Friday 18 September 2020

ഈമാനുള്ള വിശ്വാസിയും മുനാഫിഖും

"എന്തു പിഴച്ചൂ കുരിശ്" എന്ന വിഖ്യാതമായ നാടകത്തിനു ശേഷം പിണറായി വിജയൻ കമ്പനി അവതരിപ്പിക്കുന്ന അടുത്ത സാമൂഹ്യ പ്രസക്തമായ നാടകം "അവഹേളനം ഖുർആനോടോ" കൊടിയേരി ബാലകൃഷ്ണൻ സഖാവാണ് ഈ നാടകത്തിന്റെ കഥ എന്ന് അറിയുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മന്ത്രി കേറ്റീ ജലീൽ ആണ്. രണ്ടാൾക്കും സ്വർണ്ണക്കള്ളക്കടത്ത് കേസ് എങ്ങനെയും വഴിമാറ്റേണ്ടത് എത്രമാത്രം ആവശ്യമാണെന്ന് വാർത്തകൾ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർക്ക് അറിയാം. ഖുർആൻ മുസ്ലീം മതവിഭാഗത്തെ സംബന്ധിച്ച് പരിശുദ്ധമാണെന്നതിൽ ആർക്കും തർക്കമില്ല. അതുപോലെ തർക്കമില്ലാത്തതാണ് "ഈമാനുള്ള മുസ്ലിമീങ്ങൾ" ആ പരിശുദ്ധത്തെ ഗ്രന്ഥത്തെ കള്ളത്തരത്തിനും കള്ളക്കടത്തിനും മറയായി ഉപയോഗിക്കില്ല എന്നുള്ളതും. മുനാഫിഖുകൾ (കപടവിശ്വാസികൾ / മതനിന്ദകർ) ആണ് ആ വിശുദ്ധഗ്രന്ഥത്തെ കള്ളക്കടത്തിനുള്ള മറയാക്കുന്നത്. ഇത്രയും ഖുർആനുകൾ മികച്ചരീതിയിൽ അച്ചടിച്ച്, ബൈന്റ് ചെയ്ത്, പാക്ക് ചെയ്ത് വിമാനമാർഗ്ഗം തിരുവനന്തപുരത്ത് എത്തിക്കാമെങ്കിൽ അത് നിയമപരമായ മാർഗ്ഗത്തിലൂടെ തന്നെ ഈമാനുള്ള വിശ്വാസികൾ വിതരണം ചെയ്യുമായിരുന്നു. അതിനു പകരം അവർ സ്വീകരിച്ചത് വളഞ്ഞവഴിയാണ്. കൈയ്യിൽ ആവശ്യത്തിനു ധനമുള്ളവൻ മറ്റൊരുവന്റെ ധനം / അധികാരം ചൂഷണം ചെയ്ത് സ്വന്തം കാര്യം നടത്തുന്നത് എങ്ങനെ ആണ് വിശ്വാസപരമായി ശരിയാവുക? വിശുദ്ധഗ്രന്ഥം വിതരണം ചെയ്യേണ്ടത് സ്വന്തം പണം ഉപയോഗിച്ചാണ്. ഈ നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചല്ല. അങ്ങനെ കളവായ രീതിയിൽ വിശുദ്ധഗ്രന്ഥം ഈ നാട്ടിലെത്തിക്കുന്നതും (വിശുദ്ധഗ്രന്ഥം ഒരു കാരണവശാലും ഡിപ്ലോമാറ്റിക് ബാഗേജ് ആയി അല്ലെങ്കിൽ ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിൽ ഈ നാട്ടിലേയ്ക്ക് കയറ്റി അയക്കപ്പെടേണ്ട ഒന്നല്ല) പൊതുഖജനാവിലെ പണം ഉപയോഗിച്ച് സ്വന്തം അധികാരം ദുരുപയോഗിച്ച് വിതരണം ചെയ്യുന്നവർ സത്യവിശ്വാസികൾ അല്ല കപടവിശ്വാസികൾ ആണ്. സത്യവിശ്വാസികളാൽ അവർ വെറുക്കപ്പെടേണ്ടവർ ആണ്. കേറ്റീ ജലീലും തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഖുർആൻ കടത്തിനുകൂട്ടുനിന്ന നയതന്ത്ര ഉദ്യോഗസ്ഥരും മുനാഫിഖുകൾ ആണ്. എ കെ ബാലൻ പറഞ്ഞതു പോലെ അവരൊന്നും ഈമാനുള്ള വിശ്വാസികൾ അല്ല എന്നതാണ് എന്റെ അഭിപ്രായം. സത്യവിശ്വാസികൾ ചെയ്യേണ്ടത് കളവായി എത്തിച്ച / തെറ്റായ മാർഗ്ഗത്തിലൂടെ എത്തിച്ച ഈ വിശുദ്ധഗ്രന്ഥങ്ങൾ എത്രയും വേഗം അത് എത്തിച്ചവരെ തന്നെ തിരിച്ചേല്പിക്കുകയാണ്. ആ ഗ്രന്ഥങ്ങൾ സ്വീകരിക്കുന്നവർ ഈ കള്ളക്കടത്തിനു കൂട്ടുനിൽക്കുന്നവരാണ്. അത് ഒരിക്കലും സത്യവിശ്വാസികൾക്ക് ചേർന്ന പണിയല്ല മുനാഫിഖുകൾക്കാണ് അത് ചെയ്യാൻ സാധിക്കുക. ഖുർആൻ ഇന്ത്യയിൽ എത്തിക്കുന്നതിനു നിയമപരമായി ഒരു വിലക്കും തടസ്സവും ഇല്ല എന്നിരിക്കെ വളഞ്ഞവഴിയിൽ അത് കടത്തിക്കൊണ്ടുവരേണ്ട ഒരു കാര്യവും ഇല്ല.

No comments:

Post a Comment

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.