Saturday 4 January 2020

കേരള ഗവർണ്ണർ ദൂരദർശനു നൽകിയ അഭിമുഖം

ബൈബിളിൽ നിന്നുള്ള രണ്ട് വരികൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ “സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോഴേയ്ക്കും നുണ ഒരു തവണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും. ഇത് ബൈബിളിലെ വളരെ പ്രശസ്തമായ ഒരു വാക്യം ആണ്. ഇന്ന് ഭാരതത്തിൽ പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ സി എ എ (പൗരത്വ ഭേദഗതി നിയമം) ത്തെ സംബന്ധിക്കുന്ന പല അസത്യങ്ങളും അർദ്ധസത്യങ്ങളും വലംവച്ചു കഴിഞ്ഞു. സി എ എ യെ സംബന്ധിക്കുന്ന സത്യങ്ങൾ ചൂണ്ടിക്കാണിക്കാനും അസത്യങ്ങളും അർത്ഥസത്യങ്ങളും വ്യക്തമാക്കാനും ഇന്ന് നമ്മോടൊപ്പം കേരളത്തിന്റെ ബഹുമാന്യനായ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉണ്ട്. ദൂരദർശനിലേയ്ക്ക് അങ്ങേയ്ക്ക് സ്വാഗതം സാർ. 

ഗവർണ്ണർ: വളരെ നന്ദി

ചോദ്യകർത്താവ്: ഞാൻ വ്യക്തിപരമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് തുടങ്ങട്ടെ. താങ്കൾ വ്യത്യസ്തനായ ഒരു വ്യക്തിയാണ്. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി വിദ്യാർത്ഥിയൂണിയൻ ചെയർമാൻ എന്ന നിലയിൽ താങ്കൾ വ്യത്യസ്തനായി. വിവിധ രാഷ്ട്രീയകക്ഷികളിൽ അംഗമായിരുന്നപ്പോൾ താങ്കൾ വ്യത്യസ്തനായിരുന്നു. കേന്ദ്രമന്ത്രി എന്ന നിലയിൽ രാജീവ് ഗാന്ധി മന്ത്രി സഭയിൽ അംഗമായിരുന്നപ്പോൾ താങ്കൾ വ്യത്യസ്തനായിരുന്നു. ഒടുവിൽ കേരള ഗവർണ്ണർ എന്ന നിലയിലും താങ്കൾ വ്യത്യസ്തനാണ്. ശരി എന്ന് താങ്കൾ വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ജീവിക്കുകയും ശക്തിയുക്തം വാദിക്കുകയും ചെയ്യുന്നതുകൊണ്ടാണ് താങ്കൾ വ്യത്യസ്തനാകുന്നതെന്ന് ഞാൻ കരുതുന്നു. എന്നാൽ ഈ പോരാട്ടങ്ങൾക്കൊടുവിൽ, മറ്റുള്ളവരിൽ വ്യത്യസ്തനാവുന്നതിനിടയിൽ താങ്കൾ ധാരാളം വിവാദങ്ങൾക്കും വഴിതെളിക്കുന്നുണ്ട്. വ്യക്തിപരമായി തുറന്നു പറഞ്ഞാൽ ഇത്തരത്തിൽ വിവാദങ്ങളിൽ അകപ്പെടുന്നത് താങ്കൾ ആസ്വദിക്കുന്നുണ്ടോ? അതോ വിവാദങ്ങൾ താങ്കളെ വേദനിപ്പിക്കുന്നുണ്ടോ?

ഗവർണ്ണർ: ഞാൻ വിവാദങ്ങൾ ആസ്വദിക്കുന്നില്ല, പക്ഷെ എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നത്, എനിക്ക് ശരി എന്ന് തോന്നുന്ന കര്യങ്ങളിൽ ഉറച്ചു നിൽക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ ഈ വിവാദങ്ങൾക്കെല്ലാം കാരണം ഞാൻ മാത്രമല്ല. ഏറ്റവു ഒടുവിൽ കണ്ണൂരിൽ നടന്ന സംഭവത്തിൽ പോലും ഞാൻ എന്റെ വക്കുകൾ ആരംഭച്ചതു തന്നെ ഞാൻ എന്റെ നിലപാട് ശരിയാണെന്ന് വിശ്വസിക്കുന്നു, അത് തെറ്റാവാനുള്ള സാദ്ധ്യതയുണ്ടെന്ന വസ്തുതയും ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾ ഉയർത്തുന്ന വിമർശങ്ങൾ എല്ലാം മാന്യമല്ലാത്തതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് ശരിയാവാനുള്ള സാദ്ധ്യതയുണ്ടെന്ന ബോധ്യവും എനിക്ക് ഉണ്ട്. അപ്പോൾ എന്താണ് അതിനുള്ള പരിഹാരം. പരിഹാരം ഒന്നുമാത്രമാണ് ചർച്ചകൾ, ആരോഗ്യകരമായ ചർച്ചകൾ അതുമാത്രമാണ് പരിഹാരം. പക്ഷെ കഴിഞ്ഞ പതിനഞ്ചു ദിവസമായി നടക്കുന്നത് പ്രതിഷേധങ്ങൾ, രക്തം ചിന്തുന്ന പ്രതിഷേധങ്ങൾ, പ്ലക്കാർഡുകൾ, അനാവശ്യ പ്രസ്താവനകൾ മാത്രമാണ്. അവരെ എല്ലാവരേയും ഞാൻ ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ട്. അവർ രാജ്ഭവനു മുന്നിൽ പ്രതിഷേധിക്കുമ്പോൾ ഞാൻ കൊച്ചിയിൽ ആയിരുന്നു. ഞാൻ അവരോട് ഒരു വാക്കുപറഞ്ഞു. നിങ്ങൾ പുറത്താണിരിക്കുന്നത്. എനിക്ക് അതിൽ ഒരു എതിർപ്പുമില്ല. നാളെ രാവിലെ നിങ്ങൾ രാജ്ഭവനുള്ളിൽ വരൂ. നമുക്ക് ചർച്ച ചെയ്യാം. ഇനി രാജ്ഭവനിൽ വരാൻ നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ നിങ്ങൾ പറയുന്ന സ്ഥലത്ത് ഞാൻ വരാം. എന്നാൽ ഞാൻ തിരുവനന്തപുരത്ത് എത്തുന്നതിനു ഒരുമണിക്കൂർ മുൻപ് തന്നെ അവർ രംഗത്തു നിന്നും അപ്രത്യക്ഷരായി. അവർ ചർച്ച ചെയ്യാൻ തയ്യാറല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് അവരോട് സംസാരിക്കാനുള്ള എല്ലാ സാധ്യതകളും അവർ തന്നെ ഇല്ലാതാക്കി. അതുപോലെ തന്നെ കോഴിക്കോടും. ഞാൽ സർവ്വകലാശാലയുടെ അതിഥിമന്ദിരത്തിനുള്ളിൽ ഇരിക്കുകയാണ്. അവർ പുറത്തിരുന്ന് എനിക്കെതിരായി മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ഞാൻ കേട്ടു. പുറത്തു പോയി അവരെ ചായകുടിയ്ക്കാനും ചർച്ച ചെയ്യാനും വിളിച്ചു കൊണ്ട് വരാൻ ഞാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അവർ വന്നില്ല. ഞാൻ കരുതിയത് ഉദ്യോഗസ്ഥർ ഞാൻ പറഞ്ഞത് ശരിയായി അവരെ ധരിപ്പിച്ചു കാണില്ല എന്നാണ്. ഒരു മുതിർന്ന മലായാളി എഴുത്തുകാരൻ ഷാജഹാൻ മടമ്പത്ത് (Shajahan Madampat), എന്റെ ഒരു പഴയ സുഹൃത്താണ്, ഇപ്പോൾ അദ്ദേഹം കേരളത്തിൽ ഇല്ല യുഎഇയിൽ ആണ്, ഇവിടെ എന്നെ കാണാൻ വന്നതാണ്. അദ്ദേഹത്തോട് അവരെ ചർച്ചകൾക്കായി ക്ഷണിച്ചുകൊണ്ടുവരാൻ ഞാൻ അഭ്യർത്ഥിച്ചു. ഒരു കാര്യം ഞാൻ പ്രത്യേകം പറയാം അദ്ദേഹത്തിനും ഈ വിഷയത്തിൽ മറ്റൊരു അഭിപ്രായം ആണുള്ളത്. അദ്ദേഹം എന്നോട് യോജിക്കുന്നില്ല. എന്നാൽ അദ്ദേഹം എന്റെ സുഹൃത്താണ്, എന്നെ കാണാൻ വന്നു. അദ്ദേഹം പ്രതിഷേധക്കാരുടെ അടുത്ത് പോയി ചിരിച്ചു കൊണ്ട് തിരികെ വന്നു. അദ്ദേഹത്തോട് അവർ പറഞ്ഞത് ഞങ്ങൾ പ്രതിഷേധിക്കാൻ വന്നതാണ് ചർച്ച ചെയ്യാൻ അല്ല എന്നായിരുന്നു. ചർച്ചകൾക്കുള്ള വാതിലുകൾ നിങ്ങൾ അടയ്ക്കുമ്പോൾ അക്രമത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം മാത്രമാണ് നിങ്ങൾ ഉണ്ടാക്കുന്നതെന്ന് ഞാൻ പറഞ്ഞു. മഹാത്മഗാന്ധി മൂന്നു വ്യത്യസ്ഥ അവസരങ്ങളിൽ തന്റെ എതിരാളികളെ ചർച്ചകൾക്കായി ക്ഷണിച്ചു, പക്ഷെ അവർ ആ ക്ഷണം നിരസിച്ചു. എന്തു സംഭവിച്ചു എന്ന് നിങ്ങൾക്ക് അറിയാമോ? ഇതാണ് ഞാൻ അവിടെ പറഞ്ഞത്.

