Sunday 7 February 2021

സഖാക്കളെ ശബരിമല വിഷയത്തിൽ മാപ്പില്ല.

സഖാവേ,

ശബരിമല ആണല്ലൊ വിഷയം. ഇന്നും വൈരുദ്ധ്യാത്മക ഭൗതികവാദം എന്നൊക്കെ എന്തക്കയോ പറയുന്നത് കേട്ടു. ഇനി കോടതി വിധി വന്നാൽ അതിൽ എല്ലാവരുമായും ചർച്ച ചെയ്യും എന്നും പറയുന്നത് കേട്ടു. അതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല സഖാവേ. ഈ വിന വരുത്തിവച്ചതിൽ നിങ്ങൾക്ക് ഒരു വലിയ പങ്കുണ്ട്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് തന്ത്രി കുടുംബത്തെ പറഞ്ഞു പറ്റിച്ചു ഈ കേസിൽ കക്ഷിയാക്കാതെ മാറ്റി നിറുത്തി. പന്തളം രാജകുടുംബം ഈ കേസിൽ കക്ഷിചേരാൻ ചെന്നപ്പോൾ കേരളത്തിലെ താന്ത്രിക വിധികളെ കുറിച്ച് വലിയ ഗ്രാഹ്യമില്ലാത്ത സുപ്രീംകോടതിയിലെ മൂന്നംഗ ബഞ്ച് "ഇവിടെ ഹനുമാന്റെ അച്ഛനാണെന്നു വരെ ഹരിജികൾ വരുന്നുണ്ടെന്നും അതൊന്നും പ്രോത്സഹിപ്പിക്കാനാകില്ലെന്നും  പറഞ്ഞപ്പോൾ അത് കേട്ട് കൈകൊട്ടിച്ചിരിച്ചവർക്കൊപ്പം നിങ്ങളുടെ വക്കീലും ഉണ്ടായിരുന്നു. അന്ന് ബഞ്ചിനെ തിരുത്താനോ പന്തളം രാജകുടുംബത്തിനു വിശ്വാസപ്രകാരം അയ്യപ്പസ്വാമി പിതൃസ്ഥാനമാണുള്ളതെന്നും അവർക്ക് പറയാനുള്ളത് കേൾക്കണം എന്നും പറയാൻ നിങ്ങളോ നിങ്ങളുടെ വക്കീലോ തയ്യാറായില്ല. പിന്നെ ഉമ്മൻ ചാണ്ടി സർക്കാർ വന്നപ്പോൾ നിങ്ങൾ കൊടുത്ത സത്യവാങ്മൂലം പിൻവലിച്ച് ഈ കേസ് ആചാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതിനാൽ കേസിൽ ഇടപെടാൻ സർക്കാർ സർക്കാർ ആഗ്രഹിക്കുന്നില്ല എന്ന നിലപാടെടുത്തു . ഉമ്മൻ ചാണ്ടി സർക്കാർ മാറി ഈ കേസ് പഴയ മൂന്നംഗ ബഞ്ചിൽ നിന്നും ഭരണഘടനാ ബഞ്ചിലേയ്ക്ക് മാറി തുടർച്ചയായി വാദം കേൾക്കുന്ന അവസരം ഉണ്ടായപ്പോൾ വീണ്ടും നിങ്ങൾ കേസിൽ ഇടപെട്ടു. