Tuesday 10 December 2019

പൗരത്വ ഭേദഗതി ബിൽ 2019 അമിത് ഷായുടെ മറുപടി

എന്തു കൊണ്ട് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരേണ്ടി വന്നു എന്നതിനു തന്റെ മറുപടി പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ വിശദീകരണവും അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിൽ പ്രധാനപ്പെട്ടതെന്ന് എനിക്ക് തോന്നിയ ചില ഭാഗങ്ങളുടെ സംക്ഷിപ്ത വിവർത്തനം ചുവടെ ചേർക്കുന്നു. അമിത് ഷായുടെ പ്രസംഗത്തിൽ നിന്നും...

നരകതുല്യമായ ജീവിതം നയിക്കുന്ന കോടിക്കണിക്കിനു അഭയാർത്ഥികളുടെ യാതനകൾ അവസാനിപ്പിക്കുന്നതിനാണ് ഈ ബിൽ കൊണ്ടുവന്നിട്ടുള്ളത്. 

പതിനാലാം അനുഛേദവും പൗരത്വ ബില്ലും

ഈ ബിൽ ഒരു വിധത്തിലും പതിനാലാം അനുഛേദത്തിനോ ഭരണഘടനയ്ക്കോ വിരുദ്ധം അല്ല. പ്രത്യേക കാരണങ്ങൾ കൊണ്ട് ഏതെങ്കിലും ഒരു വിഭാഗത്തിനു എന്തെങ്കിലും പ്രത്യേകതകൾ നൽകുന്നത് പതിനാലാം അനുഛേദത്തിനു എതിരല്ല. മതന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന പല നിയമങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട് അത് ഒന്നും തന്നെ പതിനാലാം അനുഛേദം ഉറപ്പുനൽകുന്ന തുല്ല്യതയ്ക്കുള്ള അവകാശത്തിനു  എതിരല്ല. ഈ നിയമം ഏതെങ്കിലും ഒരു മതത്തിനു വേണ്ടിയുള്ളതല്ല. ഇത് മതന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതാണ്. മതന്യുനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. അതുകൊണ്ട് തന്നെ ഈ നിയമം ഭരണഘടനയുടെ പതിനാലാം അനുഛേദത്തിനു എതിരല്ല. ഈ ബിൽ ഭരണഘടനയുടെ 14, 21, 25 അനുഛേദങ്ങൾക്ക് എതിരല്ല, പൂർണ്ണമായു ഭരണഘടനയ്ക്ക് വിധേയമാണ്.

എന്തുകൊണ്ട് മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് മാത്രം?

ഭാരതം വിഭജിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിൽ ആണ്. സ്വാതന്ത്ര്യത്തെ തുടർന്ന് മതത്തിന്റെ അടിസ്ഥാനത്തിൽ ഈ രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഇന്ന് ഈ ബിൽ കൊണ്ടുവരേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാനിലും ഇന്ത്യയിലും ഉള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നെഹ്റു - ലിയാക്കത്ത് ധാരണ ഒപ്പുവച്ചു. നമ്മൾ ആ ധാരണ അംഗീകരിച്ചു തന്നെ ആണ് പ്രവർത്തിച്ചു പോന്നിട്ടുള്ളത്. എന്നാൽ പാകിസ്ഥാൻ ഈ ധാരണ പലവട്ടം ലംഘിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷത്തിൽ പെടുന്ന അളുകളിൽ അഭയാർത്ഥികളായി ഇന്ത്യയിൽ എത്തിയിട്ടുള്ളവർക്കാണ് ഈ നിയമം മൂലം പൗരത്വം ലഭിക്കുക എന്ന് പറയുമ്പോൾ ആ രാജ്യങ്ങളുടെ അവസ്ഥ എന്താണെന്ന് നാം മനസ്സിലാക്കണം. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അവരുടെ ഭരണഘടന അനുസരിച്ച് ഇസ്ലാമിക രാഷ്ട്രങ്ങൾ ആണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങൾ ആണ്. ബംഗ്ലാദേശ് രൂപീകൃതമായപ്പോൾ ഏതെങ്കിലും മതാധിഷ്ഠിത രാജ്യം ആയിരുന്നില്ല. എന്നാൽ പിന്നീട് അവരും തങ്ങളുടെ ഭരണഘടനാ ഭേദഗതിയിലൂടെ ഇസ്ലാമിനെ രാജ്യത്തിന്റെ ഔദ്യോഗിക മതം ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ ഈ മൂന്ന് രാജ്യങ്ങളും അവരുടെ ഭരണഘടന അനുസരിച്ച് ഇസ്ലാമിക രാജ്യങ്ങൾ ആണ്. അതുകൊണ്ട് തന്നെ ആ രാജ്യങ്ങളെ മതന്യൂനപക്ഷങ്ങൾക്ക് മുസ്ലീം സമുദായത്തിൽ പെടുന്നവർക്ക് ലഭിക്കുന്നതിനു തുല്ല്യമായ പരിഗണന ലഭിക്കുക എന്നത് അസംഭവ്യമാണ്.

