Monday 30 December 2019

കേരള ഗവർണ്ണർ ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖം

കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സിന്റെ ഉദ്ഘാടനത്തിനെത്തിയ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനു നേരെ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു നൽകിയ അഭിമുഖം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമം. ബഹുമാനപ്പെട്ട കേരള ഗവർണ്ണറുമായി അഭിമുഖം നടത്തുന്നത് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ശ്രീ എം ജി രാധാകൃഷ്ണൻ ആണ്.

എം ജി രാധാകൃഷ്ണൻ: കേരളത്തിന്റെ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ആണ് ഇന്ന് നമ്മുടെ അതിഥി. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സ് വേദിയിൽ കണ്ട വലിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ അഭിമുഖം. ഏഷ്യാനെറ്റ് ന്യൂസിലേയ്ക്ക് സ്വാഗതം സാർ.

ഗവർണ്ണർ: വളരെ നന്ദി.

എം ജി രാധാകൃഷ്ണൻ: സാർ, സ്വന്തം നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിത്വത്തിനുടമായാണ് താങ്കൾ എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഒരു ആദർശത്തിൽ ഉറച്ചു നിന്നുകൊണ്ട് താങ്കൾ താങ്കളുടെ കേന്ദ്രമന്ത്രിസ്ഥാനവും, പാർടിയും, രാജീവ് ഗാന്ധിയുമായുള്ള സൗഹൃദവും ഉപേക്ഷിക്കാൻ ഒട്ടും മടികാണിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഇന്നലെ ഉണ്ടായ മുൻപ് ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള വിവാദങ്ങൾ ഗവർണ്ണർ എന്ന പദവിയുടെ, നിഷ്പക്ഷമായിരിക്കേണ്ട, മാന്യമായിരിക്കേണ്ട, രാഷ്ട്രീയത്തിനു അതീതമായിരിക്കേണ്ട ഔന്ന്യത്തത്തിനു ചേരാത്ത വിധത്തിലുള്ളതാണെന്ന രാഷ്ട്രീയ ആരോപണങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ അല്ലാതെ ഒരു ഗവർണ്ണർ എന്ന നിലയിൽ താങ്കൾക്ക് നേരെ ഉണ്ടാകുന്നതിൽ താങ്കളുടെ മറുപടി എന്താണ്? 

ഗവർണ്ണർ: നിങ്ങൾ ആ പരിപാടിയുടെ വീഡിയോകൾ കാണണം. എന്റെ പ്രഭാഷണം ആരംഭിച്ചുകൊണ്ട് ഞാൻ പറഞ്ഞത് ഹിസ്റ്ററി കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു, അതിനെത്തിച്ചേർന്ന പ്രതിനിധികളെ കണ്ണൂർ സർവ്വകലാശാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. പിന്നെ പറഞ്ഞ ആദ്യ വാചകം ഉദ്ഘാടന സമ്മേളനങ്ങൾ പൊതുവിൽ ഔപചാരികവും നടപടിക്രമങ്ങൾ പാലിച്ചുള്ളതും ആകണം. കൂടാതെ വിവാദങ്ങൾക്ക് ഇടനൽകാൻ സാധ്യതയുള്ള രാഷ്ട്രീയ പ്രസ്താവനകൾ ഉദ്ഘാടന സമ്മേളനങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുകയും വേണം. എന്നാൽ അത്തരത്തിലുള്ള ചില കാര്യങ്ങൾ നിങ്ങൾ ഇവിടെ പരാമർശിച്ചതുകൊണ്ട് അതിനു മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനായിരിക്കുന്നു. 

എം ജി രാധാകൃഷ്ണൻ: അങ്ങനെ മറുപടിപറയേണ്ട ബാധ്യത താങ്കൾക്ക് ഉണ്ടോ സാർ. കാരണം അത് ഒരു രാഷ്ട്രീയമായ വിഷയം ആണ്.

ഗവർണ്ണർ: ഞാൻ അതിലേയ്ക്ക് വരാം. കശ്മീർ പ്രശ്നം പരാമർശിച്ചപ്പോഴും, പൗരത്വ ഭേദഗതി നിയമം പരാമർശിച്ചപ്പോഴും പ്രൊഫസർ ഇർഫാൻ ഹബീബ് ആരോടാണ് അത് ഉന്നയിച്ചതെന്ന് നിങ്ങൾ പറയൂ? എന്റെ മുഖത്തു നോക്കിയാണ് ആ വിഷയങ്ങൾ ഉന്നയിച്ചത്. അപ്പോൾ സ്വാഭാവികമായും ഞാൻ മനസ്സിലാക്കിയത് ആ വിഷയങ്ങളിൽ എന്റെ പ്രതികരണം അദ്ദേഹം ആഗ്രഹിക്കുന്നു എന്നാണ്. നിങ്ങൾ പഠിച്ച സ്ഥാപനത്തിൽ പോലും പോലീസ് ചെയ്യുന്ന നടപടികൾ ഇതാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങൾ എന്നോട് ചോദ്യങ്ങൾ ചോദിച്ചിട്ട് ഞാൻ അതിനു മറുപടി പറയാതിരുന്നാൽ നിങ്ങൾ എന്നെപ്പറ്റി എന്തു വിചാരിക്കും? സംസ്കാരമില്ലാത്തവൻ എന്നല്ലെ?

