"മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണം" 2015 നവംബർ 29 നു സമത്വമുന്നേറ്റയാത്രയിൽ പ്രസംഗിച്ചുകൊണ്ട് ആലുവയിൽ വച്ച് ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗത്തിലെ വാചകം ആണ് ഇത്. കോഴിക്കോട് മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെട്ട രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ മാൻഹോളിൽ ഇറങ്ങി മരണപ്പെട്ട നൗഷാദ് എന്ന ചെറുപ്പക്കാരനു സർക്കാർ സഹായം പ്രഖ്യാപിക്കുകയും സമാനമായ സാഹചര്യങ്ങളിൽ മരണമടഞ്ഞ മറ്റു പലരേയും സർക്കാർ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്തതിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ ഈ പരാമർശം വക്രീകരിച്ചു മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചു എന്ന കുറ്റം ചുമത്തി ഐ പി സി 153-ആം വകുപ്പനുസരിച്ച് ശ്രീ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്താണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ പ്രതികാരം ചെയ്തത്. ഇടതുപക്ഷം അന്ന് വെള്ളപ്പള്ളി നടേശനെതിരെ നിശിതമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിന്റെ വീഡിയോ തെളിവായി ഉണ്ടായിട്ടും ഉമ്മൻ ചാണ്ടി സർക്കാർ ശക്തമായ നിലപാടെടുക്കുന്നില്ല എന്നായിരുന്നു അവരുടെ ആക്രോശം. വെള്ളാപ്പള്ളിയുടെ പ്രസംഗം കൊണ്ട് ഗുണം ഉണ്ടായി. നൗഷാദിനെ പോലെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങി സ്വന്തം ജീവൻ ത്യജിച്ച മറ്റു ചിലർക്കും സഹായം നൽകാൻ സർക്കാർ നിർബന്ധിതമായി.
അന്നും വെള്ളാപ്പള്ളി നടത്തിയ ഈ പരാമർശത്തോട് യോജിപ്പ് പ്രകടിപ്പിച്ച ആളാണ് ഞാൻ. അതിനു പലരും ഒരുപാട് വിമർശിച്ചു, ചിലർ ബ്ലോക്ക് ചെയ്തു, ചിലർ സൗഹൃദം അവസാനിപ്പിച്ചു പോയി. ഇടതും വലതും ഒരു പോലെ അന്ന് വെള്ളാപ്പള്ളിയെ എതിർക്കാൻ കാരണം ബി ഡി ജെ എസ് എന്ന സംഘടനയുടെ ആവിർഭാവവും വെള്ളാപ്പള്ളിയ്ക്ക് ബി ജെ പിയോട് ഉണ്ടായ അനുഭാവവും ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവുന്നതായിരുന്നു. ഈ പരാമർശത്തെ തുടർന്ന് ആരോപണങ്ങളുടെ ഒരു നിരതന്നെ അന്ന് ഇടതും വലതും കൂലിയെത്തുകാരായ മാദ്ധ്യമങ്ങളും ചേർന്ന് വെള്ളാപ്പള്ളിയ്ക്കെതിരെ ഉയർത്തിക്കൊണ്ടുവന്നു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം, വയർലസ് സെറ്റുകൾ പിടിച്ചത് അങ്ങനെ നിരവധി ആരോപണങ്ങൾ ആണ് ഉയർന്നു വന്നത്. നിയസമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ ആരോപണങ്ങളിൽ പലതും ചൂടോടെ നിന്നു. ഉമ്മൻ ചാണ്ടി മാറി പിണറായി അധികാരത്തിൽ വന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് വേഗത പോരെന്ന് ഇടതു പക്ഷം ആക്ഷേപം ഉന്നയിച്ച "ആലുവ പ്രസംഗത്തിന്റെ" പേരിലെ കേസിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? എവിടെ പോയി ഇടതിന്റെ ന്യൂനപക്ഷപ്രേമം?
![]() |
ആലുവ പ്രസംഗത്തെ തുടർന്ന് വെള്ളാപ്പള്ളി നടേശനെ വിമർശിച്ചുകൊണ്ട് പിണറായി വിജയൻ തന്റെ ഫേസ്ബുക്കി കുറിച്ച വരികൾ |
ഇന്ന് 25/02/2019നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സംഘം വെള്ളപ്പള്ളി നടേശനെ കാണാൻ കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിയ വാർത്ത കണ്ടപ്പോൾ ഈ പഴയ കാര്യങ്ങൾ ഒന്ന് ഓർത്ത് പോയി. ഇന്ന് വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തിന്റെ ഹൈന്ദവ നവോത്ഥാന നായകൻ ആണ്. പിണറായി സർക്കാർ സംഘടിപ്പിച്ച ജാതിമതിലിന്റെ നേതൃനിരയിൽ നിന്നത് വെള്ളാപ്പള്ളി ആണ്. വെള്ളാപ്പള്ളി നല്ലൊരു സംഘാടകൻ ആണെന്നതിൽ തർക്കമില്ല. ഈഴവസമുദായത്തെ സംഘടിപ്പിക്കുന്നതിലും അതിനെ ശക്തമായ ഒരു സാമൂദായിക സംഘടനയാക്കുന്നതിലും വലിയ സംഭാവനകൾ വെള്ളാപ്പള്ളിയുടേതായുണ്ട്. അതിലൂടെ സമുദായത്തിനുമൊത്തത്തിലും വ്യക്തിപരമായി വെള്ളാപ്പള്ളി നടേശനും ധാരാളം നേട്ടങ്ങൾ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. സമുദായസംഘടനകളുടെ തിണ്ണനിരങ്ങാൻ തങ്ങളെ കിട്ടില്ലെന്ന് വീമ്പുപറയുന്ന സിപിഎമ്മിന്റെ നേതൃത്വം ഇന്ന് സമുദായസംഘടനാനേതാവിന്റെ തിണ്ണനിരങ്ങാൻ എത്തിയത് കൗതുകകരമായി, അതും ഒരിക്കൽ അവർ ഏറ്റവും വിമർശിച്ച വെള്ളാപ്പള്ളി നടേശന്റെ തന്നെ തിണ്ണയാണെന്നത് പ്രത്യേകിച്ചും. തിരഞ്ഞെടുപ്പല്ലെ ഇനിയും ഇത്തരം കൗതുകകരമായ കാഴ്ചകൾ ധാരാളം കാണാൻ സാധിക്കും
പോസ്റ്റിലെ വിവരങ്ങൾക്ക് അവലംബം:
- http://www.reporterlive.com/2015/11/29/219149.html?
- https://www.mathrubhumi.com/news/kerala/vellapalli-aluva-speech-malayalam-news-1.749583?
- https://www.mathrubhumi.com/news/kerala/article-malayalam-news-1.753518?
- https://www.asianetnews.com/news/crime-branch-gets-no-evidence-for-death-of-swami-saswathikananda-to-be-a-murder?
- https://www.deshabhimani.com/news/kerala/latest-news/520919
- https://www.mathrubhumi.com/news/kerala/cm-pinarayi-visits-vellappally-natesan-s-home-1.3599965?
- https://youtu.be/5CQm33_-NYM
- https://www.asianetnews.com/news/cm-pinarayi-vijayan-meets-vellappally-nadeshan-ahead-of-kanichukulangara-felicitation-center-inauguration-pngpxe?
No comments:
Post a Comment
ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.