Saturday 4 January 2020

അമിത് ഷാ ജോധ്പൂർ സമ്മേളനം 03/01/2020

രാജസ്ഥാനിലെ ജോധ്പൂരിൽ 03/01/2020-ൽ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ നൽകുന്ന ജനജാഗരൺ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നടത്തിയ പ്രസംഗം മലയാളത്തിൽ ആക്കാനുള്ള ശ്രമം.

മേവാറിന്റെ ധീരന്മാരേയും രജപുത്ര വനിതകളുടെ ത്യാഗങ്ങളെയും പൊഖ്റാനിൽ ആണവപരീക്ഷണങ്ങൾക്ക് ശേഷം അടൽജി പറഞ്ഞ വാക്കുകളേയും സ്മരിച്ചുകൊണ്ട് അമിത് ജി തന്റെ പ്രസംഗം ആരംഭിച്ചു.

ഞാൻ ഇന്ന് ഇവിടെ വന്നത് ഈ രാഷ്ട്രീയവിശദീകരണ യോഗത്തിൽ പങ്കെടുക്കാൻ ആണ്. ഭാരതീയ ജനത പാർട്ടി രാജ്യം മുഴുവൻ പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഞാൻ ധീരന്മാരുടെ ഈ നാട്ടിൽ ഇന്ന് എത്തിയിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കേണ്ടി വന്നു? എന്ത് തെറ്റാണ് നമ്മൾ ചെയ്ത്? എന്തുകൊണ്ടാണ് ആളുകൾ ഇതിനെ (പൗരത്വ ഭേദഗതി നിയമത്തെ) എതിർക്കുന്നത്? വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുന്നത് ശീലമാക്കിയ കോൺഗ്ഗ്രസ്സ് പാർട്ടി ദേശീയ പൗരത്വ നിയമത്തിനെതിരായി പ്രചാരണം നടത്തുകയാണ്. ഈ ദുഷ്പ്രചരണത്തിൽ രാജ്യത്തിലെ പല യുവാക്കളും വീണുപോയിട്ടുണ്ട്. അവർ നിയമത്തിനെതിരായി പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. അപ്പോൾ ഞങ്ങൾ തീരുമാനിച്ചു, ജനാധിപത്യമാണ്, ഏതെങ്കിലും നാലാളുകൾ അഭയാർത്ഥികളായി എത്തിയ ഭാരതമാതാവിന്റെ സൽപുത്രന്മാർക്കെതിരായ പ്രചാരണവുമായി ഇറങ്ങിയാൽ ഞങ്ങളും ജനങ്ങളുടെ അടുത്തേയ്ക്ക് തന്നെ ചെല്ലും. ജനങ്ങളെ പറഞ്ഞുമനസ്സിലാക്കും. ദേശീയ പൗരത്വ നിയമത്തെക്കുറിച്ച് ഞങ്ങൾക്ക് പറയാനുള്ളത് പറയാൻ ഞങ്ങൾ ഈ നാട്ടിലെ ജനങ്ങളുടെ അടുത്തേയ്ക്ക് ചെല്ലും. 

സുഹൃത്തുക്കളേ ഇന്ന് കോൺഗ്രസ്സ്, മമത ദീദി, എസ് പി, ബി എസ് പി, കേജ്‌രിവാൾ & കമ്പനി, കമ്മ്യൂണിസ്റ്റ് ഇവരെല്ലാം ഇതിനെ എതിർക്കുകയാണ്. ഞാൻ ഇന്ന് ഈ മുഴുവൻ പാർടികളേയും വെല്ലുവിളിക്കാനാണ് എത്തിയിരിക്കുന്നത്. നിങ്ങൾ പറയുന്നത് ഈ നിയമം മൂലം നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വം ഇല്ലാതാകും എന്നല്ലെ? രാഹുൽ ബാബ നിയമം പഠിച്ചിട്ട് എവിടെയെങ്കിലും ചർച്ചയ്ക്ക് വരൂ. അതല്ല വായിച്ചിട്ടില്ല എങ്കിൽ ഞാൻ അത് ഇറ്റാലിയൻ ഭാഷയിലേയ്ക്ക് തർജ്ജമചെയ്തു തരാം. അത് വായിക്കൂ. രാജ്യത്തെ മുഴുവൻ ജനങ്ങളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഈ നിയമത്തിൽ; പൗരത്വ ഭേദഗതി നിയമത്തിൽ ഒരിടത്തും ആരുടേയും പൗരത്വം എടുത്തുകളയുന്നതിനുള്ള ഒരു വ്യവസ്ഥയും ഇല്ല എന്നാണ്. ഇതിലുള്ളത് പൗരത്വം നൽകാനുള്ള വ്യവസ്ഥകൾ മാത്രമാണ്. നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സുഹൃത്തുക്കളെ എന്താണ് സി എ എ? പൗരത്വ ഭേദഗതി നിയമം എന്താണ്? ഈ വിശാലമായ ജനസാഗരത്തെ സാക്ഷിയാക്കി രാജസ്ഥാനിലെ മുഴുവൻ ജനങ്ങളോടും ഞാൻ പറയുന്നു ഈ നിയമം പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പീഡനം സഹിക്കവയാതെ ഓടിപ്പോന്ന ഹിന്ദു, സിഖ്, ബുദ്ധ, പാർസി, ക്രിസ്ത്യൻ എന്നീ വിഭാഗങ്ങളിൽ പെടുന്ന സഹോദരന്മാർക്ക് പൗരത്വം നൽകുന്നതിനുള്ളതാണ്. പ്ലക്കാർഡുകൾ ഉയർത്തി നിങ്ങൾക്ക് പൗരത്വം ലഭിക്കാൻ പോകുന്നു എന്ന് പറയുന്ന എന്റെ മുന്നിലുള്ള നിങ്ങൾ ഓരോരുത്തർക്കും ഞാൻ ഉറപ്പുനൽകുന്നു, പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒരുമിച്ച് വന്നാലും ഭാരതീയ ജനത പാർടി പൗരത്വ ഭേദഗതി നിയമത്തിൽ ഒരിഞ്ച് പോലും പുറകോട്ട് പോകില്ല. നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന പൗരത്വം ആർക്കും ഇല്ലാതാക്കാൻ ആകില്ല. എത്രമാത്രം തെറ്റിദ്ധാരണ പടർത്താൻ സാധിക്കുമോ പടർത്തിക്കോളു. എത്രമാത്രം നുണ പടർത്തണോ പടർത്തിക്കോളൂ. ഞങ്ങളും പരിശ്രമം തുടർന്നുകൊണ്ടേയിരിക്കും. ഞങ്ങളും ജനങ്ങളുടെ അടുത്ത് പോകും, ന്യൂനപക്ഷങ്ങളുടെ അടുത്ത് പോകും അവരെ പറഞ്ഞ് മനസ്സിലാക്കും. ഇതിൽ അവരുടെ പൗരത്വവുമായി ബന്ധപ്പെട്ടതൊന്നും ഇല്ല. ഇത് അഭയാർത്ഥികളായി വന്നിട്ടുള്ള നമ്മുടെ സഹോദരങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമമാണ്.