എം ജി രാധാകൃഷ്ണൻ: എന്നാൽ സാർ

ഗവർണ്ണർ: ആദ്യം എന്നെ പൂർത്തിയാക്കാൻ അനുവദിക്കൂ. പിന്നെ നിങ്ങൾ പറയുന്ന മറ്റൊരു കാര്യം, അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുകയാണ്.... ഒന്നുകൂടി മനസ്സിലാക്കണം കണ്ണൂർ സർവ്വകലാശാലയും രാജ്ഭവനും അംഗീകരിച്ച പ്രാസംഗീകരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ല. എന്നിട്ടും അദ്ദേഹം വളരെ ദൈർഘ്യമേറിയ ഒരു പ്രസംഗം നടത്തുന്നു. ഗവർണ്ണർ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ദൈർഘ്യം സാധാരണ നിലയിൽ ഒരു മണിക്കൂറിൽ കൂടുതലായി വരാറില്ല. ഞാൻ അവിടെ ഒന്നരമണിക്കൂർ ഇരുന്നു. അവർ നിബന്ധനകൾ ലംഘിച്ചു. പുതിയ പ്രാസംഗീകരെ ഉൾപ്പെടുത്തി. എന്നിട്ടും അവർ പറഞ്ഞതെല്ലാം നിശബ്ദനായി ക്ഷമയോടെ കേട്ടുകൊണ്ട് ഞാൻ അവിടെ ഇരുന്നു.  എന്നിട്ടും നിങ്ങൾ ചോദിക്കുന്നത് അതിനു മറുപടി പറയേണ്ട ഔദ്യോഗികമായ ബാധ്യത എനിക്കുണ്ടോ എന്നാണ്. ഗവർണ്ണർ എന്ന നിലയിൽ അധികാരമേറ്റെടുത്തപ്പോൾ ഞാൻ ചെയ്ത സത്യപ്രതിജ്ഞ പറയട്ടെ? ഭരണഘടനയെയും നിയമത്തേയും ഞാൻ സംരക്ഷിക്കും, പരിപാലിക്കും, പരിരക്ഷിക്കും, കേരളത്തിലെ ജനങ്ങളെ സേവിക്കാനും അവരുടെ ഉന്നമനത്തിനും ഞാൻ എന്നെ തന്നെ സമർപ്പിക്കും. അതുകൊണ്ട് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി പ്രസിഡന്റ് ഒപ്പുവച്ച ഏതൊരു നിയമത്തെയും ഇന്ത്യയുടെ ഭരണഘടനയേയും സംരക്ഷിക്കുക, പരിപാലിക്കുക, പിന്തുണയ്ക്കുക (Protect, Preserve, Defend) എന്നത്  എന്റെ ഭരണഘടനപരമായ ഉത്തരവാദിത്വം ആണ്. അത് എന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ആണ്. അതിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ... ഷാ ബാനു കേസിൽ എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ രാജിവച്ചു. എന്നാൽ ഇവിടെ ഞാൻ വളരെ ബോധപൂർവ്വം.... കേരളത്തിലെ ജനങ്ങൾ വിഭജനത്തിന്റെ ദുരിതം അനുഭവിച്ചിട്ടില്ല. എന്നാൽ ഉത്തരേന്ത്യയിലെ ജനങ്ങൾ വിഭജനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിച്ചവരാണ്. പാകിസ്ഥാനിലെ അമുസ്ലീങ്ങളായ ആളുകൾ വിഭജനം ആവശ്യപ്പെട്ടിരുന്നില്ല. അവർ ഭാരത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ഭാഗഭാക്കായവരാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള അവരുടെ അവസ്ഥ സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ പരിതാപകരം ആയിരുന്നു. മഹാത്മ ഗാന്ധി അത് തിരിച്ചറിഞ്ഞു. മഹാത്മ ഗാന്ധി പറഞ്ഞു, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാം. നിങ്ങളെ സ്വീകരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വം ആണ്. 1947 നവംബർ 7-ലെ കോൺഗ്രസ്സ് കമ്മറ്റിയുടെ തീരുമാനം പാകിസ്ഥാനിലെ എല്ലാ അമുസ്ളീങ്ങളും എപ്പോൾ ഇന്ത്യയിലേയ്ക്ക് തിരികെ വന്നാലും അവരെ നമ്മൾ സ്വീകരിക്കും എന്നതാണ്.  ചെങ്കോട്ടയിൽ നിന്നും പൺഡിറ്റ് ജവഹർലാൽ നെഹ്രുവും പറഞ്ഞത് ഇതുതന്നെ. ആരാണ് ഇത് മുന്നോട്ട് വച്ചത്? 1985-ൽ അന്നത്തെ ആസാം സർക്കാർ ഈ വിഷയം കൊണ്ടുവന്നു. 2003-ൽ അന്നത്തെ മന്മോഹൻ സർക്കാർ ആണ് ഇത് ഭാരതത്തിനു മുഴുവൻ ബാധകമാക്കൊണ്ട് ക്ലോസ് 14 ചേർത്തത്. അന്നത്തെ പ്രധാനമന്ത്രിമാരുമായുള്ള അഭിമുഖങ്ങൾ ലഭ്യമാണ്. ഇപ്പോൾ അവർ ആരെയാണ് വിമർശിക്കുന്നത്? അവർ വിമർശിക്കുന്നത് അവർ തുടക്കംകുറിച്ച പദ്ധതികൾ നടപ്പിലാക്കുന്നവരെ തന്നെ ആണ്. 

എം ജി രാധാകൃഷ്ണൻ: സാർ താങ്കൾ പറയുന്ന വിഷയങ്ങൾ വലിയൊരു പരിധിവരെ ശരിയായിരിക്കാം. എന്നാൽ വിഷയം ഒരു ഗവർണ്ണർ ഇത്തരത്തിൽ ഒരു രാഷ്ട്രീയമായ (Political) പ്രചാരണത്തിന്റെ ഭാഗമാകേണ്ടതുണ്ടോ...

ഗവർണ്ണർ: ഞാൻ എവിടെയെങ്കിലും പോയി ഈ വിഷയത്തിൽ പ്രചാരണത്തിനു ഇറങ്ങുന്നതല്ല. എന്നാൽ ആരെങ്കിലും ഈ വിഷയങ്ങളിൽ എന്നോട് ചോദ്യങ്ങൾ ഉന്നയിച്ചാൽ എനിക്ക് നിശബ്ദനായിരിക്കാൻ സാധിക്കില്ല. 


എം ജി രാധാകൃഷ്ണൻ: അത് താങ്കളോട് നേരിട്ടുള്ള ചോദ്യങ്ങൾ ആയിരുന്നില്ല. ഒരു ചരിത്രകാരൻ എന്ന നിലയിൽ അദ്ദേഹം (ഇർഫാൻ ഹബീബ്) ചില വിഷയങ്ങൾ ഉന്നയിക്കുക മാത്രമായിരുന്നു.

ഗവർണ്ണർ: അല്ല അല്ല. അയാൾ ഇത് ചോദിക്കാനാണ് വന്നത്. അയാളുടെ പേര് പ്രാസംഗീകരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല.

എം ജി രാധാകൃഷ്ണൻ: അത് ഒരു വലിയ വിഷയമാക്കേണ്ടതില്ല സാർ.

ഗവർണ്ണർ: അത് ഒരു വളരെ വലിയ വിഷയം തന്നെ ആണ്. അവജ്ഞയും വെറുപ്പും നിറഞ്ഞ നോട്ടമാണ് എന്റെ നേരെ നോക്കിയത്. ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് അദ്ദേഹത്തെ ആശംസിച്ചു. എന്നിട്ടും ഉചിതമായ പ്രതികരണം അയാളിൽ നിന്നും ഉണ്ടായില്ല.

എം ജി രാധാകൃഷ്ണൻ: ഇതൊക്കെ ചുരുങ്ങിയപക്ഷം വ്യക്തിപരമായ വിഷയങ്ങൾ ആണ്.  നമ്മൾ സംസാരിക്കുന്നത് വിഷയങ്ങളിൽ അധിഷ്ടിതമായാണ്.

ഗവർണ്ണർ: പ്രശ്നങ്ങളെ കുറിച്ച് ആയിക്കൊള്ളട്ടെ. ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ രാഷ്ട്രീയമായ അജണ്ടകളെ കുറിച്ച് എനിക്ക് ഒരു ആശങ്കയും ഇല്ല. എന്നാൽ പാർലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നത് എന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ആണ്. 

എം ജി രാധാകൃഷ്ണൻ: താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. അതിനെ പരിപാലിക്കേണ്ട പരിരക്ഷിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം താങ്കൾക്കുണ്ട്. എന്നാൽ അതിനായുള്ള ഒരു പ്രചാരണത്തിനു ഗവർണ്ണർ നേരിട്ട് തുടക്കം കുറിക്കുക / നേതൃത്വം നൽകുക എന്നത് ഇതിനു....

ഗവർണ്ണർ: ഞാൻ എവിടെയാണ് പ്രചാരണത്തിനു തുടക്കമിട്ടത്? 

എം ജി രാധാകൃഷ്ണൻ: ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായം താങ്കൾ നൽകിയിട്ടുള്ള അഭിമുഖങ്ങളിലും, പ്രസംഗങ്ങളിലും....

ഗവർണ്ണർ: എവിടെയെല്ലാം ആരെല്ലാം ഈ വിഷയത്തിൽ എന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ടോ... താങ്കൾ എന്നോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഞാൻ മറുപടി നൽകാൻ വിസമ്മതിക്കണമെന്നാണോ? 

എം ജി രാധാകൃഷ്ണൻ: എന്നാൽ ഒരു ഗവർണ്ണറുടെ ചുമതല...

ഗവർണ്ണർ: ഗവർണ്ണറുടെ ചുമതല എന്താണ്? ഗവർണ്ണർ ആയി എന്നാൽ അതിനർത്ഥം ഊമയാണെന്നല്ല. 

എം ജി രാധാകൃഷ്ണൻ: ഗവർണ്ണർ ഊമയാണെന്നല്ല, ഗവർണ്ണർ വളരെ വിവാദമായ ഒരു വിഷയത്തിൽ തുടർച്ചയായി അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുക...

