Tuesday 29 September 2020

ആരോഗ്യ രംഗത്തെ മെല്ലെപ്പോക്ക്

കൊട്ടിഘോഷിക്കപ്പെടുന്ന കേരള ആരോഗ്യവകുപ്പിലെ മെല്ലെപ്പോക്കിനെ കുറിച്ചാണ് ഈ പോസ്റ്റ്. ഇന്ന് കേരളസർക്കാരിന്റെ പി ആർ ഡി വകുപ്പ് ഇറക്കിയ പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നു " കോവിഡ് പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയുടെ ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണം. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളത്. അതിനാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. നീലേശ്വരം നഗരസഭ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി" അതായത് ടാറ്റ ഗ്രൂപ്പ് പൂർണ്ണമായും അവരുടെ സാമൂഹ്യ ഉത്തരവാദിത്വ നിധിയിലെ (Corporate Social Responsibility Fund) പണം ഉപയോഗിച്ച് നിർമ്മിച്ച് പിണറായി സർക്കാരിനു കൈമാറിയ, പൂർണ്ണമായും കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയ ആശുപത്രിയിൽ പിണറായി സർക്കാർ ഇതുവരെ ജീവനക്കാരെ നിയമിച്ചിട്ടില്ല എന്ന് അർത്ഥം. ജീവനക്കാർഉടെ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള അനുമതിക്കായി ധനവകുപ്പിനു കത്തെഴുതി കാത്തിരിക്കുകയാണ് കെ കെ ഷൈലജ ടീച്ചറുടെ ആരോഗ്യവകുപ്പ്. 

ആരോഗ്യരംഗത്ത് കേരളത്തിൽ ഏറ്റവു പിന്നോക്കം നിൽക്കുന്ന ജില്ലയാണ് കാസർകോഡ്. അവിടെയുള്ള പ്രധാനപ്പെട്ട രണ്ട് സർക്കാർ ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നതിനാൽ സാധാരണക്കാരായ ജനങ്ങൾ മറ്റ് അസുഖങ്ങൾക്ക് ചികിത്സയ്ക്കായി സർക്കാർ സംവിധാനം ഇല്ലാത്തതിനാൽ വലയുകയാണ്. ഈ ഘട്ടത്തിൽ അടിയന്തിരമായി ടാറ്റ അശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനു പകരം സർക്കാർ സംവിധാനം മെല്ലെപ്പോക്ക് തുടരുകയാണ്. അങ്ങനെ ടാറ്റ ആശുപത്രി പ്രവർത്തനം ആരംഭിച്ചാൽ ഇപ്പോൾ കോവിഡ് ചികിത്സയ്ക്കായി നിശ്ചയിച്ചിരിക്കുന്ന കാസർകോഡ് ജില്ലാ ആശുപത്രി കോവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാൻ സാധിക്കും. കാസർകോഡ് ജില്ലയിൽ ഓരോ ദിവസവും ശരാശരി 150 പുതിയ കോവിഡ് രോഗികൾ ആണ് കാസർകോഡ് ഉണ്ടാകുന്നത്. ഇന്നത്തെ കണക്കനുസരിച്ച് 2439 കോവിഡ് രോഗികൾ ആണ് കാസർകോഡ് ചികിത്സയിൽ ഉള്ളത്. സാഹചര്യത്തിനനുസരിച്ച് ഉയർന്ന് പ്രവർത്തിക്കാൻ കാസർകോഡിന്റെ കാര്യം വരുമ്പോൾ പ്രത്യേകിച്ചും കേരളത്തിലെ ഭരണകർത്താക്കൾ പിന്നാക്കം പോവുകയാണ്. കാസർകോഡ് ജില്ലയോട് കാട്ടുന്ന ഈ അവഗണന കേരളത്തിലെ ഭരണകർത്താക്കൾ അവസാനിപ്പിക്കണം.

No comments:

Post a Comment

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.