ചോദ്യകർത്താവ്: ഞാൻ ഒന്ന് ഇടപെട്ടുകൊള്ളട്ടെ. താങ്കൾക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളെ കുറിച്ച് താങ്കൾ ഇപ്പോൽ പരാമർശിച്ചു. കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനത്തിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? അതെപ്പറ്റി പ്രേക്ഷകർക്ക് താങ്കളിൽ നിന്നുതന്നെ അറിയാൻ ആഗ്രഹമുണ്ടാകും. 

ഗവർണ്ണർ: ആദ്യം പ്രോട്ടോകോൾ എന്താണെന്ന് പറയാം. ഗവർണ്ണർ പങ്കെടുക്കുന്ന ഒരു ചടങ്ങ് ഒരു മണിക്കൂറിൽ അധികം നീണ്ടുപോകാൻ പാടില്ല. ഒരു ചടങ്ങിന്റെ സമയക്രമം നിർബന്ധമായും ഒരു മണിക്കൂറിനുള്ളിൽ ആവണം. അത് ദേശീയഗാന ആലാപനത്തിൽ തുടങ്ങി ദേശീയഗാന ആലാപനത്തിൽ അവസാനിക്കണം. ഗവർണ്ണർ അവസാനം ആണ് സംസാരിക്കുക. അവർ എന്നെ അവിടെ ഇരുത്തി കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിക്കുന്ന കശ്മീർ വിഷയത്തിലും, സി എ എ വിഷയത്തിലും അതിനിശിതമായി വിമർശിക്കുന്ന, അമാന്യമായ വിമർശനപ്രസംഗങ്ങൾ മുഴുവൻ കേൾപ്പിച്ചു. ഒന്നരമണിക്കൂർ ഞാൻ കേട്ടിരുന്നു.

ചോദ്യകർത്താവ്: ആ പ്രാസംഗീകരിൽ ഒരാൾ താങ്കൾക്ക് നൽകിയ പട്ടികയിൽ പേരില്ലാത്ത വ്യക്തിയായിരുന്നു. ശരിയല്ലെ.

ഗവർണ്ണർ: അത് (പ്രോട്ടോക്കോളിന്റെ) നഗ്നമായ ലംഘനം ആയിരുന്നു. രാജ്ഭവനും സംഘാടകരും പരസ്പരം സമ്മതിച്ച പരിപാടിയുടെ പട്ടിക നിങ്ങൾക്ക് പരിശോധിക്കാം. മിസ്റ്റർ ഇർഫാൻ ഹബീബ് പുതിയ പ്രസിഡന്റിനു അധികാരം കൈമാറുന്ന ചടങ്ങ് ഒരു മിനിറ്റാണെന്ന് അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇർഫാൻ ഹബീബ് മൈക്ക് എടുത്ത് സംസാരിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞ് പറഞ്ഞ് പിന്നീട് എന്നെ മാത്രം നോക്കിക്കൊണ്ടായി പ്രസംഗം. എന്നിട്ട് സി എ എ യെ കുറിച്ചായി സംസാരം. ആദ്യം കാശ്മീർ വിഷയത്തെ കുറിച്ചായിരുന്നു. പിന്നെ അത് സി എ എയിൽ എത്തി. എന്നിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു നോക്കു ഇതാണ് പോലീസ് ഇപ്പോൾ നിങ്ങളുടെ തന്നെ പൂർവ്വവിദ്യാലയത്തിൽ ചെയ്യുന്നത്. അദ്ദേഹം പറയുന്നത് കോഴിക്കോട് സർവ്വകലാശാലയിലെ പ്രതിഷേധക്കാർ ചെയ്തതു പോലെ പത്രത്തിൽ അച്ചടിച്ചു വരുന്നതിനു വേണ്ടിയാണോ അതോ എന്നിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നതുകൊണ്ടാണോ? 

ചോദ്യകർത്താവ്: താങ്കളുടെ പ്രസംഗത്തെ തടസ്സപ്പെടുക മാത്രമല്ല, അദ്ദേഹം താങ്കൾക്ക് നേരെ വരുന്നതായും വീഡിയോയിൽ കാണാം.