ഗവർണ്ണർ: ഇത് വളരെ വിവാദമായ വിഷയം ആയിരിക്കാം. പാർലമെന്റ് പാസാക്കി പ്രസിഡന്റ് ഒപ്പുവച്ച ഒരു നിയമം എത്രതന്നെ വിവാദങ്ങൾ ഉണ്ടാക്കുന്നതാണെങ്കിലും ശരി അതിനു നേരെ ഉണ്ടാകുന്ന ഏത് ആക്രമണത്തേയും ഞാൻ പ്രതിരോധിക്കുക തന്നെ ചെയ്യും. 

എം ജി രാധാകൃഷ്ണൻ: എന്നാൽ അതിന്റെ ഭരണഘടനാപരമായ സാധുതപോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന അവസരത്തിൽ, സുപ്രീംകോടതി....

ഗവർണ്ണർ: സുപ്രീംകോടതി ആ നിയമം അസാധുവാണെന്ന പ്രഖ്യാപിച്ചാൽ അതിനെ പിന്തുണയ്ക്കുന്നത് ഞാൻ നിറുത്തും. 

എം ജി രാധാകൃഷ്ണൻ: യഥാർത്ഥത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനു നോട്ടീസ് അയച്ചിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയം..

ഗവർണ്ണർ: അതുകൊണ്ട്? അതുകൊണ്ടെന്താ?  ഇല്ല ഇല്ല ഇല്ല ഇല്ല ഇത് ശരിയല്ല. പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ അത് രാജ്യത്തെ നിയമം ആയിക്കഴിഞ്ഞു. സുപ്രീംകോടതിയ്ക്ക് അത് പരിശോധിക്കാനുള്ള അധികാരം ഉണ്ട്. സുപ്രീംകോടതി ആ നിയമം ശരിയല്ല എന്നു പറഞ്ഞാൽ ഞാനും ആ നിയമത്തെ പിന്തുണയ്ക്കുന്നത് നിറുത്തും.

എം ജി രാധാകൃഷ്ണൻ: ഈ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിൽ ആണ്.

ഗവർണ്ണർ: കേസ് കോടതിയുടെ പരിഗണനയിൽ ആണോ എന്നത് എന്നെ സംബന്ധിക്കുന്ന വിഷയം അല്ല, എനിക്ക് അറിയേണ്ടത് ആ നിയമത്തിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നത് മാത്രമാണ്. പാർലമെന്റ് പാസാക്കിയ ഒരു നിയമത്തെ അനുകൂലിക്കുന്നതിനു സുപ്രീംകോടതിയുടെ അന്തിമതീരുമാനം വരുന്നതുവരെ കാത്തിരിക്കണം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? 

എം ജി രാധാകൃഷ്ണൻ: ഞങ്ങൾ എന്തുകൊണ്ടാണ് ഇതു ചോദിക്കുന്നത് എന്നാണെങ്കിൽ നമുക്ക് ഒരു ചരിത്രം ഉണ്ട്...

ഗവർണ്ണർ: ഞാൻ ഈ നിയമത്തോട് പൂർണ്ണമായും യോജിക്കുന്നു. ഇല്ലായിരുന്നു എങ്കിൽ ഈ പദവിയിൽ ഞാൻ തുടരുമായിരുന്നില്ല.

എം ജി രാധാകൃഷ്ണൻ: ഞാൻ പറയുന്നത് അതല്ല. മറ്റൊരു വിഷയം ആണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. കഴിഞ്ഞ കുറേ കൊല്ലങ്ങൾ ആയി ഗവർണ്ണർ എന്ന പദവി വഹിക്കുന്നവരിൽ നിന്നും രാഷ്ട്രീയമായ പല തീരുമാനങ്ങളും ഉണ്ടാകുന്നുണ്ട്. സുപ്രീംകോടതിയും സർക്കാരിയ കമ്മീഷനും പറഞ്ഞിട്ടുള്ളത് ഗവർണ്ണർ എന്നത് നിഷ്പക്ഷനായ ഒരു അമ്പയർ ആയിരിക്കണം എന്നാണ്. അല്ലെങ്കിൽ നിഷ്പക്ഷനായ, ഒരു നിരീക്ഷികൻ ആയിരിക്കണം

ഗവർണ്ണർ: രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വിഷയത്തിൽ ഞാൻ നിഷ്പക്ഷനായ അമ്പയർ ആണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയത്തിൽ ഞാൻ നിഷ്പക്ഷനായ അമ്പയർ ആണ്. ഇത് പാർലമെന്റ് പാസാക്കിയ നിയമവുമായി ബന്ധപ്പെട്ട വിഷയം ആണ്. അതു രണ്ടു തമ്മിൽ ദയവുചെയ്ത് കൂട്ടിക്കുഴയ്ക്കരുത്.

എം ജി രാധാകൃഷ്ണൻ: എന്നാൽ സാർ രാഷ്ട്രപതി, ഗവർണ്ണർ മുതലായ പദവികളിൽ ഇരിക്കുന്നവർ രാഷ്ട്രീയമായ വിഷയങ്ങളിൽ തുടർച്ചയായി അഭിപ്രായം പറയുന്നത് സാധാരണമല്ല.

ഗവർണ്ണർ: ഞാൻ പറയുന്നത് ആളുകൾ എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണ്. താങ്കൾ പറയൂ ഞാൻ എന്തു ചെയ്യണം. നെഹ്രു മെമ്മോറിയൽ (മ്യൂസിയം & ലൈബ്രറി അധികൃതർ) ഈ വിഷയത്തിൽ ഒരു പ്രഭാഷണത്തിനു എന്നെ ക്ഷണിച്ചാൽ ഞാൻ വരില്ലെന്ന് പറയണോ? ബി എച്ച് യു, കാശിമന്ഥൻ അവർ വിളിച്ചാൽ ഞാൻ അവരോട് എനിക്ക് വരാനാകില്ല എന്ന് പറയണോ? 

എം ജി രാധാകൃഷ്ണൻ: എന്നാൽ വളരെ രാഷ്ട്രീയവും വിവാദപരവുമായ ഒരു വിഷയത്തിൽ...

ഗവർണ്ണർ: എന്നെ സംബന്ധിച്ച് ഇത് രാഷ്ട്രീയമായ ഒരു വിഷയം അല്ല. പാർലമെന്റ് ഇത് പാസാക്കുന്നത് വരെ ഇത് ഒരു രാഷ്ട്രീയ വിഷയം ആയിരുന്നു. ആ സമയത്ത് ഇതിനു പൂർണ്ണമായും അനുകൂലമായിരുന്നിട്ടുകൂടി ഞാൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.  പാർലമെന്റ് ഇത് പാസാക്കിയ നിമിഷത്തിൽ..... അതല്ല ശരിയായ സമയം... രാഷ്ട്രപതിയുടെ അനുമതി ലഭിച്ച നിമിഷത്തിൽ ഈ വിഷയം രാജ്യത്തെ നിയമം ആയി മാറിക്കഴിഞ്ഞു. ഇനി നമ്മൾ വെള്ളം കലക്കാൻ നോക്കരുത്. 

എം ജി രാധാകൃഷ്ണൻ: ഒരു സർക്കാർ  പാസാക്കുന്ന ഭരണഘടനാ വിരുദ്ധമായ ഒരു നിയമം സുപ്രീംകോടതി തീരുമാനിക്കപ്പെടുന്നതു വരെ ഒരു തർക്കവിഷയമായി തുടരുന്ന..