സുഹൃത്തുക്കളേ, രാജ്യത്തെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിഭജനം നടക്കാൻ പാടില്ലായിരുന്നു. ഭാരതമാതാവിനെ വെട്ടിമുറിയ്ക്കാൻ പാടില്ലായിരുന്നു. ആരാണ് ഇത് ചെയ്തത്? കോൺഗ്രസ്സ് പാർടിയാണ് മറുപടി പറയേണ്ടത്. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കണം എന്ന ഈ തീരുമാനം കോൺഗ്രസ്സ് പാർട്ടിയാണ് എടുത്തത്. അതിനുശേഷം പാകിസ്താൻ ഉണ്ടായപ്പോൾ കിഴക്കും പടിഞ്ഞാറും പാകിസ്താനിലായി മുപ്പതു ശതമാനത്തിൽ അധികം ഹിന്ദു, കൃസ്ത്യൻ, ബുദ്ധർ, ജൈനർ, പാർസി വിഭാഗത്തിൽ പെട്ടവരായി ഇവിടെ എത്തിച്ചേരാൻ സാധിക്കാതെ പോയ ആളുകൾ ഉണ്ടായിരുന്നു. ഒരു പക്ഷെ അവർ വരണമെന്ന് ആഗ്രഹിച്ചില്ലായിരിക്കാം. തങ്ങൾക്ക് ആദരവ് ലഭിക്കുമെന്നും, തങ്ങളുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവസരം അവിടെ ഉണ്ടാകുമെന്നും അവർ വിശ്വസിച്ചു. തങ്ങളുടെ പെണ്മക്കൾക്കും സഹോദരിമാർക്കും സുരക്ഷിതത്വം ഉണ്ടാകും എന്നവർ കരുതി. എന്നാൽ അതൊന്നും ഉണ്ടായില്ല. മുൻപ് പാകിസ്താനിൽ 20% ന്യൂനപക്ഷങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അത് കുറഞ്ഞ് 3% ആയി. ബംഗ്ലാദേശിൽ 30% ആയിരുന്ന ന്യൂനപക്ഷം ഇന്ന് 7% ആയി ചുരുങ്ങി. രാഹുൽ ബാബയോടും മമതദീദിയോടും ഞാൻ ചോദിക്കുന്നത് ഈ ആളുകൾ എവിടെ പോയി എന്നാണ്? എവിടെ പോയി? ഒന്നുകിൽ കൊന്നുകളഞ്ഞു, അല്ലെങ്കിൽ നിർബന്ധപൂർവ്വം മതംമാറ്റത്തിനു വിധേയരാക്കി, അല്ലെങ്കിൽ അവർ ഓടി ഭാരതത്തിൽ അഭയം തേടി. ഇവർക്ക് നേരിടേണ്ടിവന്നതിലും വലിയ മനുഷ്യാവകാശധ്വംസനം വേറെ ആർക്കും നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. മനുഷ്യാവകാശത്തിന്റെ പ്രയോക്താക്കളോട് എനിക്ക് പറയാനുള്ളത് എന്റെ മുന്നിലുള്ള ഈ അഭയാർത്ഥികളായ സഹോദരങ്ങളിൽ പലരും ഇന്നലെകളിൽ അവിടെ കോടിപതികൾ ആയിരുന്നു. ഇന്ന് അവർക്ക് കിടക്കാൻ സ്ഥലമില്ല. നൂറുകണക്കിനു ഏക്കറിൽ കൃഷി ചെയ്തിരുന്നവർ ഇന്ന് കൂലിപ്പണി എടുക്കുന്നു. അവരിൽ പലരുടേയും അമ്മമാർ, പെങ്ങന്മാർ, പെണ്മക്കൾ ഒക്കെ മാനഭംഗം ചെയ്യപ്പെട്ടു. പലരേയും നിർബന്ധിച്ച് വിവാഹം ചെയ്യിച്ചു. പലരേയും അവിടന്ന് ആട്ടിപ്പായിച്ചു. ഇങ്ങനെ പല വിധത്തിലുള്ള പീഡനങ്ങൾ സഹിച്ചവർ കഴിഞ്ഞ എഴുപതുവർഷമായി നമ്മുടെ രാജ്യത്ത് എത്തുന്നു. എന്നാൽ നമ്മുടെ രാജ്യത്തെ ഒരു സർക്കാരും പീഡനങ്ങൾക്ക് ഇരയായ, മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ട ഹിന്ദു, കൃസ്ത്യൻ, ബുദ്ധ, ജൈനർ, പാർസി വിഭഗങ്ങളിൽ പെടുന്ന ഈ അഭയാർത്ഥികളെ പരിഗണിച്ചതേയില്ല. ഇത്തവണ 2019-ൽ നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആയപ്പോൾ ആണ് ഈ വിഷയം പരിഗണിക്കപ്പെട്ടത്. അതുവരെ ആർക്കും ധൈര്യമില്ലായിരുന്നു. നമ്മൾ ഇവരെ പിന്തുണയ്ക്കും എന്ന് തീരുമാനിച്ചു. 