ഗവർണ്ണർ: എന്റെ നേരെ വരുകമാത്രമല്ല. ഞാൻ എപ്പോഴാണ് പ്രസംഗിക്കുന്നത് ഒന്നര മണിക്കൂർ കഴിഞ്ഞ്. ഒരു മണിക്കൂർ അഞ്ച് മിനിറ്റ് അല്ലെങ്കിൽ പത്ത് മിനിറ്റിൽ എന്റെ പ്രസംഗം ഉൾപ്പടെ ആ പരിപാടി സമാപിക്കേണ്ടതായിരുന്നു. എന്നെ പ്രസംഗിക്കാൻ ക്ഷണിച്ചതു തന്നെ ഒരു മണിക്കൂർ മുപ്പത് മിനിറ്റ് കഴിഞ്ഞതിനു ശേഷമാണ്. ആരൊക്കെ ആണ് അവിടെ പ്രസംഗിച്ചത്. അവിടെ നടന്നത് പ്രോട്ടോക്കേളിന്റെ നഗ്നമായ ലംഘനം ആണ്. സെക്യൂരിറ്റിയുടെ നഗ്നമായ ലംഘനം ആണ്. അവിടെ പ്രസംഗിക്കാൻ അനുള്ളവരുടെ അംഗീകരിച്ച പട്ടികയിൽ പേരില്ലാത്തവർ പോലും അവിടെ പ്രസംഗിച്ചു. അവരെ അവിടെ പ്രസംഗിക്കാൻ ക്ഷണിക്കുകയായിരുന്നു. അവർ പറഞ്ഞതെല്ലാം ക്ഷമയോടെ ശ്രദ്ധാപൂർവ്വം ഞാൻ കേട്ടിരുന്നു. എന്റെ അഭിപ്രായത്തിൽ അവർ പറഞ്ഞതെല്ലാം അടിസ്ഥാനമില്ലാത്തതായിരുന്നു, അവാസ്തവമായിരുന്നു. ഞാൻ ഒന്നും എതിർക്കാതെ കേട്ടിരുന്നു. ഇത് പ്രോട്ടോക്കോളിന്റെ ലംഘനമാണെന്ന പരാതിപോലും ഞാൻ സംഘാടകരോട് പറഞ്ഞില്ല. 

ചോദ്യകർത്താവ്: അവിടെ നടന്നതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ ഒരു നാടകം ആയിരുന്നു എന്ന അഭിപ്രായം താങ്കൾക്കുണ്ടോ? കാരണം പ്രതിഷേധക്കാർ പ്ലക്കാർഡുകൾ തയ്യാറാക്കിയാണ് വന്നത്.

ഗവർണ്ണർ. തീർച്ചയായും. അവർ പ്ലക്കാർഡുകൾ തയ്യാറാക്കിയാണ് വന്നത്. അതിലെല്ലാം ഉപരിയായി ആരെങ്കിലും പറയുന്നതും ചെയ്യുന്നതും എല്ലാം ചിത്രീകരിക്കപ്പെടുന്ന കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നതെന്നതു പോലും മറന്നു പോയ അവസ്ഥയിൽ ആയിരുന്നു അവർ. എന്നാൽ ഇതിന്റെ സംഘാടകർ ഇതിനെയെല്ലാം വെള്ളപൂശാൻ നടത്തിയ ശ്രമം അവിടെ നടന്നത് തികച്ചും ആസൂത്രിതമായിരുന്നു എന്ന തോന്നൽ ആണ് എനിക്കുണ്ടാക്കുന്നത്. 

ചോദ്യകർത്താവ്: അങ്ങനെ എങ്കിൽ അവിടെ ഇന്റെലിജൻസ് സംവിധാനം പരാജപ്പെട്ടു എന്ന് താങ്കൾ കരുതുന്നുണ്ടോ? സാധാരണ നിലയിൽ അത്തരം സംഭവങ്ങൾ പോലീസ് മുൻകൂട്ടി അറിയേണ്ടതാണ്.

ഗവർണ്ണർ: ഇല്ല. ഞാൻ പോലീസുകാരെ കുറ്റപ്പെടുത്തില്ല. എന്തുകൊണ്ടാണെന്ന് ഞാൻ പറയാം. ഒരു സർവ്വകലാശാലയിൽ ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു. അവർ സമ്മേളനവേദിയിൽ ഡെലിഗേറ്റ് അല്ലാത്ത ആരേയും കയറാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. മുംബൈയിൽ നിന്നുള്ള ഒരു മുതർന്ന മാദ്ധ്യമപ്രവർത്തകൻ അവിടെ വന്നിരുന്നു. അദ്ദേഹം എന്നെ കാണാൻ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ സമ്മേളന സ്ഥലത്ത് കണ്ടില്ലല്ലൊ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പോലീസ് തന്നെ കടത്തി വിട്ടില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. പോലീസ് വിദ്യാർത്ഥികളെ പിടിച്ചുകൊണ്ടുപോയതായുള്ള വാർത്തകൾ കണ്ടു. അവിടെ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്നത് ഡെലിഗേറ്റുകൾ ആണ്. അവർ ജെ എൻ യു വിൽ നിന്നുള്ളവരാണെന്ന് വ്യക്തമായി അറിയാം. എല്ലാവരും ജെ എൻ യുവിൽ നിന്നാണെന്നല്ല. അല്ലെങ്കിൽ അലിഗഡ് അല്ലെങ്കിൽ ജാമിയ മിലിയ അല്ലെങ്കിൽ ഡൽഹി സർവ്വകലാശാല. എല്ലാവരും അല്ല. അവർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത് ഇർഫാൻ ഹബീബ് സാബ് എന്റെ നേരെ നീങ്ങാൻ തുടങ്ങിയതിനു ശേഷം ആണ്. അദ്ദേഹം എ ഡി സിയുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. എ ഡി സിയുടെ (ഗവർണ്ണറുടെ സുരക്ഷ ഉദ്യോഗസ്ഥൻ) ഷർട്ടിൽ അദ്ദേഹം വലിച്ചു. ഷോൾഡറിലെ ബട്ടൺസ് പൊട്ടി ഷർട്ടിലെ ചരട് താഴെ വീണു. എന്റെ അടുത്ത് എത്തുന്നതിൽ നിന്നും അദ്ദേഹത്തെ തടയുന്നതിൽ എ ഡി സി വിജയിച്ചപ്പോൾ അദ്ദേഹം സോഫയുടെ പുറകുവശത്തുകൂടെ എന്റെ ഇടതുവശത്ത് എത്താൻ ശ്രമിച്ചു. അപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ മിസ്റ്റർ റഷീദ് അദ്ദേഹത്തെ തടഞ്ഞു. ആ സമയത്ത് വൈസ് ചാൻസിലറും എഴുന്നേറ്റു. വൈസ് ചാൻസിലർ ഇർഫാൻ ഹബീബിനെ വട്ടം പിടിച്ചിരിക്കുന്നത് നിങ്ങൾക്ക് ചിത്രങ്ങളിൽ കാണാം. വൈസ് ചാൻസിലർ ഒരുവശത്ത് ഇർഫാൻ ഹബീബിനെ തടഞ്ഞുപിടിച്ചിട്ട് പറയുന്നത് സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല എന്നാണ്. എന്തിനാണ് ഇർഫാൻ ഹബീബ് എന്റെ അടുത്ത് വരുന്നത്? അയാൾ പറയുന്നത് അയാൾ പ്രതിഷേധിക്കുകയായിരുന്നു എന്നാണല്ലൊ. അയാൾ പ്രതിഷേധിക്കുകയായിരുന്നു എങ്കിൽ അയാൾക്ക് ഇറങ്ങിപ്പോകാമായിരുന്നു. എന്തിനു എന്റെ അടുത്ത് വരണം? എന്തായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം?

