Wednesday 25 March 2020

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 24-03-2020

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ നടപ്പിലാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 24/03/2020നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമം.

നസ്കാരം,

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,

ലോകവ്യാപകമായി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ കുറിച്ച് സംസാരിക്കാനാണ് ഞാൻ വീണ്ടും നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. മാർച്ച് 22നു ജനത കർഫ്യു എന്ന ആശയത്തോട് എല്ലാ ഭാരതീയരും പൂർണ്ണ ഉത്തരവാദിത്വത്തോടെ തങ്ങളുടെ കടമ നിറവേറ്റി. കുട്ടികൾ, പ്രായമായവർ, യുവാക്കൾ, മുതിർന്നവർ, പാവപ്പെട്ടവർ, ഇടത്തരക്കാർ അങ്ങനെ എല്ലാവരും പരീക്ഷണത്തിന്റെ ഈ സമയത്ത് ഒരുമിച്ചു നിന്നു. ഓരോ ഭാരതീയനും ജനത കർഫ്യു വിജയത്തിൽ എത്തിച്ചു. രാജ്യത്തിനു എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോൾ മാനവികതയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ എങ്ങനെ ആണ് ഭായതീയരായ നമ്മൾ എല്ലാവരും ഒത്തൊരുമിച്ച് ഐക്യത്തോടെ അതിനെ നേരിടുക എന്നത് ഒരു ദിവസത്തെ ജനത കർഫ്യുവിലൂടെ കാണിച്ചു കൊടുത്തു. ജനത കർഫ്യുവിന്റെ വിജയത്തിൽ നിങ്ങൾ ഓരോരുത്തരം അഭിനന്ദനം അർഹിക്കുന്നു. 

സുഹൃത്തുക്കളെ,

ഇപ്പോൾ കൊറോണ എന്ന മഹാമാരി മൂലം ലോകത്തിന്റെ മുഴുവനും ഉള്ള അവസ്ഥ പത്രവാർത്തകളിലൂടേയും ദൃശ്യമാദ്ധ്യമങ്ങളിലൂടേയും വായിക്കുകയും കാണുകയും ചെയ്യുന്നുണ്ട്. ഏറ്റവും സമർത്ഥരായ രാജ്യങ്ങളെ പോലും കൊറോണ എങ്ങനെ ആണ് വിഷമസന്ധിയിലാക്കിയിരിക്കുന്നതെന്നും നിങ്ങൾ കാണുന്നുണ്ട്. ഈ രാജ്യങ്ങൾ അതിനെ മറികടക്കാൻ ശ്രമിക്കാത്തതല്ല. അല്ലെങ്കില്‍ അവരുടെ അടുത്ത് അതിനുള്ള സംവിധാനങ്ങൾ ഇല്ല എന്നതും അല്ല. എന്നാൽ എല്ലാ മുന്നൊരുക്കങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് ഈ രാജ്യങ്ങളിൽ കൊറോണ വൈറസ് അതിവേഗത്തിൽ പടർന്നുപിടിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസക്കാലങ്ങളിലായി ഈ രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിൽ നിന്നും മനസ്സിലാകുന്നതും ഈ രംഗത്തെ വിദദ്ധരായ ആളുകൾ പറയുന്നതും ഈ മഹാമാരി പകർന്നു പിടിക്കുന്നതിനു തടയിടാനുള്ള ഏക പോംവഴി സാമൂഹ്യമായ അകലം പാലിക്കുക (Social distancing) എന്നത് മാത്രമാണെന്നാണ്. അതായത് മറ്റുള്ളവരിൽ നിന്നും വിട്ടുനിൽക്കുക. സ്വന്തം വീടിനുള്ളിൽ തന്നെ കഴിയുക. കൊറോണയിൽ നിന്നും രക്ഷനേടുന്നതിനു ഇതല്ലാതെ മറ്റു പോംവഴികൾ ഒന്നും ഇല്ല. കൊറോണ പടരുന്നത് തടയണമെങ്കിൽ അതിന്റെ പകർച്ചയുടെ കണ്ണികൾ പൊട്ടിക്കുക തന്നെ വേണം.