ഗവർണ്ണർ: നിങ്ങൾ ഈ ചോദ്യം തെറ്റായ ആളോടാണ് ചോദിക്കുന്നത്. ഞാൻ എന്തിനോടെങ്കിലും എതിർപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർലമെന്റ് പാസാക്കുന്നതുവരെ ഞാൻ കാത്തിരുന്നിട്ടില്ല. പാർലമെന്റിൽ ബിൽ അവതരിപ്പിച്ച ദിവസത്തിൽ തന്നെ ഞാൻ അതിനോടുള്ള (ഷാ ബാനു കേസിനെ മറികടക്കാനുള്ള ഭേദഗതി) എതിർപ്പ് പറഞ്ഞിട്ടുണ്ട്. 35 വയസ്സുള്ളപ്പോൾ എന്റെ ഭരണഘടന അംഗീകരിക്കാത്ത ഒരു കാര്യം സ്വീകരിക്കാൻ തയ്യാറാവാതിരുന്ന ആളാണ് ഞാൻ. ഇപ്പോൾ ഈ അറുപത്തിയെട്ടാമത്തെ വയസ്സിൽ ഞാൻ അതിനു തയ്യാറാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? 

എം ജി രാധാകൃഷ്ണൻ: അതുകൊണ്ടാണ് ..

ഗവർണ്ണർ: ഒൻപത് പത്ത് വർഷം മുൻപ് ടൈംസ് ഓഫ് ഇന്ത്യയുടെ മുൻപേജിൽ പ്രസിദ്ധീകരിച്ച എന്റെ ലേഖനം താങ്കൾ വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പാകിസ്താനിലെ പാഠപുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾ ഞാൻ അതിൽ ചേർത്തിട്ടുണ്ട്. പാകിസ്താനുള്ള ഹിന്ദുക്കൾക്ക് നേരെ ഏത് തരത്തിലുള്ള വിദ്വേഷം ആണ് അവർ പ്രചരിപ്പിക്കുന്നത് എന്നത് വ്യക്തമാക്കിയിട്ടുണ്ട്. ഒരു അമുസ്ലീമിനു പാകിസ്താനിൽ ജീവിക്കുക എന്നത് എത്രമാത്രം ദുസ്സഹമാണെന്നും. ടൈംസ് ഓഫ് ഇന്ത്യയുടെ മുൻപേജിൽ ഇതുവരെ ആകെ അഞ്ച് ലേഖനങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് അതിൽ ഒന്നാണ്. ഞാൻ പാകിസ്താനിലെ പാഠപുസ്തകങ്ങളിൽ നിന്നുള്ള കാര്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട്. അഞ്ചാം ക്ലാസിലെ പുസ്തകത്തിൽ അവർ പറയുന്നത് ഇതാണ്. ഏഴാം ക്ലാസിലെ പുസ്തകത്തിൽ അവർ പറയുന്നത് ഇതാണ്. എനിക്ക് ഈ വിഷയത്തിൽ വ്യക്തമായ നിലപാട് ഉണ്ട്. പാകിസ്താൻ നമുക്ക് ഒരു പ്രശ്നം തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പാകിസ്താൻ അവരുടെ സ്വന്തം ജനതയോട് ചെയ്യുന്നത്. 

എം ജി രാധാകൃഷ്ണൻ: പലരും പറയുന്നത് ഇന്ത്യയിലും പലർക്കും സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നാണ്. പ്രത്യേകിച്ചും ന്യൂനപക്ഷവിഭാഗങ്ങളിൽ പെടുന്ന വലിയൊരു വിഭാഗം ആളുകൾ ഭാരതസർക്കാരിന്റെ മുസ്ലീം വിരുദ്ധ ന്യൂനപക്ഷവിരുദ്ധ നിലപാടുകളാൽ  അന്യവൽക്കരിക്കപ്പെടുന്നതായി പലരും കുറ്റപ്പെടുത്തുന്നുണ്ട്.

ഗവർണ്ണർ: ആളുകൾക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. 1949-ൽ നെഹ്രു - ലിയാക്കത്ത് ഉടമ്പടി ഒപ്പുവച്ചു. അതനുസരിച്ച് രണ്ടു സർക്കാരുകളും അവരവരുടെ രാജ്യത്തെ നിങ്ങൾ ന്യൂനപക്ഷവിഭാഗങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സമ്മതിച്ചു. ഞാൻ എന്നെ ന്യൂനപക്ഷവിഭാഗക്കാരനായി പരിഗണിക്കുന്നില്ല. കാരണം ഭരണഘടന ഈ രാജ്യത്തെ ആരേയും ന്യൂനപക്ഷക്കാരൻ എന്ന് നിർവ്വചിക്കുന്നില്ല. ഭരണഘടനയിലെ തത്വങ്ങളെ അടിസ്ഥാനമാക്കി ആരാണ് ന്യൂനപക്ഷക്കാരൻ എന്ന് നിർവ്വചിക്കാൻ സുപ്രീംകോടതിയും വിസമ്മതിച്ചിട്ടുണ്ട്. ഭരണഘടന അങ്ങനെ നിർവ്വചിക്കാത്തതിനാൽ അത് ജനങ്ങൾക്ക് വിടുന്നു. എന്നാൽ താങ്കൾ ആ പദം ഉപയോഗിച്ചതുകൊണ്ട് ഞാനും ഉപയോഗിക്കുന്നു. നെഹ്രു - ലിയാക്കത്ത് ഉടമ്പടി ഒപ്പിവയ്ക്കപ്പെട്ടു. ജനങ്ങൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പാലയനം ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം രണ്ട് സർക്കാരുകളും ഏറ്റെടുത്തു. ഇത് 1949-ലെ കാര്യം. പാകിസ്താനിലെ അമുസ്ലീങ്ങളുടെ ജനസംഖ്യാനുപാതം 17% ആയിരുന്നു. കിഴക്കൻ പാകിസ്താൻ ആയിരുന്ന ബംഗ്ലാദേശിൽ ഈ ഉടമ്പടി ഒപ്പുവയ്ക്കുന്ന സമയത്ത് അത് 30% ആയിരുന്നു. ഇന്ത്യയിൽ മുസ്ലീങ്ങൾ നിങ്ങൾ പറയുന്ന ന്യൂനപക്ഷങ്ങൾ നാലുകോടി, മൗലാന ആസാദ് പറഞ്ഞത് മൂന്നരക്കോടി എന്നാണെങ്കിലും യഥാർത്ഥത്തിൽ അവർ നാലുകോടി ആയിരുന്നു. ഇപ്പോൾ ഇത്രയും കാലം കഴിയുന്ന ഈ അവസരത്തിൽ ഇന്ത്യയിൽ എത്ര മുസ്ലീങ്ങൾ ഉണ്ട് 20 (കോടിയിൽ) അധികം. പാകിസ്താനിൽ എത്ര ഹിന്ദുക്കൾ ഉണ്ട് 17% നിന്നും 3% ആയി. ബംഗ്ലാദേശിൽ 30% നിന്നും 7% ആയി. 

എം ജി രാധാകൃഷ്ണൻ: അത് ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യം ആയതിനാൽ ആണ്. 

ഗവർണ്ണർ: പ്ലീസ്. നിങ്ങൾക്ക് മതേതരത്വം സംരക്ഷിക്കണമെന്നുണ്ടെങ്കിൽ നിങ്ങളോട് തോളോടു തോൾ ചേർന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയവർ ഇപ്പോൾ ഇത്രയും ദ്രോഹങ്ങൾ നേരിടുമ്പോൾ അവരെ സംരക്ഷിക്കേണ്ട ചുമതലയും നിങ്ങൾക്കുണ്ട്.  1947-ൽ പാകിസ്താനിൽ അകപ്പെട്ട ഇവർ ആരായിരുന്നു എന്നത് നിങ്ങൾ മറക്കരുത്. അവർ താഴ്ന്നജാതിക്കാർ എന്ന് വിളിക്കപ്പെട്ടവർ ആയിരുന്നു. 1948-ൽ പാകിസ്താന്റെ പ്രധാനമന്ത്രി ഒരു പ്രസ്താവന നടത്തി. അവർ പാകിസ്താനിൽ നിൽക്കാൻ നിബന്ധിതരാക്കപ്പെടുകയായിരുന്നു. എന്താണ് അദ്ദേഹം പറഞ്ഞത്? അദ്ദേഹം പറഞ്ഞത് നമ്മൾ ഇവരെ പോകാൻ അനുവദിച്ചാൽ നമ്മുടെ കക്കൂസുകൾ പിന്നെ ആര് വൃത്തിയാക്കും എന്നാണ്. എല്ലാവർഷവും സ്ത്രീകൾ മതനിന്ദ ആരോപിക്കപ്പെട്ട് കേസുകളിൽ അകപ്പെടുന്നത് കാണുന്നത് എന്തുകൊണ്ടാണ്? 

