Friday, 7 October 2016

അന്നദാനത്തിനും സെസ്!

തിരുവിതാകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുന്നവർ ഒരിലയ്ക്ക് 12രൂപ എന്ന നിരക്കിൽ ഇനി സെസ് അടയ്ക്കണം എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവായിരിക്കുന്നു എന്ന് മംഗളം 06/10/2016-ലെ വാർത്തയിൽ പറയുന്നു. വാർത്ത ഇങ്ങനെ
കടുങ്ങല്ലൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ അന്നദാനത്തിന്‌ സെസ്‌ ഏര്‍പ്പെടുത്തി. അന്നദാനം നടത്തുന്നവര്‍ ഇനി മുതല്‍ ഒരു ഇലയ്‌ക്ക്‌ 12 രൂപ വീതം സെസ്‌ നല്‍കണം. ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ബോര്‍ഡ്‌ എല്ലാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍മാര്‍ക്കും അയച്ചു. ഇതോടെ അന്നദാനം നടത്തുന്ന സംഘടനകള്‍ക്കും വ്യക്‌തികള്‍ക്കും ലക്ഷങ്ങളുടെ അധിക ബാധ്യത വന്നുചേരും. 
ഉത്തരവ്‌ പ്രകാരം 500 പേരുടെ അന്നദാനം ഒരാള്‍ നടത്തിയാല്‍ സദ്യയുടെ ചെലവ്‌ കൂടാതെ ആറായിരം രൂപ അധികമായി നല്‍കണം. അന്നദാനത്തിന്‌ പങ്കെടുക്കുന്നവരുടെ എണ്ണം ഉയര്‍ന്നാല്‍ ഒരു ഇലയ്‌ക്ക്‌ 20 രൂപ വരെ അധികം നല്‍കണം. കോടിക്കണക്കിന്‌ ഭക്‌തജനങ്ങള്‍ എത്തുന്ന ശബരിമലയില്‍ സെസ്‌ വഴി കോടികള്‍ എത്തിച്ചേരും. ശബരിമല സീസണ്‍ മുന്നില്‍കണ്ടാണ്‌ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ്‌ സൂചന. ഉത്തരവിലൂടെ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌ ചെറിയ ക്ഷേത്രങ്ങളാണ്‌. ഇവിടെ നാട്ടുകാരുടെ സഹായത്തോടെയാണ്‌ അന്നദാനം നടക്കുന്നത്‌. അധിക ബാധ്യത വന്നാല്‍ പലരും ഇതില്‍ നിന്ന്‌ ഒഴിവാകും. ആലുവ മണപ്പുറത്ത്‌ കാലങ്ങളായി പ്രായമായവര്‍ മുന്‍കൈ എടുത്ത്‌ നടത്തുന്ന തിരുവാതിര നാളിലെ അന്നദാനത്തിന്‌ 100 പേരാണെങ്കില്‍ പന്ത്രണ്ടു ശതമാനവും ഇരുനൂറിന്‌ മുകളില്‍ ഭക്‌തജനങ്ങള്‍ പങ്കെടുത്താല്‍ ഇരുപത്‌ ശതമാനവും സെസ്‌ അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം ബോര്‍ഡ്‌ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌.
എന്താണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. വരുമാനം കൂട്ടാനാണെങ്കിൽ ഇത് കടന്നകൈയ്യായിപ്പോയി എന്ന് പറയാതെ തരമില്ല. ആളുകളുടെ എണ്ണം കൂടിയാൽ സെസ് തുകയും കൂടും. ആളുകൾ കൂടുതൽ ഉണ്ടങ്കിൽ സെസ് 12-ൽ നിന്നും 20രൂപയായി ഉയരും എന്നാണ് വാർത്തയിൽ പറയുന്നത്. ഇത് തീർച്ചയായും പ്രതിക്ഷേധാർഹമാണ്. ഈ തീരുമാനം ദേവസ്വം ബോർഡ് പിൻവലിക്കും എന്ന് കരുതുന്നു. 

No comments:

Post a Comment

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.