ചില ആളുകളുടെ തെറ്റിദ്ധാരണ സാമൂഹ്യമായ അകലം പാലിക്കൽ രോഗബാധിതാരായവർക്ക് മാത്രം മതി എന്നതാണ്. ഇത് ശരിയല്ല. സാമൂഹ്യമായ അകലം പാലിക്കൽ ഓരോ പൗരനും ആവശ്യമാണ്, ഓരോ കുടുംബത്തിനും ആവശ്യമാണ്, കുടുംബത്തിലെ ഓരോ അംഗത്തിനും ആവശ്യമാണ്, പ്രധാനമന്ത്രിയ്ക്കും ആവശ്യമാണ്. കുറച്ച് ആളുകളുടെ നിരുത്തരവാദപരമായ പെരുമാറ്റം, അശ്രദ്ധ താങ്കളെയും, താങ്കളുടെ അച്ഛനമ്മമാരേയും, താങ്കളുടെ മക്കളേയും, താങ്കളുടെ കുടുംബത്തേയും, താങ്കളുടെ സുഹൃത്തുക്കളേയും എന്തിനു ഈ രാജ്യത്തെ മുഴുവനായും വലിയ കുഴപ്പത്തിൽ കൊണ്ടുചെന്നെത്തിക്കും. ഇനിയും അത്തരം നിരുത്തരവാദപരമായ പെരുമാറ്റം തുടർന്നു പോയാൽ അതിനു ഭാരതത്തിനു വലിയ വിലനൽകേണ്ടിവരും. അതെത്രയായിരിക്കും എന്ന് കണക്കുകൂട്ടുക പോലും വളരെ ശ്രമകരമാണ്. 