എം ജി രധാകൃഷ്ണൻ: തീർച്ചയായും. താങ്കൾ പാകിസ്താനെ കുറിച്ച് പറഞ്ഞതെല്ലാം ശരിയാണ്...

ഗവർണ്ണർ: ഇന്ത്യയിൽ മതേതരത്വത്തെ സംരക്ഷിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഇന്ത്യയുടെ ഭാഗമായിരുന്നവരേയും നിങ്ങൾ പരിഗണിക്കണം. അവർക് ഇന്ത്യയുടെ വിഭജനത്തിൽ ഒരു പങ്കുമില്ല. ഇന്ത്യയുടെ വിഭജനം അവർ ആവശ്യപ്പെട്ടതും അല്ല. അവസാന മിനിറ്റിൽ കോൺഗ്രസ്സ് നേതൃത്വം ആണ് വിഭജനം എന്ന വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറായത്. അവർ അതിന്റെ ഇരകൾ ആക്കപ്പെടുകയായിരുന്നു. അവരെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. 

എം ജി രാധാകൃഷ്ണൻ: എന്നാൽ സാർ ആളുകൾ ഈ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത്  മൂന്ന് രാജ്യങ്ങളെ മാത്രം തിരഞ്ഞെടുത്തത് കൊണ്ടാണ്? അഫഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്. എന്നാൽ നമ്മുടെ മറ്റ് അയൽ രാജ്യങ്ങളിലും സമാനമായ സാഹചര്യം അഭിമുഖീകരിക്കുന്നവർ ഉണ്ട്. ഉദാഹരണത്തിനു നമ്മുടെ സംസ്ഥാനത്തിനു തൊട്ടടുത്തുള്ള ശ്രീലങ്കയിൽ. അതുപോലെ മ്യാന്മാർ, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ. എന്നാൽ എന്തുകൊണ്ട് മുസ്ലീം ഭൂരിപക്ഷമുള്ള മൂന്ന് രാജ്യങ്ങൾ മത്രം. അതുകൊണ്ടാണ് ഈ സർക്കാരും ഈ നിയമവും മുസ്ലീങ്ങളെ മാത്രം ലക്ഷ്യംവയ്ക്കുന്നതാണെന്ന സംശയം ഉണ്ടാക്കുന്നത്.

ഗവർണ്ണർ: ഏതാനും വർഷങ്ങൾക്ക് മുൻപ് എത്ര ആളുകൾക്കാണെന്ന് ഞാൻ കൃത്യമായി ഓർക്കുന്നില്ല തമിഴന്മാർക്ക് (ശ്രീലങ്കയിൽ നിന്നുള്ള) മാത്രമായി ഇന്ത്യൻ പൗരത്വം നൽകിയപ്പോൾ പാകിസ്ഥാനിൽ നിന്നും വന്നവർ ഇപ്പോളും ക്യാമ്പുകളിൽ കഴിയുകയാണല്ലൊ അവർക്ക് പൗരത്വം നൽകാത്തതെന്താണെന്ന ചോദ്യം ആരും ഉയർത്തിയില്ലല്ലൊ. തമിഴന്മാർക്ക് പൗരത്വം നൽകി. എന്നാൽ ഈ നിയമം ഏതെങ്കിലും തമിഴനു ഇനിയും പൗരത്വം നൽകുന്നതിൽ നിന്നും സർക്കാരിനെ വിലക്കുന്നില്ല. ഒറ്റത്തവണയാണെങ്കിലും പൗരത്വം നൽകിയത് വളരെ അധികം ആളുകൾക്കാണ്. ആ അവസരത്തിൽ മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള ആരേയും പരിഗണിച്ചതുമില്ല. വാസ്തവത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആളുകൾക്ക് പൗരത്വം നൽകുന്നതിൽ വലിയ വിഷയം ഞാൻ കാണുന്നുണ്ട്. കാരണം മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന എല്ലാവർക്കും പൗരത്വം നൽകുന്നതിനുള്ളതല്ല ഈ നിയമം. ഈ നിയമം മഹാത്മ ഗാന്ധിയും, ജവഹർലാൽ നെഹ്രുവും, രാജേന്ദ്രപ്രസാദും, കോൺഗ്രസ്സ് കമ്മറ്റിയും ഒരു വിഭാഗത്തിനു നൽകിയ വാഗ്ദാനം പാലിക്കുന്നതിനുള്ളതാണ്. അതുകൊണ്ട് അഫ്ഗാനിസ്ഥാനെ ഉൾപ്പെടുത്തിയത് വലിയ വിഷയം ആണെന്ന് പറയാം. അഫ്ഗാനിസ്ഥാൻ അതിന്റെ ഭാഗം ആയിരുന്നില്ല. പിന്നെങ്ങനെ അഫഗാനിസ്ഥാൻ ഇതിൽ വന്നു. നിങ്ങൾ കൃത്യമായി നിരീക്ഷിച്ചാൽ താലിബാൻ സർക്കാരിനെ അഫ്ഗാനിസ്ഥാന്റെ ഭരണകർത്താക്കളായി അവരോധിക്കുന്നതിൽ പാകിസ്താൻ വിജയിക്കുന്നത് വരെ  അഫ്ഗാനിസ്ഥാൻ ഈ വിഭാഗങ്ങളോട് വേർതിരിവ് കാണിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം. അതോടെ (താലിബാൻ അധികാരത്തിൽ വന്നതോടെ) അഫ്ഗാനിസ്ഥാനും പാകിസ്താന്റെ മറ്റൊരു പതിപ്പായി മാറി. ഹമീദ് കർസായി സർക്കാരിൽ ആരും മതപീഡനം ആരോപിക്കുന്നില്ല. ഇപ്പോഴത്തെ അഫ്ഗാനിസ്ഥാൻ സർക്കാരിലും ആരും മതപീഡനം ആരോപിക്കുന്നില്ല. എന്നാൽ താലിബാൽ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ മാത്രമല്ല പഠാൻ സ്ത്രീകളും വളരെ വലിയ പീഡനങ്ങൾ ആണ് സഹിച്ചത്. നിങ്ങൾ എന്നോട് സംസ്കാരത്തെ കുറിച്ച് പറയുമ്പോൾ  സ്വാമി വിവേകാനന്ദൻ തന്റെ രാജ്യത്തിന്റെ മതനിരപേക്ഷതയിൽ വലിയ അഭിമാത്തോടെ റിലിജിയസ് പാർലമെന്റിൽ സംസാരിക്കുന്നുണ്ട്. മതപീഡനം സഹിക്കവയ്യാതെ പാലായനം ചെയ്ത് ജൂതന്മാർക്ക് അഭയം നൽകിയ നാടാണ് എന്റേത് എന്നതിൽ എനിക്ക് വലിയ അഭിമാനം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. അവരുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ അവർ ഇന്ത്യയിൽ എത്തി. ഒന്നാം നൂറ്റാണ്ടിൽ തന്നെ കൃസ്ത്യാനികൾ എത്തിച്ചേർന്ന ഒരു രാജ്യത്തു നിന്നാണ് ഞാൻ വരുന്നത്. 

