Monday 13 January 2020

മരടിലെ ഫ്ലാറ്റുകൾ തർക്കപ്പെടുമ്പോൾ

(മരടിലെ മൂന്ന് ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുൻപ്
ചിത്രം: മലയാള മനോരമ)
ഇന്ന് ചിലരുടെ ആശങ്കകൾ നിലച്ചു, ചിലരുടെ ആശങ്കകൾ ഇരട്ടിയായി. നിയമം ലംഘിച്ച് അംബരചുംബികൾ പണിതാലും അതെല്ലാം പണിയുന്നതിനു ഉപയോഗിച്ച അതേ മണിപവ്വർ ഉപയോഗിച്ച് ആ നിയമലംഘനങ്ങളെ എക്കാലത്തും നിലനിറുത്തിപ്പോരാം എന്ന ചിലരുടെ ധാർഷ്ട്യത്തിനേറ്റ അടിയാണ് മരടിലെ അഞ്ചു കെട്ടിടങ്ങൾ തകർന്നു വീണപ്പോൾ സംഭവിച്ചത്. അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ പൊളിക്കണം എന്ന് പലപ്പോഴും കോടതികൾ പറയുമ്പോൾ പ്രധാനമായും ഉയർന്നുവന്നിരുന്ന എതിർ‌വാദം സമീപത്തെ കെട്ടിടങ്ങൾക്ക് നാശം ഉണ്ടാകും എന്നതായിരുന്നു, ആ ഒരു ഭീതിപരത്തിയാണ് നിയമം ലഘിച്ചു കെട്ടിപ്പൊക്കിയ പല അംബരചുംബികളും നാമമാത്രമായ തുക പിഴയൊടുക്കി നിലനിന്നു പോന്നത്. ഇന്നത്തോടെ ആ വാദം അപ്രസക്തമായിരിക്കുന്നു. ജനവാസ കേന്ദ്രങ്ങളിൽ തലയുയർത്തി നിന്ന അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ സമീപത്തുള്ള 60 വർഷം പഴക്കം ചെന്ന കെട്ടിടത്തിനു പോലും ഒരു നാശവും ഉണ്ടാക്കാതെ പൊളിച്ചുമാറ്റാനുതകുന്ന സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണെന്ന് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു മാറ്റിയ കമ്പനികൾ തെളിയിച്ചിരിക്കുന്നു. ഇതിൽ ഒന്നെങ്കിലും പാളിയിരുന്നെങ്കിൽ ഭാവിയിൽ പൊളിക്കേണ്ടി വരുന്ന ഓരോ കെട്ടിടത്തിന്റെ കാര്യത്തിലും കോടതിയിൽ ഉന്നയിക്കപ്പെടുക ആ പാളിച്ച കാണിച്ചുള്ള ബ്ലാക്ക്‌മെയിലിങ് ആകുമായിരുന്നു, അതിനുള്ള അവസരം ഉണ്ടാക്കാതെ അഞ്ചു കെട്ടിടസമുച്ചയങ്ങളും കൃത്യമായി പൊളിച്ചിട്ട സാങ്കേതികവിദഗ്ദ്ധർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അവർക്ക് എല്ലാ പിന്തുണയും നൽകിയ എറണാകുളം ജില്ലാ കളക്ടർ സുഹാസ് ശിവണ്ണ ഐ എ എസ്, എല്ലാ എതിർപ്പുകളും, നിരുത്സാഹപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും മറികടന്ന് മുന്നോട്ട് പോയ ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആയ സബ്കളക്ടർ  സ്നേഹിൽ കുമാർ ഐ എ എസ് എന്നിവരും അവർക്കൊപ്പം പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

(മരടിലെ ഒരു ഫ്ലാറ്റ് സമുച്ചയം നിയന്ത്രിതസ്ഫോടനത്തിലൂടെ തകർക്കുന്നു
ചിത്രം: മാതൃഭൂമി)
നിയമപോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഫ്ലാറ്റുടമകൾക്ക് അവർ അർഹിക്കുന്ന നഷ്ടപരിഹാരം (അത് കേവലം വസ്തുവിന്റെ വില മാത്രമല്ല, അവർ അനുഭവിച്ച മാനസീക പീഢകൾക്കും, വ്യപ്തിപരമായ കഷ്ടതകൾക്കും എല്ലാം ചേർന്ന ഒരു നഷ്ടപരിഹാരം ആകണം) ബിൽഡർമാരിൽ നിന്നും അവർക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും മറ്റ് ഇടനിലക്കാരിൽ നിന്നും ഒക്കെ ആയി ഈടാക്കി നൽകേണ്ടതുണ്ട്. അതിനൊപ്പം തന്നെ നിയമലംഘകരെ അർഹിക്കുന്ന ജയിൽ ശിക്ഷയ്ക്ക് വിധേയരാക്കേണ്ടതും ഉണ്ട്. അതും സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകും എന്ന് കരുതുന്നു. ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്ത സുപ്രീംകോടതിയും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. പ്രത്യേകിച്ചും ജസ്റ്റിസ് അരുൺ മിശ്ര. ചിലവന്നൂർ കായൽ 150 മീറ്ററോളം കൈയ്യേറ്റി ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ച ഡി എൽ എഫ് കമ്പനിയ്ക്ക് ഒരു കോടി രൂപമാത്രം പിഴ വിധിച്ച് ആ നിർമ്മാണം നിയമവിധേയമാക്കിയ ജസ്റ്റിസ് റോഹിങ്ടൺ ഫാലി നരിമാനെ മാറ്റിചിന്തിപ്പിച്ചതും കാപികോയുടെ കാര്യത്തിൽ അത് പൊളിച്ചുമാറ്റണം എന്ന് വിധിയെഴുതാൻ കാരണമാക്കിയതും ജസ്റ്റിസ് അരുൺ മിശ്ര മരട് വിഷയത്തിൽ സ്വീകരിച്ച കർശന നിലപാടാണെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. നിയമനടപടികൾ തുടരട്ടെ. ഉപ്പുതിന്ന എല്ലാവരും വെള്ളം കുടിക്കട്ടെ.

2 comments:

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.