Saturday 8 April 2017

ജിഷ്ണു കേസ് സർക്കാരിന്റെ അസത്യപ്രചാരണം


ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും എതിരായ പോലീസ് നടപടിയെ ന്യായീകരിച്ചു കൊണ്ടും ജിഷ്ണുക്കേസിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ടും അസത്യങ്ങളും അർദ്ധസത്യങ്ങളും കോർത്തിണക്കി ലക്ഷങ്ങൾ മുടക്കി സർക്കാർ വിവിധ പത്രങ്ങൾ വഴി 08/04/2017-ൽ നൽകിയ പരസ്യം ആണ് ചിത്രത്തിൽ. ഈ പരസ്യത്തിൽ സർക്കാർ പറയുന്ന ചില്ല കള്ളങ്ങൾ എടുത്തുകാട്ടുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
ആദ്യം മുതലേ ഗൗരവത്തോടെയാണ് പോലീസ് ഈ കേസ് അന്വേഷിച്ചതെന്ന് ഈ പരസ്യത്തിൽ പറയുന്നു. അതുതന്നെ തെറ്റ്. കേസന്വേഷിച്ച പഴയന്നൂർ പോലീസ് കൃഷ്ണദാസിനും കൂട്ടാളികൾക്കും രക്ഷപ്പെടാനുള്ള പഴുതകളോടെ ആണ് ഈ കേസന്വേഷണം തുടങ്ങിയതുതന്നെ. അതാണ് ഈ കേസ് ഇത്രയും ദുർബലമാവാനും പലർക്കും ജാമ്യം കിട്ടാനും കാരണം. ജ്ഞാനശേഖരൻ ഇപ്പോഴും സർവ്വീസിൽ തന്നെയില്ലെ സർക്കാരെ? എത്ര ദിവസം കഴിഞ്ഞാണ് ഇടിമുറിയിൽ നിന്നും പോലീസ് ജിഷ്ണുവിന്റെ രക്തക്കറ കണ്ടെത്തിയത്? ആരാണ് ജിഷ്ണുവിന്റെ ശരീരം പോസ്റ്റ്മോർട്ടം നടത്തിയത്? എന്തുകൊണ്ടാണ് ജിഷ്ണുവിന്റെ മുഖത്ത് മൂക്കിന്റെ പാലത്തിൽ ഉണ്ടായ മുറിവ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കപ്പെടാതെ പോയത്? ജിഷ്ണു തൂങ്ങി നിന്ന മുണ്ട് നഷ്ടപ്പെട്ടത് എങ്ങനെയാണ്? അത് വീണ്ടെടുക്കാൻ എന്തു നടപടിയാണ് പോലീസ് എടുത്തത്? ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതിലെ അപാകതയാണ് ഈ പറഞ്ഞതെല്ലാം.
ജിഷ്ണു കേസിൽ കൃഷ്ണദാസ് എങ്ങനെയാണ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയത്? കളക്ടർ വിളിച്ചു ചേർത്ത സമ്മേളനത്തിൽ പങ്കെടുക്കണം എന്ന തെറ്റായ വിവരം കോടതിയെ ബോധിപ്പിച്ചല്ലെ? കളക്ടർ വിളിച്ച യോഗം കഴിഞ്ഞതിനു ശേഷം ആണ് ആ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചതുതന്നെ. ആ യോഗത്തിൽ കൃഷ്ണദാസിനെ വിളിച്ചിട്ടുമുണ്ടായിരുന്നില്ല. ഈ വിഷയങ്ങൾ ഹൈക്കോടതിയെ യഥാസമയം അറിയിക്കാതിരുന്നത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഉൾപ്പടെയുള്ളവരുടെ വീഴ്ചയല്ലെ? അതിൽ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്.ജിഷ്ണുകേസിൽ ഉൾപ്പടെ ഹൈക്കോടതിയിലെ ഒരു ന്യായാധിപനിൽ നിന്നും അതിരുവിട്ട പരാമർശങ്ങൾ ഉണ്ടായപ്പോൾ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ എവിടെ ആയിരുന്നു? ന്യായാധിപൻ പരിധിവിടുന്നു എന്ന് എപ്പോഴെങ്കിലും അദ്ദേഹം കോടതിയെ ഓർമ്മപ്പെടുത്തിയോ? ഈ പരാമർശങ്ങൾ സംബന്ധിച്ച് എന്തെങ്കിലും പരാതി അദ്ദേഹം ജീഫ് ജസ്റ്റിസ് മുൻപാകെ നൽകിയോ?ജിഷ്ണുവിന്റെ അമ്മ ഈ വിഷയത്തിൽ ഒരു പരാതി ചീഫ് ജസ്റ്റിസിനു നൽകാൻ തയ്യാറായി. അത്രപോലും സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല.
മഹിജയെ കൈപിടിച്ച് എഴുന്നേല്പിക്കുകയായിരുന്നു എന്നതുൾപ്പടെയുള്ള പ്രസ്താവനകൾ ആരെ പറ്റിക്കാനാണ്. ഈ നട്ടാൽകിളിർക്കാത്ത നുണകൾ എഴുതി പരസ്യം നൽകിയ മാദ്ധ്യമ ഉപദേഷ്ടാക്കൾക്ക് നല്ല നമസ്കാരം.നുഴഞ്ഞു കയറി പ്രശ്നം ഉണ്ടാക്കിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയുന്ന ഷാജഹാനേയും ഷാജിർഖാനേയും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ഇന്നലെ ഏഷ്യാനെറ്റിന്റെ നേർക്കുനേർ എന്ന പരിപാടിയിൽ ബിജു വ്യക്തമായി പറയുന്നുണ്ട്. സർക്കാരിന്റെ പദ്ധതികൾക്ക് തുടർച്ചയായി എതിരുനിൽക്കുന്നതിനാണെന്ന് അദ്ദേഹം അറിയാതെ ആണെങ്കിലും പറയുന്നു. പിന്നെ ഹിമവൽ ഭദ്രാനന്ദ. അടുത്ത് ചായകുടിച്ചു നിന്ന അങ്ങോരേയും കൂട്ടി ഗൂഢാലോചന സിദ്ധാന്തം ഉണ്ടാക്കാൻ.
പഴയകാലം അല്ല. ജനങ്ങൾ വാർത്തകൾ കേൾക്കുകയല്ല അപ്പപ്പോൾ കാണുകയാണ്. ഇത് മനസ്സിലാക്കാനുള്ള സാമാന്യബോധം പരാജിതനും പരാജിതന്റെ മാദ്ധ്യമ ഉപദേഷ്ടാക്കൾക്കും ഉണ്ടെങ്കിൽ നല്ലത്.