എം ജി രാധാകൃഷ്ണൻ: അത് കേരളത്തിൽ ആണ്.

ഗവർണ്ണർ. അതെ അത് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ എന്റെ ചില പ്രസംഗങ്ങളിൽ അദ്ദേഹം മറന്നുപോയ ഒരു കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. പരിശുദ്ധ പ്രവാചകന്റെ പിന്മുറക്കാരുടെ രണ്ട് കുടുംബങ്ങൾ മാത്രമാണ് അറബ് നാടുകളിൽ ആകെയുള്ളത്. എന്നാൽ ഇന്ത്യയിൽ കേരളത്തിലെ തങ്ങൾമാർ മുതൽ പലയിടത്തും  അവർ ഉണ്ട്. എന്തുകൊണ്ടാണ് അവർ ഇവിടെ എത്തിയത്? പ്രവാചകൻ മതം സ്ഥാപിച്ച് മുപ്പതുവർഷത്തിനുള്ളിൽ തന്നെ അദ്ദേഹത്തിന്റെ അനുയായികൾ മതപീഡനത്തിനു വിധേയരായിരുന്നു. അതുകൊണ്ട് അവരും ഇവിടെ എത്തിച്ചേർന്നു. അങ്ങനെ സംസ്കാരികമായി താങ്കൾ ചോദിക്കുകയാണെങ്കിൽ ഈ നിയമം നമ്മുടെ ആ പാരമ്പര്യവുമായി ഒത്തു പോകുന്നതല്ല. ഇത് ഞാൻ നെഹ്രു മ്യൂസിയത്തിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ വിഭജനം അസാധാരണമായ ഒരു സാഹചര്യം സൃഷ്ടിച്ചു. അത്തരം അസാധാരണമായ സാഹചര്യത്തെ നേരിടുന്നതിനു നിങ്ങൾക്ക് നിങ്ങളുടെ പാരമ്പര്യത്തിൽ നിന്നും വ്യതിചലിക്കേണ്ടിവരും. അസാധാരണമായ ഒരു പ്രശ്നം പരിഹരിക്കാൻ അസാധാരണമായ ഒരു പരിഹാരം തന്നെ സ്വീകരിക്കേണ്ടി വരും. 

എം ജി രാധാകൃഷ്ണൻ: തിരികെ കേരളത്തിലെ സാഹചര്യത്തിലേയ്ക്ക് വന്നാൽ, ഇവിടെ എത്തി താങ്കൾ ആദ്യം സന്ദർശിച്ചത് താങ്കളുടെ സുഹൃത്തും ഇപ്പോൾ ബിജെപി നയങ്ങളുടെ കടുത്ത വിമർശകനും ആയ കെ പി ഉണ്ണിക്കൃഷ്ണനെ ആണ്. എന്നാൽ ഇപ്പോൾ ഈ വിഷയങ്ങൾ ...

ഗവർണ്ണർ: ഞാൻ ഇവിടെ ഗവർണ്ണർ ആയി എത്തുമ്പോൾ ബിജെപിയിൽ അംഗമായിരുന്നില്ല. ഗവർണ്ണർ ആകാൻ എനിക്ക് ബിജെപിയിൽ നിന്നും രാജിവെയ്ക്കേണ്ടിയും വന്നില്ല. രാഷ്ട്രീയപാരമ്പര്യം ഉണ്ടായിരുന്നിട്ടും ഗവർണ്ണർ ആകുന്നതിനു പാർടി പദവി രജിവെയ്ക്കേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരു വ്യക്തിയും ഞാനാണ്.  യഥാർത്ഥത്തിൽ കഴിഞ്ഞ 13 വർഷമായി ഞാൻ കക്ഷിരാഷ്ട്രീയത്തിൽ പോലും ഉണ്ടായിരുന്നില്ല. 

എം ജി രാധാകൃഷ്ണൻ: താങ്കൾ ബിജെപിയിൽ ഉണ്ടായിരുന്നില്ല.

ഗവർണ്ണർ: അല്ല. എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നു എന്നാലും ഞാൻ സജീവമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ എന്റെ  അനുഭാവം ബിജെപിയ്ക്കൊപ്പമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. 

എം ജി രാധാകൃഷ്ണൻ: ഞാൻ അങ്ങയോട് ചോദിക്കാൻ വന്നത് ഈ പ്രശ്നത്തിലെ നിലപാട് സംസ്ഥന സർക്കാരുമായി ഒരു ഏറ്റുമുട്ടലിനു വഴിവയ്ക്കുമോ എന്നതാണ്. ഭരണകക്ഷിയായ സി പി എം-ന്റെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വന്നിട്ടുണ്ട്. അങ്ങ് ഗവർണ്ണർ എന്ന പദവിയുടെ പരിധിയ്ക്കുള്ളിൽ നിൽക്കൻ ആഗ്രഹിക്കുന്നില്ല എങ്കിൽ രാജിവച്ച് സജീവരാഷ്ട്രീയത്തിൽ തിരികെ പോകണം എന്നാണ്. അത് ഒരു വിഷയം. മറ്റൊന്ന് താങ്കൾ ഇപ്പോൾ ഇവിടെ എത്തിയിട്ട് കുറച്ചു നാളുകളെ ആയുള്ളു. മൂന്നു മാസം. ഇനിയും വളരെ അധികം സമയം ഉണ്ട് മുന്നോട്ട്. അതുകൊണ്ട് ഇനി അങ്ങോട്ട് സംസ്ഥാന സർക്കാരുമായുള്ള ബന്ധം വളരെ കലുഷിതവും എറ്റുമുട്ടൽ സ്വഭാവമുള്ളതും ആയിരിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഗവർണ്ണർ: ഇല്ല. (പാർടി സെക്രട്ടറി) എനിക്ക് ഒരു  ഉപദേശം നൽകി എന്ന് പറഞ്ഞല്ലൊ. ഞാൻ തിരിച്ചും അദ്ദേഹത്തിനു ഒരു ഉപദേശം നൽകാൻ ആഗ്രഹിക്കുന്നു. താങ്കൾ രാഷ്ട്രീയത്തിൽ തുടരുന്ന സ്ഥിതിയ്ക്ക് ഇന്ത്യയുടെ ഭരണഘടനയും ഒന്ന് വായിക്കണം. ചുരുങ്ങിയപക്ഷം ഗവർണ്ണർ എടുക്കുന്ന സത്യപ്രതിജ്ഞ എന്തെന്നെങ്കിലും വായിക്കണം. എന്റെ ഉപദേശം പരിഗണിച്ച് ഭരണഘടന വായിച്ചു നോക്കിയ ശേഷവും അദ്ദേഹത്തിനു ഇപ്പോഴത്തെ അഭിപ്രായം തന്നെ ആണുള്ളതെങ്കിൽ അദ്ദേഹത്തിന്റെ നിർദ്ദേശം പരിഗണിക്കാൻ ഞാൻ തയ്യാറാണ്. പിന്നെ നിങ്ങൾ പറഞ്ഞത് മുന്നോട്ടുള്ള സമയത്തെ കുറിച്ചാണ്. അങ്ങനെ ഒരിക്കലും ഉണ്ടാവില്ല. കേരളത്തിൽ ഞാൻ പോകുന്ന സ്ഥലങ്ങളിൽ എല്ലാം വളരെ സ്നേഹോഷ്മളമായ സ്വീകരണം ആണ് എനിക്ക് ലഭിക്കുന്നത്. വലിയവരുടെ കാര്യം വിടൂ, കുട്ടികൾ 

എം ജി രാധാകൃഷ്ണൻ: ഇന്ന് താങ്കൾ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. ചീഫ് സെക്രട്ടറി അല്പം മുൻപ് ഇവിടെ നിന്നും മടങ്ങുന്നത് ഞങ്ങൾ കണ്ടു. ഈ പ്രത്യേക വിഷയത്തിൽ ചീഫ് സെക്രട്ടറിയുമായി താങ്കൾ ചർച്ച നടത്തി. താങ്കൾ ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുന്നുണ്ടോ?