ചോദ്യകർത്താവ്: അദ്ദേഹത്തിന്റെ ലക്ഷ്യം താങ്കളെ ആക്രമിക്കുക എന്നത് മാത്രമായിരുന്നു എന്ന് നമുക്ക് പറയാൻ സാധിക്കുമോ? ശാരീരികമായി ആക്രമിക്കാൻ

ഗവർണ്ണർ: അത് അങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന് അവിടെയുള്ള മറ്റുള്ളവർ പറയട്ടെ. ഇർഫാൻ ഹബീബ് എന്റെ എ ഡി സിയുമായി ഒരു പിടിവലി ഉണ്ടാക്കി, സെക്യൂരിട്ടി ഓഫീസറുമായി വിടിപലി ഉണ്ടാകി, ഒടുവിൽ വൈസ് ചാൻസിലർ അയാളെ രണ്ട് കൈകൊണ്ടു വട്ടംപിടിച്ചു തടഞ്ഞു നിറുത്തി. ഇർഫാൻ ഹബീബ് എന്നെ എന്തുചെയ്യും എന്ന് കരുതിയാണ് വൈസ് ചാൻസിലർ അയാളെ വട്ടംകയറിപിടിച്ചത്? 

ചോദ്യകർത്താവ്: സംസ്ഥനത്തിന്റെ തലവൻ ആയ ഗവർണ്ണർക്ക് സംസ്ഥാനത്ത് സുരക്ഷയില്ല എങ്കിൽ അത് ഭരണഘടന തത്വങ്ങൾ പാലിക്കുന്നതിലുള്ള വീഴച ആയി കാണാമോ? ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും താങ്കൾ എന്തെങ്കിലും വിശദീകരണം ആവശ്യപ്പെടുകയോ താങ്കൾക്ക് അത് ലഭിക്കുകയോ ചെയ്തിട്ടുണ്ടോ? 

ഗവർണ്ണർ: ബന്ധപ്പെട്ടവർ എന്നെ വന്നുകാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. ആരെങ്കിലും കുറ്റപ്പെടുത്തുന്നതിനു പകരം ഞാൻ എന്നെത്തന്നെ ആണ് കുറ്റപ്പെടുത്തുന്നത്. യൂണിവേഴ്സികളെക്കുറിച്ച് പൊതുജനത്തിനും… പൊതുജനത്തിനു മാത്രമല്ല ഒദ്യോഗസ്ഥർക്കും ചില തെറ്റിദ്ധാരണകൾ ഉണ്ട്. ഭരണഘടനയും നിയമവും പറയുന്നത് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ സർവ്വകലാശാലകളുടെ ഭരണത്തിൽ ഇടപെടരുതെന്നാണ്. അതുകൊണ്ടാണ് നിയവും ഭരണഘടനയും സർവ്വകലാശാലകളുടെ വൈസ്ചാൻസിലർമാർ മറുപടി പറയേണ്ടത് സർക്കാരിനോടല്ല ഗവർണ്ണറോട് ആണെന്ന് പറഞ്ഞിരിക്കുന്നത്. പക്ഷെ കഴിഞ്ഞ കുറെ നാളുകളായി എന്താണ് നടക്കുന്നത്. സർവ്വകലാശാലകൾക്ക് നിർദ്ദേശങ്ങൾ നൽകാൻ ഒരു അധികാരവും ഇല്ലാത്ത സർക്കാരുകൾ (നിർദ്ദേശം നൽകുന്നു). ചാൻസിലർമാർ എന്താണ് ചെയ്യുന്നത്. ഇതുവരെ ചാൻസിലർമാർ, ഇപ്പോൾ ഞാൻ അതേക്കുറിച്ച് പുനഃരാലോചിക്കുകയാണ്. ഞാൻ മാത്രമല്ല മിക്കവാറും ഗവർണ്ണർമാർ ചാൻസിലർ എന്ന നിലയിലുള്ള അവരുടെ ചുമതലകളെ കുറിച്ച് കൃത്യമായും മനസ്സിലാക്കാത്തവർ ആണ്. ഒരു ചാൻസിലർ എന്നതിനേക്കാൾ അവിടെയും അവർ ഗവർണ്ണറെ പോലെ ആണ് പെരുമാറുന്നത്. ചാൻസിലറുടെ ചുമതലകൾ ഒരു ഗവർണ്ണറുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഗവർണ്ണർ എന്ന നിലയിലുള്ള എന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനു, എനിക്ക് ചില വിവേചനാധികാരങ്ങൾ ഉണ്ടെങ്കിൽ പോലും എനിക്ക് മന്ത്രി സഭയുടെ ശുപാർശ ആവശ്യമാണ്. ഞാൻ ഒരിക്കൽ കൂടി വ്യക്തമാക്കുന്നു ഗവർണ്ണർ എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുന്നതിനു ഭരണഘടന എനിക്ക് ചില വിവേചനാധികാരങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഒരു ചാൻസിലർ എന്ന നിലയിലുള്ള എന്റെ ചുമതലകൾ നിർവഹിക്കുന്നതിനു എനിക്ക് ആരുടേയും അനുമതി തേടേണ്ടതില്ല. ഈ സംഭവങ്ങൾ ഉണ്ടായതിനു ശേഷം നിയമവും ഭരണഘടനയും ഒക്കെ പരിശോധിച്ച് ഞാൻ മനസ്സിലാക്കുന്നത് ചാൻസിലർ എന്ന നിലയിലുള്ള എന്റെ അധികാരങ്ങൾ നേരിട്ടുള്ളതാണ്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിനു വളരെ ആദരണീയമായ ഒരു സ്ഥാനം ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി ഇവിടത്തെ ചില സർവ്വകലാശാലകൾ എന്താണ് ചെയ്യുന്നത്? കേരളത്തിന്റെ സല്പേരിനു കളങ്കം ചാർത്തിയിരിക്കുന്നു. അഴിമതികൾ, മാർക്ക് ദാനവിവാദം, വൈസ് ചാൻസിലർമാർ ചില സമിതികളുടെ സമ്മർദ്ദത്തിനു വഴങ്ങുന്നു, കഴിഞ്ഞ ഏതാനും നാളുകളായുള്ള റിപ്പോർട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാക്കിയിരിക്കും, ഞാൻ വൈസ്ചാൻസിലർമാരോട് പറഞ്ഞത് നിങ്ങളുടെ ജോലി സർവ്വകലാശാലകൾ നിയമാനുസൃതം നടത്തിക്കൊണ്ട് പോവുക എന്നതാണ്. നിങ്ങൾക്ക് മുകളിൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ നിയമം അനുസരിച്ച് മുന്നോട്ട് പോവുക. നിങ്ങൾക്ക് ആ സമ്മർദ്ദം താങ്ങാനാവാതെ വന്നാൽ അവരോട് പറയുക, നിയമം പറയുന്നത് ഇങ്ങനെ ആണ് നിങ്ങൾ എന്നോട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യാനാണ്, ഇതുരണ്ടും തമ്മിൽ ഒരു വൈരുദ്ധ്യം ഉള്ളതിനാൽ ഈ വിഷയം ഞാൻ ചാൻസിലറുടെ പരിഗണനയ്ക്ക് വിടുന്നു. നിങ്ങൾക്ക് അവരുടെ അപ്രീതി സമ്പാദിക്കാൻ ആഗ്രഹമില്ലെങ്കിൽ വിഷയം എനിക്ക് വിടൂ ഞാൻ തീരുമാനം എടുത്തുകൊള്ളാം. കാരണം വിദ്യാഭ്യാസരംഗത്ത് നേതൃസ്ഥാനമുള്ള കേരളത്തിന്റെ പേര് മോശമാകുന്നതിൽ എനിക്ക് ആശങ്കയുണ്ട്. കേരളത്തിന്റെ സല്പേര് കളങ്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് ഞാൻ പറയുന്നതല്ല. ഈ വിഷയത്തിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ എന്നെ അത്രമാത്രം വേദനിപ്പിക്കുന്നു. 