6 comments:

  1. മാദ്ധ്യമപ്രവർത്തകയും, പൊതുപ്രവർത്തകയും, അഭിനേത്രിയും ഒക്കെ ആയ പാർവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചില കാര്യങ്ങൾ കൂടി കുറിച്ചിട്ടുണ്ട്. അതും ഇവിടെ ചേർക്കുന്നു.

    പ്രചാരണെമന്ത് ,സത്യമെന്ത്? എന്ന പേരിൽ ജിഷ്ണു കേസിനെ സംബന്ധിച്ച് പി.ആർ.ഡി നൽകിയ വിശദീകരണത്തിൽ ചില വിവരങ്ങൾ അവാസ്തവമാണെന്ന് എനിക്ക് നേരിട്ട് ബോദ്ധ്യമുണ്ട്.
    1.വടകരയിൽ നിന്ന് 6 പേർ വന്നു എന്ന് പരസ്യത്തിൽ.
    14 പേരടങ്ങുന്ന ഒരു സംഘമാണ് വടകരയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത് .
    2. ജിഷ്ണുവിന്റെ ബന്ധുക്കളല്ലാത്ത ഒരു വലിയ സംഘത്തെ ഡി.ജി. പി ഓഫീസിലേക്ക് കയറ്റി വിടണമെന്നാവശ്യപ്പെട്ടു എന്ന് സർക്കാർ ഭാഷ്യം.
    അതും തെറ്റാണ്. വടകരയിൽ നിന്ന് വന്നവരെ കയറ്റി വിടണമെന്നാണ് ആവശ്യപ്പെട്ടത്.
    3. ജിഷ്ണുവിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടില്ല, കേസില്ല എന്ന് പറയുന്നത് ശരി എന്നാൽ അമ്മാവൻ ഉൾപ്പെടെ മിക്ക ബസുക്കളെയും പോലീസ് ജീപ്പിൽ കയറ്റി മണിക്കൂറുകൾ കറക്കി. അസഭ്യം പറഞ്ഞ് മനോവീര്യം കെടുത്തി.
    4. അമ്മയെ ഉപദ്രവിച്ചില്ല എന്ന് പറയുന്നതിനെക്കാൾ മനപൂർവ്വം ഉപദ്രവിക്കാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാകും നല്ലത്. കാരണം ഉന്തിലും തളളിലും, മഹിജയ്ക്ക് ഒന്നും പറ്റാതെ നോക്കുകയായിരുന്നു ചിലർ. അതിൽ ഒരാൾ മഹിജയുടെ മേലേയ്ക്ക് വീണു. അവരെ എടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ അടിവയറ്റിൽ ബൂട്ട് കൊണ്ടുള്ള ചവിട്ട് കിട്ടി. ബന്ധുക്കളെ മിക്കവരെയും ഉപദ്രവിച്ചിട്ടുണ്ട്. കേരളം മുഴുവൻ ആ വാർത്ത കണ്ടതിനാൽ വിശദീകരിക്കേണ്ട ആവശ്യവുമില്ല.
    ഇത്രയും എനിക്കറിയാവുന്ന കാര്യങ്ങൾ. പി.ആർ.ഡി നൽകിയ പരസ്യത്തിനെ സംബന്ധിച്ച് ജിഷ്ണുവിന്റെ വീട്ടുകാരുടെ വിശദീകരണം അറിയാൻ താല്പര്യപ്പെടുന്നു.
    ജിഷ്ണുവിന്റെ വീട്ടുകാർ പാർട്ടിക്കാരാണ്. അവരോടൊപ്പം എന്ന് പറയുന്ന സർക്കാർ അവരെ വിശ്വസിക്കാതെ പോലീസ് പറയുന്നത് കേട്ട് ഇതിനു മുമ്പും വിശദീകരണം നൽകിയിരുന്നു.ഡി.ജി.പിയെ കാണാൻ അപ്പോയ്ൻറ്മെന്റ് എടുത്ത് വന്ന തോക്ക് സ്വാമി, ഈ സംഘത്തിൽ ഉണ്ടായിരുന്നു എന്ന് ആദ്യം പറഞ്ഞിരുന്നു. പിന്നീട് അങ്ങനെയല്ല എന്നായി.
    ജിഷ്ണുവിന്റെ അമ്മയും കുടുംബവും ദുഃഖത്തിന്റെ ആഴക്കടലിൽ മുങ്ങിത്തപ്പുന്നവരാണ്. മകനെ കൊന്നവരെ ശിക്ഷിക്കണം. ഇത് ഒന്ന് മാത്രമാണ് അവർക്ക് വേണ്ടത്. അത് ഇനിയും കേരളത്തിൽ മറ്റൊരു ജിഷ്ണു ഉണ്ടാകാതിരിക്കാൻ കൂടിയാണ്.
    പിന്നെ സർക്കാർ ധനസഹായം നൽകി എന്ന് പരസ്യത്തിൽ എഴുതിയത് വായിച്ചപ്പോൾ പുച്ഛം തോന്നി." ജീവൻ പോയാൽ പണം തരും. അതും വാങ്ങി പൊയ്ക്കോളണം. ബാക്കി ഒക്കെ മുറ പോലെ നടക്കും.സർക്കാർ സംവിധാനത്തെ ചോദ്യം ചെയ്യാനൊരുങ്ങിയാൽ - 'നിങ്ങൾ, സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുന്ന തീവ്രവാദികളാകും.. സഹായത്തിനാര് വന്നാലും അവരെ ജയിലിലടയ്ക്കും . രക്ത ബന്ധുക്കൾ മാത്രം ചെയ്യേണ്ടതാണ് സമരം. ഇത് കേരളത്തിൽ ഉണ്ടായി വന്നിട്ടുള്ള പുതിയ സമവായമാണ്.
    കേരളം ബംഗാളാവരുത് എന്ന് വിചാരിക്കുന്ന ലക്ഷങ്ങളിൽ ഒരാൾ മാത്രമാണ് ഞാൻ. പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സ് തളരാത്തത്.. ചെങ്കൊടിയും അരിവാൾ ചുറ്റികയും എന്ന ബിംബങ്ങൾ കരുത്ത് പകരുന്നത് കൊണ്ടാണ്.

