Thursday 19 August 2021

മനുഷ്യത്വം ഇല്ലാത്ത പോലീസുകാർ.

നെടുങ്കണ്ടത്ത് രാജ്കുമാർ എന്ന ഒരു മനുഷ്യനെ കാക്കിയിട്ട ചില ഗുണ്ടകൾ ക്രൂരമായി പീഡിപ്പിച്ചു കൊന്നത് എങ്ങനെ എന്ന് അനിൽ ഇമ്മാനുവൽ പറയുന്നു. ആ മരണത്തിൽ പോലീസിനു മാത്രമല്ല ജയിൽ ഉദ്യോഗസ്ഥർക്കും ചില ഡോക്ടർമാർക്കും എന്തിനു രാജ്കുമാറിനെ ജയിലിലേയ്ക്ക് അയച്ച മജിസ്ട്രേട്ടിനും ഉത്തരവാദിത്വം ഉണ്ട്. ഈ ക്രൂരകൃത്യത്തിനു ആനുപാതികമായ ശിക്ഷ നൽകാൻ നിയമത്തിനാവില്ല. ഉദയകുമാർ എന്നൊരു മനുഷ്യനെ തിരുവനന്തപുരം ഫോർട്ട് പോലീസ് ഉരുട്ടിക്കൊന്നതും അതിന്റെ നിയമനടപടികളും ഒക്കെ നമ്മൾ കണ്ടതാണ് . ഈ ഭൂമി വിട്ടുപോകുന്നതിനു മുൻപ് ഈ നിഷ്ഠൂരരായ പോലീസുകാരും ഇവർക്ക് പിന്തുണയും ഒത്താശയും നൽകുന്നവരും ഒക്കെ ഈ ചെയ്തുകൂട്ടുന്ന ക്രൂരതകൾക്ക് അനുഭവിക്കും എന്നത് മാത്രമാണ് ഏകപ്രതീക്ഷ. ഇത്തരം നിഷ്ഠൂരരായ പോലീസുകാരെ സമൂഹം ഒറ്റപ്പെടുത്തണം. ഒരു വിധത്തിലും അവർക്ക് ഒരു പിന്തുണയും സഹാനുഭൂതിയും ഈ സമൂഹത്തിൽ നിന്നും ഉണ്ടാകരുത്.

ജസ്റ്റിസ് നാരായണക്കുറുപ്പിനെ കുറിച്ച് പല അഭിപ്രായവ്യത്യാസങ്ങളും പലരേയും പോലെ എനിക്കും ഉണ്ട്. പക്ഷെ നെടുങ്കണ്ടം കൊലപാതകത്തിൽ സത്യം പുറത്തുവന്നത് മുൻപ് പോലീസ് കമ്പ്ലെയിന്റ്സ് അതോറിറ്റി ചെയർമാൻ കൂടി ആയിരുന്ന ജസ്റ്റിസ് നാരായണ കുറുപ്പ് ഈ സംഭവം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ആയതുകൊണ്ട് മാത്രമാണ്. അതിനു ജസ്റ്റിസ് നാരായണ കുറുപ്പ് പ്രത്യേകം നന്ദിയും അഭിനന്ദനവും അർഹിക്കുന്നു. വരാപ്പുഴയിൽ ശ്രീജിത്തിനെ ഒരു പറ്റം പോലീസുകാർ ചവിട്ടിക്കൊന്നത് പുറത്തുവന്നത് മനുഷ്യാവകാശ കമ്മീഷൻ അംഗമായ മോഹൻദാസിന്റെ ഇടപെടൽ കൊണ്ടാണ്. അതൊക്കെ കൊണ്ടാവും പോലീസിനു ദോഷം ചെയ്യാത്ത ചിലരെയൊക്കെ ഇപ്പോൾ പോലീസ് കമ്പ്ലെയിന്റ് അതോറിറ്റിയിലും മറ്റുമൊക്കെ കുടിയിരുത്തിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് പോലീസ് അതിക്രമങ്ങൾ പാരമ്യത്തിൽ നിൽക്കുന്ന അവസരത്തിൽ ഏതെങ്കിലും വിഷയത്തിൽ ആ അതോറിറ്റി ഇടപെട്ടതായുള്ള എന്തെങ്കിലും വാർത്തകൾ ആരെങ്കിലും കേട്ടിട്ടുണ്ടോ?

(വീഡിയോയ്ക്ക് കടപ്പാട് മനോരം ന്യൂസ്) വാർത്തയുടെ ലിങ്ക്
https://www.manoramanews.com/news/spotlight/2021/08/18/nedumkandam-custody-death-hidden-story-of-cruelty.html?



1 comment:

  1. ഈ പരമ്പരയുടെ രണ്ടാം ഭാഗം ഇവിടെ കാണാം. മരിച്ച് സംസ്കരിക്കപ്പെട്ടിട്ടും 37 ദിവസങ്ങൾക്ക് ശേഷവും അഴുകാതെ താൻ ഏറ്റ മർദ്ദനത്തിന്റെ തെളിവുകൾ നൽകാൻ അവശേഷിച്ച രാജ്കുമാറിന്റെ ശരീരത്തെ കുറിച്ചും സ്തുത്യർഹമായ ഇടപെടലുകൾ നടത്തിയ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ജസ്റ്റിസ് നാരായണ കുറുപ്പിനെ കുറിച്ചും ഇതിൽ വിവരിക്കുന്നു.
    https://youtu.be/qfOXxLtcwcc

    ReplyDelete

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.