ഗവർണ്ണർ: ഇല്ല ഇല്ല. ഞാൻ ഈ വിഷയം ആരുമായും ചർച്ചചെയ്യുന്നില്ല. ഇതിലും മോശമായ സന്ദർഭങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. മൂന്നു തവണ മാരകമായ ആക്രമണങ്ങൾ 1986നു ശേഷം എനിക്കു നേരെ ഉണ്ടായിട്ടുണ്ട്. ജാമിയയിൽ അവർ ഏകദേശം എന്നെ വകവരുത്തി എന്ന് കരുതിയതാണ്. ഞാൻ ബോധം കെട്ട് താഴെവീണു. എന്നെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേയ്ക്ക് അതിവേഗം എത്തിച്ചു. വീഴുന്ന അവസരത്തിലും ഞാൻ എന്റെ സുരക്ഷ ഉദ്യോഗസ്ഥരോട് പറഞ്ഞത് വെടിവയ്ക്കരുതെന്നാണ്. എനിക്ക് ചുറ്റും അന്ന് ഇരുപതിൽ അധികം സുരക്ഷ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഞാൻ അവരോട് കർശനമായി പറഞ്ഞു വെടിവയ്ക്കരുതെന്ന്. ഇതിലും മോശമായ സാഹചര്യങ്ങൾ മറികടന്നാണ് ഞാൻ വന്നത്. 

എം ജി രാധാകൃഷ്ണൻ:  അതിനോടെല്ലാം എങ്ങനെ ആണ് താങ്കൾ ഇപ്പോഴത്തെ സംഭവങ്ങളെ താരതമ്യം ചെയ്യുന്നത്.

ഗവർണ്ണർ: ഇപ്പോഴത്തെ സംഭവങ്ങൾ അതിന്റെ അടുത്തെങ്ങും എത്തില്ല. ഞാൻ അഭിമുഖീകരിച്ചിട്ടുള്ള ആക്രമണങ്ങളുമായി താരതമ്യം ചെയ്താൽ ഇതൊന്നും ഒന്നുമല്ല.  ഇത് ചില സ്ഥാപിത താല്പര്യക്കാരാണ്. ഞാൻ ആരുടെയും പേരെടുത്തു പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില ആളുകൾ ഉണ്ട്. ഷാ ബാനു കേസിൽ എന്റെ രാജി ഉണ്ടായിട്ടും അതില് നിന്നും മുക്തരാകാത്തവർ. നിങ്ങൾ കണക്കുകൾ നോക്കൂ. അവർ എന്നെങ്കിലും എന്നോട് ക്ഷമിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? 

എം ജി രാധാകൃഷ്ണൻ: അത് ശരിയാണ്. ആ കാലഘട്ടത്തിൽ വളരെ പുരോഗമനപരമായ ഒരു നിലപാടാണ് താങ്കൾ സ്വീകരിച്ചത്.

ഗവർണ്ണർ: അതിലും പുരോഗമനപരമായ നിലപാടാണ് ഇപ്പോഴത്തേത്. 

എം ജി രാധാകൃഷ്ണൻ: എന്നാൽ താങ്കൾ ഇപ്പോൾ സർക്കാരിനൊപ്പം ആണ്.

ഗവർണ്ണർ: അല്ല. ഞാൻ രാഷ്ട്രീയമായി ആർക്കും ഒപ്പമല്ല. ഒരു ഭരണഘടന പദവി വഹിക്കുന്ന ആൾ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകമാത്രമാണ് ഞാൻ ചെയ്യുന്നത്. ഭരണഘടനയേയും നിയമങ്ങളേയും പരിപാലിക്കുക സംരക്ഷിക്കുക എന്ന ഭരണഘടനാപരമായ എന്റെ പ്രതിജ്ഞ നിറവേറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഇത് പാർലമെന്റ് പാസാക്കിയ നിയമം ആണ്. ഞാൻ അത് പൂർണ്ണമായും അംഗീകരിക്കുന്നു. 

എം ജി രാധാകൃഷ്ണൻ: എത് ഒരു വശം. എന്നാം മറുവശത്ത് വലിയൊരുവിഭാഗം ജനങ്ങൾ ഈ നിയമം തങ്ങൾക്ക് വലിയ ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്നു. തങ്ങളെ പുറത്താക്കും എന്ന് കരുതുന്നു. ഇവരുടെ ആശങ്കൾ പരിഹരിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാരിൽ നിന്നുണ്ടാകണം എന്ന്, ഇവരെക്കൂടി വിശ്വാസത്തിൽ എടുത്ത് വേണം മുന്നോട്ട്  പോക്കേണ്ടതെന്ന് താങ്കൾ കരുതുന്നുണ്ടോ? അവർ അത് ചെയ്യുന്നുണ്ടോ? 

ഗവർണ്ണർ: കേന്ദ്രസർക്കാരിനെ ഉപദേശിക്കാനോ നിർദ്ദേശം നൽകാനോ ഞാൻ ഇല്ല. എന്നാൽ ഞാൻ ഒരു കാര്യം പറയാം. ഈ നിയമം നടപ്പാക്കേണ്ട ചുമതല എനിക്കായിരുന്നു എങ്കിൽ ഞാൻ ബലമായിത്തന്നെ അത് നടപ്പാക്കും. അല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ല. എന്നെ സംബന്ധിച്ച് ഇത് വിട്ടുവീഴ്ച ചെയ്യേണ്ട വിഷയം അല്ല.

എം ജി രാധാകൃഷ്ണൻ: എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും?

ഗവർണ്ണർ: എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും എന്റെ സർക്കാർ രാജിവെയ്ക്കേണ്ടിവന്നാലും ഞാൻ നിയമം നടപ്പാക്കാൻ ശ്രമിക്കും 

എം ജി രാധാകൃഷ്ണൻ: അത് ജനാധിപത്യപരമാണോ?

ഗവർണ്ണർ: ഇത് നമ്മുടെ രാഷ്ട്രപിതാവ് ഈ നാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ആണ്. മഹാത്മാഗാന്ധി നൽകിയ വാഗ്ദാനം നമ്മൾ ആദരിക്കേണ്ടതല്ലെ?

എം ജി രാധാകൃഷ്ണൻ: പക്ഷെ അത് മറ്റൊരു സാഹചര്യത്തിൽ ആയിരുന്നു. വിഭജനത്തിന്റെ ....

ഗവർണ്ണർ: മറ്റൊരു സാഹ്ചര്യത്തിലും അല്ല.  കഴിഞ്ഞ വർഷം പോലും (പാകിസ്താനിലെ) സിന്ധിൽ നിന്നും നിയമസഭാംഗമായിരുന്ന ഒരാൾ തന്റെ സുഹൃത്തിനൊപ്പം ഗുജറാത്തിൽ എത്തി. സാഹചര്യം ഇപ്പോഴും അന്നത്തേത് തന്നെ ആണ്. 1949-ൽ ആയിരുന്നത് 1947-ൽ ആയിരുന്നത്. എങ്ങനെ ആണ് ഇന്ത്യയുടെ ഭാഗമായിരുന്നവർക്ക് നൽകിയ ഉറപ്പ് നമുക്ക് പാലിക്കാതിരിക്കാൻ ആവുക. പണ്ഡിറ്റ് ജി പറഞ്ഞത് പുതുതായി ഉണ്ടായ രാഷ്ട്രീയ അതിർത്തികൾക്ക് അവരെ നമ്മിൽ നിന്നും വേർതിരിക്കാൻ ആവില്ല എന്നാണ്. നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ അതെല്ലാം ഞാൻ വായിക്കാം. മഹാാത്മ ഗാന്ധി, പണ്ഡിറ്റ് ജി, രാജേന്ദ്രപ്രസാദ് എല്ലാവരും പറഞ്ഞത് ഞാൻ  വായിക്കാം. നമ്മുടെ രാഷ്ട്രപിതാവ് നൽകിയ വാഗ്ദാനത്തിൽ നിന്നും നമുക്ക് എങ്ങനെ ആണ് വ്യതിചലിക്കാൻ ആവുക? 