ഞാൻ നിങ്ങളോട് ചോദിക്കട്ടെ, മഹാത്മഗാന്ധി വാക്ക് പറഞ്ഞിരുന്നു. എന്താ ഗാന്ധിജി വർഗ്ഗീയവാദി ആയിരുന്നോ? രാജ്യത്തിന്റെ പാർലമെന്റിൽ ജവഹർലാൽ നെഹ്രു പറഞ്ഞു. “ഇവിടെ എത്തിന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും നമ്മൾ പൗരത്വം കൊടുക്കും” അവരെ ഇവിടെ താമസിപ്പിക്കും. എന്താ അദ്ദേഹവും വർഗ്ഗീയവാദി ആയിരുന്നോ? സർദാർ പട്ടേൽ, മൗലാന ആസാദ്, രാജേന്ദ്രബാബു എല്ലാവരും ഇത് പറഞ്ഞിരുന്നു. എന്നാൽ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്തിൽ കോൺഗ്രസ്സ് പാർട്ടി ഒന്നും ചെയ്തില്ല, അതിനു അൻപത്താറിഞ്ച് നെഞ്ചളവുള്ള നരേന്ദ്രമോദി വേണ്ടിവന്നു. അദ്ദേഹം പറഞ്ഞു കോടിക്കണക്കിലുള്ള ഈ അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ ഞാൻ സംരക്ഷിക്കും. ആരും ഭയക്കേണ്ടതില്ല. അദ്ദേഹം പൗരത്വ ഭേദഗതി ബിൽ ക്യാബിനറ്റിൽ കൊണ്ടുവന്നു. പാർലമെന്റിന്റെ രണ്ട് സഭകളിലും അത് പാസാക്കി. ഇന്ന് എന്റെ മുന്നിലുള്ള അഭയാർത്ഥികളായി എത്തിയിരിക്കുന്ന സഹോദരങ്ങളോട് ഞാൻ പറയുന്നു, ഇപ്പോൾ നിങ്ങളുടെ നല്ല സമയം എത്തിയിരിക്കുന്നു, നിങ്ങൾ ഈ രാജ്യത്തെ പൗരന്മാരാകാൻ പോകുന്നു. അതിക്രമങ്ങളെ ശക്തമായി നേരിട്ട, സ്വന്തം പെങ്ങന്മാരേയും അമ്മമാരേയും സംരക്ഷിക്കാൻ കഴിയാതെ നട്ടംതിരിഞ്ഞ, വസ്തുവകകൾ തട്ടിയെടുക്കപ്പെട്ട, തൊഴിൽ ഇല്ലാതായ, ഭൂമി നഷ്ടപ്പെട്ട, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട, കൊച്ചുകുട്ടികളെ ഉപേക്ഷിച്ച് ഓടിപ്പോരേണ്ടിവന്ന അനേകം ആളുകളെ നിങ്ങളിടെ ഇടയിൽ ഞാൻ കണ്ടിട്ടുണ്ട്. ഇവർക്കാർക്കും പൗരത്വം കൊടുക്കരുതെന്നാണോ പ്രതിപക്ഷ കഷികൾ പറയുന്നത്? ഞാൻ ഉറപ്പിച്ച് പറയുന്നു അവിടെ നിന്നും വന്ന ഈ അഭയാർത്ഥികൾ ഭാരതീയരാണ്, ഭാരതം അവരുടേതുമാണ്, ഭാരതത്തിൽ എനിക്കുള്ള അത്രയും തന്നെ അവകാശം അവർക്കുമുണ്ട്. ഇവിടെ ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്. ആർക്കും ആശങ്ക ഉണ്ടാകേണ്ട കാര്യമില്ല. പീഡനങ്ങൾ സഹിച്ചാണ് നിങ്ങൾ ഇവിടെ എത്തിയത്. മോദിജിയുടെ സർക്കാർ നിങ്ങൾക്ക് ഭാരത്തിന്റെ പൗരത്വം നൽകി ഭാരതീയർ ആണെന്ന അഭിമാനം നൽകാൻ പോവുകയാണ്. 

