നമ്മുടെ സർക്കാർ ബാങ്കുകൾ ഇപ്പോഴും ഉപഭോക്താക്കളോട് സൗഹാർദ്ദമായ നിലപാടല്ല സ്വീകരിക്കുന്നത് എന്ന് ഇതിനു മുൻപും പലരും ഇവിടെ പറഞ്ഞിട്ടുണ്ട്. എന്റെ ഇന്നത്തെ അനുഭവം കൂടി ഇവിടെ പങ്കുവെയ്ക്കുന്നു. എനിക്ക് State Bank of India യുടെ ചെറായി ബ്രാഞ്ചിൽ (SBIN0008604) ഒരു അക്കൗണ്ട് ഉണ്ട്. സർക്കാർ ബാങ്കിൽ ഒരു അക്കൗണ്ട് വേണം എന്ന ആഗ്രഹത്തിൽ ഞങ്ങളുടെ ഏറ്റവും അടുത്തുള്ള സർക്കാർ ബാങ്ക് എന്നതിനാലാണ് ചെറായി എസ് ബി ഐ തിരഞ്ഞെടുത്തത്. നല്ല തിരക്കുള്ള ബ്രാഞ്ചാണ് ചെറായി. രണ്ടു പഞ്ചായത്തുകളിലെ മിക്കവാറും പെൻഷൻകാരും, സർക്കാർ ജീവനക്കാരുടെ സാലറി അക്കൗണ്ടുകൾ, സർക്കാർ സബ്സിഡിയുള്ള പദ്ധതികളിലെ പണം ലഭിക്കുന്നതിനുള്ള അക്കൗണ്ടുകൾ ഉള്ളവരും പാൽ സൊസൈറ്റികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിങ്ങനെ നിരവധി ആളുകൾ ഈ ബാങ്കിനെ ആശ്രയിക്കുന്നു. അങ്ങനെ എപ്പോൾ ചെന്നാലും നല്ല തിരക്കാവും അവിടെ. പണം പിൻവലിക്കാൻ ഒരിക്കലും ബ്രാഞ്ചിനെ ആശ്രയിക്കാറില്ല. എ ടി എം സേവനം ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ പണം നിക്ഷേപിക്കാൻ അവിടെ പോയല്ലെ മതിയാവൂ. അങ്ങനെ പോവുമ്പോഴെല്ലാം പലപ്പോഴും നീണ്ട ക്യു ആയിരിക്കും കൗണ്ടറുകളിൽ. തിരക്ക് അല്പം കുറവുള്ളത് ഉച്ചസമയത്താണ്. ഇന്നും ഉച്ചയ്ക്ക് 1:35നു ഞാൻ അവിടെ എത്തുമ്പോൾ ആകെ ഒരു കൗണ്ടറിൽ മാത്രമാണ് ട്രാൻസാക്ഷൻ നടക്കുന്നത്. മറ്റൊരു കൗണ്ടറിൽ ആരും ഇല്ല. പക്ഷെ അവിടെ അന്യസംസ്ഥനക്കാരായ എട്ടോളം ആളുകളുടെ ഒരു ക്യു ഉണ്ട്. ട്രാൻസാക്ഷൻ നടക്കുന്ന കൗണ്ടറിൽ 10 പേരുടെ ക്യുവും മറ്റാവശ്യങ്ങൾക്ക് വന്ന് കുറെ പേർ കാലിയായ സീറ്റുകളിൽ ജീവനക്കാർ എത്തുന്നതും പ്രതീക്ഷിച്ച് അവിടവിടെ ആയി ഇരിക്കുന്നുണ്ട്. ഞാൻ ട്രാൻസാക്ഷൻ നടക്കുന്ന കൗണ്ടറിലെ ക്യുവിൽ പതിനൊന്നാമനായി ചേർന്നു. എനിക്ക് മുൻപ് ക്യു വിന്റെ നടുവിലായി നിന്ന രണ്ടു പേർ അന്യസംസ്ഥാനക്കാരായിരുന്നു. അവരുടെ ഊഴം എത്തിയപ്പോൾ അവരേയും നേരത്തെ പറഞ്ഞ ജീവനക്കാരൻ ഇല്ലാത്ത കൗണ്ടറിലെ ക്യു വിലേയ്ക്ക് പറഞ്ഞയച്ചു. അങ്ങനെ ഞാൻ കൗണ്ടറിൽ എത്തുമ്പോൾ സമയം 1:50 ആവുന്നു. എന്റെ മുന്നിൽ നിന്ന ആളുടെ പക്കൽ നിന്നും പണം നിക്ഷേപിക്കുന്നതിനുള്ള സ്ലിപ്പും പണവും വാങ്ങി ആ കൗണ്ടറിൽ ഇരുന്ന ഉദ്യോഗസ്ഥൻ കൗണ്ടർ അടച്ചു കൊണ്ട് ഒരു ബോർഡ് വെച്ചു "Lunch Break 1:45 to 2:15PM" എന്റെ മുന്നിൽ നിന്ന ആൾ പണം അടച്ചു പോയി. ഞാൻ കൗണ്ടറിൽ എത്തിയപ്പോൾ "അപ്പുറത്തെ കൗണ്ടരിൽ ഉടനെ ആൾ വരും അവിടത്തെ ക്യുവിൽ നിൽക്കാൻ" പറഞ്ഞ് ആ ഉദ്യോഗസ്ഥനും സ്ഥലം വിട്ടു. എന്റെ പുറകിൽ അപ്പോൾ നാലു പേർ വേറേയും നിൽപ്പുണ്ടായിരുനു.
ജീവനക്കാരൻ ഇല്ലാത്ത കൗണ്ടറിലെ ക്യൂ അപ്പോഴേയ്ക്കും വളർന്നിരുന്നു. ഞാൻ ആ ക്യു വിൽ നിൽക്കണമെങ്കിൽ ഇനി പത്താമനോ പതിനൊന്നമനോ ആകണം. 1:45 മുതൽ 2:15 വരെ ബാങ്കിടപാടുകൾ നടക്കില്ല എന്ന് ഒരു ബോർഡും അവിടെ എങ്ങും പ്രദർശിപ്പിച്ചിരുന്നുമില്ല. അങ്ങനെ എങ്കിൽ ക്യു വിൽ ആൾ നിൽക്കുന്ന സമയത്ത് പറയണം. ഇത് കൗണ്ടറിൽ ആൾ എത്തുമ്പോൾ ജീവനക്കാരൻ എഴുന്നേറ്റു പോകുന്ന നടപടി ഒരു വിധത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. നല്ല ദേഷ്യം വന്നു. നേരെ മാനേജറുടെ ക്യാബിനിൽ ചെന്നു അദ്ദേഹത്തോട് പരാതി പറഞ്ഞു. അദ്ദേഹത്തിന്റെ മറുപ "അവർ ഊണുകഴിച്ചു വന്നാലെ ഇനി പണം സ്വീകരിക്കാൻ പറ്റൂ. സ്റ്റാാഫില്ല. ഇവിട ഇതൊക്കെയേ നടക്കൂ"
ജീവനക്കാരുടെ കുറവുകാരണം മുൻപ് പാസ്സ്ബുക്ക് പതിപ്പിക്കാൻ 3 പ്രാവശ്യം പോകേണ്ടിവന്നു. അത് പാസ്സ്പോർട്ട് എടുക്കുന്നതിന് (തത്കാലിൽ) 2 അഡ്രസ്സ് പ്രൂഫ് വേണമായിരുന്നു. അതിൽ ഒന്ന് സർക്കാർ ബാങ്കിൽ നിന്നുള്ള പാസ്സ്ബുക്കിന്റെ കോപ്പിയാണ്. ഈ അവസ്ഥയ്ക്കെതിരെ പരാതി പറയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അത്തരം പരാതികൾ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? സമാന അനുഭവസ്ഥരുടെ അഭിപ്രയങ്ങൾ പ്രതീക്ഷിക്കുന്നു.
ഈ വിഷയത്തിൽ ഗൂഗിൾ പ്ലസ്സിലും ഫേസ്ബുക്കിലും നടന്ന ചർച്ചകൾ
ഈ വിഷയത്തിൽ ഗൂഗിൾ പ്ലസ്സിലും ഫേസ്ബുക്കിലും നടന്ന ചർച്ചകൾ
No comments:
Post a Comment
ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.