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ് മൂലം പിൻവലിച്ച് അച്യുതാനന്ദൻ സർക്കാർ നൽകിയ സത്യവാങ്ങ്മൂലത്തിൽ (പുതിയ സത്യവാങ്മൂലം സമർപ്പിക്കണം എന്ന നിങ്ങളുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല എന്നാണ് ഓർമ്മ) ഉറച്ചു നിൽക്കുന്നു എന്നൊക്കെ പറഞ്ഞ നിങ്ങൾ വാദം തുടങ്ങിയപ്പോൾ ഒരു പടികൂടി കടന്ന് ഇത് മൗലീകാവകാശം സംബന്ധിക്കുന്ന വിഷയം ആണെന്നും അതിനാൽ തന്നെ യുവതീപ്രവേശനം അനുവദിക്കണം എന്നും നിലപാടെടുത്തു. സത്യവാങ്ങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ല പിന്നീട് വാദങ്ങളിൽ ഉണ്ടായിരൂന്നത്. പിണറായി സർക്കാർ ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ എടുത്ത നിലപാടുകൾ ചന്ദ്രചൂഡിന്റെ വിധിന്യായത്തിൽ അക്കമിട്ടു പറയുന്നുണ്ട്. ഇന്ദു മൽഹോത്രയുടെ വിധിയിൽ അച്യുതാനന്ദൻ സർക്കാരിന്റെ സത്യവാങ്ങ്മൂലത്തിൽ പറയുന്ന സമവായം ഉണ്ടാക്കണം എന്ന ആവശ്യം നിങ്ങളുടെ പിണറായി സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ഒരിക്കൽ പോലും സുപ്രീംകോടതിയിൽ വാദിച്ചിട്ടില്ല. മറിച്ച് ശബരിമലയിൽ നിലവിൽ പിന്തുടർന്നുവരുന്ന ആചാരങ്ങൾ   മൗലീകാവകാശങ്ങളൂടെ ലംഘനം ആണെന്നും അതിനാൽ തന്നെ യുവതീപ്രവേശനം അനുവദിക്കണം എന്ന് ശക്തമായി വാദിക്കുകയാണ് നിങ്ങൾ ചെയ്തത്. അതിനെല്ലാം പുറമെ സ്വതന്ത്രമായി നിലപാടെടുക്കേണ്ട, ആചാരങ്ങൾ പാലിക്കപ്പെടുന്നതുനുവേണ്ടി വാദിക്കേണ്ട തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും ആചാരങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും വിലക്കി. അയ്യപ്പസ്വാമിയുടെ പണം ഉപയോഗിച്ച് അയ്യപ്പഹിതത്തിനു വിരുദ്ധമായ വാദങ്ങൾക്ക് നിങ്ങൾ വക്കീല്ഫീസ് നൽകി. അങ്ങനെ ശബരിമലയിൽ ദേവഹിതത്തിനു വിരുദ്ധമായ നിലവിലെ ആചരങ്ങൾക്ക് എതിരായ ഒരു വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടായതിൽ നിങ്ങൾക്കും വളരെ വലിയ ഒരു പങ്കുണ്ട്. അതിൽ നിങ്ങൾക്ക് ഒരുകാലത്തും മാപ്പ് നൽകാനാവില്ല.


ശബരിമലയിൽ ചർച്ചകൾ നടത്തേണ്ടത് കോടതി വിധി വന്നതിനു ശേഷം അത് നടപ്പിൽ വരുത്താനുള്ള സമവായ ചർച്ചകൾ അല്ല. കോടതിയിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നതിൽ ആയിരുന്നു ചർച്ചകൾ നടത്തേണ്ടിയിരുന്നത്. അത് നിങ്ങൾ നടത്തിയില്ല. സർക്കാർ നിലപാടും ദേവസ്വം ബോർഡ് നിലപാടും കോടതിയിൽ അറിയിക്കുന്നതിനു മുൻപ് ഈ നാട്ടിലെ വിശ്വാസസമൂഹത്തോട് ചർച്ച ചെയ്യണമായിരുന്നു. അതുണ്ടായില്ല. പകരം ബഹുഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന്റെ നിലപാടിനു വിരുദ്ധമായ നിലപാടാണ് നിങ്ങൾ സ്വീകരിച്ചത്. അതിനാൽ തന്നെ കോടതി വിധി വന്ന് കഴിഞ്ഞതിനു ശേഷം അതിൽ ചർച്ചകൾ നടത്തും എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല. 2018 സെപ്തംബർ 28 നു വിധി വന്ന സമയത്ത് നിങ്ങൾ എടുത്ത നിലപാടും സമവായത്തിന്റേതായിരുന്നില്ല. സാവകാശ ഹർജി സർക്കാർ സമർപ്പിച്ചില്ല (സർക്കാരിനു നടപ്പാക്കാൻ പ്രത്യേക നിർദ്ദേശം ഉള്ള ഒന്നും തന്നെ ഉത്തരവിൽ ഇല്ലായിരുന്നു എന്നത് വിസ്മരിക്കുന്നില്ല) എന്നു മാത്രമല്ല ദേവസ്വം ബോർഡിനെ പോലും അത്തരം ഒരു ഹർജി നൽകുന്നതിൽ നിന്നും നിങ്ങൾ വിലക്കി. നിങ്ങളിൽ നിക്ഷിപ്തമല്ലായിരുന്നിട്ടുകൂടി ആക്റ്റിവിസ്റ്റുകളെ സന്നിധാനത്ത് എത്തിക്കാനുള്ള ത്വരയാണ് നിന്നൾക്ക് ഉണ്ടായത്. രണ്ട് ആക്റ്റിവിസ്റ്റുകളെ രാത്രിയുടെ മറവിൽ ഒളിച്ചു കടത്തി വിശ്വാസിസമൂഹത്തെ വെല്ലുവിളിക്കുകയാണ് നിങ്ങൾ ചെയ്തത്. സന്നിധാനത്ത് യുവതി കയറാത്ത ഒരു സാഹചര്യത്തിലും അത്തരത്തിൽ ഒരാൾ അവിടെ കയറിയല്ലൊ എന്താ ഹർത്താൽ നടത്തുന്നില്ലെ എന്ന് വിശ്വാസിസമൂഹത്തെ പരിഹസിച്ചവരാണ് നിങ്ങൾ. സുപ്രീംകോടതി വിധി ഈ നാട്ടിലെ വിശ്വാസികളുടെ ഹൃദയത്തിൽ ഏല്പിച്ച മുറിവിൽ സ്നേഹലേപനം നടത്തി അവരെ ആശ്വസിപ്പിക്കാനല്ല, മറിച്ച് അവരുടെ മുറിവിൽ ഉപ്പും ഉളകും തേച്ച് അവരുടെ വേദന വർദ്ധിപ്പിച്ച് അത് കണ്ട് സന്തോഷനൃത്തം ചവിട്ടുകയായിരുന്നു സഖാവേ നിങ്ങൾ ചെയ്തത്. ആ സാഡിസത്തിനു നിങ്ങളോടും നിങ്ങളുടെ പ്രസ്ഥാനത്തിനോടും ഒരിക്കലും മാപ്പ് നൽകില്ല. 


റിവ്യു ഹർജിയും തിരുത്തൽ ഹർജിയും ഒക്കെ ചേംബറിൽ വച്ചു തന്നെ തള്ളിക്കളയും എന്ന് പറഞ്ഞ് നിങ്ങൾ ആളുകളെ പറ്റിച്ചു. എന്നാൽ എന്താണ് സംഭവിച്ചത്. ആ ഹർജികളിൽ ചേംബറിൽ വച്ച് വാദം കേൾക്കുകയല്ല തുറന്ന കോടതിയിൽ വച്ച വാദം കേട്ടു. ആചാരങ്ങൾ സംബന്ധിക്കുന്ന വിഷയങ്ങളിൽ എത്രമാത്രം ഇടപെടാനുള്ള അധികാരം സുപ്രീംകോടതിയ്ക്ക് ഉണ്ടെന്ന കാര്യത്തിൽ സുപ്രീംകോടതിയ്ക്ക് തന്നെ സംശയം ഉണ്ടെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു, അതുകൊണ്ട് ആ വിധി ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നതിനു മുൻപ് അതിനുള്ള അധികാരം സംബന്ധിച്ച് വ്യക്തതവരുത്തേണ്ടത് ആവശ്യമാണെന്ന് കോടതിയ്ക്ക് തന്നെ ബോധ്യം വന്നു. ആ വിഷയങ്ങളിൽ വ്യക്തത വരാൻ കോടതിയുടെ അധികാരപരിധി നിർണ്ണയിക്കാൻ ഒരു ഒൻപതംഗ ഭരണഘടനാ ബഞ്ചിനു വിഷയം കൈമാറി. ശബരിമലയിൽ ദർശനം നടത്താൻ പോലീസ് സംരക്ഷണം നൽകണെമെന്ന് ആവശ്യപ്പെട്ട ഇന്ദിരജയ് സിങ്ങ് മുഖാന്തരം സുപ്രീംകോടതിയെ സമീപിച്ച ബിന്ദു അമ്മിണിയോടും കനക ദുർഗ്ഗയോടും കോടതി പറഞ്ഞത് അങ്ങനെ ഒരു ഉത്തരവ് നൽകാൻ ആവില്ലെന്നാണ്. നിലവിൽ ഉള്ള പോലീസ് സംരക്ഷണം തുടരാൻ മാത്രമായിരുന്നു വിധി.   അതിനെല്ലാം പുറമെ വിശ്വാസികൾ  അയ്യപ്പജ്യോതി തെളിയിച്ച് തങ്ങളുടെ വിശ്വാസസമൂഹത്തിന്റെ കരുത്ത് തെളിയിച്ചപ്പോൾ അതിനെ വെല്ലുവിളിക്കാൻ സർക്കരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നിങ്ങൾ ജാതിമതിൽ പണിതു, വിശ്വാസികളെ വെല്ലുവിളിക്കാൻ അവരെ പറഞ്ഞു പറ്റിക്കാൻ നവോത്ഥാന സമിതി ഉണ്ടാക്കി. നിങ്ങൾക്കൊപ്പം ജാതിമതിൽ പണിയാൻ വന്നവരും നവോത്ഥാന സമിതി ഉണ്ടാക്കിയവരും ഒക്കെ നിങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കി ഇന്ന് നിങ്ങളെ വിട്ടു പോയിരിക്കുന്നു. നിങ്ങളുടെ കാലിന്റെ അടിയിൽ നിന്നും ഒരു പാട് മണ്ണൊലിച്ച് പോയിരിക്കുന്നു. നിങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാക്കാനുള്ള ശക്തി നിങ്ങൾ പുച്ഛിച്ച നിങ്ങൾ പരിഹസിച്ച വിശ്വാസി സമൂഹത്തിനുണ്ടെന്ന തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കുന്നു. അതിന്റെ ഒക്കെ പരിണിതിയാണ് നിങ്ങൾ ഇപ്പോൾ നടത്തുന്ന ഉരുണ്ടുകളികൾ. നിങ്ങൾ ഇനി എന്തൊക്കെ പൂഴിക്കടകൻ എടുത്താലും നിങ്ങൾക്ക് മാപ്പില്ല. നിങ്ങളോട് തരിമ്പും കനിവില്ല. നിങ്ങൾ ചെയ്തുകൂട്ടിയതിനെല്ലാം നിങ്ങളെക്കൊണ്ട് എണ്ണിയെണ്ണി കണക്ക് പറയിക്കുക തന്നെ ചെയൂം. നിങ്ങൾ അനുഭവിക്കും. ഇനിയുമിനിയും അനുഭവിക്കും. തീർച്ച.