പാകിസ്ഥാനിൽ 1947-ൽ മതന്യൂനപക്ഷങ്ങൾ 23% ആയിരുന്നത് 2011-ൽ 3.7% ആയികുറഞ്ഞു. ബംഗ്ലാദേശിൽ 1947-ൽ മതന്യൂനപക്ഷങ്ങൾ 22% ആയിരുന്നത് 2011-ൽ 7.8% ആയി കുറഞ്ഞു. ഹിന്ദു,  ജെയ്ൻ, സിഖ്, പാഴ്സി, കൃസ്ത്യൻ, ബുദ്ധ വിഭാഗങ്ങളിൽ പെടുന്ന ഈ മതന്യൂനപക്ഷക്കാർക്ക് എന്തു സംഭവിച്ചു? ഒന്നുകിൽ അവരെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കി, അല്ലെങ്കിൽ അവരിൽ കുറെ ആളുകളെ കൊന്നു കളഞ്ഞു, അതുമല്ലെങ്കിൽ അവർ സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് ജീവിക്കാനുള്ള ആഗ്രഹത്തോടെ ഭാരതത്തിലേയ്ക്ക് അഭയാർത്ഥികളായെത്തി. അവർക്ക് നേരെ ഉണ്ടായിട്ടുള്ള വിവിധ അക്രമങ്ങളെ കുറിച്ച് ഈ ചർച്ചയിൽ പങ്കെടുത്ത പലരും വിശാലമായി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അതിലേയ്ക്ക് പിന്നീട് വരാം. അവർ ചെയ്ത തെറ്റ് എന്താണ്? എന്തുകൊണ്ടാണ് അവരെ ഭാരതീയ പൗരന്മാരാക്കുന്നതിനെ എതിർക്കുന്നത്? അവർക്ക് അഭിമനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം എന്നതാണ് ബിജെപി ആഗ്രഹിക്കുന്നത്.

ഈ ബിൽ കൊണ്ടുവരുന്നത് ഭാരതത്തെ ഹിന്ദു രാഷ്ട്രം ആക്കാനാണെന്ന് ചിലർ ആരോപിക്കുന്നു. അങ്ങനെ യാതൊരു ഉദ്ദേശവും ഈ ബിൽ കൊണ്ടുവരുന്നതിലൂടെ ഇല്ല. ഭാരതത്തിൽ എന്താണ് ഈ കാലയളവിൽ സംഭവിച്ചതെന്നു കൂടി നോക്കാം. 1951-ൽ ഭാരതത്തിലെ ഹിന്ദുക്കൾ 84% ആയിരുന്നു. 2011-ൽ ഹിന്ദുക്കൾ 79% ആയി കുറഞ്ഞു. 1951-ൽ മുസ്ലീങ്ങൾ ഇന്ത്യയിൽ 9.8% ആയിരുന്നത് ഇന്ന് 14.23% ആണ്.  ഭാരത്തിൽ ആരോടും മതത്തിന്റെ പേരിൽ പക്ഷപാതപരമായ സമീപനം സ്വീകരിച്ചിട്ടില്ല. ഇനിയും മതത്തിന്റെ പേരിൽ ഒരു പക്ഷപാതപരമായ നിലപാടും ഭാരതത്തിൽ ഉണ്ടാകില്ലെന്ന് ഈ സഭയ്ക്ക് ഉറപ്പുനൽകുന്നു. എന്നാൽ അയൽരാജ്യങ്ങളിൽ അവിടത്തെ മതന്യൂനപക്ഷങ്ങൾക്ക് നേരെ മതത്തിന്റെ അടിസ്ഥാനത്തിൽ അക്രമം നടക്കുന്നു എങ്കിൽ കൈയ്യുംകെട്ടി നോക്കിയിരിക്കാൻ ഭാരതത്തിനു സാധിക്കില്ലെന്നും നിങ്ങളെ അറിയിക്കട്ടെ. അവരെ രക്ഷിക്കേണ്ടതുണ്ട്, അവർക്ക് ആദരവ് ലഭിക്കേണ്ടതുണ്ട്, അവരെ സ്വീകരിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗം സ്വന്തം അസ്തിത്വവും, സ്ത്രീകളുടെ അഭിമാനവും, സ്വന്തം മതവും രക്ഷിക്കുന്നതിനു അഭയാർത്ഥികളായി നമ്മുടെ നാട്ടിൽ വരുകയും നമ്മൾ അവരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന വിഷയം ഉണ്ടാവില്ല. പാഴ്സികളും ഇറാനിൽ നിന്നും ഇതുപോലെ ശരണാർത്ഥികളായി ഇവിടെ വന്നവരാണ്, പാലിൽ കലക്കിയ പഞ്ചസാരപോലെ ഇവിടത്തെ ജനങ്ങൾക്കൊപ്പം ചേർന്ന് അവർ ഇന്നും സ്വന്തം അസ്തിത്വം സംരക്ഷിച്ചു ജീവിച്ചു വരുന്നു. ഇനിയും അത് അങ്ങനെ തന്നെ തുടരും.

രണ്ടു രാജ്യവാദവും കോൺഗ്രസ്സും

മതത്തിന്റെ പേരിൽ ഈ രാജ്യത്തെ രണ്ടായി വിഭജിക്കണം എന്ന ആശയം അംഗീകരിച്ചത് കോൺഗ്രസ്സ് ആണ്. എന്റെ ശവത്തിൽ ചവിട്ടിയല്ലാതെ ഈ രാജ്യത്തെ വിഭജിക്കാൻ ആകില്ല എന്ന് പറഞ്ഞത് മഹാത്മഗാന്ധിയാണ്. അദ്ദേഹത്തിന്റെ വാക്കുകളെ പോലും അവഗണിച്ചാണ് കോൺഗ്രസ്സ് ഈ രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാൻ തയ്യാറായത്. അതിനു ചരിത്രം സാക്ഷിയാണ്. സവർക്കറുടേതാണ് രണ്ടു രാഷ്ട്രം എന്ന വാദം എന്ന ആരോപണത്തോട് ഞാൻ പ്രതികരിക്കുന്നില്ല. 