സുഹൃത്തുക്കളെ,

കഴിഞ്ഞ രണ്ട് ദിവസങ്ങൾ ആയി രാജ്യത്തെ വളരെയധികം ഭാഗങ്ങളിൽ ലോക്ക്ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. സംസ്ഥാനസർക്കാരുകൾ സ്വീകരിക്കുന്ന ഈ നടപടികൾ വളരെ ഗൗരവത്തോടെ സ്വീകരിക്കേണ്ടതുണ്ട്. ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പാഠങ്ങളും ഉൾക്കൊണ്ടുകൊണ്ട് രാജ്യം ഇന്ന് വളരെ മഹത്വപൂർണ്ണമായ ഒരു തീരുമാനം എടുക്കാൻ പോവുകയാണ്. ഇന്ന് രാത്രി ഇന്ന് രാത്രി പന്ത്രണ്ടു മണി മുതൽ രാജ്യം മുഴുവനായും, ശ്രദ്ധിച്ചു കേൾക്കൂ, ഇന്ന് രാത്രി പന്ത്രണ്ട് മണി മുതൽ രാജ്യം മുഴുവനായും പൂർണ്ണമായ ലോക്ക്ഡൗൺ നടപ്പിലാക്കുകയാണ്. ഹിന്ദുസ്ഥാനെ രക്ഷിക്കാൻ, ഹിന്ദുസ്ഥാനിലെ ഓരോ പൗരന്മാരേയും രക്ഷിക്കാൻ, നിങ്ങളെ രക്ഷിക്കാൻ, നിങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ, ഇന്ന് രാത്രി പന്ത്രണ്ട് മണി മുതൽ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നതിനു പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. രാജ്യത്തെ ഓരോ സംസ്ഥാനത്തേയും, ഓരോ കേന്ദ്ര ഭരണ പ്രദേശത്തേയും, ഓരോ ജില്ലയേയും, ഓരോ ഗ്രാമത്തേയും, ഓരോ തെരുവുകളേയും, ഓരോ ഹൗസിങ്ങ് കോളനികളേയും ലോക്ക്ഡൗൺ ചെയ്യുകയാണ്. ഇത് ഒരു വിധത്തിൽ പറഞ്ഞാൽ കർഫ്യു തന്നെ ആണ്. ജനത കർഫ്യുവിലേക്കാളും കുറച്ചുകൂടി കടുത്ത നടപടി. ജനത കർഫ്യുവിനേക്കാളും അല്പം കൂടി ശക്തമായ നടപടി. കൊറോണ എന്ന ഈ മഹാമാരിയ്ക്കെതിരായ പോരാട്ടത്തിൽ ഈ നടപടി അത്യന്തം ആവശ്യമാണ്. ഈ ലോക്ക്ഡൗൺ സാമ്പത്തികമായ വലിയൊരു നഷ്ടം രാജ്യത്തിനുണ്ടാക്കും എന്നത് നിശ്ചയമാണ്. എന്നാൽ ഓരോ പൗരന്റേയും ജീവൻ രക്ഷിക്കുക, താങ്കളുടെ ജീവൻ രക്ഷിക്കുക, താങ്കളുടെ കുടുംബാംഗങ്ങളുടെ ജീവൻ രക്ഷിക്കുക എന്നത് എന്റേയും, ഭാരതസർക്കാരിന്റേയും, ഓരോ സംസ്ഥാന സർക്കാരുകളുടെയും, ഒരോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും പ്രാഥമികമായ കർത്തവ്യം ആണ്. അതുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്, കൈ കൂപ്പിക്കൊണ്ട് അപേക്ഷിക്കുകയാണ് നിങ്ങൾ ഈ സമയത്ത് രാജ്യത്ത് എവിടെ ആയിരുന്നാലും അവിടെ തുടരുക. ഇപ്പോഴത്തെ സ്ഥിതിഗതികൾ അനുസരിച്ച് ഈ ലോക്ക്ഡൗൺ 21 ദിവസത്തേയ്ക്ക് ആയിരിക്കും. മൂന്ന് ആഴ്ചകൾ ആയിരിക്കും. കഴിഞ്ഞ തവണ ഞാൻ നിങ്ങളെ കാണാൻ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു, ഞാൻ നിങ്ങളോട് കുറച്ചു ആഴ്ചകൾ ആവശ്യപ്പെടാനാണ് വന്നതെന്ന്. വരാനിരിക്കുന്ന 21 ദിവസങ്ങൾ ഓരോ പൗരനെ സംബന്ധിച്ചും ഓരോ കുടുംബത്തെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ചുരുങ്ങിയത് 21 ദിവസത്തെ സമയം വളരെ പ്രധാനപ്പെട്ടതാണ്. ഈ 21 ദിവസം ശരിയായി നിയന്ത്രിക്കാൻ ആയില്ലെങ്കിൽ താങ്കളും താങ്കളുടെ കുടുംബവും 21 വർഷം പിറകോട്ട് പോകും. ഈ 21 ദിവസം ശരിയായി സംരക്ഷിക്കാൻ ആയില്ലെങ്കിൽ വളരെയധികം കുടുംബങ്ങൾ നശിച്ചുപോകും. ഞാൻ ഇത് പറയുന്നത് ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അല്ല, താങ്കളുടെ കുടുംബത്തിലെ ഒരംഗം എന്ന നിലയിൽ ആണ്. അതുകൊണ്ട് പുറത്ത് പോകുക എന്നത് ഈ 21 ദിവസത്തേയ്ക്ക് മറന്നേക്കൂ. വീട്ടിൽ തന്നെ ഇരിക്കൂ, വീട്ടിൽ തന്നെ ഇരിക്കൂ ഒരു ജോലി മാത്രം ചെയ്യൂ വീട്ടിൽ തന്നെ ഇരിക്കൂ.