ചോദ്യകർത്താവ്: സർവ്വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ടാവുമ്പോൾ എല്ലാം താങ്കൾ അതിൽ ഇടപെട്ടിട്ടുണ്ട്.

ഗവർണ്ണർ: അതെ ഞാൻ വൈസ് ചാൻസിലർമാരുടെ സമ്മേളനം വിളിച്ചിട്ടുണ്ട്. ചർച്ചകൾ നടത്തിയിട്ടുണ്ട്.

ചോദ്യകർത്താവ്: ഒരു ചാൻസിലർ എന്ന നിലയിൽ ഉള്ള താങ്കളുട് അധികാരം താങ്കൾ ഉപയോഗിക്കുന്നു എന്നത് ഞാൻ സമ്മതിക്കുന്നു.

ഗവർണ്ണർ: ഇല്ല. കണ്ണൂർ സംഭവം ഉണ്ടാകുന്നതു വരെ, അല്ല ഈ കഴിഞ്ഞ സമയം വരെ എന്റെ സമീപനം ഇതുവരെ നടന്നുവന്ന നിലയിൽ തന്നെ തുടരാം എന്നതായിരുന്നു. പല ശുപാർശുകളും മറ്റും പരിഗണിച്ച് ഇതുവരെ നടന്നു വന്നിരുന്നതു പോലെ. പക്ഷെ ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത് അങ്ങനെ അല്ല. ചാൻസിലർ എന്ന നിലയിൽ സർവ്വകലാശാലകൾ എന്റെ ഉത്തരവാദിത്വം തന്നെ ആണ്. 

ചോദ്യകർത്താവ്: വൈസ്ചാൻസിലർമാർക്ക് സർവ്വകലാശാലകളുടെ ഭരണം നടത്തുന്നതിലുള്ള പരിമിതികൾ ഞാൻ മനസ്സിലാക്കുന്നു. എന്നാൽ എന്റെ ചോദ്യം കണ്ണൂർ സഭവത്തെ കുറിച്ചാണ്. അവിടെ പ്രതിഷേധം ഉണ്ടാകുമെന്ന് പോലീസ് മുൻകൂട്ടി അറിയേണ്ടതാണ്. അറിഞ്ഞിട്ടുമുണ്ടാകും. അവർ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. എന്നിട്ടും ഗവർണ്ണർക്ക് മതിയായ സുരക്ഷ നൽകുന്നതിൽ അവർ പരാജയപ്പെട്ടു എന്ന് താങ്കൾ കരുതുന്നുണ്ടോ? 

ഗവർണ്ണർ: യഥാർത്ഥത്തിൽ ഗവർണ്ണർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പോലീസിനു വീഴ്ചപറ്റിയിട്ടില്ല. എന്നാൽ വേലിതന്നെ വിളവു തിന്നാൽ തുടങ്ങിയാൽ പിന്നെ ആരാണ് സംരക്ഷിക്കുക. ഇവിടെ നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഇതിന്റെ സംഘാടകർ തന്നെ ആണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. അത് പോലീസ് എങ്ങനെ അറിയാനാണ്. പോലീസ് അത് അറിയുക എന്നത് അസംഭവ്യമാണ്. ഏതെങ്കിലും വ്യക്തികൾ ആണ് ഗൂഢാലോചന നടത്തി ഇത് ചെയ്തത് എങ്കിൽ പോലീസ് അറിയുമായിരുന്നു. എന്നാൽ ഇത് സംഘാടകരുടെ പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ പോലീസ് എങ്ങനെ അറിയാനാണ്. സംഘാടകരാണ് രാജ്ഭവനുമായി ആലോചിച്ച് പരിപാടികൾ തീരുമാനിച്ചത്. അതിൽ നിന്നും വ്യത്യസ്തമായി ആരെയെങ്കിലും വിളിച്ച് സംസാരിക്കാൻ അവർ പറഞ്ഞാൽ പരിപാടിയിൽ ഇത് ഇല്ലാത്തതാണെന്ന് പറഞ്ഞ് പോലീസ് അത് തടയും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആ സമയത്ത് അങ്ങനെ ചെയ്യാൻ പോലീസിനു സാധിക്കുമായിരുന്നില്ല. അതുകൊണ്ട് പോലീസിനെ കുറ്റപ്പെടുത്തേണ്ടതില്ല. അന്വേഷിക്കേണ്ടത് സംഘാടകരുടെ പങ്കിനെ കുറിച്ചാണ്. ഈ ചടങ്ങിൽ നടന്ന പ്രോട്ടോക്കോൾ ലഘനങ്ങൾ അപ്പോൾ മാത്രം സംഭവിച്ചതാണോ അതോ പരിപാടികൾ തുടങ്ങുന്നതിനു മുൻപേ ഇവർ ചേർന്ന് ആസൂത്രണം ചെയ്തതാണോ? അതാണ് അന്വേഷിക്കേണ്ടത്. ഒരുകാര്യത്തിൽ സംശയമില്ല. ഇതിൽ സംഘാടകർക്ക് വ്യക്തമായ പങ്കുണ്ട്.

ചോദ്യകർത്താവ്: താങ്കൾ പറഞ്ഞുവരുന്നത് കേരള പോലീസിനെ ഈ കാര്യത്തിൽ കുറ്റവിമുക്തരാക്കാം എന്നാണോ?

ഗവർണ്ണർ: അങ്ങനെ ആണ് ഞാൻ മനസ്സിലാക്കുന്നത്. രണ്ട് സ്ത്രീകൾ എഴുന്നേറ്റ് നിന്ന് പ്ലക്കാർഡുകൾ കാണിച്ച് പ്രതിഷേധിച്ചപ്പോൾ തന്നെ പോലീസ് അവരുടെ അടുത്തേയ്ക്ക് ചെന്നു. അവർ എന്തെങ്കിലും തടസ്സം പരിപാടിക്ക് ഉണ്ടാക്കാത്തിടത്തോളം എനിക്കെതിരെ എത്ര പ്ലക്കാർഡുകൾ ഉയർത്തിയാലും എത്ര കരിങ്കൊടികൾ വീശിയാലും എനിക്ക് കുഴപ്പമില്ല അവരെ ഒന്നും ചെയ്യരുതെന്ന് ഞാൻ പോലീസ്നോട് പറഞ്ഞു. അപ്പോൾ എങ്ങനെ ആണ് എനിക്ക് പോലീസിനെ കുറ്റപ്പെടുത്താൻ സാധിക്കുക. അവർ തടയാൻ ശ്രമിക്കുന്നത് എനിക്ക് കാണാം. എന്നാൽ അതേ പ്രതിഷേധം സ്റ്റേജിൽ അവർ ചെയ്യരുതായിരുന്നു. അതിന്റെ ഉത്തരവാദികൾ സംഘാടകർ ആണ്. സ്റ്റേജിലെ പ്രതിഷേധങ്ങളെ പറ്റി അവർക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്നത് അന്വേഷിക്കണം. 