പാക് അധിനിവേശ കാശ്മീരും ശ്രീലങ്കൻ തമിഴരും  ദയാനിധിമാരന്റെ സംശവും

ദയാനിധി മാരൻ പറയുന്നത് ബിജെപി പാക് അധിനിവേശ കാശ്മീരിനെ കുറിച്ച് പറയുന്നു എന്നാൽ അവിടത്തെ ജനങ്ങളെ കുറിച്ച് മൗനം പാലിക്കുന്നു എന്നാണ്. അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത് പാക് അധിനിവേശ കാശ്മീരും നമ്മുടേതാണ്, അവിടത്തെ ജനങ്ങളും നമ്മുടേതാണ്. അദ്ദേഹത്തിനറിയില്ലെങ്കിൽ ഓർമ്മിപ്പിക്കട്ടെ അവിടത്തെ ജങ്ങൾക്ക് വേണ്ടി ജമ്മുകാശ്മീർ നിയമസഭയിലെ 24 സീറ്റുകൾ നമ്മൾ ഇന്നും മാറ്റിവച്ചിട്ടുണ്ട്.  ശ്രീലങ്കയിലെ ആളുകൾക്ക് എന്തുകൊണ്ട് പൗരത്വം നൽകില്ല എന്ന് അദ്ദേഹം ചോദിക്കുന്നു. വിവിധ അവസരങ്ങൾ വിവിധ ആവശ്യങ്ങൾ മുൻനിറുത്തി ഇതിനു മുൻപും പൗരത്വം നൽകിയിട്ടുണ്ട്. അതിനുള്ള നിരവധി ഉദാഹരണങ്ങളും ഉണ്ട്. വിഭജനത്തെ തുടർന്ന് വന്ന എല്ലാവർക്കും നൽകി. 59-ൽ ബംഗ്ലാദേശിൽ നിന്നു വന്നവർക്ക് നൽകി. ലാൽ ബഹദൂർ ശാസ്ത്രിയും ബന്ദാരനായകെയും തമ്മിലുള്ള ഉടമ്പടി അനുസരിച്ച് മൂന്നു ലക്ഷം തമിഴർക്ക് ശ്രീലങ്കയിൽ നിന്നും പൗരത്വം നൽകി. ശ്രീലങ്കയിൽ നിന്നുള്ള തമിഴർക്ക് പൗരത്വം നൽകിയ വേറെയും ധാരാളം ഉദാഹരനങ്ങൾ ഉണ്ട്. ആ സമയത്തൊന്നും ബംഗ്ലാദേശിൽ നിന്നും വന്നവർക്ക് പൗരത്വം നൽകിയില്ല, പാകിസ്ഥാനിൽ നിന്നും വന്നവർക്ക് പൗരത്വം നൽകിയില്ല. ഉഗാണ്ടയിൽ നിന്നും വന്നവർക്ക് പൗരത്വം നൽകിയ അവസരത്തിൽ പാകിസ്ഥാനിൽ നിന്നും വന്നവർക്കോ ശ്രീലങ്കയിൽ നിന്നും വന്നവർക്കോ പൗരത്വം നൽകിയില്ല. ഓരോ സമയത്തും കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമങ്ങൾ ഓരോ പ്രത്യേക ലക്ഷ്യം മുൻനിറുത്തി ഉള്ളതായിരുന്നു. അതുപോലെ ഈ നിയമത്തിന്റെ ഉദ്ദേശം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും അഭയാർത്ഥികൾ ആയി എത്തിയ അവിടത്തെ മതന്യൂനപക്ഷവിഭാഗങ്ങളിൽ പെടുന്നവർക്ക് പൗരത്വം നൽകുക എന്നതാണ്. മതന്യൂനപക്ഷത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഇടുങ്ങിയതാണെന്ന് ആക്ഷേപം അദ്ദേഹമുന്നയിച്ചു. എന്റെ കാഴ്ചപ്പാട് ഇടുങ്ങിയതല്ല. എന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ വന്ന പിശകായിരിക്കാം അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവാൻ കാരണം. ഈ നിയമം ഭാരതത്തിലെ മതന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. മറിച്ച് മേല്പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി വന്ന അവിടത്തെ മതന്യൂനപക്ഷത്തെ പറ്റിയുള്ളത് മാത്രമാണ്. ആ മൂന്നു രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ട് മുസ്ലീങ്ങൾ അവിടങ്ങളിലെ മതന്യൂനപക്ഷം അല്ല.

റോഹിങ്ക്യകളെ കുറിച്ച്

റോഹിങ്ക്യകൾ ഇവിടെ എത്തുന്നത് ബംഗ്ലാദേശ് വഴിയാണ്, മ്യാന്മാർ മതനിരപേക്ഷ രാജ്യം ആണ്. എന്നിട്ടും അവിടെ നിന്നും അവർ ബംഗ്ലാദേശ് വഴിയാണ് ഇവിടെ എത്തുന്നത്. റോഹിങ്ക്യകളെ കുറിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. റോഹിങ്ക്യകൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന വിഷയം ഉദിക്കുന്നേയില്ല.