ഇതിനെ എതിർക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങൾ മഹാത്മാഗാന്ധി പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. ജവഹർലാൽജി പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. സർദാർ പട്ടേൽ, മൗലാന ആസാദ്, രാജേന്ദ്രബാബു ഇവരൊക്കെ പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. നിങ്ങളുടെ നേതാവ് മൻമോഹൻ സിങ്ജി 2003-ൽ ഇവർക്ക് പൗരത്വം നൽകണം എന്ന് പറഞ്ഞു. ഇവർക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ഗെഹ്‌ലോട്ട് സാഹബ് (ഇപ്പോഴത്തെ രാജസ്ഥാൻ മുഖ്യമന്ത്രി) മൂന്നു കത്തുകൾ മുൻപ് എഴുതിയിട്ടുണ്ട്. പക്ഷെ പൗരത്വം നൽകുന്ന കാര്യത്തിൽ മാത്രം ഇവർക്ക് ധൈര്യമില്ല. എന്തുകൊണ്ടെന്നാൽ അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടും എന്ന് അവർ ഭയക്കുന്നു. സുഹൃത്തുക്കളേ ഞാൻ ഈ രാജ്യത്തെ മുഴുവൻ ജനങ്ങളോടും പറയുന്നു ഈ അഭയാർത്ഥികൾ ആയി വന്നവർ ദുഃഖിതരാണ്, ദുരിതങ്ങൾ സഹിച്ചവരാണ്, പീഡനങ്ങൾ ഏറ്റുവാങ്ങിയവരാണ്. അവർക്ക് പൗരത്വം നൽകുന്നത് അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ്. നരേന്ദ്ര മോദി സർക്കാർ ഇതിൽ നിന്നും പിന്നോട്ട് പോകില്ല, കാരണം നമ്മൾ വോട്ട്ബാങ്ക് രാഷ്ട്രീയത്തെ ഭയക്കുന്നില്ല. 

നെഹ്രു - ലിയാക്കത്ത് ഉടമ്പടി ഉണ്ടായി. അതിൽ രണ്ട് ദേശത്തേയും ന്യൂനപക്ഷങ്ങൾക്ക് ഉറപ്പുകൾ നൽകി. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷക്കാരായ സഹോദരങ്ങൾക്ക് നമ്മൾ ആദരവും സുരക്ഷയും നൽകി. അവരുടെ ജനസംഖ്യയും വർദ്ധിച്ചു. എന്നാൽ പാകിസ്താനിൽ (ന്യൂനപക്ഷങ്ങൾ) 30% നിന്നും 3% എത്തി. ബംഗ്ലാദേശിൽ 30% നിന്നും 7% ആയി. അഫ്ഗാനിസ്ഥാനിൽ ഒരു ലക്ഷത്തോളം (നപക്ഷവിഭാഗക്കാർ ഉണ്ടായിരുന്നതിൽ ഇപ്പോൾ കേവലം അഞ്ഞൂറ് ആളുകൾ മാത്രമാണ് അവശേഷിക്കുന്നത്. നമ്മൾ ഇവർക്കെല്ലാം ആദരവ് നൽകാനാഗ്രഹിക്കുന്നു. നെഹ്രു - ലിയാക്കത്ത് ഉടമ്പടി കോൺഗ്രസ് പാർടി പാലിച്ചില്ല, എന്നാൽ നമ്മൾ അത് പാലിക്കും. കോൺഗ്രസ്സ് പാർടിയുടെ നേതാക്കൾ നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ്സ് പാർടി പാലിച്ചില്ല എന്നാൽ നരേന്ദ്ര മോദിജി അത് ചെയ്യും. 

പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരിൽ സഹോദരി മായാവതി ഉണ്ട്, എസ് പി ഉണ്ട്, കോൺഗ്രസ്സ് ഉണ്ട്, ബി എപസ് പി ഉണ്ട്. എനിക്ക് അവരോട് പറയാനുള്ളത് ഗുജറാത്തിൽ രാജസ്ഥാനിൽ പഞ്ചാബിൽ അതുപോലെ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും എല്ലാം പീഡനങ്ങൾ സഹിക്കാനാകാതെ എത്തിച്ചേർന്ന ഈ അഭയാർത്ഥികളിൽ എഴുപത് ശതമാനത്തിൽ അധികം പേരും പിന്നോക്ക ദളിത് വിഭാഗങ്ങളിൽ പെടുന്ന സഹോദരി സഹോദരന്മാരാണ്. നിങ്ങൾ ഒന്ന് ഓർത്തുകൊള്ളു ഈ രാജ്യത്തെ ദളിതുകൾ, ഈ രാജ്യത്തെ ആദിവാസികൾ ഇതെല്ലാം കണ്ണുതുറന്നു കാണുന്നുണ്ട്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്ന അഭയാർത്ഥികളായ ദളിത് വിഭാഗക്കാർക്കും സിഖുകാർക്കും പൗരത്വം നൽകുന്നതിനെ എതിർക്കുമ്പോൾ നിങ്ങൾ എതിർക്കുന്നത് ദളിതു വിഭാഗങ്ങളെ തന്നെ ആണെന്നത് നിങ്ങൾ ഓർമ്മവയ്ക്കണം. ഈ കാര്യം ഈ രാജ്യത്തെ ജനങ്ങൾക്ക് മുൻപാകെ ഞാൻ വയ്ക്കുകയാണ്. എവിടെ പോകും ഈ പിന്നോക്കക്കാരായ അഭയാർത്ഥികൾ? ഞാൻ മമതദീദിയോട് ചോദിക്കുന്നു ബംഗാളി പാർസി അഭയാർത്ഥികൾ നിങ്ങൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ഈ പിന്നോക്ക വിഭാഗങ്ങൾ നിങ്ങളോട് എന്ത് ദ്രോഹമാണ് ചെയ്തത്? ബംഗാളി ദളിതുകൾ നിങ്ങൾക്ക് എന്തു ദ്രോഹമാണ് ചെയ്തത്? ബംഗാളികളായ ബാക്കി ഹിന്ദുക്കൾ നിങ്ങൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ഇവർക്ക് പൗരത്വം നൽകുന്നതിനെ എതിർക്കുന്നത് എന്തിനാണ്? മമത ദീദി നിങ്ങൾ പറയുന്നത് ഇവർ നീണ്ട ക്യുവിൽ നിൽക്കേണ്ടി വരും, ആളുകളിൽ നിന്നും വിവിധതരം തെളിവുകൾ ചോദിക്കും എന്നൊക്കെയല്ലെ? ബംഗാളിലെ മുഴുവൻ അഭയാർത്ഥികൾക്കും ഞാൻ ഉറപ്പ് നൽകുന്നു, നിങ്ങൾ പീഡനങ്ങൾ സഹിച്ചാണ് ഇവിടെ എത്തിയത്. ഇവിടെ നിങ്ങൾക്ക് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരില്ല. ഇവിടെ നിങ്ങൾക്ക് ആദരപൂർവ്വം തന്നെ പൗരത്വം നൽകും. മമതദീദി പറയുന്നത് കേട്ട് ഭയപ്പെടേണ്ടതില്ല. മമത ദീദി നിങ്ങളുടെ നേട്ടം അല്ല ആഗ്രഹിക്കുന്നത്. മമതദീദി അവരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.

സുഹൃത്തുക്കളേ, ഞാൻ ഇത്രമാത്രം പറയാൻ ആഗ്രഹിക്കുന്നു. മോദിജി പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു, അത് പാസാക്കി. അപ്പോൾ ചിലർ രാജ്യത്ത് കലാപങ്ങൾ ഉണ്ടാക്കുന്നു. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവർക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മോദിജിയ്ക്ക് എതിരാക്കണം എന്ന അജണ്ടയാണുള്ളത്. എനിക്ക് കോൺഗ്രസ്സ്, എസ് പി, ബി എസ് പി, തൃണമൂൽ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, കേജ്‌രിവാൾ എന്നീ പാർടികളോട് പറയാനുള്ളത് ജനാധിപത്യത്തിൽ അത്ര എളുപ്പത്തിൽ നിങ്ങൾക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കില്ല എന്നാണ്. ഭാരതീയ ജനത പാർട്ടി കോടിക്കണക്കിനു ആളുകളൂടെ വീടുകളിൽ പോയി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള വാസ്തവം പ്രചരിപ്പിക്കാൻ പോവുകയാണ്. അഞ്ചാം തീയതി മുഴുവൻ രാജ്യത്തെ മൂന്നുകോടീയിലധികം വീടുകളിൽ പോയി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള വസ്തുതകൾ പ്രചരിപ്പിക്കുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയാണ്. അഞ്ഞൂറിൽ അധികം സമ്മേളനങ്ങൾ സംഘടിപ്പിച്ച് ഞങ്ങൾ ആളുകളെ ഈ സംരഭത്തിന്റെ ഭാഗമാക്കുകയാണ്. ആയിരത്തഞ്ഞൂറിൽ അധികം പത്രസമ്മേളനങ്ങൾ നടത്തി നിങ്ങൾ പരത്തുന്ന തെറ്റിദ്ധാരണകൾ ഇല്ലാതക്കാൻ ഞങ്ങൾ ശ്രമിക്കും. ആളുകൾ മുഴുവൻ വാസ്തവം മനസ്സിലാക്കി കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും നിങ്ങൾ എത്രമാത്രം തെറ്റായ പ്രവർത്തിയാണ് ചെയ്തതെന്ന്. 

