഭീമമായ തുക നൽകാൻ സാധിക്കാത്തതുകൊണ്ട് ജോലി ലഭിക്കാത്ത സാഹചര്യവും ഉണ്ട്. എന്നാൽ ഇതിന്റെ മറുപുറം ആണ് ഞാൻ പറഞ്ഞത്. സ്കൂൾ നിർമ്മാണം, സ്ഥലം എന്നിങ്ങനെയുള്ള ചിലവുകൾക്ക് ആനുപാതികമായ ഒരു വരുമാനവും സ്ക്കൂൾ മാനേജ്‌മെന്റിന് ലഭിക്കണ്ടെ? അതിനുള്ള മാർഗ്ഗം എന്താണ്? സർക്കാർ നൽകുന്ന നാമമാത്രമായ മെന്റിനൻസ് ഗ്രാന്റ് ഒന്നിനും തികയില്ല. പിന്നെ സ്ക്കൂൾ നടത്തിക്കൊണ്ടുപോകുന്നതിനാവശ്യമായ ചിലവുകൾക്ക് ആവശ്യമായ പണം എങ്ങനെ ഉണ്ടാക്കും?

      Delete

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.