ഭാരതത്തിൽ മതന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്ന്, ഭയത്തിലാണെന്ന് ചിലർ പറയുന്നു. മതന്യൂനപക്ഷങ്ങൾക്ക് ഒരു വിധത്തിലുള്ള ഭയവും ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ അത് നിങ്ങൾ പറഞ്ഞുപരത്തുന്ന വസ്തുതകൾ കൊണ്ടാവും. നരേന്ദ്രമോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് ഒരുവിധത്തിലുള്ള ആശങ്കയ്ക്കും അടിസ്ഥാനമില്ല എന്ന് ഉറപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

അഭിഷേക് ബാനർജിയ്ക്കുള്ള (ടി എം സി) മറുപടി

അഭിഷേക് ബാനർജി തന്റെ പ്രസംഗത്തിൽ രവീന്ദ്രനാഥ ടാഗോർ, ബങ്കിം ചന്ദ്ര ചാറ്റർജി, വിവേകാന്ദൻ എന്നിവരുടെ ഉല്ലേഖനങ്ങൾ നടത്തി. എനിക്ക് അദ്ദേഹത്തോട് ഒരു ചെറിയ ചോദ്യം ചോദിക്കാനുള്ളത് ബങ്കിംബാബു, റ്റാഗോർ, വിവേകാനന്ദൻ എന്നിവരുടെ ബംഗാൾ ദുർഗ്ഗാ ദേവിയുടെ പൂജയ്ക്കുള്ള  അനുമതിയ്ക്കായി കോടതിയിൽ പോകേണ്ട അവസ്ഥയുള്ളതായിരുന്നോ?  അദ്ദേഹം പറയുന്നത് ഈ ബിൽ ചതിയാണെന്നാണ്. ഈ ബിൽ ഒരു ചതിയുമില്ല. നേരായ വസ്തുതയാണ്. മുന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളായി വന്ന മതന്യൂനപക്ഷക്കാർക്ക് പൗരത്വം നൽകുക എന്നത് മാത്രമാണ് ഈ ബില്ലിന്റെ ഉദ്ദേശം. എന്നാൽ അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് ഈ ബിൽ തീർച്ചയായും എതിരാണ്. അവരെ വോട്ട് ബാങ്കായിക്കണ്ട് പ്രവർത്തിക്കുന്നവർക്കും ഈ ബിൽ എതിരാണ്. ഈ ബില്ലിന്റെ ഗുണം ലഭിക്കുന്നവരിൽ വലിയൊരു ഭാഗം ബംഗാളികളായ അഭയാർത്ഥികളാണ്. ബംഗാളികളായ ഹിന്ദു, ബുദ്ധ, സിഖ് അഭയാർത്ഥികൾ. അവർക്ക് നേട്ടം ഉണ്ടാകണം എന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെ?

മേല്പറഞ്ഞ മുന്നു രാജ്യങ്ങളിൽ നിന്നും വന്ന് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഈ ബില്ലിന്റെ ഗുണഭോക്താക്കൾ ആകാൻ പോകുന്ന മുഴുവൻ ആളുകളോടും എനിക്ക് ഈ സഭയിലൂടെ പറയാനുള്ള ഒരു കാര്യം കൂടി ഉണ്ട്. നിങ്ങളെ പറ്റിയ്ക്കാൻ പലരും ഉറങ്ങിയിട്ടുണ്ട്, റേഷൻ കാർഡ് ഉണ്ടെങ്കിലേ ഈ ബില്ലിന്റെ പ്രയോജനം കിട്ടൂ എന്നാണ് അവർ നിങ്ങളോട് പറയുന്നത്. അത് വിശ്വസിക്കരുത്. റേഷൻ കാർഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തെങ്കിലും രേഖകൾ ഇല്ലെങ്കിലും നിങ്ങൾക്ക് ഈ ബില്ലിന്റെ പ്രയോജനം ലഭിക്കുമെന്ന് ഞാൻ ഉറപ്പു തരുന്നു. നുഴഞ്ഞുകയറ്റക്കാർക്കും അഭയാർത്ഥികൾക്കും വ്യത്യാസം ഉണ്ടെന്നത് ഒരിക്കൽ കൂടി ഞാൻ ഓർമ്മിപ്പിക്കുന്നു.

ആർട്ടിക്കിൾ 371ഉം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും

ആർട്ടിക്കിൾ 371നെ കുറിച്ച് ഇവിടെ പരാമർശം ഉണ്ടായി. ആർട്ടിക്കിൾ 371 അനുസരിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള ഒരു അവകാശവും ഈ നിയമം മൂലം ഇല്ലാതാകില്ല എന്ന് ഉറപ്പ് നൽകുന്നു. ആർട്ടിക്കിൾ 370ഉം 371ഉം തമ്മിൽ വ്യത്യാസം ഉണ്ട്.  ആർട്ടിക്കിൾ 371 ആർക്കും സ്വന്തമായ രാജ്യം എന്ന വാദത്തെ പിന്തുണയ്ക്കുന്നില്ല. ആർക്കും സ്വന്തമായ പതാക എന്ന വാദത്തെ അംഗീകരിക്കുന്നില്ല. 371 ആർക്കും സ്വന്തമായ ഭരണഘടന നൽകുന്നില്ല. അനുഛേദം 371 പ്രകാരം ഉള്ള അവകാശങ്ങൾ ഞങ്ങൾ ഒരിക്കലും ഇല്ലാതാക്കില്ല എന്ന് ഉറപ്പ് നൽകുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഒരു ആശങ്കയും ഉണ്ടാവേണ്ടകാര്യം ഇല്ല. അവരുടെ നിലവിലുള്ള ഒരു നിയമത്തിലും ഈ നിയമം ഇടപെടുന്നില്ല. സിക്കിം. മേഘാലയ, മണിപ്പൂർ, അരുണാചൽ, മിസോറാം, തൃപുര, ആസ്സാം ഇവിയെല്ലാം Inner Line Permit മൂലമോ മറ്റ് നിയമങ്ങൾ മൂലമോ പൂർണ്ണമായോ ഭാഗീകമായൊ സംരക്ഷിക്കപ്പെട്ടതാണ്. സംരക്ഷണം ഇല്ലാത്തവർക്കും അത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുന്നു. അതിനാൽ ഈ സ്ഥലങ്ങൾ എല്ലാം പൗരത്വ ഭേദഗതി ബില്ലിനു പുറത്താണ്.