സുഹൃത്തുക്കളേ മോദിജി അനേകം ആളുകൾക്ക് പലവിധ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മാർവാടിലെ ജനങ്ങളോട് ഞാൻ ചോദിക്കുന്നു നിങ്ങളിൽ എത്ര ആളുകൾക്ക് മൊബൈൽ ഫോൺ ഉണ്ട്, ഒന്ന് കൈപൊക്കൂ. എല്ലാവർക്കും ഉണ്ടല്ലൊ അല്ലെ. സ്വന്തം മൊബൈൽ എടുക്കൂ, അമ്മമാരും പെങ്ങന്മാരും ഒക്കെ മൊബൈൽ എടുക്കൂ. ഞാൻ ഒരു നമ്പർ പറയും. ആദ്യം ഹിന്ദിയിലും പിന്നെ ഇംഗ്ലീഷിലും. ആ നമ്പറിലേയ്ക്ക് നിങ്ങൾ ഒരു മിസ് കാൾ വിളിക്കണം. നിങ്ങൾക്ക് പണം ഒന്നും നഷ്ടമാകില്ല. പക്ഷെ പൗരത്വ ഭേദഗതിനിയമത്തിൽ നിങ്ങളുടെ പിന്തുണ നരേന്ദ്രമോദിയുടെ അടുത്തെത്തും. നിങ്ങൾ പിന്തുണയ്ക്കില്ലെ? പുറകിലുള്ളവരും പറയൂ, പിന്തുണയ്ക്കുമോ? ഉറക്കെ പറയൂ പിന്തുണയ്ക്കുമോ? എങ്കിൽ ഞാൻ ഇപ്പോൾ ആ നമ്പർ പറയാം. നിങ്ങൾ ഡയൽ ചെയ്യൂ. 88662 ഒരു തവണകൂടി 88662. ഇനി ഞാൻ നമ്പർ മുഴുവൻ ഒരു തവണകൂടി പറയാം 88662 88662 അങ്ങനെ പത്ത് അക്കങ്ങൾ 88662 വീതം രണ്ട് പ്രാവശ്യം. ഞാൻ ഒരിക്കൽക്കൂടി പറയാം 88662 88662. നിങ്ങൾ ഒരോരുത്തരോടും എന്റെ അഭ്യർത്ഥനയാന് രാഹുൽബാബ മമത തുടങ്ങി തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിയവർക്ക് മറുപടി നൽകാൻ രാജ്യത്തെ ജനങ്ങൾ 88662 88662 ഡയൽ ചെയ്ത് മോദിജിയെ തങ്ങളുടെ പിന്തുണ അറിയിക്കണം. എത്ര ആളുകൾ ഡയൽ ചെയ്തു, എല്ലാവരും ചെയ്തോ? എങ്കിൽ നിങ്ങളുടെ പിന്തുണ മോദിജിയുടെ അടുത്ത് എത്തിയിട്ടുണ്ട്. 

സുഹൃത്തുക്കളേ, ഈ നാട്ടിലെ യുവാക്കളെ കോൺഗ്രസ് പാർട്ടി തെറ്റിദ്ധരിപ്പിക്കുകയാണ്. അവർ പറയുന്നത് ഈ നിയമം മതങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തും എന്നാണ്. ഇത് ഒരു മതത്തേയും ദോഷകരമായി ബാധിക്കില്ല. ഇത് മൂന്ന് രാജ്യങ്ങളിൽ ഉള്ള ന്യൂനപക്ഷങ്ങൾ ആയ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാർസി, ജയിൻ, ബുദ്ധ വിഭാഗങ്ങളിൽ പെടുന്ന എല്ലാവർക്കും വേണ്ടിയാണ്. എല്ലാവർക്കും പൗരത്വം നൽകുന്നുണ്ട്. എന്നാൽ അവർ തെറ്റിദ്ധരിപ്പിക്കുന്നത് ഇത് കൊണ്ട് ഭാരതത്തിൽ ഉള്ള മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടും എന്നാണ്. ഞാൻ ഇന്ന് നിങ്ങൾക്കെല്ലാവർക്കും ഉറപ്പ് നൽകുന്നു, ഈ നിയമം പൗരത്വം നൽകാനുള്ള നിയമം ആണ് പൗരത്വം എടുത്തുകളയാനുള്ളതല്ല. ആരും ആശങ്കപ്പെടേണ്ടകാര്യം ഇല്ല. 