    ReplyDelete
  2. മഹിജ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കാൻ മഹിജയുമായി സർക്കാർ ഒപ്പിട്ട ഉടമ്പടി, അല്ലെങ്കിൽ നിരാഹാരസമരം അവസാനിപ്പിക്കാൻ സർക്കാർ മഹിജയ്ക്ക് നൽകിയ ഉറപ്പുകൾ
    1. സ്വാശ്രയ മാനേജ്‌മെന്റ് വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും.
    2. ഇനി ജിഷ്ണു പ്രണോയിമാര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട കരുതലുകള്‍ സ്വാശ്രയസ്ഥാപനങ്ങളില്‍ സ്വീകരിക്കും. ഈ അനുഭവം മറ്റു കുട്ടികള്‍ക്കുണ്ടാകരുത്.
    3. കേസന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണം തൃപ്തികരമാണോ എന്നും പരിശോധിക്കും.
    4. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ അപാകമുണ്ടോ എന്ന് പരിശോധിക്കും.
    5. നിലവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണ സംഘം വിപുലീകരിക്കും
    6. മൂന്നാം പ്രതിയെ പിടികൂടിയ സ്ഥിതിക്ക് മറ്റ് പ്രതികളെ കണ്ടെത്തുന്നതുവരെ സമരപരിപാടികളില്ല. കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാന്‍ നടപടിയെടുക്കും.
    7. സമരത്തിന് ജിഷ്ണു പ്രണോയിയുടെ കുടുംബവും സുഹൃത്തുകളുമല്ലാതെ മറ്റാരും പങ്കെടുത്തിട്ടില്ല.എം. ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവര്‍ സഹായിക്കാനെത്തിയതാണ്. ഇവര്‍ക്ക് സമരത്തില്‍ പങ്കില്ലെന്ന് സര്‍ക്കാരിനെയും ബോധ്യപ്പെടുത്തും. ഹിമവല്‍ ഭദ്രാനന്ദയെയും കെ.എം. ഷാജഹാനെയും അറിയില്ല. ഇവര്‍ എങ്ങനെയെത്തിയെന്നും അറിയില്ല.
    8. ഡിജിപി ഓഫീസിനുമുന്നിലെ സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
    9. മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്ക് ബന്ധുക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും.
    10. കരാര്‍ വ്യവസ്ഥയിലെ തീരുമാനങ്ങളുടെ നിര്‍വഹണവും അവയുടെ നടപടികളും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിനെയും അറ്റോര്‍ണി കെ.വി. സോഹനെയും ധരിപ്പിക്കും.

    ReplyDelete
  3. മഹിജ കാത്തിരുന്ന ഐ ജി മനോജ് എബ്രാഹിമിന്റെ റിപ്പോർട്ടും വന്നു. മഹിജ ഡി ജി പി ഓഫീസിനു മുന്നിൽ നടത്തിയ സമരം ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗം ആണെന്നാണ് മനുഷ്യാവകാശകമ്മീഷനിൽ ഐ ജി മനോജ്ജ് എബ്രാഹം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. പോലീസുകാർക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്നും മനോജ് എബ്രാഹമിന്റെ റിപ്പോർട്ടിൽ ഉണ്ട്. വാർത്ത റിപ്പോർട്ടർ ചാനലിൽ നിന്നും

    തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നില്‍ മഹിജ നടത്തിയ സമരത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് ഐജി മനോജ് എബ്രഹാം. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്നാണ്‌ ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

    മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമരത്തിന് പിന്നില ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മഹിജയെ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

    സമരം കൈകാര്യം ചെയ്തതില്‍ പൊലീസിന് വിഴ്ച പറ്റിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യം ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇതേകാര്യം വ്യക്തമാക്കിയിരുന്നു.

    മഹിജയുടെ സമരത്തില്‍ ഇടപെട്ട് ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊതുപ്രവര്‍ത്തകരായ കെഎം ഷാജഹാന്‍, ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍, സ്വാമി ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഗൂഢാലോചനക്കുറ്റമായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് ഐജിയുടെ റിപ്പോര്‍ട്ട്.

    മഹിജയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കെതിരെ പൊലീസ് ലാത്തികൊണ്ടോ ബൂട്ടുകൊണ്ടോ മര്‍ദ്ദനം നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നു. ഗതാഗതം സ്തംഭിച്ചപ്പോള്‍ ഇവര്‍ക്കെതിരെ പൊലീസ് സ്വാഭാവിക നടപടികള്‍ മാത്രമാണ് സ്വീകരിച്ചത്. ഇവരെ സംഭവ സ്ഥലത്തുനിന്ന് നീക്കുകയാണ് പൊലീസ് ചെയ്തത്. അല്ലാതെ ഇവരെ ശാരീരികമായി മര്‍ദ്ദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    ReplyDelete
  4. ജിഷ്ണുവിന്റേതായി കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് ജിഷ്ണു എഴുതിയതല്ലെന്ന് വിരമിച്ച ഡി ജി പി സെൻകുമാർ