കോൺഗ്രസ്സിന്റെ മതേതരത്വം

കോൺഗ്രസ്സിന്റെ അധിർ രഞ്ജൻ ചൗധരി മതേതരത്വത്തെ കുറിച്ച് ഗംഭീര പ്രസംഗം നടത്തി. കോൺഗ്രസ്സ് പ്രത്യേകതരം മതേതര പാർടിയാണ്. കേരളത്തിൽ അവരുടെ സഖ്യം മുസ്ലീം ലീഗുമായാണ്. മഹാരാഷ്ട്രയിൽ അവർ സഖ്യമുണ്ടാക്കിയിരിക്കുന്നത് ശിവസേനയുമായാണ്. ഇങ്ങനെ ഒരു മതേതര പാർടിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

ദേശീയ പൗരത്വ രജിസ്റ്റർ (National Register of Citizens of India)

ഒവൈസി പറയുന്നത് എൻ ആർ സി (National Register of Citizens of India) നടപ്പിലാക്കുന്നതിനുള്ള പിൻവാതിൽ നടപടികൾ ആണ് ഇപ്പോൾ നടക്കുന്നത് എന്നാണ്. എൻ ആർ സി സംബന്ധിച്ച് വളഞ്ഞ വഴിയുടെ ആവശ്യം ഞങ്ങൾക്ക് ഇല്ല. എൻ ആർ സി നടപ്പാക്കും എന്നത് ഞങ്ങളുടെ പ്രഖ്യാപിത നയമാണ്. അതിന്റെ തെളിവാണ് ഞങ്ങളുടെ പ്രകടന പത്രിക. ഒവൈസി പറയുന്നത് ഞങ്ങൾക്ക് മുസ്ലീം വിരോധമാണെന്നാണ്.  ഞങ്ങൾക്ക് ഒരു വിരോധവും ഇല്ല. വിരോധമുണ്ടെന്ന തെറ്റായ പ്രചാരണം അങ്ങ് നടത്താതിരുന്നാൽ മതി. ഈ ബില്ലുകൊണ്ട് ഈ രാജ്യത്തെ മുസ്ലീങ്ങൾക്ക് ഒരു ദോഷവും വരില്ല എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.  എൻ ആർ സി മൂലം ഭാരതത്തിൽ വസിക്കുന്ന ആർക്കും പൗരത്വം നഷ്ടമാവില്ലെന്നും ഉറപ്പുനൽകുന്നു.

പ്രേമചന്ദ്രനും ശശി തരൂരിനും ഉള്ള മറുപടി

പ്രേമചന്ദ്രൻ ആർട്ടിക്കിൾ 14-ന്റെ ലംഘനമാണ് ഈ നിയമം എന്ന് പറഞ്ഞു. അത് അങ്ങനെ അല്ല എന്ന് ഞാൻ നേരത്തെ വ്യക്തമാക്കി. പിന്നെ അദേഹം പറഞ്ഞത് എല്ലാ മതന്യൂനപക്ഷങ്ങൾക്കും പൗരത്വം കൊടുക്കുന്നുണ്ടല്ലൊ.  എന്തുകൊണ്ട് മുസ്ലീംങ്ങൾക്ക് കൊടുക്കുന്നില്ല എന്നാണ്. വളരെ നല്ല ചോദ്യമാണ് അദ്ദേഹം ചോദിച്ചത് എല്ലാവർക്കും സംശയം ഉണ്ടാവാം. പക്ഷെ ഉത്തരം ലളിതമാണ്. മൂന്നു രാജ്യങ്ങളിൽ നിന്നും ശരണാർത്ഥികളായി വന്ന ആ രാജ്യങ്ങളിലെ മതന്യൂനപക്ഷത്തിൽ പെടുന്നവർക്കാണ് ഈ നിയമം മൂലം പൗരത്വം ലഭിക്കുക. മുസ്ലീങ്ങൾ ആ രാജ്യങ്ങളിൽ മതന്യൂനപക്ഷം അല്ല. അതുകൊണ്ട് അവർക്ക് പൗരത്വം കൊടുക്കുന്നില്ല. അവർ മതന്യൂനപക്ഷം ആയിരുന്നെങ്കിൽ അവർക്കും കിട്ടുമായിരുന്നു.