സുഹൃത്തുക്കളെ കോൺഗ്രസ്സ് പാർട്ടിയുടെ ശീലം തന്നെ ഇതാണ്, രാജ്യത്തെ ഓരോ വിഷയത്തിലും തങ്ങളുടെ വോട്ട് ബാങ്ക് ഉപയോഗിച്ച് എതിർപ്പ് ഉണ്ടാക്കുക. ഇവിടെ ആയിരക്കണക്കിനു ആളുകൾ ഒത്തുചേർന്നിട്ടുണ്ടല്ലൊ. ഞാൻ ചോദിക്കട്ടെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ മോദിയുടെ നടപടി നല്ലതാണോ ചീത്തയാണോ? ഉറക്കെ പറയൂ എടുത്തുകളയണമായിരുന്നോ വേണ്ടായിരുന്നോ? രാഹുൽ ബാബ ചോദിക്കുന്നു എന്തിനാണ് 370 എടുത്ത് കളഞ്ഞത്? ഞാൻ വീണ്ടും ചോദിക്കുന്നു എടുത്തുകളയണമായിരുന്നോ വേണ്ടായിരുന്നോ? രാം ജന്മഭൂമിയിൽ പവിത്രമായ ക്ഷേത്രം പണിയണമോ വേണ്ടയോ? സുപ്രീംകോടതി വിധിപറഞ്ഞു, കോൺഗ്രസ്സ് സുപ്രീംകോടതിയേയും വിമർശിക്കുന്നു. സുഹൃത്തുക്കളെ ഞാൻ വീണ്ടും ചോദിക്കുന്നു രാം ജന്മഭൂമിയിൽ പവിത്രമായ ക്ഷേത്രം ഉണ്ടാകണമോ വേണ്ടയോ? പകിസ്താൻ തീവ്രവാദം നടത്തുമ്പോൾ വ്യോമാക്രമണം നടത്തണോ വേണ്ടയോ? ഉറക്കെ പറയൂ നടത്തണോ വേണ്ടയോ? മോദിജി വ്യോമാക്രമണം നടത്തുന്നു രാഹുൽ ബാബ അതിനേയും എതിർക്കുന്നു. ഉറിയിൽ ആക്രമണമുണ്ടായപ്പോൾ മോദിജി സർജിക്കൽ സ്ട്രൈക്ക് നടത്തണമായിരുന്നോ വേണ്ടായിരുന്നോ? ഉറക്കെ പറയൂ വേണമോ വേണ്ടായിരുന്നോ? അതിലും രാഹുൽ ബാബ എതിരാണ്. സുഹൃത്തുക്കളേ മുത്തലാഖ് ഇല്ലാതാക്കണോ വേണ്ടയോ? ഉറക്കെ പറയൂ ഇല്ലാതാക്കണോ വേണ്ടയോ? രാഹുൽ ബാബ അതിനേയും എതിർക്കുന്നു. വീര സവർക്കറെ പോലെ ധീരനായ വിപ്ലവകാരിയായ ഈ രാഷ്ട്രത്തിന്റെ മഹാനായ പുത്രനെപ്പോലും കോൺഗ്രസ്സ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ തള്ളിപ്പറയുന്നു. കോൺഗ്രസ്സുകാരെ ലജ്ജിക്കൂ ലജ്ജിക്കൂ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഒരു പരിധിയുണ്ട്. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി കോൺഗ്രസ്സ് പാർട്ടി വീർ സവർക്കർ പോലുള്ള മഹദ്‌വ്യക്തികളെയും അപമാനിക്കുന്ന നിലയിൽ എത്തിയിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ കോൺഗ്രസ്സ് പാർടിയെ തിരിച്ചറിയും. കോൺഗ്രസ്സിന്റെ നേതാവ് രാഹുൽ ഗാന്ധി ജെ എൻ യുവിൽ “ഭാരത് തേരെ ടുക്ടെ ഹൊ ഇൻസ അള്ള ഇൻഷ അള്ള” മുദ്രാവാക്യം വിളിക്കുന്നവരേയും പിന്തുണയ്ക്കുന്നു. നിങ്ങൾ പറയൂ രാജ്യത്തെ വെട്ടിമുറിയ്ക്കും എന്ന് പറയുന്നവരെ ജയിലിൽ ഇടണോ വേണ്ടയോ? ഉറക്കെ പറയൂ ജയിലിൽ ഇടണോ വേണ്ടയോ? ഈ ടുക്ടെ ടുക്ടെ ഗ്യാങ് രാജ്യത്തിനകത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം വീണ്ടും തുടങ്ങാനുള്ള ശ്രമം നടത്തുകയാണ്. അതുകൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അതോടൊപ്പം കോടിക്കണക്കിനു വരുന്ന ഭാരതീയ ജനത പാർട്ടിയുടെ പ്രവർത്തകരോട് ആവശ്യപ്പെടുന്നു നിങ്ങൾ നരേന്ദ്ര മോദിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇന്ന് നടക്കുന്ന ഈ ജനജാഗരൺ പ്രചാരണത്തിനൊപ്പം ചേരണം. നേരത്തെ പറഞ്ഞ നമ്പറിൽ മിസ്കോൾ ചെയ്ത് പിന്തുണ അറിയിക്കൂ. രാജ്യത്തെ ഓരോ വീട്ടിലും പോയി രാജ്യവിരുദ്ധശക്തികൾക്കൊപ്പം ചേർന്നു നടക്കുന്ന നേതാക്കളെ തുറന്നുകാണിക്കണം. 

സുഹൃത്തുക്കളെ എനിക്ക് നിങ്ങളോടെല്ലാം ഒരു കാര്യം കൂടി പറയാനുണ്ട്. ഇന്ന് ഇവിടെ വലിയ അളവിൽ അഭയാർത്ഥികൾ എത്തിയിട്ടുണ്ട്. ഈ രാജ്യത്തെ ഓരോരുത്തരും ആ നിങ്ങൾ നേരിട്ട പീഡനങ്ങൾ അറിയുന്നുണ്ട്. അവർ നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ബംഗാളിലെ ദളിത് സഹോദരന്മാരായാലും, ബംഗാളിലെ പാർസി സഹോദരന്മാരായാലും, പഞ്ചാബിലെ സിഖ് സഹോദരന്മാരായാലും രാജ്സ്ഥാനിലെ രജപുത്രന്മാരായാലും സിന്ധി സഹോദരന്മാരായാലും ഗുജരാത്തിൽ എത്തിച്ചേർന്ന ദളിത് സഹോദരന്മാരായാലും അവരെല്ലാവർക്കും ഈ രാജ്യത്ത് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ നരേന്ദ്ര മോദി ചെയ്തിട്ടുണ്ട്. ഇന്ന് ഈ റാലിയിൽ ഞാൻ രാജ്യത്തെ ജനങ്ങളോട് പറയുന്നു കുറെ ആയി ഈ വോട്ട് ബാങ്ക് രാഷ്ട്രീയം മോദിജി വികസനത്തിന്റെ പാതയിൽ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഗെഹ്‌ലോട്ട് സാഹബ് ഞങ്ങൾ പുതുതായി ഒന്നും ചെയ്തില്ല. താങ്കളുടെ പ്രകടന പത്രികയിലെ ഒരു കാര്യം നടപ്പിൽ വരുത്തുക മാത്രമാണ് ചെയ്തത്. അതിനെ എന്തിനാണ് എതിർക്കുന്നത്? അതെല്ലാം പിന്നീട് ചെയ്യാം. ആദ്യം കോട്ടയിൽ ഓരോ ദിവസവും മരിച്ചു വീഴുന്ന കുട്ടികളെ കുറിച്ച് ആലോചിക്കൂ. ആ അമ്മമാരുടെ ശാപം കിട്ടിക്കൊണ്ടിരിക്കുകയാണ്. ദീദിയുടെ മുന്നിൽ ഇത്രയും കുനിയല്ലെ. ജോദ്പൂർ താങ്കളുടെ ജില്ലയാണ്. ഇവിടെയുള്ള ആയിരക്കണക്കിനു അഭയാർത്ഥികൾ താങ്കളോട് ചോദിക്കുന്നത് എന്തിനാണ് ഞങ്ങളോട് വിരോധം വച്ചു പുലർത്തുന്നത് ഗെഹ്‌ലോട്ട് ജി എന്നാണ്.