    "തി​രു​വ​ന​ന്ത​പു​രം: പാ​മ്പാ​ടി നെ​ഹ്‌​റു എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ജി​ഷ്ണു പ്ര​ണോ​യി എ​ഴു​തി​യ​താ​യി പ്ര​ച​രി​പ്പി​ക്കു​ന്ന ക​ത്ത് വ്യാ​ജ​മെ​ന്ന് വി​ര​മി​ച്ച പോ​ലീ​സ് മേ​ധാ​വി ടി.​പി സെ​ന്‍​കു​മാ​ർ. കോ​ള​ജി​ല്‍​നി​ന്നു കി​ട്ടി​യ ക​ത്തി​ലു​ള്ള​ത് ജി​ഷ്ണു​വി​ന്‍റെ കൈ​യ​ക്ഷ​ര​മ​ല്ലെ​ന്ന് സെ​ൻ​കു​മാ​ർ ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി. ആ ​ക​ത്ത് അ​വി​ടെ​യി​ട്ട​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഏഷ്യാനെറ്റ് ന്യൂസ് പോയന്‍റ് ബ്ലാങ്കില്‍ സംസാരിക്കുകയാണ് സെന്‍കുമാര്‍.

    ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ തു​ട​ക്കം മു​ത​ല്‍ ക​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന തു​ട​ങ്ങി അ​ഞ്ചാം നാ​ളാ​ണ് ക​ത്ത് കി​ട്ടി​യ​ത്. അ​ത്ര​നാ​ള്‍ കാ​ണാ​തി​രു​ന്ന ഒ​രു ക​ത്ത് പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം അ​വി​ടെ എ​ങ്ങ​നെ​യെ​ത്തി എ​ന്ന​തും അ​തി​നു പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു."

    വാർത്ത ഏഷ്യാനെറ്റ് ന്യൂസിൽ വായിക്കാം

    ReplyDelete
  5. കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. കൃഷ്ണദാസിനു ജിഷ്ണു, ഷൗക്കത്തലി കേസുകളിൽ ജാമ്യം അനുവദിച്ച കേരളഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യം റദ്ദാക്കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാലല്ലാതെ കേരളത്തിൽ പ്രവേശിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. കൃഷ്ണദാസിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകനായ വി ഗിരിയാണ്. ഏഷ്യാനെറ്റിൽ വന്ന വാർത്ത ഇവിടെ വായിക്കാം

    ദില്ലി: നെഹ്റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജിഷ്ണു പ്രണോയുടെ മരണം സംബന്ധിച്ച കേസിലും നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള ലോ കോളേജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലും കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
    കൃഷ്ണദാസിനെതിരായ കേസുകള്‍ ഗൗരവമുള്ളതാണെന്നും ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസുകള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, ജാമ്യം റദ്ദാക്കുന്നതിന് പകരം സംസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു. കൃഷ്ണദാസ് കോയമ്പത്തൂരില്‍ തങ്ങണമെന്നാണ് കോടതിയുടെ ഉത്തരവ്. കേസുകള്‍ അന്വേഷിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കേരളത്തിലേക്ക് വരാന്‍ പാടുള്ളൂ. ജിഷ്ണു പ്രണോയ് കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സി.ബിയഐ നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

    ReplyDelete
  6. കൃഷ്ണദാസിനു കേരളത്തിൽ പ്രവേശിക്കുന്നതിനു സുപ്രീംകോടതി ഏർപ്പെടുത്തിയ വിലക്ക് ഇന്ന് നീക്കി. ഒരാളെ എത്രകാലം സംസ്ഥാനത്തിനു വെളിയിൽ നിറുത്താൻ കഴിയും. ഇതു സംബന്ധിക്കുന്ന ജനം ടി വി വാർത്ത.

    https://janamtv.com/80117433/

    ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു. ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളില്‍ പ്രതിയായ കൃഷ്ണദാസിനെ കേരളത്തില്‍ പ്രവേശിക്കരുതെന്ന് 2017 നവംബറിലാണ് സുപ്രീം കോടതി വിധിച്ചത്. പാലക്കാടുള്ള വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുള്ള കൃഷ്ണദാസിന്റെ ഹര്‍ജിയിലാണ് വിധി.

    അതേസമയം, കൃഷ്ണദാസിന്റെ വിലക്ക് നീക്കിയതില്‍ അട്ടിമറിയുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞു. കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും അശോകന്‍ പ്രതികരിച്ചു. ഉത്തരവിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    2017 ജനുവരിയിലാണ് ജിഷ്ണുവിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്.

    ReplyDelete

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.