എം ജി രാധാകൃഷ്ണൻ: അങ്ങനെ എങ്കിൽ നിങ്ങളെന്തിനാണ് അത് ചില മതവിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. അത്രയും മാനുഷീകമൂല്യങ്ങൾ ഉള്ളവർ എന്തുകൊണ്ട് എല്ലാവരേയും ഉൾക്കൊള്ളുന്നില്ല? 

ഗവർണ്ണർ: അങ്ങനെ ആണെങ്കിൽ അവർ പറഞ്ഞതെന്തെന്ന് ഞാൻ വായിക്കേണ്ടതായി വരും. കാരണം ഈ പറഞ്ഞ പ്രത്യേകവിഭാഗത്തിൽ പെടുന്നവർക്കാണ് അന്ന് ഉറപ്പ് നൽകിയിരുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരെ ഉൾക്കൊള്ളാൻ നമുക്കായിരുന്നു എങ്കിലെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിലും പിന്നീടിങ്ങോട്ടും പലരേയും നമ്മൾ സ്വീകരിച്ചതുപോലെ. അങ്ങനെ ചെയ്യാൻ ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ നമുക്ക് സർക്കാരിൽ സമ്മർദ്ദം ചെലുത്താം. എന്നാൽ പാർലമെന്റ് പാസാക്കിയ ഈ നിയമം ചില പ്രത്യേക വിഭാഗങ്ങൾക്ക് നമ്മുടെ രാഷ്ട്രപിതാവ് നൽകിയ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ളതാണ്.

എം ജി രാധാകൃഷ്ണൻ: അങ്ങനെ ആണെങ്കിൽ തന്നെയും മുസ്ലീങ്ങളിലെ തന്നെ അഹമ്മദീയരെ പോലുള്ള ചില വിഭാഗങ്ങൾ പീഡനം അനുഭവിക്കുന്നുണ്ട്.  ഈ സഹാനുഭൂതി എന്തുകൊണ്ട് നിങ്ങൾ അവരോടും കാണിക്കുന്നില്ല?

ഗവർണ്ണർ: ഇതെല്ലാം തെറ്റിദ്ധരിപ്പിക്കാനുള്ള ചോദ്യങ്ങൾ ആണ്. ഏതെങ്കിലും അഹമ്മദീയ വിഭാഗക്കാരൻ ഇന്ത്യയിലേയ്ക്ക് വരും എന്ന് താങ്കൾ കരുതുന്നുണ്ടോ? അഹമ്മദീയ വിഭാഗത്തിന്റെ ആസ്ഥാനം ലണ്ടനിൽ ആണുള്ളത്. യൂറൊപ്യൻ യൂണിയൻ അഹമ്മദീയ വിഭാഗത്തിനു യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള ഏത് രാജ്യത്തേയും പൗരത്വത്തിനുള്ള അവകാശം അംഗീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരാണ് അഹമ്മദീയർക്കായി ആദ്യം വാതിലുകൾ തുറന്നിട്ടത്. എന്നിട്ടും ഇന്ന് പാകിസ്താനിൽ ഏതെങ്കിലും അഹമ്മദീയ വിഭാഗക്കാരൻ അവശേഷിക്കുന്നു എങ്കിൽ ഞാൻ അവരെ അവരുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. എന്തുകൊണ്ടാണ് അവർ അവിടെ തുടരുന്നതെന്ന് അറിയാമോ?അവർക്ക് അവിടെ നിന്നും രക്ഷപ്പെടാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച്  അവർക്ക് അവിടെ വലിയ സ്വത്തുണ്ട്. ഈ സ്വത്തുക്കൾ വിറ്റുപോകാൻ സാധിക്കുന്ന ഉചിതമായ സമയം കാത്തിരിക്കുകയാണ് അവർ. യൂറോപ്യൻ യൂണിയൻ അവർക്കായി വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. അവർക്ക് യു കെയിൽ പോകാം. അവർക്ക് ജർമ്മനിയിൽ പോകാം. ഇവർ (ഇന്ത്യ പൗരത്വം നൽകാൻ ഉദ്ദേശിക്കുന്നവർ) എവിടെയും പോകാൻ സാധിക്കാത്തവർ ആണ്. 

എം ജി രാധാകൃഷ്ണൻ: പക്ഷെ സാർ ഞാൻ പറയുന്നത് ഈ നിയമത്തിന്റെ ഉദ്ദേശശുദ്ധിയിൽ ഉള്ള സംശയത്തെ കുറിച്ചാണ്. ഇവർ ഈ വിഭാഗങ്ങളുടെ പേരുകൾ പരാമർശിച്ചില്ലായിരുന്നു എങ്കിൽ...

ഗവർണ്ണർ: എന്റെ മറുപടി ഇതാണ് 1937 മുതൽ 1947 വരെ ജിന്ന പറഞ്ഞിരുന്നത് സ്വാതന്ത്ര്യം കിട്ടി ഇന്ത്യ ജനധിപത്യ രാജ്യം ആവുകയാണെങ്കിൽ ഇസ്ലാമും അതുമായി ബന്ധപ്പെട്ട എല്ലാം അപകടത്തിൽ ആകും എന്നായിരുന്നു. ചിലർ ആ വാദം കേട്ടു, അംഗീകരിച്ചു ഇന്ത്യ വിഭജിക്കപ്പെട്ടു. ഒടുവിൽ ബംഗ്ലാദേശ് രൂപീകൃതമായപ്പോൾ എന്താണ് അവർ പറഞ്ഞത്. ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. 1986-ൽ സുപ്രീംകോടതിയുടെ ഈ വിധി (ഷാ ബാനു കേസ്) നിങ്ങളുടെ മതത്തെ ഇല്ലാതാക്കും, നിങ്ങളുടെ അസ്തിത്വം ഇല്ലാതക്കും എന്നൊക്കെയുള്ള  വലിയ ഭയം ജനങ്ങളുടെ മനസ്സിൽ  ഉണ്ടാക്കി. 2017-ൽ ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നപ്പോൾ മുസ്ലിം വ്യക്തിനിയമ ബോർഡ് എല്ലാം അംഗീകരിച്ചു. അവർ പറഞ്ഞു മുത്തലാക്ക് മോശമാണ്, മുത്തലാഖ് മതമനുശാസിക്കുന്നതല്ല. ഒരേഒരു കാര്യം അവർ ആവശ്യപ്പെട്ടത് കോടതി ഈ വിഷയത്തിൽ ഉത്തരവിറക്കരുത് ഞങ്ങൾ ഒരു ബോധവൽക്കരണത്തിലൂടെ  ഇത് അവസാനിപ്പിക്കാം. അതുകൊണ്ട് ജങ്ങളുട് കാഴ്ചപാടുകൾ മാറിക്കൊണ്ടിരിക്കും. ഈ അഭിപ്രായങ്ങൾ സ്ഥിരമാണെന്ന് നിങ്ങൾ കരുതരുത്.

എം ജി രാധാകൃഷ്ണൻ: താങ്കൾ അസാധാരണമായ വിധത്തിൽ ശുഭാപ്തിവിശ്വാസം  പുലർത്തുന്ന ആളാണ്. വളരെ അധികം നന്ദി

ഗവർണ്ണർ: നന്ദി.

(ബഹുമാനപ്പെട്ട കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.)


No comments:

Post a Comment

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.