സുഹൃത്തുക്കളെ കോൺഗ്രസ്, എസ് പി, ബി എസ് പി, ആം ആദ്മി പാർടി, കമ്മ്യൂണിസ്റ്റ് എല്ലാവരും ഒരിക്കൽക്കൂടി ഒരുമിച്ച് രാജ്യത്തെ തെറ്റായ വഴിയിൽ കൊണ്ടുപോകാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ നിങ്ങളോടെല്ലാം ആവശ്യപ്പെടുന്നത്, ഈ ജനജാഗരൺ സമ്മേളനത്തിലൂടെ രാജ്യത്തിലെ മുഴുവൻ ജനങ്ങളോടും ആവശ്യപ്പെടുന്നത് കഴിഞ്ഞ എഴുപത് വർഷമായി ഇവിടെ ഉള്ള പ്രശ്നമാണ് അഭയാർത്ഥികളുടേത്. ആർക്കും പരിഹരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. മോദിജി ഏതാനും മാസങ്ങൾക്കുള്ളിൽ അതനുള്ള പരിഹാരം നടപ്പിലാക്കിക്കൊണ്ട് രാജ്യത്തിനു മുന്നോട്ട് പോകാനുള്ള വഴി തെളിയിച്ചു. ആർട്ടിക്കിൾ 370 എടുത്തുമാറ്റാൻ ആകും എന്ന് ആരും കരുതിയില്ല. മോദിജി അത് എടുത്ത് മാറ്റി. മുത്തലാഖ് ഇല്ലാതാക്കാൻ കഴിയും എന്ന് ആരും കരുതിയതല്ല. മോദി അതും എടുത്തുമാറ്റി. ഈ അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കും എന്ന് ആരും കരുതിയതല്ല. അതും മോദിജി നടപ്പിലാക്കി. അയോദ്ധ്യയിൽ രാംലല്ലയുടെ പവിത്രമായ മന്ദിരം ഉണ്ടാകും എന്ന് ആരും കരുതിയതല്ല, അതിനുള്ള മാർഗ്ഗവും ഇപ്പോൾ തെളിഞ്ഞുവന്നു. സൈന്യത്തിനു ഒരു സി ഡി എസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ഉണ്ടാകും എന്ന് ആരും കരുതിയതല്ല. പാകിസ്താൻ ചെയ്യുന്ന ഓരോ ആക്രമണങ്ങൾക്കും തക്കതായ മറുപടികൊടുക്കുന്ന കാര്യവും മോദിജി ചെയ്തു കാണിച്ചു തന്നു. മോദിജിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗതിയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം നടത്തുന്ന ഈ ശ്രമത്തിനെതിരായി ഭാരതാംബയുടെ സുപുത്രന്മാർ എല്ലാവരും ഒന്നിച്ച് പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന ഈ ജൻജാഗരൺ സമ്മേളനങ്ങൾക്കൊപ്പം ചേർന്ന് മിസ്കാൾ പിന്തുണ അറിയിക്കുന്നതിനൊപ്പം വോട്ട് ബാങ്ക് പൊളിറ്റിക്സിനെതിരായി നമ്മുടെ ശക്തികാണിച്ചുകൊടുക്കണം എന്നും പറയുന്നു. അതാണ് വീരന്മാരുടെ ഈ ഭൂമിയിൽ എന്റെ വാക്കുകൾ ഉപസംഹരിക്കുമ്പോൾ എനിക്ക് പറയാനുള്ളത്.രണ്ട് കൈകളും ഉയർത്തി മുഷ്ടിചുരുട്ടി അതിർത്തിയുടെ അപ്പുറത്ത് ഇപ്പൊഴും പീഡനങ്ങൾ ഏറ്റുവാങ്ങിക്കഴിയുന്ന ആളുകളുടെ അടുത്ത് എത്തുന്ന അത്രയും ഉറക്കെയുള്ള ശബ്ദത്തിൽ അവരുടെ ഉത്സാഹം വർദ്ധിപ്പിക്കുന്ന വിധത്തിൽ ഭാരത് മാത കി ജയ് എന്ന മുദ്രാവാക്യം എനിക്കൊപ്പം വിളിച്ചാലും. ഭാരത് മാത കി ജയ്… ഭാരത് മാത കി ജയ് ……. ഭാരത് മാതാ കി ജയ് വന്ദേ മാതരം വന്ദേ മാതരം വന്ദേ മാതരം

No comments:

Post a Comment

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.