ചോദ്യകർത്താവ്: കേരള ഗവർണ്ണർ മാത്രമല്ല കേരളത്തിൽ എത്തിയ മറ്റു ഗവർണ്ണർമാർക്കും മറ്റുള്ളവർക്കും നേരെ പ്രതിഷേധം ഉണ്ടായി. ലക്ഷദ്വീപിലേയ്ക്കുള്ള യാത്രയിൽ ആയിരുന്ന മണിപ്പൂർ ഗവർണ്ണർ നജ്മഹെപ്തുള്ളയുടെ വാഹനം ആലുവയിൽ തടഞ്ഞു, കരിങ്കൊടികാണിച്ചു, അവരുടെ കാറിന്റെ നേരെ വടികൾ വലിച്ചെറിഞ്ഞു. സ്വകാര്യ സന്ദർശനത്തിനെത്തിയ കർണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പയുടെ നേർക്കും പ്രതിഷേധം ഉണ്ടാായി. അദ്ദേഹം തീർത്ഥാടനത്തിനു വനാതായിരുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലും കണ്ണൂരും. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു. കരിങ്കൊടികാട്ടി. വടികൊണ്ട് കാറിൽ അടിച്ചു. ഇതെല്ലാം എന്തു സന്ദേശം ആണ് നൽകുന്നത്?

ഗവർണ്ണർ: ഇത് തികച്ചും ദൗർഭാഗ്യകരമാണ്. എനിക്ക് പറയാനുള്ളത് ഞാൻ ഇതെല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ മാത്രമല്ല, എല്ലാ ഗവർണ്ണർമാരും. ഗവർണ്ണറുടെ ഉത്തരവാദിത്വം ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ട്. ആ സർക്കാർ നിയമവും ഭരണഘടനയും അനുസരിച്ച് ഭരണനിർവ്വഹണം നടത്തുന്നു എന്നത് ഉറപ്പുവരുത്തുകയാണ്. ഇതിലും ശക്തമായി ഈ സംഭവങ്ങളെ അപലപിക്കാൻ ആവില്ല. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ചില ആളുകൾ നിയമം കൈയ്യിലെടുക്കുകയാണ്. ഇതെല്ലാം സംഭവിച്ചിട്ടും ഡൽഹിയിൽ ഞാൻ ഈ ആരോപണങ്ങളെ നിഷേധിച്ചു. എനിക്ക് രണ്ട് ചുമതലകൾ ഉണ്ട്. ഭരണഘടനയേയും നിയമത്തേയും പരിരക്ഷിക്കുഅ, പരിപാലിക്കുക, ഇവയ്ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക. രണ്ടാമത് എന്റെ ജീവിതം കേരളത്തിലെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനു വേണ്ടി ഉഴിഞ്ഞുവയ്ക്കുക. മഗലാപുരത്ത് നടന്ന അക്രമങ്ങൾ മലയാളികൾ ആണ് ചെയ്തതെന്ന് ഡൽഹിയിൽ വച്ച് എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് മലയാളികൾ സമാധാനകാംഷികളാണ്, അവർ അക്രമങ്ങൾ നടത്തില്ല്, പരമാവധി കരിങ്കൊടി കാണിക്കും അല്ലെങ്കിൽ പ്ലക്കാർഡുകൾ കാണിക്കും എന്നാണ്. കേരളത്തിനു വെളിയിൽ ഇവിടത്തെ ജനങ്ങളെ ന്യായീകരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. കാരണം ഇനിയും അവരെ കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാൽ അവർക്കു പകരം ആ കുറ്റം ഞാൻ ഏൽക്കും. പക്ഷെ ഇതെല്ലാം ക്രമസമാധാനപാലന ചുമതലയുള്ള ആളുകളുടെ ശ്രദ്ധയിൽ പെടുത്തേണ്ട ഉത്തരവാദിത്വം ഉണ്ട്. അവർ അത് പാലിക്കുന്നു എന്നതിനു അല്പസമയം കാത്തിരിക്കേണ്ടതുണ്ട്. ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം. ഈ നിയമലംഘനങ്ങളെ ക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നെ സംബ്നധിച്ചിടത്തോളം ഇവ വളരെ ഗുരുതരമായ നിയമലംഘനങ്ങൾ ആണ്. 

ചോദ്യകർത്താവ്: കണ്ണൂരിൽ നടന്ന സംഭവങ്ങളെ കുറിച്ച് എന്നോടും പ്രേക്ഷകരോടും വെളിപ്പെടുത്താവുന്ന എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ? എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ? 

ഗവർണ്ണർ: ഞാൻ നിങ്ങളോട് വ്യക്തമാക്കി കഴിഞ്ഞു, സർക്കാരുകൾക്ക് സർവ്വകലാശാലകളുടെ കാര്യത്തിൽ ഒരു പരിധിയ്ക്ക് അപ്പുറം ഒന്നും ചെയ്യാൻ ആവില്ല എന്ന്. ചാൻസിലർമാരാണെങ്കിൽ ഇതുവരേയ്ക്കും ചാൻസിലർ എന്നതിനേക്കാൾ ഗവർണ്ണർ എന്ന നിലയിൽ ആണ് പ്രവർത്തിച്ചുവരുന്നത്. നിങ്ങൾക്ക് നേരിട്ട് ഉത്തരവാദിത്വമുള്ള മേഖലയിൽ ആ നിലയിൽ അല്ല പ്രവർത്തിക്കുന്നത്. അന്വേഷണം തീർച്ചയായും നടക്കുന്നുണ്ട്. പക്ഷെ അത് പല തട്ടുകളിലായി നടത്തേണ്ടതുണ്ട്. ചിലകാര്യങ്ങൾ പോലീസ് വകുപ്പാണ് ചെയ്യേണ്ടത്. മറ്റു ചില കാര്യങ്ങളെ സംബന്ധിച്ച് ഞാൻ വ്യക്തമാക്കി കഴിഞ്ഞു. ചാൻസിലർ എന്ന നിലയിൽ ഞാൻ കൈക്കൊള്ളേണ്ടതായ ചില നടപടികൾ ഉണ്ട്. അത് ഞാൻ ആരംഭിച്ചു കഴിഞ്ഞു. 

ചോദ്യകർത്താവ്: നമ്മൾ ഈ അഭിമുഖം അല്ലെങ്കിൽ സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കുകയാണ്. സാങ്കേതികമായി പട്ടികജാതി പട്ടികവർഗ്ഗവിഭാഗങ്ങൾക്കുള്ള സംവരണം ദീർഘിപ്പിക്കുന്നതിനുള്ള ഭേദഗതി അംഗീകരിക്കാനാണെങ്കിലും അവിടെ മറ്റൊരു ഇനമായി സി എ എ യ്ക്ക് എതിരായ ഒരു പ്രമേയം പാസാക്കപ്പെടും എന്ന് വിശ്വസിക്കപ്പെടുന്നു. താങ്കൾ ഭരണഘടനയേയും നിയമത്തേയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ആളാണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ഈ സമ്മേളനം താങ്കളെ അലോസരപ്പെടുത്തുന്നുണ്ടോ? 