സുഹൃത്തുക്കളെ,

ഇന്നത്തെ തീരുമാനം, രാജ്യം മുഴുവൻ ലോക്ക്ഡൗൺ നടപ്പിലാക്കാനുള്ള തീരുമാനം താങ്കളുടെ വീടിന്റെ പടിയ്ക്കൽ ഒരു ലക്ഷ്മണരേഖ വരച്ചിരിക്കുകയാണ്. താങ്കൾ പ്രത്യേകം ഓർമ്മവയ്ക്കേണ്ടുന്ന ഒരു കാര്യം വീട്ടിനു വെളിയിലേയ്ക്കിറങ്ങുന്ന ഒരു ചുവടുപോലും കൊറോണ എന്ന മാഹാമാരിയെ താങ്കളുടെ വീട്ടിലും എത്തിക്കും എന്നതാണ്. കൊറോണ രോഗബാധയുള്ള വ്യക്തി ആദ്യഘട്ടത്തിൽ പൂർണ്ണ ആരോഗ്യവാനെപ്പോലെ ഇരിക്കും എന്നത് ഓർമ്മവയ്ക്കണം. അയാൾ രോഗവാഹകനാണെന്നതു പോലും തിരിച്ചറിയാൻ സാധിക്കില്ല. അതിനാൽ ജാഗ്രതയോടെ ഇരിക്കൂ. നിങ്ങളുടെ വീട്ടിൽ തന്നെ ഇരിക്കൂ. വീട്ടിൽ ഇരിക്കുന്നവർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വളരെ ആകർഷകമായ രീതിയിൽ ഈ കാര്യം പറയുന്നുണ്ട്. അത്തരത്തിൽ എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു ബാനർ ഞാൻ നിങ്ങളേയും കാണിക്കാം. വളരെ ചുരുക്കം വാക്കുകളിൽ കൃത്യമായ സന്ദേശം നൽകുകയാണ്. കൊറോണ അതായാത് കൊയീ റോഡ് പർ നനികലെ (ആരും റോഡിലേയ്ക്ക് ഇറങ്ങരുത്) 

സുഹൃത്തുക്കളെ,

വിദഗ്ദ്ധർ പറയുന്നത് ഒരു വ്യക്തിയ്ക്ക് കൊറോണ ബാധയുണ്ടായാൽ അയാളിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു കുറച്ചു ദിവസങ്ങൾ എടുക്കും എന്നാണ്. ഈ സമയത്ത് അയാൾ അറിയാതെ തന്നെ അയാളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ഓരോ വ്യക്തിക്കും രോഗം കൈമാറും. ലോകാരോഗ്യ സംഘടന പറയുന്നത് ഈ രോഗബാധിതനായ ഒരാൾ, കേൾക്കൂ രോഗബാധിതനായ ഒരാൾ ഒരു ആഴ്ചകൊണ്ട്, പത്ത് ദിവസം കൊണ്ട് നൂറുകണക്കിനു ആളുകളെ രോഗബാധിതരാക്കും എന്നാണ്. അതായത് ഇത് തീ പോലെ പടർന്നു പിടിക്കുന്നതാണ്. ലോകാരോഗ്യസംഘടനയുടെ മറ്റൊരു കണക്ക് വളരെ പ്രധാനപ്പെട്ടതാണ്. ലോകത്ത് കൊറോണ ബാധിതരായ ആളുകളുടെ എണ്ണം ഒരു ലക്ഷം തികയുന്നതിനു ആദ്യം 67 ദിവസം വേണ്ടി വന്നു. അതിനു ശേഷം കേവലം പതിനൊന്ന് ദിവസം കൊണ്ട് പുതുതായി ഒരു ലക്ഷം ആളുകൾ കൂടി രോഗബാധിതരായി. അതായത് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷമായി. ആലോചിക്കൂ ആദ്യം ഒരു ലക്ഷം പേർ രോഗബാധിതരാകാൻ 67 ദിവസം വേണ്ടി വന്നു എങ്കിൽ അത് രണ്ട് ലക്ഷമാകാൻ വേണ്ടി വന്നത് കേവലം 11 ദിവസങ്ങൾ കൂടി മാത്രമാണ്. അതിലും ഭയപ്പെടുത്തുന്നത് രണ്ട് ലക്ഷം രോഗികൾ എന്നത് മൂന്നു ലക്ഷം ആകാൻ കേവലം നാലു ദിവസങ്ങൾ കൂടിയേ വേണ്ടിവന്നുള്ളു എന്നതാണ്. ഇപ്പോൾ താങ്കൾക്ക് ഊഹിക്കാൻ പറ്റുന്നുണ്ടാവും കൊറോണ വൈറസ് എത്രവേഗം ആണ് പടരുന്നതെന്ന്. ഇത്തരത്തിൽ ഇത് പടരാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അതിനെ തടയുക എന്നത് വളരെ ശ്രമകരമാണ്. 