ശശി തരൂർ പറഞ്ഞത് മതത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നൽകരുതെന്നാണ്. ശശി തരൂരിനോട് പറയാനുള്ളത് കോൺഗ്രസ്സ് എപ്പോഴും പൗരത്വം നൽകിയിട്ടുള്ളത് മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. ഭാരതത്തിന്റെ വിഭജനം പോലും മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. അഭയാർത്ഥികൾ ആയി വന്നവരിൽ വലിയൊരു ഭാഗം ഹിന്ദുക്കൾ ആയിരുന്നു. പിന്നെ കുറച്ചു  ക്രിസ്ത്യാനികളും ആയിരുന്നു. നെഹ്റു - ലിയാക്കത്ത് ഉടമ്പടി അതിന്റെ എല്ലാ അന്തസത്തയും ഉൾക്കൊണ്ട് നടപ്പാക്കിയിരുന്നു എങ്കിൽ പാകിസ്ഥാനിലെ സിഖ് വിഭാഗത്തിലെ കുടുംബങ്ങൾക്ക് സംരക്ഷണം കിട്ടുമായിരുന്നു. ബുദ്ധമതക്കാർക്ക്, ക്രിസ്ത്യാനികൾക്ക്, ജൈനർക്ക്, ഹിന്ദുക്കൾക്ക്, പാർസികൾക്ക് ഒക്കെ സംരക്ഷണം കിട്ടുമായിരുന്നു. ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം കിട്ടുമായിരുന്നു. അവർക്ക് ശരണാർത്ഥികളായി ഇവിടെ വരേണ്ടി വരില്ലായിരുന്നു. എന്നാൽ 1950-ൽ ഉണ്ടായ നെഹ്‌റു - ലിയാക്കത്ത് ഉടമ്പടി കാല്പനികമായിരുന്നു. ആ ഉടമ്പടി ശരിയായി നടപ്പിലാക്കിയില്ല. കാലത്തെ അതിജീവിക്കാൻ ആ ഉടമ്പടിയ്ക്ക് ആയില്ല.  അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് ഈ ബിൽ അവതരിപ്പിക്കേണ്ടി വന്നത്. പ്രധാനമന്ത്രി ഈ സർക്കാരിന്റെ മതം എന്നത് ഭാരതത്തിന്റെ ഭരണഘടനയാണെന്ന് പറഞ്ഞതിനെ ശശി തരൂർ പരിഹസിക്കുകയുണ്ടായി. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്ന കാലം മുഴുവൻ ഈ രാജ്യത്തിന്റെ മതം ഇന്ത്യയുടെ ഭരണഘടന തന്നെ ആയിരിക്കുമെന്ന് ഞാൻ രാജ്യത്തിനു ഉറപ്പു നൽകുന്നു.

പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ

രാവിലെ മുതൽ പലരും ഇവിടെ പറയുന്ന കാര്യം ആണ് ഞങ്ങൾ മുസ്ലീങ്ങൾക്ക് എതിരാണെന്ന്. അതുകൊണ്ടാണ് മുസ്ലീങ്ങളെ ഒഴിവാക്കി ഈ ബിൽ കൊണ്ടുവരുന്നതെന്ന്. ഞങ്ങൾ മുസ്ലീങ്ങൾക്ക് എതിരല്ല. ഈ രാജ്യത്തെ മുസ്ലീങ്ങളെ ഈ ബിൽ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നില്ല എന്ന് ഈ രാജ്യത്തിനു ഉറപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

എന്നാൽ എന്തുകൊണ്ട് ഈ ബിൽ കൊണ്ടുവരേണ്ടി വന്നു എന്നത് വിശദമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നെഹ്റു - ലിയാക്കത്ത് ഉടമ്പടി പരാജയപ്പെട്ടതിനെ തുടർന്നു പാകിസ്ഥാനിൽ ആയിരത്തോളം യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കി എന്ന് 2014-ലെ ഈ റിപ്പോർട്ട് പറയുന്നു. സിഖ് മതവിഭാഗത്തിലെ പെൺകുട്ടിയെ നിർബന്ധിത മതം മാറ്റത്തിനു വിധേയയാക്കിയത് ബാദൽ സാഹബ് പറഞ്ഞു. അത് വലിയ വാർത്തയായിരുന്നു. പല സംഘർഷങ്ങൾക്കും വഴിവച്ചു. അവരെ ഒടുവിൽ തിരികെ കൊണ്ടുവന്നു. UNHRC-യുടെ കണക്ക് അനുസരിച്ച് മറ്റുമതസ്ഥരുടെ വളരെ കുറച്ച് ആരാധനാലയങ്ങൾ മാത്രമാണ് അവിടെ അവശേഷിക്കുന്നത്. എന്താണ് ഇത് സൂചിപ്പിക്കുന്നത്. ഇത്രയും അതിക്രമങ്ങൾ നടക്കുമ്പോൾ അത് താങ്ങാൻ ആവാതെ ആരെങ്കിലും ശരണാർത്ഥി ആയി നമ്മുടെ രാജ്യത്തേയ്ക്ക് വന്നാൽ അവർ ഹിന്ദുക്കൾ ആയതുകൊണ്ട് അവർക്ക് അഭയം നൽകരുതെന്നാണോ പറയുന്നത്.