ഗവർണ്ണർ: ഇല്ല. ഈ പ്രമേയം എന്ന അലോസരപ്പെടുത്തുന്നില്ല. കാരണം നമുക്ക് ഭരണഘടനപരമായ ചില സംവിധാനങ്ങൾ ഉണ്ട്. ചില വിഷയങ്ങളിൽ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുമ്പോൾ സംസ്ഥാനങ്ങൾക്ക് അതിൽ ഒരു തിരഞ്ഞെടുപ്പിനും അവകാശമില്ല. പിന്നെ ഉള്ളത് കൺകറന്റ് ലിസ്റ്റാണ്. അതിൽ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. പിന്നെ ഉള്ളത് സ്റ്റേറ്റ് ലിസ്റ്റാണ്. അതിൽ സംസ്ഥാനനിയമസഭ പാസാക്കുന്ന ഏത് നിയമവും സംസ്ഥാനത്തിനു ബാധകമാണ്. ഞാൻ ആഗ്രഹിക്കുന്നത് ഞാൻ പ്രതീക്ഷിക്കുന്നത് രാഷ്ട്രീയപക്വത ഉണ്ടാകും എന്നാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് സുപ്രീംകോടതിയും ഓർമ്മപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് അത് അറിയില്ലെ, അടുത്തയിടെ നടന്നതല്ലെ? കേരളീയരുടെ എത്രമാത്രം ദേശസ്നേഹം ഉള്ളതാണെന്ന് കഴിഞ്ഞ നാലുമാസമായി ഞാൻ കാണുന്നുണ്ട്. അതുകൊണ്ട് രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്നും വേർപെട്ടുനിൽക്കുന്ന ഒന്നാണ് കേരളം എന്നത് കേരളത്തിനു നല്ലതാണെന്ന് ഞാൻ കരുതുന്നില്ല. അത്രമാത്രമേ ഈ വിഷയത്തിൽ എനിക്ക് ആശങ്കയുള്ളു. നിങ്ങൾക്ക് പ്രതികരിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്, നിങ്ങൾക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്, നിങ്ങൾക്ക് സമരം ചെയ്യാനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാൽ ഭരണഘടന സംവിധാനങ്ങളെ അതിനായി ഉപയോഗിക്കുന്നത് അത്ര ശരിയല്ല. അത് ശരിയല്ല എന്ന് പറഞ്ഞതു തെറ്റായ ഒരു സന്ദേശം നൽകും എന്നതുകൊണ്ടാണ്, ഒരു സംസ്ഥാനം രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്നും മാറിനിൽക്കുന്ന ഒന്നാണെന്ന് തരത്തിൽ മാത്രം. അത് ഉണ്ടാവരുത്. എന്നാൽ നമ്മൾ ഒരോ വ്യക്തിയുടെയും, പാർടിയുടേയും, സ്ഥാപനങ്ങളുടേയും അവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള അവകാശങ്ങളെ നമ്മൾ മാനിക്കണം അത് പാർലമെന്റ് പാസാക്കിയ നിയമം ആണെങ്കിലും. നിങ്ങളുടെ അധികാരം അക്രമത്തിലൂടെ മറ്റൊരാളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഭീകരവാദത്തിന്റെ നിർവ്വചനം തന്നെ നിങ്ങൾ അക്രമത്തിലൂടെ നിങ്ങളുടെ അധികാരം മറ്റൊരാളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതാണെന്നാണ്. എനിക്ക് എതിരായ അഭിപ്രായങ്ങൾ ഉള്ളവരെയും ഞാൻ മാനിക്കുന്നു. കണ്ണൂരിൽ ഞാൻ എന്റെ പ്രസംഗം തുടങ്ങിയതു തന്നെ എന്റെ നിലപാട് ശരിയാണെന്ന വിശ്വാസം എനിക്കുണ്ട് അതോടൊപ്പം തന്നെ ഞാൻ തെറ്റായിരിക്കാനുള്ള സാധ്യതയും ഞാൻ മനസ്സിലാക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണെന്ന് ഞാൻ താങ്കളോട് പറഞ്ഞല്ലൊ. 

ചോദ്യകർത്താവ്: ഇനി സി എ എ യിലേയ്ക്ക് വന്നാൽ അതിനെപ്പറ്റി അടിസ്ഥാനരഹിതമായ ചില ആശങ്കകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ചിലർക്കുണ്ട് ഉണ്ട്. കേന്ദ്രസർക്കാരിന്റെ എതിരാളികളിൽ തങ്ങളുടെ ആസൂത്രിതമായ പ്രചാരണങ്ങളിലൂടേയും തെറ്റായ വിവരങ്ങൾ പരത്തുന്നതിലൂടേയും ഈ ആശങ്ക വർദ്ധിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. 

ഗവർണ്ണർ: ഇവിടെ പ്രശ്നം എന്താണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു കഴിഞ്ഞു. പ്രശ്നം പ്രതിഷേധക്കാർ ചർച്ചകൾക്ക് തയ്യാറല്ല എന്നതാണ്. എന്തുകൊണ്ടാണ് അവർ ചർച്ചകൾക്ക് തയ്യാറല്ലാത്തത്? സി എ എ പാസാക്കിയതിലൂടെ മഹാത്മ ഗാന്ധി നൽകിയ ഒരു വാഗ്ദാനത്തിനു നിയമപരമായ പരിരക്ഷ നൽകുക മാത്രമാണ് സർക്കാർ ചെയ്തത്. 

ചോദ്യകർത്താവ്: മഹാത്മഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, ഇന്ദിരഗാന്ധി അങ്ങനെ മൻമോഹൻ സിങ് വരെ യുള്ളവർ..