സുഹൃത്തുക്കളെ,

അതുകൊണ്ടാണ് ചൈന, അമേരിക്ക, ഫ്രാൻസ്, ജെർമ്മനി, സ്പെയിൽ, ഇറ്റലി, ഇറാൻ അങ്ങനെ അനേകം രാജ്യങ്ങൾ കൊറോണ വൈറസ് പടരാൻ തുടങ്ങിയപ്പോഴേക്കും സ്ഥിതിഗതികൾ നിയന്ത്രണാതീതമായിട്ടുണ്ടായിരുന്നു. ഇറ്റലിയായാലും അമേരിക്ക ആയാലും അവിടത്തെ ആരോഗ്യരംഗം, അശുപത്രികൾ, അവിടത്തെ സൗകര്യങ്ങൾ ഇവ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് ഓർമ്മ ഉണ്ടാവണം. അവരുടെ സംവിധാനങ്ങൾ മികച്ചതാണെന്ന് അംഗീകരിക്കപ്പെട്ടവയാണ്. എന്നിട്ട് പോലും ഈ രാജ്യങ്ങൾക്ക് കൊറോണയുടെ പ്രഭാവം കുറയ്ക്കാൻ സാധിച്ചില്ല. അതുകൊണ്ട് ഉയർന്നുവരുന്ന ചോദ്യം ഈ ഘട്ടത്തിൽ പ്രതീക്ഷിക്കാൻ എന്താണ് വകയുള്ളത് എന്നതാണ്. എന്താണ് പോംവഴി, എന്താണ് പരിഹാരം. കൊറോണ പകരുന്നത് തടയാനുള്ള പോംവഴി കൊറോണയുടെ വ്യാപനം ഒരു പരിധിവരെ തടഞ്ഞുനിറുത്താൻ സഹായിച്ച രാജ്യങ്ങളിൽ നിന്നുള്ള പാഠങ്ങൾ ആണ്. ആഴ്ചകൾ ആ രാജ്യങ്ങളിലെ ജനങ്ങൾ വീടുകൾക്ക് വെളിയിൽ ഇറങ്ങിയില്ല. ആ രാജ്യങ്ങളിലെ ആളുകൾ സർക്കാർ നിർദ്ദേശങ്ങൾ നൂറു ശതമാനം അനുസരിച്ചു. അതുകൊണ്ട് ചില രാജ്യങ്ങൾ കൊറോണയിൽ നിന്നും മുക്തിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നമുക്കു മുന്നിലും കേവലം ഇതേ ഒരു മാർഗ്ഗമുള്ളൂ എന്നത് നമ്മളും മനസ്സിലാക്കണം. നമ്മൾ വീടിനു വെളിയിൽ ഇറങ്ങുകയില്ല എന്ന് തീരുമാനം എടുക്കണം. എന്തുതന്നെ സംഭവിച്ചാലും വീട്ടിൽ തന്നെ ഇരിക്കണം. സാമൂഹ്യമായ അകലം പാലിക്കുക എന്നത് പ്രധാനമന്ത്രി മുതൽ നാട്ടുംപുറത്തെ സാധാരണക്കാരനു വരെ ബാധകമായതാണ്. കൊറോണയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ വീട്ടിനു വെളിയിലെ ലക്ഷമണരേഖ മുറിച്ച് കടക്കരുത്. നമുക്ക് ഈ മഹാമാരിയുടെ വൈറസിന്റെ പകർച്ച തടയേണ്ടതുണ്ട്. ഇതിന്റെ പകർച്ചയുടെ കണ്ണികൾ പൊട്ടിക്കേണ്ടതുണ്ട്. നമ്മൾ ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ഈ ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രം കുറയ്ക്കാൻ സാധിക്കും എന്ന് നിർണ്ണയിക്കുന്ന ആ ഘട്ടത്തിൽ ആണ് ഭാരതം ഇപ്പോൾ ഉള്ളത്. ഇത് നമ്മുടെ നിർണ്ണയങ്ങളെ വീണ്ടും വീണ്ടും ശക്തിപ്പെടുത്തേണ്ട സമയം ആണ്. ഓരോ ചുവടിലും ശ്രദ്ധിക്കേണ്ട സമയമാണ്. ജീവനുണ്ടെങ്കിലെ ഈ ലോകം തന്നെയുള്ളു എന്നത് താങ്കൾ ഓർമ്മവെയ്ക്കണം. 