ബംഗ്ലാദേശിലെ കാര്യം എടുത്താൽ ആ രാജ്യം രൂപീകൃതമായ ശേഷം ഇന്ദിരാ ഗാന്ധിയും മുജീബ് ഉൾ റഹ്മാനും തമ്മിൽ ഒരു കരാർ ഒപ്പുവച്ചിരുന്നു. ആ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആ കരാറിന്റെ ഭാഗമായിരുന്നു. മുജീബ് ഉൾ റഹ്മാൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ആ കരാർ ഭംഗിയായി പാലിക്കപ്പെട്ടിരുന്നു. അതിനു ഞാൻ അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുന്നു. ഇപ്പോഴുള്ള സർക്കാരും ആ കരാർ പാലിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇടക്കാലത്ത് അവിടെ നടന്ന അക്രമണങ്ങൾ വിവരണാതീതമാണ്. എട്ടു മുതൽ 70 വയസ്സു വരെയുള്ള മതന്യൂനപക്ഷ വിഭാഗത്തിലെ ആയിരക്കണക്കിനു സ്ത്രീകളെ ഗാന്ധിജയന്തി ദിനത്തിൽ 2008 ഒക്ടോബർ 2നു കൂട്ടബലാത്സംഗം ചെയ്തതു.  പല സ്ഥലങ്ങളിലും കൂട്ടമതപരിവർത്തനത്തിനും കൊള്ളയടിക്കലിനും കൊലപാതകങ്ങൾക്കും മതന്യൂനപക്ഷങ്ങൾ ഇരയാക്കിയിട്ടുണ്ട്. ഇത് സംബന്ധിക്കുന്ന വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ കണക്കുകൾ എന്റെ കൈവശം ഉണ്ട്. നേരത്തെ പറഞ്ഞതു പോലെ 20% അധികം ഉണ്ടായിരുന്ന മതന്യൂനപക്ഷങ്ങൾ ഇന്ന് ബംഗ്ലാദേശിൽ 7% ആയി ചുരുങ്ങിയിരിക്കുന്നു. ഹിന്ദു, പാർസി, സിഖ്, കൃസ്ത്യൻ, ബുദ്ധ വിഭാഗങ്ങൾക്ക് ബംഗ്ലാദേശിൽ ജീവിക്കുക എന്നത് തികച്ചും അസംഭവ്യമായി തീർന്ന സാഹചര്യത്തിൽ ആണ് അവർ ശരണാർത്ഥികളായി ഭാരതത്തിൽ എത്തിയത്.

അഫ്ഗാനിസ്ഥാനിൽ 1992നു മുൻപ് 2 ലക്ഷത്തോളം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നു. അതിൽ അധികവും സിഖ് വിഭാഗക്കാർ ആയിരുന്നു. എന്നാൽ 2018 ആയപ്പോൾ ഇത് വെറും 500 ആയി ചുരുങ്ങി. അഫ്ഗാനിസ്ഥാനിൽ ക്ഷേത്രങ്ങളും ഗുരുദ്വാരകളും വ്യാപകമായി തകർക്കപ്പെട്ടു. ബാമിയാനിൽ ബുദ്ധപ്രതിമ തകർക്കപ്പെട്ടു. താലിബാന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ സിഖ്, ഹിന്ദു, ജൈൻ, പാർസി, കൃസ്ത്യൻ വിഭാഗങ്ങൾ ഭാരതത്തിലേയ്ക്കാണ് വന്നത്. അതുകൊണ്ട് അവരെ സ്വീകരിക്കുന്നു. 1998 ഡിസംബറിൽ അംബലങ്ങളിൽ ഗുരുദ്വാരകളിൽ പോകുന്നത് വിലക്കിക്കൊണ്ട് താലിബാൻ ഉത്തരവിറക്കി. അവിടത്തെ മുസ്ലീം വിഭാഗത്തിന്റെ അക്രമങ്ങൾക്ക് എതിരുപറയുന്നത് വിലക്കി. അമുസ്ലീങ്ങൾ ആയിട്ടുള്ളവർ വീടിനു വെളിയിൽ മഞ്ഞ നിറത്തിലുള്ള തുണി കെട്ടിയിടണം എന്ന് നിയമം കൊണ്ടു വന്നു.  അമുസ്ലീങ്ങളായ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മഞ്ഞ നിറത്തിലുള്ള തുണി വസ്ത്രത്തിനു മുകളിൽ ഇടണം എന്ന് ഉത്തരവ്  കൊണ്ടുവന്നു. അങ്ങനെ പലതരത്തിൽ അവരെ അപമാനിക്കുന്ന നടപടികൾ ഉണ്ടായി. വെള്ളിയാഴ്ചകളിൽ എല്ലാ മതസ്ഥരും പള്ളികളിൽ പോകണമായിരുന്നു. അമുസ്ലീങ്ങളായ സ്ത്രീകളും ബുർഖ ധരിക്കണമായിരുന്നു. അങ്ങനെ പല വിധത്തിൽ അപമാനിക്കപ്പെട്ടവരാണ് ശരണാർത്ഥികളായി നമ്മുടെ രാജ്യത്ത് എത്തിയത്. അവർക്ക് പൗരത്വം നൽകുന്നതിനുള്ളതാണ് ഈ ബിൽ. അതുകൊണ്ട് ഞാൻ വീണ്ടും പറയുന്നു. ഈ ബിൽ ഈ രാജ്യത്തെ മുസ്ലീങ്ങൾക്ക് ഒരു വിധത്തിലും എതിരല്ല. അഭയാർത്ഥികളായി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മുസ്ലീം രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിയ ആ രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷവിഭാഗത്തിൽ പെടുന്നവർക്ക് ഭാരതത്തിന്റെ പൗരത്വം നൽകുന്നതിനുള്ളതാണ്.