1 comment:

  1. എം വി ഗോവിന്ദനെ പോലെ പോളിറ്റ്ബ്യൂറോ അംഗങ്ങൾക്ക് പുതിയ വെളിപാടുകൾ ഒക്കെ ഉണ്ടാവുന്നുണ്ട്.
    https://www.reporterlive.com/mv-govindan-about-indian-religion-and-dialectical-materialism/60915/
    കണ്ണൂര്‍: ഇന്ത്യന്‍ സാഹചര്യത്തില്‍ വിശ്വാസികളെ അംഗീകരിച്ചുകൊണ്ടു മാത്രമേ വിപ്ലവപാര്‍ട്ടികള്‍ക്ക് മുന്നോട്ടുപോകാനാവൂ എന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍. വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്നത്തെ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവായാണ്. അത് മനസിലാക്കിയേ മുന്നോട്ടുപോകാനാവൂ എന്നും അദ്ദേഹം പറഞ്ഞു. അധ്യാപക സംഘടനയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

    ‘പ്രാഥമികമായി ഏത് മനുഷ്യനും, പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി ജനിച്ചുവളരുന്നത് ഒരു ഹിന്ദുവായിട്ടാണ്. അതായത് ഹിന്ദുവാണ്, അല്ലെങ്കില്‍ മുസ്ലിമാണ്, പാഴ്‌സിയാണ്, സിഖാണ്. ഭൗതികവാദ നിലപാടുപോലും സ്വീകരിക്കാന്‍ പോലും സാധിക്കാത്ത പശ്ചാത്തലമുള്ള ഒരു സമൂഹത്തില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം പകരം വെക്കണമെന്ന് പറയുന്നത് ഇന്നത്തെ ഇന്ത്യയില്‍ സാധിക്കുന്ന ഒന്നല്ല. പൂര്‍ണമായും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന തികച്ചും ശരിയായ ശാസ്ത്രം ഭൗതികവാദം പോലും അംഗീകരിക്കപ്പെടാത്ത ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ ആശയ പരിസരങ്ങളില്‍ ഫലപ്രദമായി, ബദലായി ഉപയോഗപ്പെടുമെന്നത് ഒരിക്കലും ഈ ഘട്ടത്തില്‍ സംഭവിക്കില്ല’, അദ്ദേഹം പറഞ്ഞു.

    ‘ഹിന്ദുവായാലും മുസല്‍മാനായാലും ക്രിസ്ത്യാനിയായാലും അതില്‍ വലിയ വിഭാഗം വിശ്വാസികളാണ്. ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായ ദൈവികമായ സങ്കല്‍പങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ട് വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ ഇന്നത്തെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ ബദലായി മുന്നോട്ടുപോകാമെന്ന് പറയുന്നതേ തെറ്റാണ്. അതിനാല്‍ വിശ്വാസികള്‍ക്കും വിശ്വാസമില്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തില്‍ നിന്നേ പ്രവര്‍ത്തിക്കാന്‍ കഴിയൂ’, എംവി ഗോവിന്‍ പറഞ്ഞു.

    1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് രൂപം കൊണ്ട ബൂര്‍ഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യന്‍സമൂഹം വളര്‍ന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീര്‍ണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൂര്‍ഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

    നവോത്ഥാനപ്രസ്ഥാനവും ദേശീയപ്രസ്ഥാനവും ഇടതുപക്ഷവും ചേര്‍ന്ന് ഇന്ത്യന്‍ സമൂഹത്തില്‍ വരുത്തിയ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പഴയ സവര്‍ണ സമൂഹത്തിന്റെ ചട്ടമ്പികളും ഭരണവര്‍ഗത്തിന്റെ പുതിയ താത്പര്യങ്ങള്‍ സംരക്ഷിച്ചുനിര്‍ത്തുന്നവരും ഇന്നുമുണ്ട്. അതിലൊരാളാണ് കെ. സുധാകരനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ സവര്‍ണജാതിക്കാരനല്ലെന്ന് സുധാകരന്‍ തന്നെ പറഞ്ഞു. സുധാകരന്‍ എവിടെ ജനിച്ചു എന്നതല്ല പ്രശ്നം. മറിച്ച്, ഇന്ത്യയിലെ കുത്തക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പ്രതീകമായ ഭരണകൂട സംവിധാനത്തെ താങ്ങിനിര്‍ത്തുന്ന ലെജിസ്ലേച്ചറിലെ അംഗമായ സുധാകരന്റെ ഭാഷ ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെതാണെന്നതാണ് പ്രശ്നമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

    ReplyDelete

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.