സുഹൃത്തുക്കളെ, 

ഇത് ധൈര്യത്തിന്റേയും സഹനത്തിന്റേയും സമയമാണ്. ലോക്ക്ഡൗൺ തുടരുന്ന അത്രയും കാലം നമ്മൾ നമ്മുടെ നിശ്ചയത്തിൽ ഉറച്ചു നിൽക്കണം. നമ്മുടെ വാക്ക് പാലിക്കണം. അതുകൊണ്ട് ഞാൻ വീണ്ടും കൂപ്പുകൈകളോടെ നിങ്ങളോട് അപേക്ഷിക്കുകയാണ്, സ്വന്തം ജീവൻ അപകടപ്പെടുത്തികൊണ്ട് സ്വന്തം കർത്തവ്യം നിറവേറ്റിക്കൊണ്ടിരിക്കുന്നവരുടെ സുരക്ഷയ്ക്കായി, നന്മക്കായി വീടുകളിൽ ഇരുന്നുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുക. ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, പാത്തോളജിസ്റ്റ് എന്നിവരെ കുറിച്ച് ആലോചിക്കൂ. അവർ ഈ മഹാമാരിയിൽ നിന്നും ഓരോ ജീവനും രക്ഷിക്കുന്നതിനു ആശുപത്രിയിൽ രാപ്പകൽ ഇല്ലാതെ പണിയെടുക്കുകയാണ്. ആശുപത്രി നടത്തിക്കൊണ്ട് പോകുന്നവർ, ആംബുലൻസ് ഡ്രൈവർമാർ, വാർഡ് ബോയ്സ്, ശുചിയാക്കുന്ന തൊഴിലാളികൾ അവരെ പറ്റിയെല്ലാം ആലോചിക്കൂ. അവരെല്ലാം അത്യന്തം ദുഷ്കരമായ ഈ സാചര്യങ്ങളിലും മറ്റുള്ളവരെ സേവിക്കുകയാണ്. അതുപോലെ താങ്കളുടെ വഴികൾ, കോളനികൾ, പൊതുഇടങ്ങൾ ഇവയെല്ലാം അണുവിമുക്തമാക്കുന്നവർ അവർക്കെല്ലാം വേണ്ടി നിങ്ങൾ പ്രാർത്ഥിക്കൂ. അവരൂടെ പ്രവർത്തനങ്ങളിലൂടെ ഈ വൈറസ് തുടച്ചു നീക്കപ്പെടട്ടെ. രോഗം പകരാനുള്ള റിസ്ക് എടുത്ത് റോഡുകളിൽ ആശുപത്രികളിൽ നിന്നൊക്കെ നിങ്ങൾക്ക് ശരിയായ വിവരങ്ങൾ എത്തിക്കുന്നതിനു വേണ്ടി 24 മണിക്കൂറും പണിയെടുക്കുന്ന മാദ്ധ്യമപ്രവർത്തകരെ കുറിച്ചു ആലോചിക്കൂ. സ്വന്തം കുടുബത്തെ പോലും മറന്നും താങ്കളേയും താങ്കളുടെ കുടുംബത്തേയും സംരക്ഷിക്കാൻ രാതിയും പകലും ജോലിചെയ്യുന്ന നിങ്ങളുടെ ചുറ്റുപാടുമുള്ള പോലീസ് ഉദ്യോഗസ്ഥരെ കുറച്ച് ഓർക്കൂ. അവർ പലപ്പോഴും ചില ആളുകളുടെ ചീത്തവിളികളും ശകാരവും നേരിടേണ്ടി വരുകയും ചെയ്യുന്നവരാണ്.

