Thursday 30 July 2020

കൈരളിയെ കൈപിടിച്ചുയർത്താൻ തട്ടിപ്പല്ല വേണ്ടത്

പൂച്ചപെറ്റുകിടക്കുന്ന കൈരളിയുടെ ചർച്ചകൾ കാണാൻ സഖാക്കളായ സുഹൃത്തുക്കൾ ഭയങ്കര ക്യാമ്പെയ്ൻ ആണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് ജോൺ ബ്രിട്ടാസ് നടത്തുന്ന ചർച്ചകൾ ഭയങ്കര സംഭവം ആണെന്ന രീതിയിൽ സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണം. എന്നാൽ ഇന്ന് ഒന്ന് കണ്ട് കളയാം എന്ന് കരുതി ഒന്ന് നോക്കിയതാണ്. സംഭവം നല്ല കോമഡിയാണ്. വിഷയം സഖാവ് അനീഷ് രാജന്റെ സ്ഥലം മാറ്റം. ഉത്തരവിൽ He എന്നതിനു പകരം she എന്നും His എന്നതിനു പകരം Her എന്നുമാണ് എഴുതിയത് . അതു കൂടാതെ No representation what so ever will be entertained എന്നൊക്കെ എഴുതിയിട്ടുണ്ട്. അങ്ങനെ ഒരു ക്ലോസ് ഇതുവരെ താൻ കണ്ടിട്ടില്ല എന്നതാണ് ബ്രിട്ടാസിന്റെ കമന്റ്. അതിനു വിശദീകരണം ചോദിച്ചത് ചർച്ചയിൽ ഉള്ള വീട്ടിൽ ടിവി ഇല്ലാത്ത (ടിവി ഇല്ലാത്തതിന്റെ കാരണം ന്യൂസ് ചാനലുകളിൽ വരുന്ന ചർച്ചകൾ അരോചകം ആയതുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ പറഞ്ഞതായി വായിച്ചു. അരോചകം കാണുന്നതിൽ മാത്രമേ ഉള്ളൂ പങ്കെടുക്കുന്നതിൽ ഇല്ല എന്ന് ഹരീഷ് തീരുമാനിച്ചെങ്കിൽ അത് നന്നായി) ഹരീഷ് വാസുദേവനോട് . അഡ്വക്കേറ്റ് ഹരീഷിന്റെ മറുപടി മുൻപ് സ്ഥലം മാറ്റിയ വനിത ഉദ്യോഗസ്ഥയുടെ ട്രാൻസ്ഫർ ഓർഡർ തന്നെ ആധാരമാക്കി അനീഷ് രാജന്റെ ഓർഡറും തയ്യാറാക്കിയപ്പോൾ വന്ന പിശകാവാം അത്  എന്നായിരുന്നു. അതായത് വലിയ സംഭവം ആയി ബ്രിട്ടാസ് അവതരിപ്പിച്ച "No representation what so ever will be entertained" എന്ന വ്യവസ്ഥ സാധാരണ ട്രാൻസ്ഫർ ഓർഡറിൽ ഉള്ളതാണെന്ന് ചുരുക്കം.

പിന്നെ ബി ജെ പിയെ എതിർക്കുന്നവരുടെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാൻ തൃപ്പൂണിത്തുറ എം എൽ എ സഖാവ് സ്വരാജ് ഉദാഹരിച്ച രണ്ട് കാര്യങ്ങൾ ആണ് അതിലും രസം. ജസ്റ്റിസ് ലോയയ്ക്ക് സംഭവിച്ചത് പോലെ, സഞ്ജീവ് ഭട്ടിനു സംഭവിച്ചതു പോലെ ഒക്കെ സംഭവിക്കും എന്നതായിരുന്നു സ്വരാജിന്റെ വാദം. ജസ്റ്റിസ് ലോയയുടെ കര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് സുപ്രീംകോടതിയ്ക്ക് തർക്കമില്ല. പക്ഷെ സഖാക്കൾക്ക് ഇപ്പോഴും പഴയ നുണ ആവർത്തിക്കുന്നതിൽ ആണ് താല്പര്യം. സഞ്ജീവ് ഭട്ടിന്റെ കാര്യം അയാൾക്കുള്ള സർട്ടിഫിക്കറ്റ് സുപ്രീംകോടതി നേരത്തെ നൽകിയതാണ്. ഇപ്പോൾ അയാൾ ജയിലിൽ കിടക്കുന്നുത് ഒരു കസ്റ്റഡി കൊലപാതകത്തിനു കോടതി നൽകിയ ജീവപര്യന്തം ശിക്ഷ അനുഭവിച്ചാണ്. എന്തായാലും ആദ്യത്തെ പത്തു മിനിറ്റിൽ ബ്രിട്ടാസിന്റെ ചർച്ചകാണുന്നത് ഞാൻ അവസാനിപ്പിച്ചു.

No comments:

Post a Comment

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.