ഗവർണ്ണർ: 1947 നവംബർ 9നു പാകിസ്താനിലെ എല്ലാ അമുസ്ലീങ്ങൾ എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേയ്ക്ക് വരാം എന്നും നമ്മൾ അവരെ സ്വാഗതം ചെയ്യുന്നു എന്നും പ്രമേയം പാസാക്കിയത് എഐസിസി ആണ്. 1970 വരെ വന്നവർക്ക് ഇന്ദിരഗാന്ധി പൗരത്വം നൽകി. മൻമോഹൻ സിങ് വരെ, പിന്നേയും നമ്മുടെ മുൻ രാഷ്ട്രപതി പ്രണവ്ജി വിദേശകാര്യമന്ത്രി ആയിരുന്നപ്പോൾ, അശോക് ഗെഹ്‌ലോട്ട് തന്റെ കഴിഞ്ഞ മുഖ്യമന്ത്രി പദവിയിൽ ഇരുന്നപ്പോൾ പാകിസ്താനിൽ നിന്നും വന്ന ഹിന്ദുക്കളും സുഖുകാരും ക്യാമ്പുകളിൽ കടുത്ത ദാരിദ്ര്യത്തിൽ ആണ് കഴിയുന്നതെന്നും അവർക്ക് പൗരത്വം നൽകുന്നതിനുള്ള എന്തെങ്കിലും സംവിധാനം നമ്മൾ ഒരുക്കണമെന്നും അതിനുപരിയായി എന്തെല്ലാം സഹായങ്ങൾക്ക് അവർക്ക് നൽകാനാകുമോ അതെല്ലാം എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്നും കേന്ദ്രസർക്കാരിനു കത്തെഴുതി. എന്തുകൊണ്ടാണ് അവർ അതെപ്പറ്റി ചർച്ചചെയ്യാൻ ആഗ്രഹിക്കാത്തത്? കാരണം അവർക്ക് അവരുടെ തന്നെ ഈ കത്തുകളെ അഭിമുഖീകരിക്കാൻ ആവില്ല. ഇതെല്ലാം കൃത്യമായി രേഖപ്പെടുത്തിയ വിവരങ്ങൾ ആണ്. അപ്പോൾ എന്തു സംഭവിക്കും. മറ്റുള്ളവർക്ക് ഈ വിഷയത്തിൽ കാര്യമായ അറിവില്ലാത്തതും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും പ്രയോജനപ്പെടുത്തി അവർ ജനങ്ങളിൽ ആശങ്ക വളർത്തുകയാണ്. ഞാൻ നിങ്ങളെ അല്പം കൂടി പുറകോട്ട് കൊണ്ടുപോകാം. 1986ലും സമാനമായ ഭീതിയാണ് ഇവർ ഉണ്ടാക്കിയത്. മുത്തലാഖ് കോടതി ഇടപെട്ടപ്പോൾ ഷാ ബാനു കേസിൽ പിന്നീട് 2017-ൽ എന്തു സംഭവിച്ചു. ഇതേ മുസ്ലീം വ്യക്തിനിയമ ബോർഡ് കോടതി മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവർക്കുണ്ടായിരുന്ന ഏക അപേക്ഷ കോടതി മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കരുത്, തങ്ങൾ തന്നെ ജനങ്ങളെ ബോധവൽക്കരിച്ച് ഇത് നിറുത്തലാക്കിക്കൊള്ളാം എന്നതായിരുന്നു. ഇതേകാര്യം അവർ 1986-ൽ അംഗീകരിച്ചിരുന്നു എങ്കിൽ രാജ്യം ഒരുപാട് കുഴപ്പങ്ങളിൽ നിന്നും രക്ഷനേടുമായിരുന്നു. സ്വതന്ത്ര ജനാധിപത്യ ഭാരതം മുസ്ലീം സംസ്കാരത്തിന്റേയും ഇസ്ലാമിന്റെ അസ്തിത്വത്തിന്റേയും അന്ത്യമാവുമെന്ന് 1947 വരെ ഇവർ വാദിച്ചു. അതുകൊണ്ട് വിഭജനം വേണം എന്ന് ആവശ്യപ്പെട്ടു. ഈ പ്രചാരണത്തിൽ വീണൂപോയ ഇതേ ആളുകൾ 1971നു ശേഷം എന്താണ് പറഞ്ഞത്? പാകിസ്താൻ രണ്ടായി വിഭജിക്കപ്പെട്ട ശേഷം. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. അതുകൊണ്ട് ആളുകളുടെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടാക്കി എന്നതുകൊണ്ട് ഈ വിഷയത്തിൽ അവർക്ക് കാര്യമായ അറിവില്ലാത്തതും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും പ്രയോജനപ്പെടുത്തി അവരെ തെരുവിൽ ഇറക്കാനും കലാപങ്ങൾ നടത്തിക്കാനും നിങ്ങൾക്ക് സാധിക്കുന്നു എന്നതിനർത്ഥം നിങ്ങൾ ഉന്നയിക്കുന്നത് നിലനിൽക്കുന്ന വസ്തുതകൾ ആണെന്നല്ല. അല്പം കാത്തിരിക്കൂ വസ്തുതകൾ ബോധ്യമാകുമ്പോൾ, 1947-ലെ വിഭജനത്തിനു ശേഷം സത്യാവസ്ഥ 1971-ൽ സത്യാവസ്ഥ എന്തെന്ന് ബോധ്യമായി, വിഭജനം തെറ്റായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെ മറികടക്കാൻ പാർലമെന്റിൽ നിയമം പാസിക്കിയതിനു ശേഷം 2017-ൽ ഷാ ബാനുകേസിൽ സുപ്രീംകോടതി വിധി മറികടക്കാൻ നടത്തിയ സമരങ്ങൾ തെറ്റായിരുന്നു എന്ന സത്യാവസ്ഥ ബോധ്യമായി, സി എ എ എന്നത് ഒരു സമുദായത്തിനും എതിരല്ല, ആരുടേയും അവകാശങ്ങൾ ഇല്ലാതാക്കാനല്ല, ആരുടെയും പൗരത്വം കവർന്നെടുക്കാനല്ല മറിച്ച് തങ്ങളുടെ ജീവനും ആത്മാഭിമാനവും സംരക്ഷിക്കാൻ വേണ്ടി വീടും നാടും ഉപേക്ഷിച്ച് ഓടിപ്പോന്നവർക്ക് പൗരത്വം നൽകാനാണെന്ന് ഇവർ മനസ്സിലാക്കും എന്ന് എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്. ഇത് ഇവർക്ക് എതിരല്ല. ഈ നിയമം പീഡനം അനുഭവിച്ച് ഓടിപ്പോന്ന, ഇതേ കാറ്റഗറിയിൽ പെടുന്ന മറ്റേതെങ്കിലും വിഭാത്തിന്റെ പൗരത്വത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ഭാരതസർക്കാരിനെ തടയുന്നില്ല എന്നതും അവർ മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനു അധികം സമയം എടുക്കില്ല. 

ചോദ്യകർത്താവ്: ഈ അഭിമുഖം അവസാനിപ്പിക്കുന്നതിനു മുൻപ് ഒരുകാര്യം അറിയാൻ ആഗ്രഹമുള്ളത് താങ്കളുടെ Text and Context എന്ന പുസ്തകത്തിനു ഇപ്പോൽ കാലീകപ്രാധാന്യം കൂടുതലായുണ്ട് എന്ന് ഞാൻ കരുതുന്നു. ആ പുസ്തകത്തിന്റെ (Text and Context: Quran and Contemporary Challenges) മലയാള പരിഭാഷ എപ്പോഴാണ് ഞങ്ങൾക്ക് പ്രതീക്ഷിക്കാൻ സാധിക്കുക? 

ഗവർണ്ണർ: ചിലർ അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അത് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുന്നതിനുള്ള ജോലികൾ നടക്കുന്നുണ്ട്. അതിനു എനിക്ക് നിങ്ങളുടെ സഹായം വേണം. ഒരാളുമായി സംഭാഷനത്തിൽ ഏർപ്പെടുമ്പോഴാണ് ഭാഷ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുക. അതിനു നിങ്ങൾ ഇടയ്ക്കൊക്കെ വരണം. എന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പുതരുന്നു.

ചോദ്യകർത്താവ്: ഈ അഭിമുഖത്തിനു വളരെ നന്ദി. താങ്കളുടെ നിലപാടുകൾ വളരെ വ്യക്തമാണ്. പ്രത്യേകിച്ചും സി എ എയുടെ കാര്യത്തിലും കണ്ണൂർ സർവ്വകലാശാലയിലും മറ്റു സ്ഥലങ്ങളിലും നടന്ന സംഭവങ്ങളുടെ കാര്യത്തിലും. 2019 താങ്കൾക്ക് വളരെ സംഭവബഹുലമായ ഒരു വർഷം ആയിരുന്നു. താങ്കളുടെ ജീവിതം മുഴുവൻ സംഭവബഹുലം ആയിരുന്നു. എന്നാൽ ഏറ്റവും സംഭവബഹുലമായത് 2019 ആണ്. 2020 കൂടുതൽ സംഭവബഹുലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കൾക്ക് പുതുവത്സരാശംസകൾ. 

ഗവർണ്ണർ : നന്ദി നന്ദി.

(ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ദൂരദർശനു നൽകിയ അഭിമുഖത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു)


No comments:

Post a Comment

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.