സുഹൃത്തുക്കളെ,

ലോകം മുഴുവൻ കൊറോണ എന്ന ഈ മഹാമാരി വേഗത്തിൽ പടർന്നു പിടിക്കുന്നതിനിടയിലും കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും വളരെ വേഗത്തിൽ നടപടികൾ എടുക്കുന്നുണ്ട്. ആളുകൾക്ക് നിത്യജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കുന്നതിനു ആവശ്യമായ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. തുടർന്നു സ്വീകരിക്കുകയും ചെയ്യും. പാവപ്പെട്ടവർക്കും ഈ വിഷമഘട്ടം വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നത് നിശ്ചയമാണ്. കേന്ദ്രസർക്കാർ സംസ്ഥാനസർക്കാരുകൾക്കും സമൂഹത്തിലെ മറ്റ് സംഘടനകൾക്കും ഒപ്പം ചേർന്ന് പാവപ്പെട്ടവരുടെ ഈ വിഷമങ്ങൾ കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്നതിനു അനേകം ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടൂപോകുന്നതിനുള്ള പരിശ്രമങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം ജീവൻ രക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾക്കും നൽകേണ്ടി വരും. ഈ മഹാമാരിയെ നേരിടുന്നതിനു രാജ്യത്തിന്റെ ആരോഗ്യരംഗത്തെ സക്ഷമമാക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ തുടർച്ചയായി സ്വീകരിച്ചു വരികയാണ്. ലോകാരോഗ്യസംഘടന, ഭാരതത്തിലെ ചികിത്സാരംഗത്തുള്ള പല സംഘടനകൾ അതുപോലെ ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ ഉപദേശങ്ങൾ നിർദ്ദേശങ്ങൾ എന്നിവമാനിച്ചു കൊണ്ട് സർക്കാർ പല തീരുമാനങ്ങളും എടുത്തിട്ടുമുണ്ട്. കൊറോണ രോഗബാധിതരായവരുടെ ചികിത്സിയ്ക്ക് രാജ്യത്തെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു കേന്ദ്രസർക്കാർ ഇന്ന് 15000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൊണ്ട് കൊറോണയുമായി ബന്ധപ്പെട്ട പരിശോധനാസംവിധാനങ്ങൾ, വ്യക്തിസുരക്ഷാഉപകരണങ്ങൾ (PPE), ഐസൊലേഷൻ കിടക്കകൾ, തീവ്രപരിചരണസംവിധാനങ്ങൾ, വെന്റിലേറ്ററുകൾ, അതുപോലെ മറ്റ് അവശ്യവസ്തുക്കൾ ഇവ അതിവേഗം തയ്യാറാക്കുന്നതാണ്. അതിനൊപ്പം തന്നെ മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗങ്ങളിൽ പെടുന്നവർക്കുള്ള പരിശീലനവും നൽകും. എല്ലാ സംസ്ഥാനങ്ങളുടേയും പ്രഥമ പരിഗണന ഈ സമയത്ത് ആരോഗ്യമേഖലയ്ക്ക് മാത്രമാകണമെന്ന് ഞാൻ എല്ലാ സംസ്ഥാനസർക്കാരുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യസംരക്ഷണത്തിനു തന്നെ ആകണം പ്രഥമപരിഗണന. രാജ്യത്തെ സ്വകാര്യമേഖലയും വിഷമത്തിന്റേയും രോഗത്തിന്റേയും ഈ സമയത്ത് ദേശവാസികൾക്കൊപ്പം തോളോട് തോൾ ചേർന്ന് പൂർണ്ണമായും നിൽക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സ്വകാര്യലാബുകളും സ്വകാര്യ ആശുപത്രികളും ഈ വെല്ലുവിളികൾ നിറഞ്ഞ സമയത്ത് സർക്കാരിനൊപ്പം പ്രവർത്തിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. 

