എറണാകുളം ജില്ലയിൽ കൊച്ചിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന വൈപ്പിൻ എന്ന് ദ്വീപിലെ നിവാസിയാണ് ഞാൻ എന്നത് ഇവിടെ മിക്കവർക്കും അറിയാവുന്ന വസ്തുതയാണെന്ന് കരുതുന്നു.ഞങ്ങളുടെ ദ്വീപായ വൈപ്പിൻ പ്രധാനമായും രണ്ട് കാര്യങ്ങളിൽ ആണ് കേരളത്തിൽ (കു)പ്രസിദ്ധി നേടിയിട്ടുള്ളത്. ഒന്നാമത്തേത് 1982-ലെ ഓണനാളിൽ സർക്കാർ ചാരയ ഷാപ്പുകളിൽ നിന്നും അബ്കാരി കരാറുകാർ തന്നെ വിതരണം ചെയ്ത വ്യാജചാരായം കഴിച്ച് 77 പേർ മരിക്കുകയും ഒട്ടേറെ ആളുകൾക്ക് കാഴ്ചനഷ്ടപ്പെടുകയും ചെയ്ത വൈപ്പിൻ മദ്യദുരന്തം. മറ്റൊന്ന് കുടിവെള്ളത്തിനു വേണ്ടി പതിറ്റാണ്ടുകൾ സമരം ചെയ്ത വീട്ടമ്മമാരുടെ സമരവീര്യം. കുടിവെള്ളത്തിനായുള്ള വൈപ്പിൻ ജനതയുടെ രോദനം ഇപ്പോളും പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. മുൻപത്തേതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും വേനൽ കടുക്കുന്നതോടെ വൈപ്പിനിൽ വെള്ളം വീണ്ടും കിട്ടാക്കനി ആകുന്നു.
എന്റെ കുട്ടിക്കാലത്ത് ഞങ്ങൾ ആറുമാസക്കാലം ഞാറയ്ക്കൽ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിൽ ആയിരുന്നു താമസം. അന്ന് വെള്ളത്തിനുള്ള ആശ്രയം ഒരു ചാമ്പുപൈപ്പ് ആയിരുന്നു. അതിൽ നിന്നും കിട്ടുന്ന വെള്ളത്തിന് ഒരു ദുർഗന്ധം ഉണ്ട്. അതുകൊണ്ട് തന്നെ അത് ഉടനെ ഉപയോഗിക്കാൻ സാധിക്കില്ല. വെള്ളം കുറെ നേരം തുറന്നു വെയ്ക്കണം അപ്പോൾ ആ ദുർഗന്ധം മാറും പക്ഷെ വെള്ളം കലങ്ങി അതിൽ മഞ്ഞനിറത്തിൽ ഊറാൻ തുടങ്ങും. അതു മുഴുവൻ അടിഞ്ഞ് കുറേ നേരം കഴിഞ്ഞാൽ ആ വെള്ളം ഉപയോഗിക്കാം. അത് പാചകത്തിനൊന്നും പറ്റില്ല. അന്ന് ആ വീട്ടിൽ വാട്ടർ കണക്ഷൻ ഉണ്ടായിരുന്നു. അതു കൊണ്ട് ശുദ്ധജലത്തിനായി അധികം അലയേണ്ട. പക്ഷെ അപ്പോഴും ഒരു കുഴപ്പം ഉണ്ട്. രാത്രി മൂന്നു മണിക്കും അഞ്ചു മണിയ്ക്കും ഇടയ്ക്ക് വല്ലപ്പോഴും അല്പനേരമെ വെള്ളം കിട്ടു. അമ്മയും അച്ഛനും ഉറക്കമൊഴിച്ച് വെള്ളം പറ്റുന്ന അത്രയും പാത്രങ്ങളിൽ സംഭരിക്കും. അതായിരുന്നു ഞാറയ്ക്കലിലെ ജീവിതം.
പിന്നീട് അവിടെനിന്നു എടവനക്കാട് എന്ന സ്ഥലത്തേയ്ക്ക് താമസം മാറി. എടവനക്കാട് ഒരു എട്ടുവർഷം വാടകയ്ക്ക് താമസിച്ചിരുന്നു. അവിടെ വളരെ ആശ്വാസം ഉണ്ടായിരുന്നു. വീട്ടിൽ കുളമുണ്ട്. കുളത്തിലെ വെള്ളം പാചകത്തിനൊഴികെ മറ്റെല്ലാ ആവശ്യങ്ങൾക്കും പറ്റും. പക്ഷെ പാചകത്തിനും മറ്റുമുള്ള വെള്ളത്തിനു പൊതുടാപ്പ് തന്നെ ശരണം. റോഡരികിൽ തന്നെആയിരുന്നു വീട്. വീടിനു എതിർവശത്ത് 100 മീറ്റർ അകലത്തിൽ പൊതുടാപ്പ് ഉണ്ട്. അവിടെ നിന്നും രാത്രി ആവശ്യമുള്ള വെള്ളം വീട്ടിൽ കുടത്തിൽ കൊണ്ടുവന്ന് വെയ്ക്കും. അപ്പോഴും വേനൽക്കാലമായാൽ എല്ലാ ദിവസവും വെള്ളം കിട്ടില്ല. വെള്ളം വരുന്ന ദിവസങ്ങളിൽ പരമാവധി വെള്ളം പാത്രങ്ങളിൽ സംഭരിക്കും.