അവസാനമായി ഒരിക്കൽക്കൂടി ഒരു കാര്യം വ്യക്തമാക്കുന്നു. ശരണാർത്ഥിയും നുഴഞ്ഞു കയറ്റക്കാരും തമ്മിൽ വ്യക്ത്യാസമുണ്ട്. സ്വന്തം മതവിശ്വാസം സംരക്ഷിക്കാനും തങ്ങളുടെ സ്ത്രീകളുടെ അഭിമാനം രക്ഷിക്കാനും മറ്റൊരു രാജ്യത്തിൽ നിന്നും രക്ഷപ്പെട്ട് ഇവിടെ എത്തുന്നവർ അഭയാർത്ഥികൾ ആണ്. അനുവാദമില്ലാതെ നുഴഞ്ഞു കയറി വരുന്നവർ നുഴഞ്ഞുകയറ്റക്കാരാണ്. രണ്ടുകൂട്ടരും തമ്മിൽ വ്യക്ത്യാസമുണ്ട്. ഈ നിയമം ശരണാർത്ഥികൾക്ക് വേണ്ടിയാണ്. ഈ നിയമം മതന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ്. ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. വോട്ട് ബാങ്കുകളെ ഓർത്ത് കണ്ണടച്ചിരിക്കുന്നവർ കണ്ണു തുറക്കുക. കോടിക്കണക്കിനു ആളുകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായിരിക്കുന്നത്. പത്തെഴുപത് വർഷമായി നരകജീവിതം നയിക്കുന്നവരുടെ ദുരിതം അകറ്റാനുള്ളതാണ് ഈ നിയമം. അവർക്ക് വീട് വയ്ക്കാൻ പറ്റുന്നില്ല, അവർക്ക് ജോലികിട്ടുന്നില്ല, അവർക്ക് സ്ഥലം വാങ്ങാൻ പറ്റുന്നില്ല, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടുന്നില്ല. അങ്ങനെയുള്ള കോടിക്കണക്കിനു ആളുകളുടെ യാതനകൾ അവസാനിപ്പിക്കാനുള്ളതാണ്. പാളിപ്പോയ നെഹ്റു - ലിയാക്കത്ത് ഉടമ്പടിയുടെ ദുരിതം അനുഭവിക്കുന്നവരുടെ ദുരിതം അവസാനിപ്പിക്കാനുള്ളതാണ്. കഴിഞ്ഞ കുറെ നാളുകളായി അവർ പറയുന്നു, ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കൂ എന്ന്. ഇപ്പോൾ ഞാൻ ചോദിക്കുന്നത് എന്താണ് അവരുടെ കുറ്റം? എന്തുകൊണ്ട് അവരെ സ്വീകരിച്ചില്ല? വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് അവരെ സ്വീകരിക്കാതിരുന്നത്. ഞങ്ങൾക്ക് ആ ഭയം ഇല്ല. നരേന്ദ്ര മോദി സർക്കാരിന്റെ ഈ നിയമം പാസാകുന്നതോടെ നാളെ മുതൽ ആ ശരണാർത്ഥികൾക്ക് പുത്തനുണർവ്വിന്റെ ഒരു പ്രഭാതം ഉണ്ടാവാൻ പോവുകയാണ്. ഞാൻ അങ്ങയുടെ അനുമതിയോടെ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു എൻ ആർ സിയും (ദേശീയ പൗരത്വ രജിസ്റ്റർ) സി എ ബിയും (പരത്വ ഭേദഗതി നിയമം 2019) രണ്ടും കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. എൻ ആർ സി നടപ്പാക്കുക തന്നെ ചെയ്യും. അത് ഞങ്ങളുടെ പ്രഖ്യാപിത നയമാണ്. അതും കൃത്യമായി വ്യക്തമായി ഈ സഭയിൽ അവതരിപ്പിക്കും. ആ സമയത്ത് എൻ ആർ സി സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഇതുപോലെ വ്യക്തമായ മറുപടി നൽകും. അതിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാൽ ഒന്ന് ഉറപ്പിച്ചോളൂ എൻ ആർ സി വരുക തന്നെ ചെയ്യും. ഇത്രയും പറഞ്ഞ് അമിത് ഷാ തന്റെ മറുപടി പ്രസംഗം അവസാനിപ്പിച്ചു. അമിത് ഷായുടെ മറുപടി പ്രസംഗത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു.



പിന്നീട് പ്രതിപക്ഷാംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ടു തള്ളിയ സഭ പൗരത്വ ഭേദഗതി ബിൽ 2019 പാസാക്കി. ബില്ലിനെ അനുകൂലിച്ച് 311 പേർ വോട്ട് ചെയ്തപ്പോൾ ബില്ലിനെ എതിർത്ത് 80 പേർ വോട്ട് ചെയ്തു. ബില്ല് ഇനി രാജ്യസഭയിൽ അവതരിപ്പിക്കും. രാജ്യസഭയും ബില്ല് പാസാക്കുന്നതോടെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരും. കോടിക്കണിക്കിനു വരുന്ന അഭയാർത്ഥികളുടെ ഇന്ത്യൻ പൗരത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും.

1 comment:

  1. ലോക്സഭപാസാക്കിയ ബിൽ ഭേദഗതികൾ ഒന്നും ഇല്ലാതെ ഇന്ന് (11/12/2019) രാജ്യസഭയും പാസാക്കി. ബില്ലിനെ അനുകൂലിച്ച് 125 അംഗങ്ങളും എതിർത്ത് 105 അംഗങ്ങളും വോട്ട് ചെയ്തു. ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ശിവസേനയുടെ നാല് എം പി മാരും സഭയിൽ നിന്നും ഇറങ്ങിപ്പോയി. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമാകും.

    ReplyDelete

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.