സുഹൃത്തുക്കളേ,

ഈ സമയത്ത് അറിഞ്ഞോ അറിയാതയോ പല തരത്തിലുള്ള തെറ്റായ വാർത്തകളും പ്രചരിക്കാറുണ്ട്. തെറ്റായവിവരങ്ങൾ വളരെ വേഗത്തിൽ ആണ് സഞ്ചരിക്കാറുള്ളത്. എല്ലാത്തരത്തിലും ഉള്ള ഊഹാപോഹങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും വിട്ടുനിൽക്കണം എന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാർ, ആരോഗ്യരംഗത്തുള്ളവർ ഒക്കെ നൽകുന്ന നിർദ്ദേശങ്ങൾ നിങ്ങൾ പാലിക്കേണ്ടത് വളരെ ആവശ്യമാണ്. രോഗലക്ഷണങ്ങൾ എന്തെങ്കിലും വന്നാൽ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ ഒരു മരുന്നും കഴിക്കരുത്. ഏതെങ്കിലും തരത്തിലുള്ള പരീക്ഷണങ്ങൾ താങ്കളുടെ ജീവൻ കൂടുതൽ ആപത്തിൽ ആക്കും. ഓരോ ഭാരതീയനും ഈ വിഷമഘത്തിൽ സർക്കാരുകളുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. 21 ദിവസത്തെ ലോക്ക്ഡൗൺ, ദീർഘമായ സമയമാണ്, എന്നാൽ ഇത് താങ്കളുടെ ജീവൻ രക്ഷിക്കാൻ, താങ്കളുടെ കുടുംബത്തിന്റെ ജീവൻ രക്ഷിക്കാൻ വളരെ പ്രധാനപ്പെട്ട ഒന്നാണ്, ഇതല്ലാതെ മറ്റൊരു മാർഗ്ഗവും നമ്മളുടെ മുന്നിൽ ഇല്ല. ഓരോ ഹിന്ദുസ്ഥാനിയും ഈ ആപത്തിനെ നേരിടുമെന്ന് മാത്രമല്ല ഈ വിഷമഘട്ടത്തെ വിജയിക്കുകയും ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. താങ്കൾ താങ്കളുടെ ആരോഗ്യം നോക്കണം, വേണ്ടപ്പെട്ടവരുടെ ആരോഗ്യം നോക്കണം, നിയമവ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് വിജയം എന്ന ഒറ്റലക്ഷ്യത്തെ മുന്നിൽക്കണ്ട് നമുക്കെല്ലാവർക്കും ഈ നിയന്ത്രണങ്ങൾ സ്വീകരിക്കാം. നിങ്ങൾക്കെല്ലവർക്കും എന്റെ നന്ദി. 

ഈ പ്രസംഗത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു


No comments:

Post a Comment

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.