പിന്നീട് 1991-ൽ ആണ് ഇപ്പോൾ താമസിക്കുന്ന വീട് അച്ഛനമ്മമാർ പണിയുന്നത്. ഇവിടെ കുളവും കിണറും ഉണ്ടായിരുന്നു. കിണറ്റിലെ വെള്ളം പാചകത്തിനു ഉപയോഗിക്കാം. മെയ് മാസം പകുതിയാവുമ്പോൾ കിണറ്റിലെ വെള്ളത്തിലും ഉപ്പ് വരും. അപ്പോൾ മാത്രം പൊതുടാപ്പിലെ വെള്ളം മതി എന്നതായിരുന്നു അവസ്ഥ. ഏതാനും വർഷം മുൻപ് വീട്ടിലും കേരള വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള കണക്ഷൻ കിട്ടി. വേനൽ തുടങ്ങുന്ന മാർച്ച മാസം വരെ മിക്കവാറും ദിവസങ്ങളിൽ എല്ലാ സമയവും വെള്ളം കിട്ടും. ഇപ്പോൾ വേനൽ കടുക്കാൻ തുടങ്ങിയതോടെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി വെള്ളം ലഭിക്കുന്നത്.
വൈപ്പിൻ 26 കിലോമീറ്റർ നീളമുള്ള ദ്വീപാണ്. ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് ഇതിന്റെ ഏതാണ്ട് മദ്ധ്യഭാഗത്താണ്. ദ്വീപിനു ഏറ്റവും വീതിയുള്ളതും ഈ ഭാഗത്താണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇപ്പോൾ കുടിവെള്ളം കിണറിലും ലഭിക്കുന്നത്. എന്നാൽ ദ്വീപിന്റെ തെക്കേ അറ്റത്തേയ്ക്ക് ചെല്ലുമ്പോൾ അവസ്ഥമാറുന്നു. വെള്ളം ഉപയോഗശൂന്യമായിത്തീരും. അവർക്ക് 365 ദിവസവും കുടിവെള്ളം ലഭിക്കുന്നതിനു വാട്ടർ അഥോറിറ്റിയെ ആശ്രയിച്ചേ മതിയാവൂ. ദ്വീപിന്റെ ആ ഭാഗങ്ങളിൽ ഉള്ളവർക്കാണ് കുടിവെള്ളം ഏറ്റവും പ്രശ്നമാകുന്നത്. അതുപോലെ ദ്വീപിന്റെ കിഴക്കും പടിഞ്ഞാറും വശങ്ങളിൽ ഉള്ളവർക്കും. കിഴക്കുവശം ഉള്ളവർക്ക് കായൽ പടിഞ്ഞാറുവശം ഉള്ളവർക്ക് കടൽ, അങ്ങനെ ഉപ്യോഗയോഗ്യമല്ലാത്ത ഉപ്പും ലവണാംശവും കൂടുതലുള്ള വെള്ളമാണ് അവർക്ക് കിട്ടുക. ഒരു കണക്കിൽ ഞങ്ങൾ ഇപ്പോൾ ഭാഗ്യവാന്മാരാണെന്ന് പറയാം. പതിനൊന്നു മാസം കുടിവെള്ളത്തിനായിപോലും ആരേയും ആശ്രയിക്കാതെ കഴിയാനുള്ള സാഹചര്യം ഉണ്ട്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ കുടിവെള്ളത്തിനു വേണ്ടി വൈപ്പിനിലെ ജനങ്ങൾ നടത്തിയ സമരങ്ങളും ജനങ്ങളുടെ ദുരിതവും ആണ് കഴിഞ്ഞ ദിവസം (03/04/2016) ഏഷ്യാനെറ്റ് അതിന്റെ ആർക്കൈവ്സിലെ വീഡിയോകളും കണ്ണാടിയുടെ പഴയ ലക്കങ്ങളും കോർത്തിണക്കി കണ്ണാടിയിലൂടെ അവതരിപ്പിച്ചത്. ഈ റിപ്പോർട്ടിനു +asianetnews പ്രത്യേകം നന്ദി.
No comments:
Post a Comment
ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.